L

L

Sociopath

ഒരു നടൻ മികച്ച നടനാകുന്നത് അഭിനയത്തിൽ ഇവോൾവ് ചെയ്യുമ്പോളാണ്. അഭിനയ ശൈലിയും അതിന്റെ രീതിശാസ്ത്രവും തുടർച്ചയായി നവീകരിക്കുമ്പോഴാണ് ഒരു നടൻ മികച്ച നടനായി അരങ്ങ് വാഴുന്നത്. എന്നാൽ മലയാളി മികച്ച നടനായി അംഗീകരിച്ച മോഹൻലാൽ, അഭിനയത്തിൽ ഇവോൾവ് ചെയ്ത നടനാണെന്ന് അംഗീകരിച്ച് കൊടുക്കാൻ അതേ മലയാളിയുടെ പൊതുബോധം പലപ്പോഴും വിമുഖത കാണിച്ചിട്ടുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം മോഹൻലാലിലെ നടനിൽ പ്രകടമായ സകല അഭിനയ പാടവവും അയാൾക്ക് ജന്മസിദ്ധമായി ലഭിച്ചതാണ്. അയാളതിന് വേണ്ടി കഠിനമായി പരിശ്രമിച്ചൊട്ടുന്നുമില്ല. ഒന്നുമില്ലായ്മയിൽ നിന്നും കഠിനാദ്ധ്വാനത്തിലൂടെ നേടിയ ശേഷികളേക്കാൾ മഹത്വരമൊന്നുമല്ലല്ലോ ജന്മസിദ്ധമായി സിദ്ധിച്ച ശേഷികൾ..!!

ഇന്റർവ്യൂകളിലും മറ്റും തന്റെ അഭിനയത്തിലെ വളർച്ചയെ പറ്റി ചോദ്യം വരുമ്പോൾ ഗുരുത്വമെന്നോ ദൈവാനുഗ്രഹമെന്നോ സംഭവിച്ചു പോകുന്നതാണെന്നോ മറുപടി പറഞ്ഞ് മോഹൻലാലും ഈ പൊതുബോധത്തെ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. പക്ഷേ ഒന്ന് ശ്രദ്ധിച്ചാൽ അഭിനയത്തിൽ ഒരുപാട് ഇവോൾവ് ചെയ്ത നടൻ തന്നെയാണ് മോഹൻലാൽ. മോഹൻലാലിന്റെ ഡയലോഗ് ഡെലിവറി, ബോഡി ലാംഗ്വേജ് തുടങ്ങി പല തലങ്ങളിലും പല കാലങ്ങളിലൂടെ ഇവോൾവിങ് സംഭവിച്ചിട്ടുണ്ട്. ആ നടനെ സംബന്ധിച്ചിടത്തോളം അത് പൂർണമായും ബോധപൂർവ്വമായ പ്രക്രിയയായിരിക്കണം എന്നില്ലെങ്കിലും ബോധപൂർവ്വമായ പ്രയത്നങ്ങളുടെ നല്ലൊരു പങ്കും ആ വളർച്ചയുടെ പുറകിൽ ഉണ്ടാകും.

ജെൻഡർ തരം തിരിവിൽ സ്ത്രൈണതയോട് ചേർത്ത് വെക്കുന്ന ശാരീരിക ചേഷ്ടകളും മുഖ ഭാവങ്ങളുമുള്ള, എന്തിന് ശബ്ദത്തിലും അതിന്റെ താളത്തിലും വരെ സ്ത്രൈണതയുള്ള നടനാണ് മോഹൻലാൽ. പൗരുഷ്യ സങ്കൽപ്പങ്ങളോട് സമൂഹം ചേർത്ത് വെച്ചിട്ടുള്ള ശബ്ദ ഗാംഭീര്യമോ ആകാരമോ പോസ്റ്ററോ ഇല്ലാതെ നാണം കുണുങ്ങിയായി സിനിമയിലേക്ക് കടന്ന് വന്നൊരു നടൻ. തുടക്ക കാലത്ത് മോഹൻലാൽ ചെയ്ത സിനിമകളിലെ ആ നടന്റെ ഡയലോഗ് ഡെലിവറിയും മുഖഭാവങ്ങളും ബോഡി ലാംഗ്വേജും നിരീക്ഷിച്ചാൽ സ്ത്രൈണതയെന്ന് വിളിക്കപ്പെടുന്ന പല സവിശേഷതകളും പ്രകടമായി തന്നെ കാണാനാകും.

