Gold

Gold

wisdom net

മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണിത് .

അന്താരാഷ്ട്ര നാണയനിധി, നിശ്ചിത അളവ് സ്വർണത്തിന്റെ വിലയാണ്‌ നാണയവിലയുടെ ആധാരമായി മുൻപ് കണക്കാക്കിയിരുന്നത്. ഓക്സീകരണം മൂലമുള്ള നാശത്തെ ഫലപ്രദമായി ചെറുക്കുന്നതിനാൽ, ദന്തരോഗചികിത്സ, ഇലക്ട്രോണിക്സ് തുടങ്ങിയ വ്യവസായമേഖലകളിൽ ഈ ലോഹം വ്യാപകമായി ഉപയോഗിച്ചു വരുന്നു.

സംയോജകത സാധാരണയായി ഒന്നോ മൂന്നോ ആയ ഒരു സംക്രമണമൂലകമാണ് സ്വർണം. മിക്കവാറും രാസവസ്തുക്കളുമായി ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നില്ലെങ്കിലും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, രാജദ്രാവകം, സയനൈഡ് എന്നിവയുമായി പ്രവർത്തനത്തിലേർപ്പെടുന്നു. സ്വർണം രസത്തിലലിഞ്ഞ് സങ്കരമായ അമാൽഗം രൂപം കൊള്ളുന്നു. മറ്റു മിക്ക ലോഹങ്ങളേയും അലിയിക്കുന്ന നൈട്രിക് അമ്ലവുമായി സ്വർണ്ണം പ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ വസ്തുക്കളിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് നൈട്രിക് അമ്ലം കാലങ്ങളായി ഉപയോഗിച്ചു വരുന്നു. നൈട്രിക് അമ്ലം ഉപയോഗിച്ച് സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതാണ് ആസിഡ് ടെസ്റ്റ് എന്നറിയപ്പെടുന്നത്.

സ്വർണത്തിന്റെ അണുസംഖ്യ 79-ഉം പ്രതീകം Au എന്നുമാണ്. ഔറം എന്ന ലത്തീൻ വാക്കിൽ നിന്നാണ് Au എന്ന പ്രതീകം ഉണ്ടായത്. ഏറ്റവും നന്നായി രൂപഭേദം വരുത്താൻ സാധിക്കുന്ന ലോഹമാണ് സ്വർണ്ണം. ഒരു ഗ്രാം സ്വർണ്ണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു തകിടാക്കി മാറ്റാൻ സാധിക്കും. അതായത് 0.000013 സെന്റീമീറ്റർ വരെ ഇതിന്റെ കനം കുറക്കാൻ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വർണ്ണം ഉപയോഗിച്ച് 100 കിലോ മീറ്റർ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും.

സ്വർണത്തെ മറ്റു ലോഹങ്ങളുമായി ചേർത്ത് സങ്കരലോഹങ്ങളാക്കാം. ഇത്തരം സങ്കരങ്ങൾക്ക് ശുദ്ധസ്വർണത്തെ അപേക്ഷിച്ച് കൂടുതൽ കടുപ്പമുണ്ടായിരിക്കും. ആകർഷകമായ നിറവും ഈ സങ്കരങ്ങളുടെ പ്രത്യേകതയാണ്.

സ്വർണത്തോടു കൂടി മറ്റു ലോഹങ്ങൾ ചേർക്കുമ്പോൾ സ്വർണത്തിന്റെ തനതു നിറമായ മഞ്ഞയോടൊപ്പം താഴെപ്പറയുന്ന നിറങ്ങൾ ചേർന്ന നിറമായിരിക്കും ലഭിക്കുക. ചെമ്പ് - റോസ്, ഇൻഡിയം - നീല, അലൂമിനിയം - പർപ്പിൾ, പ്ലാറ്റിനം, പലേഡിയം, നിക്കൽ - വെളുപ്പ്. വെള്ളിയുടേയും ബിസ്മത്തിന്റേയും പ്രകൃത്യാലുള്ള സങ്കരങ്ങൾക്ക് കറുപ്പ് നിറമാണ് ഉണ്ടായിരിക്കുക. വളരെ നേർത്ത പൊടിയാക്കിയാൽ സ്വർണവും മറ്റു ലോഹങ്ങളെപ്പോലെത്തന്നെ കറുത്ത നിറത്തിലായിരിക്കും.

പ്രകൃതിദത്തമായ സ്വർണത്തിൽ 8 മുതൽ 10 വരെയോ അതിലധികമോ വെള്ളി അടങ്ങിയിരിക്കും. 20% - ൽ അധികം വെള്ളി അടങ്ങിയിരിക്കുന്ന സ്വർണത്തെയാണ് എലക്ട്രം എന്നു പറയുന്നത്. വെള്ളിയുടെ അളവ് കൂടുംതോറും നിറം കൂടുതൽ വെളുത്തു വരുകയും ആപേക്ഷികസാന്ദ്രത കുറയുകയും ചെയ്യുന്നു.

വൈദ്യുതിയുടേയും താപത്തിന്റേയും വളരെ നല്ല ഒരു ചാലകമാണ് സ്വർണ്ണം. കൂടാതെ വായുവോ മറ്റു രാസവസ്തുക്കളോ ഇതിനെ ബാധിക്കുന്നുമില്ല. താപം, ഈർപ്പം, ഓക്സിജൻ തുടങ്ങിയവയുമായി വളരെ നേരീയ അളവിൽ മാത്രമേ ഈ ലോഹം പ്രവർത്തിക്കുന്നുള്ളൂ. സ്വർണ്ണത്തിന്റെ ഇത്തരം ഗുണങ്ങൾ, ആഭരണങ്ങൾ നാണയങ്ങൾ എന്നിവയുടെ നിർമ്മിതിക്ക് ഇതിനെ അനുയോജ്യമാക്കുന്നു.

ശുദ്ധസ്വർണം രുചിയില്ലാത്ത പദാർത്ഥമാണ്. (എല്ലാ ലോഹങ്ങളുടേയും രുചിക്ക കാരണം അതിന്റെ അയോണുകൾ ആണ്

സ്വർണം സാന്ദ്രതയേറിയ ഒരു വസ്തുവാണ്. ഒരു ക്യുബിക് മീറ്റർ സ്വർണ്ണം 19300 കിലോഗ്രാം വരും. (കറുത്തീയത്തിന്റെ സാന്ദ്രത 11340 kg/m3-ഉം, ഏറ്റവും സാന്ദ്രതയേറിയ ലോഹമായ ഓസ്മിയത്തിന്റെ സാന്ദ്രത 22610 kg/m3-ഉം ആണ്)

1064° C താപനിലയിൽ സ്വർണം ഉരുകാൻ തുടങ്ങുന്നു. 2808° C ആണ് ഇതിന്റെ ക്വഥനാങ്കം. ഇതിന്റെ ആപേക്ഷികസാന്ദ്രത 19.3 -ഉം അണുഭാരം 196.97-ഉം ആണ്.

ഹാലൊജനുകൾ സ്വർണ്ണവുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നു. നൈട്രിക് അമ്ലം, ഹൈഡ്രോക്ലോറിക് അമ്ലം എന്നിവയുടെ മിശ്രിതത്തിൽ ഉടലെടുക്കുന്ന ക്ലോറിൻ അയോണുകളാണ്‌, രാജദ്രാവകത്തിൽ സ്വർണ്ണം അലിയുന്നതിലുള്ള കാരണം.

see more at

https://wisdomnet4u.blogspot.in/2017/07/gold.html?m=1

Report Page