Lucifer

Lucifer

Sher
#sherreview

മുരളി ഗോപി മാസ് സിനിമകളുടെ ആരാധകൻ ആണെന്നും മൻമോഹൻ ദേശായി ആണ് അദ്ദേഹത്തിന്റെ ഇഷ്ട സംവിധായകൻ എന്നും പ്രിത്വിരാജ് പറഞ്ഞപ്പോൾ തന്നെ ലൂസിഫർ സിനിമയേ പറ്റിയുള്ള ഏകദേശ ധാരണ ലഭിച്ചിരുന്നു. വെറും ഒരു മാസ് സിനിമയായി പ്രേക്ഷകന് നൽകാതെ മാനുഷിക വികാരങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകിയ ഒരു തിരക്കഥ കൂടിയാണ് ലൂസിഫർ. അപ്പോൾ സംഭവിച്ചത് എന്തെന്നാൽ നായകനടനോളം തന്നെ പ്രാധാന്യമുള്ള മറ്റുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നു. മറ്റുള്ളവർ കാഴ്ചക്കാർ ആകുന്നില്ല. കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന നിഗൂഢതയുടെ ചുരുളുകൾ അവസാനത്തെ ടൈൽ എൻഡ് വരെ പിടിച്ചു നിർത്തുന്നു.

🔥The Good – ഓരോ കഥാപാത്രങ്ങളുടെയും എക്‌സ്‌പോസിഷൻ വളരെ നന്നായിരുന്നു. ഗോവർധൻ ഓരോരുത്തരെയായി പരിചയപ്പെടുത്തുന്ന പോലെ തുടങ്ങി അവരിലെ നിഗൂഢതകളെ പുറത്തെത്തിക്കുന്ന കഥയിൽ യുദ്ധം തിന്മയും തിന്മയും ആണെന്നുള്ള ശക്തമായ സംഭാഷണങ്ങൾക്ക് സ്ഥാനം വലുതാണ്. പതുക്കെ പതുക്കെ ഒരു ബിൽഡപ്പ് നൽകി നായകനിലേക്ക് എത്തി പിന്നീട് പൊട്ടിത്തെറിക്കാനുള്ള സാഹചര്യങ്ങൾക്കായി പ്രേക്ഷകൻ കാത്തിരിക്കുന്നു. ആ സമയങ്ങളിൽ പേസിങ് ഇഴയുന്നില്ല. തിരക്കഥ ആവശ്യപ്പെടുന്ന വേഗതയിൽ തന്നെ സഞ്ചരിക്കുന്നു.

സിനിമയുടെ ആസ്പെക്ട് റേഷ്യോ, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം എന്നിവയൊക്കെ ഒരു റിച്ച് ഫീൽ നൽകുന്നുണ്ട്. തന്റെ സിനിമയുടെ ഓരോ ഫ്രെയിമും എത്രത്തോളം ഭംഗിയാക്കണം എന്ന് സംവിധായകന് നല്ല നിശ്ചയം ഉണ്ടെന്നു തീർച്ച. ആക്ഷൻ സീനുകളിൽ നമുക്ക് കിട്ടുന്ന രോമാഞ്ചം ഒന്ന് ഉറക്കെ വിളിച്ചു പറയുന്നു. പറക്കുന്ന പീറ്റർ ഹെയ്ൻ ആക്ഷനല്ല, മുഷ്ടി ചുരുട്ടി നല്ല പവറിൽ എതിരാളിയുടെ നെഞ്ചിടിച്ചു തകർക്കുന്ന ആ പഴയ ലാലേട്ടൻ നാടൻ തല്ലു ആണ് മലയാളികൾക്ക് പ്രിയം. പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആക്ഷൻ സീനുകളും വളരെ നന്നായിരുന്നു. ഇരുവരും മുഴുനീള വേഷത്തിൽ ഒരു സിനിമയിൽ വന്നാൽ…”ആക്ഷൻ സങ്കല്പങ്ങളുടെ പൂർണ്ണത” എന്നൊക്കെ വിളിക്കാം. മലയാളസിനിമയിൽ ഇവർ രണ്ടുപേരും ആക്ഷൻ സീനുകളിൽ മുന്നിൽ തന്നെ.

വിവേക് ഒബ്‌റോയിയുടെ കഥാപാത്രം ടിപ്പിക്കൽ ക്ളീഷേ വില്ലൻ ആകുമ്പോഴും അയാൾ എത്രത്തോളം പവർഫുൾ ആണെന്ന് കാണിക്കുമ്പോളും ലാലേട്ടന് പറ്റിയ എതിരാളി ആയി ഫീൽ ചെയ്യുന്നില്ല. ഇരുവരും തമ്മിലുള്ള എൻകൗണ്ടർ സീനുകൾക്ക് ശക്തി കുറവായിരുന്നു. അതിനാൽ തന്നെ ക്ലൈമാക്സ് ബലഹീനവും ആകുന്നുണ്ട്. വിവേക് തന്റെ സ്ക്രീൻ പ്രെസൻസ് മൂലം തിളങ്ങി നിൽക്കുന്നു. നായകനെക്കാൾ കൂടുതൽ സ്ക്രീൻ സ്‌പേസും ടിയാന് തന്നെ.

മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ ലയറുകൾ എത്രത്തോളം ശക്തമാണോ അത്രയും തന്നെ ഗംഭീരമായിരുന്നു പ്രകടനവും. മിതത്വമാർന്ന, പക്വതയുള്ള പ്രകടനം. കൂടെ കൂടിയതിനാൽ ആണോ എന്തോ, സാനിയ ഇയ്യപ്പൻ ആദ്യമായി അഭിനയിച്ചു അത്ഭുതപ്പെടുത്തി. ടോവിനോയുടെ ഇൻട്രോ സിനിമയ്ക്ക് നൽകുന്ന ഒരു പഞ്ച് ഉണ്ട്. പിന്നീട് അത് നിലനിർത്താൻ പറ്റുന്നില്ല എങ്കിലും ടിയാൻ കൊള്ളാം. ഈസി ആയി നല്ല കിടിലൻ ഡയലോഗ് പറഞ്ഞു കയ്യടി നേടുന്നുണ്ട്.