എന്നാൽ അതേ നാണം കുണുങ്ങിയായ നടൻ തന്നെയാണ് പിൽക്കാലത്ത് മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ, മലയാളിയുടെ പുരുഷ സങ്കൽപ്പങ്ങളെ ആവോളം തൃപ്തിപ്പെടുത്തിയ എത്രയോ കഥാപാത്രങ്ങൾ അഭ്രപാളിയിൽ പകർന്നാടിയത്. വിന്റസന്റ് ഗോമസ്, ആട് തോമ, നീലകണ്ഠൻ എന്നിവരിൽ തുടങ്ങുന്ന ആ ശ്രേണി നീണ്ടതാണ്, സമ്പന്നവുമാണ്. സ്ത്രൈണമെന്ന് സമൂഹം വിളിക്കുന്ന തന്റെ നേർത്ത ശബ്ദത്തെ മോഹൻലാൽ അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി ഗാംഭീര്യമുളളതാക്കി മാറ്റി. സ്ത്രൈണതയുടെ സ്വഭാവങ്ങൾ ശരീരത്തിൽ പ്രവർത്തിക്കുമ്പോഴും, മോഹൻലാലിന് മലയാളിയുടെ പുരുഷ സങ്കൽപ്പത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലേക്ക് തന്റെ പ്രകടനങ്ങളെ മാറ്റിയെടുക്കാൻ കഴിഞ്ഞു, പിരിച്ചു വെച്ച ഒരു മീശക്കോ, താടിക്കോ അപ്പുറം വലിയ വേഷം കെട്ടലുകളുടെ സഹായമൊന്നും അതിന് വേണ്ടി വന്നിരുന്നുമില്ല. ബോഡി ലാംഗ്വേജിൽ വരുത്തിയ മാറ്റം തന്നെയായിരുന്നു സ്ത്രൈണത നിറഞ്ഞ ശരീരമുള്ള ആ മനുഷ്യന് പുരുഷ സങ്കൽപ്പങ്ങളുടെ പകർന്നാട്ടത്തിനുള്ള ഏറ്റവും വലിയ ഇന്ധനം.

സ്ത്രൈണത നിറഞ്ഞ ശരീരത്തെ മലയാളി ആഘോഷിച്ച പൗരുഷത്തിന്റെ പ്രതീകമാക്കി മോഹൻലാൽ സ്ക്രീനിൽ അവതരിപ്പിച്ചത്, മോഹൻലാൽ പറയുന്നത് പോലെ തികച്ചും അബോധപൂർവ്വമായ പ്രക്രിയയിലൂടെ ആയിരുന്നോ? അതിവിനയം പൂശി, 'സംഭവിച്ചു പോകുന്നതാണെന്ന്' മോഹൻലാൽ പറഞ്ഞത് ഇക്കാര്യത്തിൽ പൂർണമായും വിശ്വസിക്കണോ?

ഒരു നടന്റെ പകർന്നാട്ടത്തിൽ സ്വാഭാവികമായും ഉപബോധ മനസ്സിന്റെ അബോധ പൂർവ്വമായ സ്വാധീനം ഉണ്ടാകും. മോഹൻലാലിനെ പോലൊരു സ്വാഭാവിക അഭിനയം കാഴ്ച വെക്കുന്ന നടനിൽ പ്രത്യേകിച്ചും ഈ സ്വാധീനം കൂടൂതലാകും. പക്ഷേ അതിന്റെ പേരിൽ ഒരു നടന്റെ സകല അഭിനയ പാടവവും ഏതോ അഭൗതിക ശക്തിയുടെ അനുഗ്രഹമെന്ന് വിളിച്ചു പോരുന്നത് ആ നടന്റെ പരിശ്രമങ്ങളെ വില കുറച്ചു കാണലാകും. കാരണം മേൽപ്പറഞ്ഞ തരത്തിലുള്ള, സ്വത്വത്തിലേക്ക് സാംശ്വീകരിക്കപ്പെട്ടിട്ടുള്ള ശാരീരിക പ്രവണതകളെ വരെ മറികടന്നുള്ള അഭിനയത്തിലെ പരിണാമവും വികാസവുമൊക്കെ തികഞ്ഞ പരിശ്രമങ്ങളിലൂടെ മാത്രമേ നേടിയെടുക്കാനാകൂ.

