Game of thrones

Game of thrones



തള്ളല്‍മത പ്രവാചകനായ പുലിയന്നൂര്‍ മൂപ്പന്‍റെ വിശുദ്ധവചനം കടംകൊണ്ടാല്‍ മാത്രമേ ഈ മിനിസ്ക്രീന്‍ ഉല്‍പ്പന്നത്തെ ഭാഗികമായെങ്കിലും വിശേഷിപ്പിക്കാന്‍ സാധിക്കൂ...


അതെ, കേട്ടറിവുകളേക്കാള്‍ വലുതാണ്‌ Game Of Thrones എന്ന സത്യം !


ഇവിടെ പറഞ്ഞാലും തീരാത്ത കഥകളുണ്ട്...


എല്ലാംതികഞ്ഞ ചില മനുഷ്യരുടെ കാഴ്ചയില്‍ അപൂര്‍ണനായും വിരൂപനായും ജനിച്ചുപോയി എന്ന കാരണത്താല്‍ ജീവിതകാലം മുഴുവന്‍ വിചാരണത്തടവുകാരനായി ജീവിക്കേണ്ടിവന്നവന്‍റെ കണ്ണീരിന്‍റെ കഥയുണ്ട്...


മനുഷ്യശരീരത്തെ അതിജീവിക്കുന്ന ഋതുഭേദങ്ങളുടെയും മനുഷ്യന്‍റെ ഇച്ഛാശക്തിയെപോലും തോല്‍പ്പിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലെ ഒരിക്കലും അവസാനിക്കാത്ത യാത്രകളുടെയും കഥയുണ്ട്...


വേശ്യാവൃത്തിയും ലൈംഗിക വൈകൃതങ്ങളും ദാരിദ്ര്യത്തിന്‍റെയോ പ്രാകൃതജീവിതത്തിന്‍റെയോ കുത്തകയല്ല എന്ന് വിളിച്ചുപറഞ്ഞ ബഷീറിയന്‍ ചിന്താഗതികളോട് ചേര്‍ന്നുനില്‍ക്കുന്ന അന്തപുരങ്ങളിലെ ഭരണവര്‍ഗത്തിന്‍റെ കിടപ്പറരഹസ്യങ്ങളുടെ നേര്‍ക്കാഴ്ചകളുടെ കഥയുണ്ട്...


സ്വന്തം സഹോദരിയുമായി കിടക്കപങ്കിട്ടും അവളില്‍ തന്‍റെ മക്കളെ ജനിപ്പിച്ചും ലോകം പഠിപ്പിച്ച സദാചാരമൂല്യങ്ങളെ ഹിതപരിശോധന ചെയ്തവന്‍റെ കഥയുണ്ട്...


രാജ്യം നഷ്ടപ്പെട്ട് അഭയാര്‍ഥികളായ ജനതയുടെ കഥയുണ്ട്...


അധികാരം നല്‍കിയ ലഹരിയാല്‍ മത്ത് പിടിച്ചവന്‍റെയും അധികാരമോഹത്താല്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമയായവന്‍റെയും പിടിച്ചെടുക്കപ്പെട്ട അധികാരത്തിന്‍റെ നിരര്‍ത്ഥകതയുടെയും കഥയുണ്ട്...


വേശ്യയെ പ്രണയിച്ചവന്‍റെ കഥയുണ്ട്...


സ്വന്തം പെണ്മക്കളുടെ ഉദരങ്ങളില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന പിതാക്കന്മാരുടെ കഥയുണ്ട്...


"തന്തയില്ലാതെ" ജനിച്ചുപോയ കാരണത്താല്‍ ജന്മം മുഴുവന്‍ അവഗണിക്കപ്പെട്ട് എഴുതിത്തള്ളപ്പെട്ടവരുടെ ആത്മരോഷത്തിന്‍റെയും കാലത്തിന്‍റെ കൈകളില്‍ നിന്ന് അവര്‍ പിടിച്ചുവാങ്ങിയ തിരിച്ചടിക്കാനുള്ള അവസരങ്ങളുടെയും കഥയുണ്ട്...