പോപ്പ് കൽച്ചറിന്റെ ഭാഗമായ ഡയലോഗുകൾ വീണ്ടും കേൾക്കുമ്പോൾ കിട്ടുന്ന ഉന്മേഷവും ലാലേട്ടന്റെ ആ ഗംഭീര പ്രെസൻസും ഒക്കെ കൂടി ആകുമ്പോൾ ലൂസിഫർ കുറവുകളെ വിസ്മരിപ്പിക്കാൻ ഓർമപ്പെടുത്തുന്നു.

🔥The Bad – സിനിമ തുടങ്ങിയ കാലം മുതൽ ഒരാളുടെ കൈ കെട്ടിയിടുമ്പോൾ ഒരു കത്തിയോ കുപ്പിയോ ബ്ലേഡോ ലൈറ്ററോ അടുത്തുണ്ടാകും. അതാണ്‌ സിനിമയിലെ നിയമം. വില്ലനെ ആദ്യമേ തന്നെ ഇല്ലതാക്കാനുള്ള പവർ നായകനു ഉണ്ടെങ്കിലും അവൻ എന്നെ കുറേ കഷ്ടപ്പെടുത്തട്ടെ, എന്നെ ജയിലിൽ ആക്കട്ടെ..അത് വരെ ഞാൻ സൈലന്റ് ആണ്. പിന്നെ ഒരു ഐറ്റം ഡാൻസിന്റെ ഇടയിൽ വില്ലനെ തേടി സ്ലോ മോഷനിൽ നടന്നു രണ്ടു ഡയലോഗും വിട്ടു അങ്ങ് തട്ടിയേക്കാം എന്ന ലെവൽ ക്ളീഷേകളുടെ കൂമ്പാരമാണ് ഈ സിനിമയും. പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രമൊക്കെ ഒരു കോമിക് റിലീഫ് ആയും കാണാം. കഹാനി,പരിയേറും പെരുമാൾ പോലുള്ള സിനിമകളിൽ Out Of The Box ആയ ചില അസാസിൻസിനെ നമ്മൾ കാണുമ്പോൾ ഇവിടെ മറ്റേ യൂണിഫോമും ബ്ലൂടൂത്തും ഒക്കെയുള്ള ടിപ്പിക്കൽ ആളുകളാണ്.

The Fallen Angel ന്റെ കഥ പറഞ്ഞാണ് തുടക്കം എങ്കിലും മഫ്ടി എന്ന കന്നഡ സിനിമയിൽ ശിവണ്ണ ഒരു നന്മമരം ആകുന്നതു കണ്ടപ്പോൾ ചിരി വന്നതുപോലേയാണ് ഇവിടെ സ്റ്റീഫന് നല്ലപിള്ള പട്ടം കൊടുക്കുന്നതും. സ്റ്റീഫൻ ജനിച്ചത് മുതലേ നല്ലവൻ തന്നെയാണ്. അയാളിലെ ഒരു നെഗറ്റീവും പ്രേക്ഷകൻ കാണുന്നില്ല. അങ്ങനെയുള്ള ഒരാളെ ലൂസിഫർ എന്ന് വിളിക്കുന്നത് ആകെ ഗോവർധൻ മാത്രമാണ്. തകർന്ന ജീവിതം ഗോവർധന് തിരികെ നൽകി അവിടെയും നന്മമരം ആകുന്നുണ്ട് സ്റ്റീഫൻ. പക്ഷെ സിനിമയുടെ അവസാനവും എൻഡ് ടൈറ്റിലിൽ വരുന്ന പേപ്പർ കട്ടിങ്ങുകളും വേറൊരു മാനം കൂടി നൽകുന്നുണ്ട്. അതിനാൽ തന്നെ ഇതിനൊരു രണ്ടാം ഭാഗം ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

🔥Engaging Factor – മൂന്ന് മണിക്കൂറിനു അടുത്തു ഈ സിനിമ ഉണ്ടെങ്കിലും യാതൊരു വിധത്തിലും ബോറടിപ്പിക്കുന്നില്ല. നല്ല ഭംഗിയുള്ള ഫ്രെയിമുകൾ കാണിച്ചു സംവിധായകൻ നമ്മെ പിടിച്ചു ഇരുത്തുകയാണ്. കൂടെ മാസ് ആക്ഷനും ഡയലോഗും സ്റ്റൈലും ഒക്കെ ചേരുമ്പോൾ മൂന്ന് മണിക്കൂർ പോകുന്നതേ അറിയുന്നില്ല.

🔥Last Word – മൊത്തത്തിൽ സിനിമ തൃപ്തി നൽകിയാൽ അതിലെ ക്ലിഷേയും കുറവുകളും ഒന്നും എന്നെ ബാധിക്കാറില്ല. അങ്ങനെ നോക്കുമ്പോൾ ലൂസിഫർ എനിക്ക് തൃപ്തി നൽകിയ സിനിമയാണ്. വളരെ നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച ഒരു സ്റ്റൈലിഷ് സിനിമ. നല്ല സൗണ്ട്,പിക്ച്ചർ ക്വളിറ്റിയുള്ള തിയേറ്ററിൽ കാണുക.

🔥Verdict – Good

©Sidyzworld

https://t.me/Cinematicworld

Report Page