Interview

Interview

Achuzz✪



"രാവിലെ കുറ്റിയും പറിച്ചിറങ്ങിക്കോളും ഓരോന്ന്..."

ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ഒരുവായാടി നിന്ന് കന്നത്തരം പറയുകയാണ്.ഒരു ചെറുപ്പക്കാരൻ നിന്ന് വിയർക്കുന്നുണ്ട്.ചുറ്റും ആളും കൂടിയട്ടുണ്ട്.ഒരു സുന്ദരിപ്പെണ്ണ് ശബ്ദം ഉയർത്തുമ്പോൾ നടക്കാൻ വയ്യാത്തവൻ പോലും ഓടിച്ചെല്ലും...


"എവിടെ നിന്നാടേ..സത്യത്തിൽ നിനക്കൊന്നും ഒരുപണിയുമില്ലേ.പെണ്ണുങ്ങളെ കാണാത്തപോലെ വെള്ളമിറക്കുന്നത്.."

ഓൾ കത്തിക്കയറുകയാണ്..


"ബല്ലാത്ത ജാതിതന്നെ.."

ഞാൻ പിറുപിറുത്തു.


ആത്മഗതം കുറച്ചു ഉച്ചത്തിലായിപ്പോയത് എന്റെതന്നെ കുറ്റമാണെന്ന് അപ്പോൾ തന്നെ മനസ്സിലായി.


"അല്ല ഇയാൾക്കിത് എന്നാത്തിന്റെ കേടാണ്.തന്നെ വല്ലതും ഞാൻ പറഞ്ഞോ.."


"എന്റെ പൊന്നുചേച്ചി ഞാനൊന്നും പറഞ്ഞില്ല..."


"ചേച്ചിയോ..ഞാനോ..എന്നെക്കണ്ടാൽ പ്രായം തോന്നുമോടോ..."


"അയ്യോ..ഇല്ല മേഡം ക്ഷമിക്ക്.."


"അന്ത ഭയം ഇരിക്കട്ടും.."


രാവിലെ പത്ത് മണിക്ക് ഇന്റർവ്യൂ ഉള്ളതാണ്. സമയത്ത് ചെന്നില്ലെങ്കിൽ ആമ്പിള്ളാർ പണിയുംകൊണ്ടു പോകും.ഈ കുരിപ്പിനോടൊക്കെ അലക്കാൻ നിൽക്കണമെങ്കിൽ വായിൽ ആയിരം നാവെങ്കിലും ഉണ്ടാകണം..


ടൗണിൽ തന്നെ ആയിരുന്നു ഓഫീസ്. ഞാൻ വിയർത്തു കുളിച്ച് എത്തുമ്പോൾ ഇന്റർവ്യൂ തുടങ്ങി കഴിഞ്ഞു.അവിടെ നിന്ന ഒരാളോട് തിരക്കിയപ്പോൾ എന്റെ പേര് വിളിച്ചിട്ടില്ല...


"ഹാവൂ ഭാഗ്യം രക്ഷപ്പെട്ടു.."


എന്റെ പേരു വിളിച്ചപ്പോൾ ഞാൻ അകത്ത് കയറി. ഇന്റർവ്യൂനു രാവിലത്തെ അലപ്പറ ഇരിക്കുന്നത് കണ്ടു അറിയാതെ ഞെട്ടി...


"അപ്പോൾ ഈ പണിയും കിട്ടില്ലെന്ന് ഉറപ്പായി.."


അവളെന്നെ സൂക്ഷിച്ചു നോക്കി. ഞാനത് കണ്ടില്ലെന്ന് നടിച്ചു.അവരെല്ലാം ചോദിച്ചതിനു അറിയാവുന്ന രീതിയിൽ ഉത്തരം നൽകി.


അവസാനം ആ സാധനം ഒരു കുനിഷ്ടു ചോദ്യം.ഇന്റർവ്യൂ അല്ലെ ഉത്തരം നൽകിയല്ലെ പറ്റൂ...


