Love

Love

Reshma

ഹോസ്റ്റൽ ലൈഫിലെ ഒരു ദിവസത്തെപ്പറ്റി ഓർക്കുകയായിരുന്നു..


 മണിക്കൂറുകളെ അളന്നു ചിട്ടപ്പെടുത്തിയ ദിവസങ്ങളിൽ പഠനത്തിന്റെ ഇടവേളയിൽ 

 ഞങ്ങള് വെറുതെ വർത്തമാനങ്ങളൊക്കെ പറഞ്ഞിരിക്കുമായിരുന്നു ! 


ഞാനെപ്പോഴും സംസാരിക്കാറുള്ളത് എന്റെ പ്രിയപ്പെട്ട മനുഷ്യരേം, പ്രിയപ്പെട്ട ഇടങ്ങളെയും, വായിച്ചു തീർത്ത പുസ്തകങ്ങളേം, അതിലെ കഥാപാത്രങ്ങളേം ഒക്കെ പറ്റിയാണ്..


എന്റെ മനുഷ്യരെയെല്ലാം അവർക്കും കാണാപ്പാഠമാണ്..!

കുടുംബത്തിലുള്ളവരുടെ പേരെടുത്തു പോലും വിശേഷങ്ങള് തിരക്കും...


അങ്ങനെയിരിക്കെയാണ് കാവ്യ കഥയിലൊരു ചോദ്യം ചോദിക്കുന്നത് !


"നീ ഏറ്റവും കൂടുതൽ ദേഷ്യപെടുന്നതും പിണങ്ങുന്നതുമൊക്കെ നീ അതി ഭീകരമായി സ്നേഹിക്കുന്നവരോട് മാത്രമല്ലേ !"


അവളങ്ങനെയാണ് പലപ്പോഴും എന്നെ എന്നേക്കാൾ നന്നായി അവൾക്കറിയാം. !


ഞാനപ്പോഴേയ്ക്കും ആ മുഖങ്ങളെ ഒന്നോർത്തെടുത്തു !

ദേഷ്യവും, വഴക്കും, പിണക്കവും മൂഡ് സ്വിങ്‌സും ഒക്കെ സഹിച്ചു ഒപ്പം നിന്നവരെ!❤️


ശരിക്കും ചേർത്ത് പിടിക്കുക എന്നത് എത്ര ഭാരപ്പെട്ട ചുമതലയാണെന്നോ !പിരിയാനല്ലേ അതിലും എളുപ്പം ! 


'പളുങ്കുമാളിക'യിൽ പത്മരാജൻ എഴുതിയപോലെ, 


 "എത്ര എളുപ്പമാണ് പിരിയാൻ!

 വിടില്ല വിടില്ല എന്ന് പരസ്പരം

 എത്ര തവണ 

പറഞ്ഞു കാണണം!

 ഒടുവിൽ 

സമയം വന്നപ്പോൾ 

വിഡ്ഢികളെ പോലെ

 ഭീരുക്കളെപ്പോലെ..."


കാരണമില്ലാതെ ദേഷ്യപെട്ടിട്ടും, വഴക്കിട്ടിട്ടുമൊക്കെ 

 "എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ" ന്ന് കേക്കുമ്പോ ഉള്ളിലൊരു സ്നേഹകാറ്റ്‌ വീശും


പീരിയഡ്സിന്റെ സമയത്താണ് മൂഡ് സ്വിങ്സ് കടന്നാക്രമിക്കുന്നത്.. 


അപ്പോഴൊക്കെ ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടും !. 

ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങിപ്പോകും ! 

എന്നെയാർക്കും വേണ്ടല്ലോ, എനിക്കാരുമില്ലല്ലോ എന്നിങ്ങനെ ഒരായിരം ചിന്തകൾ വരും..

സത്യത്തിൽ എനിക്ക് പോലും ഇഷ്ടമല്ലാത്തൊരു ഞാനാണത് !


രോഹി ആദ്യം ചോദിക്കുന്നത് 

'നിനക്ക് വല്ലോ ബാധയും കയറിയോ' എന്നാണ്, കുറച്ചു മുൻപ് വരെ ഒരു കുഴപ്പവുമില്ലാഞ്ഞല്ലോന്ന്.. 


"എന്നെ ഒന്ന് വെറുതെ വിടുമോ " ന്നക്രോശിച്ചു, ഞാൻ കട്ടിലിൽ ചുരുണ്ടു കൂടും ... 


കുറച്ചു നേരങ്ങൾക്കപ്പുറം അവളുടെ കുഞ്ഞു കൈ എന്നെ വലയം ചെയ്തിട്ടുണ്ടാവും... ന്റെ അലസമായ മുടികൾ മാറ്റി കവിളിൽ ഉമ്മ തന്നിട്ടുണ്ടാവും...

അപ്പോഴൊക്കെ അവൾ പക്വതയുള്ള അനിയത്തിയാവും ! ഇടയ്ക്കൊക്കെ ഞാൻ ചിരിയോടെ കൂടെ ഓർക്കാറുണ്ട് ഈ പക്വത അവൾക്ക് ഞാൻ നോവുമ്പോ മാത്രം വരുന്നതാണോയെന്ന് !


ഞാൻ മാത്രല്ല എല്ലാ മനുഷ്യരും അങ്ങനെയാണ്


ഇടയ്ക്കെപ്പോഴോ പതറി പോകുന്ന, 

ഒറ്റപ്പെട്ടു പോകുന്ന, 

ദേഷ്യപ്പെട്ടു പോകുന്നവർ !

പക്ഷേ ആഴത്തിൽ സ്നേഹിക്കാൻ കൂടെ ആരൊക്കെയോ ഉണ്ടെന്ന് തോന്നിയാൽ പിന്നൊരു ധൈര്യമാണ്....ആരൊക്കെയോയെന്നാൽ നമ്മളെ അത്രയേറെ സ്നേഹിക്കുന്ന നാലോ അഞ്ചോ പേര് ! ❤️


"സ്നേഹം സ്നേഹത്തിന്റെ പ്രതിഫലനമാണ് "

Report Page