മരണത്തിനു മുന്‍പില്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി മരണത്തെക്കാളും ഭീകരമായ ജീവിതത്തിലേക്ക് തിരികെക്കയറിവന്നവന്‍റെ കഥയുണ്ട്...


കൊടുത്തവാക്കും രാജ്യവും സംരക്ഷിക്കാന്‍ ജീവിതം ഉപേക്ഷിച്ച ധീരരായ യോദ്ധാക്കളുടെ കഥയുണ്ട്...


പകയുടെ അര്‍ത്ഥമില്ലായ്മയുടെയും പ്രതികാരത്തിന്‍റെ പുനര്‍നിര്‍വചനത്തിന്‍റെയും കഥയുണ്ട്...


കുഴിച്ചുമൂടപ്പെട്ട മിത്തുകളുടെ തിരിച്ചുവരവിന്‍റെയും കെട്ടുകഥകളുടെ കെട്ടുപാടുകള്‍ തകര്‍ത്തു പുറത്തുവരുന്ന വിസ്മയകരമായ യാഥാര്‍ങ്ങളുടെയും കഥയുണ്ട്... 


മനസ്സുകൊണ്ടും ബുദ്ധികൊണ്ടും സിംഹാസനത്തിന് അടിമയായവന്‍ തന്‍റെ സ്വാതന്ത്ര്യത്തെ പുനര്‍നിര്‍വചിക്കുന്ന വിചിത്രമായ കാഴ്ചകളുടെ കഥയുണ്ട്... 


ഭരണസിരാകേന്ദ്രങ്ങളുടെ തീരുമാനങ്ങളെപ്പോലും സ്വാധീനിക്കുന്ന, രാജ്യഭരണത്തിന്‍റെ യഥാര്‍ത്ഥ രാഷ്ട്രീയം സ്വന്തം കുരുട്ടുബുദ്ധികളില്‍ ആസൂത്രണം ചെയ്യുന്ന ശകുനിമാരുടെ കഥയുണ്ട്...


പുതിയ സംസ്കാരങ്ങളാലും പുതിയ ദൈവങ്ങളാലും പുതുവിശ്വാസങ്ങളാലും സൃഷ്ടിക്കപ്പെടുന്ന വ്യാജവിപ്ലവങ്ങളുടെ അസ്തിത്വത്തിന്‍റെ കഥയുണ്ട്...


ഭരണതന്ത്രങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള കപടത മനസ്സില്‍ ഇല്ലാത്തതിനാല്‍ ജീവിതത്തില്‍ തോറ്റുപോയ രാജാവിന്‍റെ കഥയുണ്ട്...


മറുവശത്ത് ലോകം മുഴുവന്‍ എതിര്‍ത്തുനിന്നപ്പോഴും തളര്‍ന്നുവീഴാത്ത പെണ്മയുടെ വീര്യത്തിന്‍റെ കഥയുണ്ട്...


George R.R. Martin രചിച്ച A Song of ice and fire എന്ന ഫാന്‍റസി നോവല്‍ സീരീസിന്‍റെ വശ്യതയാര്‍ന്ന ദൃശ്യഭാഷ്യം...


കാമം ജനിപ്പിക്കുന്നതും മനസ്സിനെ മരവിപ്പിക്കുന്നതുമായ നഗ്നതയുടെയും രതിയുടെയും വയലന്‍സിന്‍റെയും സെന്‍സര്‍ കത്തികളാല്‍ മുറിക്കപ്പെടാത്ത നേര്‍ക്കാഴ്ചകളുടെ സൗന്ദര്യമുണ്ട് Game of thrones ന്.