"നിങ്ങൾക്ക് ഒരേ സമയത്ത് ഒരുപണക്കാരി പെണ്ണിന്റെയും പാവപ്പെട്ട വീട്ടിൽ നിന്നും ഒരു വിവാഹാലോചന വന്നാൽ ഏത് സ്വീകരിക്കും...


" തീർച്ചയായും.. പണക്കാരിപ്പെണ്ണിന്റെ..."


"അതെന്താണു അങ്ങനെ. തനിക്ക് പണത്തിനോടുള്ള ആർത്തിയാണ് അല്ലെ..?


" അല്ല..."


"പിന്നെ..."


"സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ നിന്ന് സാധാരണക്കാരനായ എനിക്ക് ആലോചന വരണമെങ്കിൽ എന്നിലെന്തെങ്കിലും പ്രത്യേകത..ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്.തീർച്ചയായും അവർ എന്നിലേൽപ്പിക്കുന്ന വിശ്വാസം ഞാൻ കാത്തു സൂക്ഷിക്കും.എനിക്ക് നിർദ്ധനരെ അതിൽ കൂടി സഹായിക്കാനും കഴിയും..."


"അതിനവർ സമ്മതിച്ചില്ലെങ്കിൽ..."


"എനിക്ക് അവിടെയൊരു നല്ല പോസ്റ്റിൽ ഒരുജോലി എന്തായാലും ലഭിക്കും.എന്റെ സാലറി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്ക് മാത്രമാണ്...'


മറുപടി അവർക്ക് തൃപ്തികരമായോ എന്നൊന്നും എനിക്കറിയില്ല.ഇന്റർവ്യൂ കഴിഞ്ഞു ഞാൻ സ്ഥലം വിട്ടു. കുറച്ചു ദിവസം കഴിഞ്ഞു എനിക്കൊരു മെയിൽ വന്നു.ജോലി ശരിയായെന്നും പറഞ്ഞു..


ഓഫീസിൽ എല്ലാവരെയും പരിചയപ്പെട്ടു.അന്ന് ഇന്റർവ്യൂ ചെയ്തവരാണ് മേഡമെന്ന് എനിക്ക് മനസ്സിലായി.കടിച്ചു കീറുന്ന ഇനമാണെങ്കിലും ആൾ ശുദ്ധയാണ്.ജോലിയിൽ 100% ആത്മാർത്ഥതയുണ്ട്...


ആൾക്കൊരു പ്രണയ പരാജയമുണ്ട്.അതുകൊണ്ട് പ്രായം 32 ആയിട്ടും കെട്ടിയട്ടില്ല.ചെറിയൊരു വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കൂടെ താമസം. നല്ല സാലറിയുണ്ടെങ്കിലും ജീവിതം ലളിതമാണ്. ബസിലാണ് വരുന്നതും പോകുന്നതും.സാലറിയിൽ ഏറിയപങ്കും സാമൂഹ്യ സേവനങ്ങൾക്കായി ചെലവഴിക്കും...


പ്രായം കൊണ്ടവർ എന്നെക്കാൾ നാലു വയസ്സിനു മൂത്തതാണ്.നിരന്തരമായ അടുത്ത ഇടപെടലുകൾ മൂലം എനിക്ക് അവരോട് വല്ലാത്ത ബഹുമാനം തോന്നിത്തുടങ്ങി...


ജോലിയിൽ ഞാനും വെറുപ്പിക്കാത്തതിനാൽ അവർക്കും വലിയ കാര്യമായിരുന്നു.ഒരുദിവസം ഞങ്ങൾ തമ്മിൽ ബീച്ചിൽ വെച്ചു കണ്ടുമുട്ടിയത് വളരെ അപ്രതീക്ഷിതമായിട്ടാണ്...


അന്ന് അവരെ കുറിച്ചുള്ള കഥകളൊക്കെ പറഞ്ഞു. എനിക്ക് അതുകേട്ട് മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി...


