india

india

Premchand

#ഇന്ത്യ

#എല്ലാവരുടെതുമാണ്

ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് ഓർമ്മപ്പെടുത്തേണ്ട ചരിത്രപരമായ ദശാസന്ധിയിലാണ് രാജ്യമിപ്പോൾ. നമ്മുടെ ഭരണഘടനയെന്നത് ആകാശത്ത് നിന്നും പൊട്ടി മുളച്ചതല്ല. സ്വാതന്ത്ര്യ സമരത്തിന്റെ ദീർഘ പാരമ്പര്യത്തിന്റെ ആറ്റികുറുക്കിയ രജതരേഖയാണത്. അതിന്റെ അടിസ്ഥാന ശിലയെന്നത് ജാതി മത ലിംഗ വർഗ്ഗ സമുദായ പരിഗണനകൾക്കതീതമായ തുല്യതയാണ്. അത് മാറ്റാൻ ആർക്കും അവകാശമില്ല. കാരണം അതാണ് ഒരു രാജ്യമെന്ന നിലക്ക് നമ്മുടെ ഐക്യത്തിന്റെ അടിത്തറ . സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ മാതൃഭൂമി പിറവിയെടുത്ത 1923 മാർച്ച് 18 ന്റെ ആദ്യത്തെ നയപ്രഖ്യാപനമായ "സ്വന്തം പ്രസ്താവന " യിൽ തന്നെ "രാജ്യം ഒരു ജാതിക്കാരുടെയോ മതക്കാരുടെയോ അല്ല. സകലജാതി മതസ്ഥന്മാർക്കും പൊതുവായിട്ടുള്ളതാണ് ജന്മഭൂമി" എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ ഭരണഘടനയുടെ കാതലും ഇതു തന്നെ. എന്നാൽ തിങ്കളാഴ്ച ലോകസഭയിൽ അഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച 1955 ലെ പൗരത്വ ചട്ടം ഭേതഗതി ചെയ്യുവാനുള്ള ബില്ല് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മത തുല്യതയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന ആശങ്ക ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുകയാണ്. കാരണം പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ നിന്നും 2014 ഡിസംബർ 31 ന് അഭയാർത്ഥികളായെത്തിയ ആറ് മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുവാനുള്ള ബില്ലിൽ നിന്നും മുസ്ലീംങ്ങൾ മാത്രം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്താനികൾ എന്നിവരെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കൂ. ഇതിനെ മത വിവേചനമെന്നല്ലാതെ മറ്റൊരു പേരിട്ടും വിളിക്കാനാവില്ല. രാജ്യത്തെ 20 കോടിയോളം വരുന്ന ന്യൂനപക്ഷ മുസ്ലീംങ്ങളിൽ ഇത് ജനിച്ചിച്ച ആശങ്ക കാണാതിരിക്കാനാകില്ല. പ്രതിപക്ഷം ഐക്യകണ്ഠേന എതിർപ്പ് ഉയർത്തിയിട്ടുണ്ടെങ്കിലും ലോകസഭയിലെ ഭൂരിപക്ഷ വോട്ടിന്റെ മുന്നിൽ അതിന് വിലയുണ്ടാകില്ല. വിഭജനകാലത്തെ മുറിവുകളെ കുത്തിയുണർത്തുന്ന പുതിയ മതവിഭജനം ഇത് രാജ്യത്തുണ്ടാക്കുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ട്. വിവേകം തിരിച്ചുപിടിക്കേണ്ട ചരിത്ര സന്ദർഭമാണിത്.

പാകിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് ഒദ്യോഗിക മതമുണ്ടെന്നും നിർദ്ദിഷ്ട ബില്ലിൽ പൗരത്വ പരിഗണന നൽകുന്ന ആറ് മത ന്യൂനപക്ഷങ്ങൾക്കും അവിടെ കടുത്ത വിവേചനമുണ്ടെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ ഒരു മതേതര രാഷ്ടമായ നമ്മൾ മത അടിസ്ഥാനത്തിൽ മാത്രം കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കാണുന്നതിൽ വിവേചനം പതിയിരിക്കുന്നുണ്ട്. അസമിൽ പൗരത്വ റജിസ്റ്റർ നിലവിൽ വന്നപ്പോൾ 19.9 ലക്ഷം പേർ ഇന്ത്യക്കാരല്ലാതായി മാറിയത് പോലെ അഭയാർത്ഥികളായി പല കാലങ്ങളിൽ ഇന്ത്യയിൽ എത്തിയവരുടെ നിലനില്പ് കടുത്ത സങ്കീർണ്ണതയായി മാറും എന്നുറപ്പാണ്. പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മ്യാൻമാർ എന്നിവിടങ്ങളിൽ മുസ്ലീംകളായി അംഗീകരിക്കപ്പെടാതെ പീഢിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ അഹമ്മദീയ വിഭാഗത്തിൽപ്പെട്ടവർ നിരവധിയാണ്. ചരിത്രപരമായി ജൂതന്മാർ , അറബികൾ , ചൈനക്കാർ, തിബറ്റന്മാർ , ശ്രീലങ്കൻ തമിഴന്മാർ തുടങ്ങി ഇന്ത്യയിലേക്ക് കടന്നു വന്ന എത്രയോ ജനവിഭാഗങ്ങൾ രാജ്യത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മതാടിസ്ഥാനലല്ല ഇത്തരം പ്രവാസങ്ങളെ ഒരു കാലത്തും നമ്മൾ എടുത്തിട്ടുള്ളത്. ന്യൂനപക്ഷ പ്രശ്നം മതപരമായി കൈകാര്യം ചെയ്യുന്നതിന്റെ ഭവിഷ്യത്ത് മാതൃഭൂമി വിഭജനത്തിന് മുമ്പ് തന്നെ എന്നും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. 1947 ജൂൺ 20 ന് " ന്യൂനപക്ഷ പ്രശ്നം " എന്ന മുഖപ്രസംഗത്തിൽ " ന്യൂനപക്ഷ പക്ഷം വളർന്നു വലുതായതാണ് ദ്വിരാഷ്ട്ര വാദം. ദ്വിരാഷ്ടവാദത്തിന്റെ ഫലമായാണ് ഇന്ന് ഇന്ത്യ വെട്ടിമുറിക്കപ്പെടുന്നത്. പക്ഷേ ആ ശസ്ത്രക്രിയ കൊണ്ട് രോഗം ഭേതപ്പെടുമോ എന്നുള്ളത് ഇന്നും ചോദ്യ ചിന്നം തന്നെ . ദ്വിരാഷ്ട വാദത്തെ സൃഷ്ടിച്ച അതേ അന്തരീക്ഷവും നയവും തുടർന്നു പോവുകയാണെങ്കിൽ ന്യൂനപക്ഷ പ്രശ്നം ഒരു കാലത്തും പരിഹരിക്കപ്പെടാൻ പോകുന്നില്ല. ദ്വിരാഷ്ട്ര വാദം ബഹുരാഷ്ട്ര വാദമായി രൂപാന്തരപ്പെടും. അത് ക്രമേണ അന്തച്ഛിദ്രത്തിലേക്കും വീണ്ടുമൊരു വിദേശാധിപത്യത്തിലേക്കോ അഥവാ ഒരു നിഷ്ഠൂര സ്വേച്ഛാധിപത്യത്തിലേക്കോ നമ്മെ പിടിച്ചിഴക്കും " എന്ന് കൃത്യദിശാബോധം നൽകിയിട്ടുണ്ട്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതൊരു ചരിത്രബോധത്തിന്റെ മുന്നറിയിപ്പാണ്. സ്വയം നഷ്ടപ്പെടാതിരിക്കാൻ നാം നമ്മെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് നടത്തിച്ച വിവേകശാലികളുടെ ശബ്ദത്തിന് കാതോർക്കേണ്ടതുണ്ട്.

ബില്ലിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിൽ ഇപ്പോൾ തന്നെ അത് ബാധകമല്ലാതാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ സമ്മേളനത്തിലെ രീതി തുടരുകയാണെങ്കിൽ ബില്ല് പാസ്സാക്കിയെടുക്കാൻ സർക്കാറിന് പറ്റുമായിരിക്കും. രാജ്യസഭയിൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെങ്കിലും മുൻ അനുഭവം വച്ച് ബില്ല് പാസ്സാക്കാൻ കഴിഞ്ഞാലും നമ്മുടെ ഭരണഘടനയുടെ മൗലിക തത്വങ്ങളെ ലംഘിക്കുന്ന ബില്ല് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്. രാജ്യം അടിസ്ഥാനപരമായി അടിയന്തര പരിഹാരം തേടുന്ന ദാരിദ്യത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിത്തിന്റെയും സ്ത്രീ വിവേചനങ്ങളുടെയും ഒക്കെ മുന്നിൽ പതറി നിൽക്കുകയാണിപ്പോൾ. അത് പരിഹരിക്കാൻ മുതിരുന്നതിന് പകരം മതഅജണ്ടകൾ ഭൂരിപക്ഷ തീരുമാനത്തോടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയെ വഴിതിരിച്ചു വിട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും. ഗാന്ധിജിക്ക് പകരം ജിന്ന ജയിക്കുന്നത് ഇന്ത്യക്ക് വിനാശകരമായിരിക്കും എന്ന് പറയേണ്ടതില്ല. പ്രതിപക്ഷം ആവശ്യപ്പെടുന്നത് പോലെ ബില്ലിലെ മത പരാമർശം എടുത്തുകളയാനും പൗരത്വത്തിന് പരിഗണിക്കുന്ന അഭയാർത്ഥികളെ മൂന്ന് രാജ്യങ്ങളിൽ നിന്നു മാത്രമായി പരിമിതമെടുത്തുന്നതിന് പകരം ചൈനയും ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തിയവരെക്കൂടി കണക്കിലെടുക്കുന്ന അനുഭാവപൂർണ്ണമായ സമീപനം കേന്ദ്ര സർക്കാർ കൈക്കൊള്ളാൻ തയ്യാറാവുകയാണ് വേണ്ടത്. രാജ്യമാണ് പ്രധാനം, കക്ഷിരാഷ്ട്രീയമല്ല എന്ന് തിരിച്ചറിയേണ്ട മുഹൂർത്തമാണിത്. തിരുത്ത് ഇനിയും അസാധ്യമല്ല. ലോക സഭയും രാജ്യസഭയും ഉയർത്തുന്ന ഭിന്നസ്വരങ്ങളും വിയോജിപ്പുകളും കേൾക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്. അതാണ് ജനാധിപത്യത്തിന്റെ അന്ത:സത്ത . ജനാധിപത്യം വിജയിക്കട്ടെ. അതാകട്ടെ ഐക്യത്തിന്റെയും അതിജീവനത്തിന്റെ മന്ത്രം.

Report Page