HISTORY

HISTORY

@FreethinkingWorld

മായൻ സംസ്കാരം


BC 2500 നും AD 1500നും ഇടക്ക് യുക്കാത്തൻ ഉപഭൂഖണ്ഡം അഥവാ ഇപ്പോഴത്തെ മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സംസ്കാരമായിരുന്നു മായൻ സംസ്കാരം. ഒരുകാലത്ത് ലോകത്തെ അതിശയിപ്പിച്ച ജനതയായിരുന്നു മായന്മാർ. സ്വന്തമായി ഭാഷ, കലണ്ടർ, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വനശാസ്ത്രം, ചിത്രംവര, കൃഷി തുടങ്ങിയവയിൽ അഗാധമായ അറിവ്, കെട്ടിടനിർമ്മാണത്തിൽ അഗ്രഗണ്യർ, എന്നിങ്ങനെ മായൻ വംശജർ കൈവെക്കാത്ത മേഖലകളുണ്ടായിരുന്നില്ല. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് ഇവരുടെ നാഗരികത അടയാളപ്പെടുത്തിയിരിക്കുന്നത്. BC 2000 മുതൽ AD 250 വരെ പ്രീ ക്ലാസിക് കാലഘട്ടം, AD 250 മുതൽ AD 900 വരെ ക്ലാസിക് കാലഘട്ടം (സുവർണ കാലഘട്ടം ), AD 900 മുതൽ AD 1519 വരെ പോസ്റ്റ്‌ ക്ലാസിക് കാലഘട്ടം. വടക്കൻ മെക്സിക്കോ മുതൽ തെക്ക് മധ്യഅമേരിക്ക വരെ പടർന്നു കിടന്നിരുന്ന പ്രദേശങ്ങളിലെല്ലാം മായൻ സാന്നിധ്യമുണ്ടായിരുന്നു.

Mayan Calendar

അവർ കൃഷിയിൽ ഉപജീവനം നടത്തിയവരായിരുന്നു. പരുത്തി, മരച്ചീനി, ചോളം, മധുരക്കിഴങ്ങ്, പയറ് വർഗ്ഗങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ. അവർ എഴുത്ത് വശമുള്ളവർ കൂടിയായിരുന്നു. ഈജിപ്ഷ്യൻ നാഗരികതയിലെപ്പോലെ മായന്മാരും മരണശേഷമുള്ള ജീവിതത്തിൽ വിശ്വസിച്ചിരുന്നു. ഈജിപ്തിലെ പിരമിഡുകളെപ്പോലെ മായന്മാരും പിരമിഡുകളുടെ ആകൃതിയിൽ ക്ഷേത്രങ്ങൾ പണിതു. മായൻ സാമ്രാജ്യം ചെറിയ രാഷ്ട്രീയ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ വിഭാഗങ്ങൾ പരസ്പരം സംസ്കാരം, മതം, ഒരു ഏകീകൃത രചനാ സമ്പ്രദായം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വിഭാഗത്തിലെ നഗരത്തിലെയും ഏറ്റവും ഉയർന്ന അധികാരം ഒരു പുരോഹിതനായിരുന്നു. അവരുടെ കെട്ടിടങ്ങൾ വളരെ വലുതായിരുന്നു. അവയിൽ ചിലത് 230 അടി വരെ ഉയരത്തിലാണുള്ളത്. കെട്ടിടങ്ങളുടെ ഏറ്റവും മുകളിൽ അവർ മായൻ ദേവന്മാരുടെ ദേവാലയം സ്ഥാപിച്ചു.

ഒരു കാലത്ത് ഉഗ്രപ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാർ ക്ലാസിക് കാലഘട്ടത്തിന്റെ അവസാനമായതോടെ പെട്ടെന്ന് ചീട്ടു കൊട്ടാരം പോലെ തകർന്ന് ഇല്ലാതാവുകയായിരുന്നു. വർഷങ്ങളോളം മായന്മാരുടെ അന്ത്യം എങ്ങിനെയായിരുന്നുവെന്നത് ചരിത്രകാരന്മാരെയും പുരാവസ്തു ഗവേഷകരെയും കുഴക്കിയിരുന്നു. ആ മഹാസംസ്കാരം അപ്രത്യക്ഷമായതിന്റെ കാരണങ്ങൾ സത്യത്തിൽ ഇന്നും നിഗൂഢമാണ്. അവരുടെ നാശത്തിന് പിന്നിലെ കാരണമെന്താണെന്ന് പുരാവസ്തു ഗവേഷകർക്ക് ഇനിയും പൂർണ്ണമായി പിടികിട്ടിയിട്ടില്ല.