"വളരെ ആത്മാർത്ഥമായി സ്നേഹിച്ചിട്ട് പിരിയുമ്പോഴുളള സങ്കടം വളരെ വലുതാണ്. ഇയാൾ അത്‌ അറിഞ്ഞിട്ടുണ്ടോ...?...

മേഡത്തിന്റെ ചോദ്യം...


" ജീവിതത്തിൽ എപ്പോഴെങ്കിലും ആരുമില്ലാതെ കഴിയണ്ടി വരുന്ന അവസ്ഥ മേഡം അറിഞ്ഞട്ടുണ്ടോ?..

ഞാൻ മറുചോദ്യമെറിഞ്ഞു.


"ഇല്ല..."


"അച്ഛനും അമ്മക്കും പരസ്പരം ഇഷ്ടമല്ലായിരുന്ന വിവാഹം. ഞാൻ ജനിച്ചതോടെ അവർ അവരുടെ ഇഷ്ടങ്ങൾ തേടിപ്പോയി.അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല.ബന്ധുക്കളുടെ സഹായത്തിൽ ഇന്ന് ഇത്രയിടം വരെയെത്തി.ജീവിതത്തിൽ ഒരുലക്ഷ്യം ഉണ്ട്. എന്നെപ്പോലെ ആരുമില്ലാത്തവർക്ക് എന്നാൽ കഴിയുന്നപോലെ എന്തെങ്കിലും ചെയ്യുക എന്നത്.ലൈഫ് എപ്പോഴും ഹാപ്പിയായില്ലെങ്കിലും മനസിൽ സന്തോഷം തരുന്നത് എന്തെങ്കിലും ചെയ്യുക.."


മേഡത്തിന്റെ മുഖം ഒന്ന് വല്ലാതെയായി.

"ഇപ്പോൾ എനിക്ക് മനസിലായി.പ്രണയപരാജയത്തിന്റെ പേരിൽ ഞാൻ ജീവിതം വെറുതെ പാഴാക്കിയില്ലെന്ന് എനിക്ക് ഇപ്പോൾ മനസിലായി..


" തെളിച്ചു പറയ് മേഡം...


"ഇന്റർവ്യൂനു ചോദിക്കാത്തൊരു ചോദ്യം ചോദിച്ചാൽ എനിക്ക് ഉത്തരം നൽകുമോ...


" തീർച്ചയായും... "


"പ്രണയ പരാജയത്തിന്റെ വിവാഹം വേണ്ടെന്നു വെച്ചൊരു പെൺകുട്ടി.. അവൾ പ്രായത്തിൽ മൂത്തവളാണെങ്കിൽ കൂടി വിവാഹ അഭ്യർത്ഥന നടത്തിയാൽ സ്വീകരിക്കുമോ....?


ഞാനൊരു നിമിഷം പകച്ചു...


" എന്നെ മനസ്സ് തുറന്നു സ്നേഹിക്കാൻ കഴിയുമെങ്കിൽ.... മരണത്തിനു മാത്രം പിരിക്കാൻ കഴിയുന്നത് വരെ എന്നോടൊപ്പം ഉണ്ടെങ്കിൽ തീർച്ചയായും സ്വീകരിക്കും...


എന്റെ മറുപടി അസ്തമയ സൂര്യന്റെ ചുവപ്പു രശ്മികളേറ്റ് മേഡത്തിന്റെ മുഖം ചുവന്നതും.. അതെന്റെ കൈക്കുമ്പിളിലെടുത്ത് ചുവന്നയാ ചുണ്ടിൽ ഞാനെന്റെ അധരങ്ങൾ അമർത്തിയൊരു ചുംബനം നൽകി...


എന്റെ സമ്മതമായി...


അപ്പോഴേക്കും മേഡത്തിന്റെ കരവലയങ്ങൾ എന്നെ ഇറുകെ പുണർന്നു കൊണ്ടിരുന്നു...


ഒരിക്കലും കൈവിടില്ലെന്ന ഉറപ്പിന്മേൽ....


(Copyright protect)


A story by സുധീ മുട്ടം

Report Page