ഇവിടെ പ്രസക്തമായ മറ്റൊരു സംഭവമുണ്ട്.

മോഹൻലാലിനോട് മമ്മുട്ടിയുടെ ഡബ്ബിംഗും വോയിസ് മോഡുലേഷനും കണ്ട് പഠിക്കാൻ ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞെന്നും അക്കാലത്ത് മോശം വോയിസ് മോഡുലേഷൻ ഉണ്ടായിരുന്ന മോഹൻലാൽ പിന്നീട് പ്രകടിപ്പിച്ചത് അത്ഭുതപ്പെടത്തുന്ന അനായാസതയോടെയുള്ള വോയിസ് മോഡുലേഷനായിരുന്നു എന്നും സത്യൻ അന്തിക്കാട്, സംവിധായകൻ ഫാസിലിനോട് പറഞ്ഞതായി ഫാസിൽ ഒരിക്കൽ പറയുകയുണ്ടായി. മോഹൻലാലിലെ ഈ മാറ്റവും ജന്മസിദ്ധമോ, അഭൗതിക സ്വാധീനമോ ആയിരിക്കില്ലെന്നുറപ്പമാണ്. ബോധപൂർവ്വമായ നിരീക്ഷണവും കഠിന പ്രയത്നവും ഉപാസനയും അതിന് പിന്നിലുണ്ടാകും.

അത്ഭുതപ്പെടുത്തുന്ന അനായാസതയുള്ള നടൻ എന്ന് നമ്മൾ മോഹൻലാലിനെ വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണം മോഹൻലാൽ നേടിയെടുത്തത് ഒരിക്കലും അനായാസമായി അയാളിലേക്കെത്തി ചേർന്ന ജന്മസിദ്ധികൾ കൊണ്ടോ, ഏതോ അഭൗതിക സ്വാധീനം കൊണ്ടോ മാത്രമാകില്ല. മോഹൻലാൽ എന്ന നടൻ ഇന്ന് കാണുന്ന നടൻ ആയിട്ടുണ്ടെങ്കിൽ, തന്റെ ജൈവികമായ/തുടക്കത്തിലെ തന്നിലേക്ക് സ്വാംശീകരിക്കപ്പെട്ടിട്ടുള്ള പ്രവണതകൾക്കപ്പുറമുള്ള അഭിനയ വൈവിധ്യം സ്ക്രീനിൽ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ബോധപൂർവ്വമായ സൂക്ഷമ നീരീക്ഷണങ്ങളുടെയും തന്റെ പരിമിതികളെ തിരിച്ചറിഞ്ഞുള്ള തുടർ പരിശ്രമങ്ങളുടെയും വലിയ സ്വാധീനം തന്നെയുണ്ട്. അതിവിനയമണിഞ്ഞ് മോഹൻലാൽ ആ പരിശ്രമങ്ങളെ എന്തൊക്കെ പദങ്ങളുപയോഗിച്ച് ലഘൂകരിച്ചാലും, ആ യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്.

മോഹൻലാൽ കൂടെ ചേർന്ന് സൃഷ്ടിച്ച ഒരു തെറ്റായ പൊതുബോധത്തിന്റെ തോട് പൊളിച്ച് ആ വലിയ നടനെ വായിക്കേണ്ടതുമുണ്ട്. അനായാസമായി, അലസമായി ഒരു 'മോഹൻലാലും' സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും കഠിന പ്രയത്നം കൂടിയാണ് മോഹൻലാലിനെ സൃഷ്ടിച്ചതെന്നുമുള്ള തിരിച്ചറിവ് ചുരുങ്ങിയ പക്ഷം വളർന്നു വരുന്ന നടൻമാരെ സംബന്ധിച്ചെങ്കിലും പ്രസക്തമായിത്തീരും..!!

© Shafi Poovathingal

@MOVIE STREET

For world's best movies with reviews, dvd updates, movie news & more...join channel👇

https://t.me/Meeru_Unofficial

Report Page