മായന്മാരുടെ ചരിത്രം തേടിയുള്ള യാത്രയ്ക്കിടെ മധ്യ അമേരിക്കയിലെ ബെലീസ് കാട്ടിൽ നിന്നും ലഭിച്ച രണ്ട് തലയോട്ടികളാണ് ഗവേഷകരെ ചില പുതിയ നിഗമനങ്ങളിലെത്താൻ പ്രേരിപ്പിച്ചത്. രണ്ട് തലയോട്ടിയിലും നടത്തിയ നിരീക്ഷണത്തിൽ ഒരു കാര്യം അവർക്ക് വ്യക്തമായി മനുഷ്യ മാംസം വലിച്ചു പറിച്ചു കളഞ്ഞു രണ്ടിലും പെയിന്റ് അടിച്ചിരുന്നു. മായന്മാർ പൊതുവെ ശാന്ത സ്വഭാവം ഉള്ളവർ ആയിരുന്നില്ല, മറിച്ച് പ്രശ്നക്കാർ ആയിരുന്നു. രണ്ട് തലയോട്ടികളും ആ വസ്തുത ശെരിവയ്ക്കുന്നതും ആയിരുന്നു. യുദ്ധത്തിൽ ജയിക്കുമ്പോൾ എതിരാളിയുടെ തലയറുത്ത് തയ്യാറാക്കുന്നതാണത്രേ ആ തലയോട്ടികൾ. അത് യുദ്ധചിഹ്നമായി കഴുത്തിൽ ചാർത്തുകയും ചെയ്യും. ഒരു യുദ്ധവീരന്റെ കല്ലറയെന്ന് കരുതുന്നതിൽ നിന്നും ലഭിച്ച തലയോട്ടികൾ ഗവേഷകരെ അത്തരമൊരു നിഗമനത്തിലെത്തിക്കാൻ കാരണമുണ്ട്. മായൻ നഗരങ്ങളിൽ പലയിടത്തു നിന്നായി കണ്ടെത്തിയ പാറകളിലും, പാത്രങ്ങളിലുമെല്ലാം തലയോട്ടിയണിഞ്ഞ യുദ്ധവീരന്മാരുടെ ചിത്രം വരച്ചിട്ടിരിക്കുന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

കണ്ടെടുക്കപ്പെട്ട തലയോട്ടികൾ പലയിടത്തും തുളച്ച നിലയിലായിരുന്നു. ഇത് ഭാഗികമായി തൂവലുകൾ വെയ്ക്കാനും തുകൽ കൊണ്ടുള്ള വള്ളി തലയോട്ടികളിലേക്ക് കടത്താനും വേണ്ടിയുള്ളതാണെന്നാണ് കരുതുന്നത്. തലയോട്ടിയുടെ പുറകുവശം ചെത്തി നിരപ്പാക്കിയിരുന്നു. യോദ്ധാക്കളുടെ നെഞ്ചിനോട്‌ ചേർന്ന് നിൽക്കുന്നതിന് വേണ്ടിയായിരുന്നു അത്. കൂടാതെ താടിയെല്ലുകളും മറ്റും ഊർന്ന് പോകാതിരിക്കാനുമുള്ള സംവിധാനവും ഉണ്ടായിരുന്നു. ചില അജ്ഞാത ഭാഷയിലുള്ള എഴുത്തും തലയോട്ടിയിൽ കോറി വരച്ചിരുന്നു. ചുവന്ന പെയിന്റാണ് ഭംഗി വരുത്താൻ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ യുദ്ധത്തിൽ ജയിക്കുന്നവരെ കൊന്ന് തലയെടുക്കുന്ന മായൻ രീതി ആദ്യമായാണ് തിരിച്ചറിയുന്നതെന്നാണ് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആന്ത്രപ്പോളജി ഗവേഷകനായ ഗബ്രിയേൽ റോബൻ പറയുന്നത്.

ഒരുപക്ഷെ മായന്മാരുടെ നാശത്തിന് കാരണമായതും അവർക്കിടയിൽ തന്നെ അധികാരത്തിന് വേണ്ടി നടന്ന യുദ്ധങ്ങളായിരിക്കാം. ബെലീസിൽ നിന്നും ഒൻപതാം നൂറ്റാണ്ടോടെ മായന്മാർ കൂട്ടപലായനം ചെയ്തിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാജകുടുംബത്തെ കൊന്നൊടുക്കിയതിന്റെയും കെട്ടിടങ്ങളും ശവക്കല്ലറകളും തകർന്നതിന്റെയും തെളിവുകളും ലഭിച്ചിരുന്നു. മറ്റൊരു ഊഹം അവർ ഏതെങ്കിലും പകർച്ചവ്യാദിമൂലം തുടച്ചു നീക്കപ്പെട്ടിരിക്കാം എന്നതാണ്.

പക്ഷെ 1995 മുതൽ കേബ്രിഡ്ജ് സർവ്വകലാശാലയിലെ ഡേവിഡ് ഹോഡലും സംഘവും ഇരുപത്തിമൂന്ന് വർഷത്തോളം നടത്തിയ നീണ്ട മറ്റൊരു പഠനത്തിനൊടുവിൽ മായന്മാരുടെ നാശത്തിന് കാരണമായി തീർന്നത് കൊടും വരൾച്ചയായിരുന്നു എന്നാണ് കണ്ടെത്തിയത്. അക്കാലത്ത് മായൻ മേഖലയിൽ പതിറ്റാണ്ടോളം 70% മഴ വരെ കുറഞ്ഞിരുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ. അത് വിശദീകരിക്കുന്നതിന് വേണ്ടി എങ്ങനെയാണ് വനനശീകരണം വരൾച്ചയിലേക്ക് നയിച്ചതെന്നതിന്റെ കമ്പ്യൂട്ടർ മോഡലുകളും അവർ തയ്യാറാക്കിയിരുന്നു. യുക്കാറ്റൻ ഉപദ്വീപിലെ മായൻ സംസ്കാരമായിരുന്നു അന്ന് അവർ പഠനവിധേയമാക്കിയത്. ഏതാണ്ട് ആയിരം വർഷം മുമ്പ് പതിറ്റാണ്ടുകൾ നീണ്ട ആ വരൾച്ച മായൻ സംസ്കാരത്തെ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് അവർ വ്യക്തമാക്കുകയുണ്ടായി. മായന്മാരിലെ ഒരു വിഭാഗം യുദ്ധം കാരണവും മറുവിഭാഗം കൊടും വരൾച്ച കാരണവും ഇല്ലാതായതെന്ന നിഗമനത്തിലാണ് ഇപ്പോൾ ഭൂരിഭാഗം ഗവേഷകരും വിശ്വസിക്കുന്നത്.

Report Page