കണ്ടുതീരുമ്പോള്‍ കഥാപാത്രങ്ങള്‍ കൂടെ ഇറങ്ങിവരുംവിധം ടിപ്പിക്കല്‍ സിനിമാറ്റിക് മാജിക് ഒന്നും Game of thronesന് അവകാശപ്പെടാനാവില്ല എന്നത് സത്യമാണ്, എന്തെന്നാല്‍ കണ്ടിരിക്കുമ്പോഴും കണ്ടതിനുശേഷവും Kings Landingന്‍റെ ആഡ്യത്വത്തിലും Narrow seaയുടെ അപാരതകളിലും Winterfell ലെ കൊടുംതണുപ്പിലും Mereen മരുഭൂമിയിലെ പൊള്ളുന്ന ചൂടിലും മരണത്തിന്‍റെയും ചതിയുടെയും ഭീതിജനകമായ നിഴലിലും Ramin Djawadi യുടെ മനോഹരമായ Cello cover theme musicന്‍റെ അകമ്പടിയോടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയി തളച്ചിടുവാന്‍ എഴുത്തുകാരനും സംവിധായകര്‍ക്കും സാധിക്കുന്നുണ്ട്...


ഇന്നോളം കണ്ടതില്‍വച്ച് ഏറ്റവും മികച്ച ടി.വി. സീരീസ് എന്ന വിശേഷണത്തില്‍ മാത്രം ഒതുങ്ങുന്നില്ല Game of thrones, മറിച്ച് Epic-Fantasy-Historical fiction വിഭാഗങ്ങളില്‍ പെടുന്ന എക്കാലത്തെയും മികച്ച ഹോളിവുഡ് സൃഷ്ടികളില്‍ ഒന്ന് എന്ന വിശേഷണവും Game of thrones അര്‍ഹിക്കുന്നു... 

പകരം വയ്ക്കാനില്ലാത്ത vfx മികവും America, U.K, Canada, Croatia, Iceland, Malta, Moroco മുതല്‍ spain വരെയുള്ള രാജ്യങ്ങളിലായി വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണവും അത്ഭുതപ്പെടുത്തുന്ന കാസ്റ്റിംഗ് മികവും സങ്കീര്‍ണമായ കഥാപാത്രസൃഷ്ടിയും ആരുടേയും പക്ഷം പിടിക്കാതെയുള്ള കഥാകഥനശൈലിയും വരെയുള്ള ഘടകങ്ങള്‍ അതിന്‍റെ കാരണങ്ങളില്‍ ചിലത് മാത്രം.


2011 ഏപ്രില്‍ 17 ന് തുടങ്ങിയ സീരീസിന്‍റെ ഏഴാം സീസണ്‍ അടുത്ത ജൂലൈ 16 ന് തുടങ്ങാനിരിക്കെ നേടിയെടുത്ത അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും കണക്കില്ല എന്നുതന്നെ പറയാം.

ലോകത്തില്‍ ആദ്യമായി IMAX ഫോര്‍മാറ്റില്‍ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയ ടി.വി.സീരീസ് എന്ന പ്രത്യേകതയും Game of thronesന് അവകാശപ്പെട്ടതാണ്.


കഥാപാത്രങ്ങള്‍ കഥാപാത്രങ്ങളോടു പുലര്‍ത്താത്ത ദയവും ദാക്ഷിണ്യവും എഴുത്തുകാരന്‍ കഥാപാത്രങ്ങളോടു പുലര്‍ത്തേണ്ടതില്ല എന്ന് എഴുത്തുകാരന്‍ തീരുമാനിച്ചിരിക്കുന്നത് കൊണ്ട് ഈ സീരീസ് ഇനിയും കാണാത്തവര്‍ കണ്ടുതുടങ്ങുമ്പോള്‍ ഒരു കഥാപാത്രങ്ങളോടും അമിതമായി ആരാധനയോ അമിതമായ വെറുപ്പോ വച്ചുപുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല.!

എന്തെന്നാല്‍ Cersei Lannisterന്‍റെ വാക്കുകള്‍ എല്ലാ സന്ദര്‍ഭങ്ങളിലും അനുയോജ്യമാണ്: When you play the game of thrones, you win or you die !


16/07/2017 എന്ന തീയതിക്കായുള്ള കാത്തിരിപ്പ് തുടരുന്നു.!


#ms_v_2.0

#post_no_51

#ckrviews

Report Page