For you

For you

Copy paste

ആമസോണ്‍, വാള്‍മാര്‍ട്ട് തുടങ്ങിയ അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് പിന്നാലെ റിലയന്‍സിന്റെ കിനാരെ ഷോപ്പുകളും ഇന്ത്യയുടെ റീട്ടൈയ്ല്‍ രംഗത്തെ വരുംനാളുകളിലെ മത്സരം പൊലിപ്പിക്കാന്‍ എത്തുമ്പോള്‍ വമ്പന്‍മാര്‍ക്ക് ഭീഷണിയാകാന്‍ ഒരു മലയാളി. സംരംഭത്തിന്റെ പേര് സ്റ്റോര്‍ഇന്‍. പെരിന്തല്‍മണ്ണക്കാരനായ 39-കാരന്‍ റാഡോ പോള്‍ കഷ്ടി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച സ്റ്റോര്‍ഇന്‍ ലക്ഷ്യമിടുന്നത്, നമ്മുടെ നഗര-ഗ്രാമങ്ങളിലെ അയല്‍പക്കത്തെ പലചരക്ക് കടകളെ ഒരൊറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരികയെന്നതാണ്. കൂടെ ജി എസ് ടിയുടേയും റീട്ടൈയ്ല്‍ വമ്പന്‍മാരുടേയും ഭീഷണിയില്‍ തകര്‍ന്ന് പോയേക്കാവുന്ന ഒരു അസംഘടിത മേഖലയെ സംഘടിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്തി ആധുനികവല്‍ക്കരിക്കാനുള്ള നീക്കം കൂടിയാണിത്. സ്റ്റോര്‍ഇന്‍ തുടങ്ങുന്നതിന് മുമ്പ്‌ പലചരക്ക് വ്യാപാരത്തെക്കുറിച്ച് പഠിക്കുന്നതിനായി രണ്ട് കടകള്‍ ആരംഭിച്ചശേഷം അത് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ കൂട്ടായ്മയ്ക്ക്‌ കൈമാറുകയും ചെയ്തിട്ടുള്ള റാഡോ പോള്‍ ഗള്‍ഫിലെ ഫാര്‍മസിസ്റ്റ് ജോലി വിട്ടിട്ടാണ് സ്വന്തം സംരംഭത്തിലേക്ക് എത്തുന്നത്. ക്രൗഡ് ഫണ്ടിങ് വഴി 150 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച സ്റ്റോര്‍ഇന്‍-ന്റെ പണപ്പെട്ടിയിലേക്ക് മറ്റൊരു 1,500 കോടി രൂപയും കൂടെ താമസംവിനാ എത്തും. ഗള്‍ഫില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന റാഡോ പോള്‍ നാട്ടിലെത്തിയശേഷം രണ്ട് ബിസിനസ്സുകള്‍ ചെയ്തുവെങ്കിലും പരാജയപ്പെട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ഐസിയുവില്‍ ആയ അദ്ദേഹത്തിന്റെ തിരിച്ച് വരവ് കൂടിയാണ് ഈ സ്വപ്‌ന പദ്ധതി. അരിയും പഞ്ചസാരയും വിറ്റ് ലാഭമെടുക്കലല്ല കച്ചവടക്കാരും കൃഷിക്കാരും ചെറുകിട സംരംഭകരുമടങ്ങുന്ന സമൂഹത്തിന്റെ നിലനില്‍പ്പിനെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. സ്റ്റോര്‍ഇന്‍-നെ കുറിച്ച് റാഡോ പോള്‍ കെ സി അരുണുമായി സംസാരിക്കുന്നു.


ഫാര്‍മസിസ്റ്റില്‍ നിന്നും ബിസിനസ്സിലേക്ക്


പഠനശേഷം, ഫാര്‍മസിസ്റ്റായി ഗള്‍ഫില്‍ ജോലിക്ക് പോയി. അച്ഛനും ഫാര്‍മസിസ്റ്റായിരുന്നു. മാര്‍ക്ക് കുറവായതിനാല്‍ എന്നേയും ഫാര്‍മസിക്ക് പഠിപ്പിച്ചു. ഗള്‍ഫിലേക്ക് പോയി. കുറച്ച് വര്‍ഷങ്ങള്‍ അവിടെ ജോലി ചെയ്തു. എനിക്ക് ആ ജോലിയോട് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും വയസ്സായത് കാരണം ഞാന്‍ നാട്ടില്‍ സെറ്റില്‍ ആകാന്‍ വേണ്ടി തിരിച്ചുവന്നു. ആദ്യം തുടങ്ങിയത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ സഹകരണത്തോടെ ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നതായിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയ ആ പദ്ധതി ചില സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏതെങ്കിലും ഒരു കെട്ടിടം വെറുതെ കിടക്കുന്നുണ്ടാകും. അത് പുനരുദ്ധരിച്ച് അവിടെ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ ആയിരുന്നു പദ്ധതി.


കേരളത്തില്‍ ആദ്യമായി പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ കീഴിലും പഞ്ചായത്തിന്റെ കീഴിലും താലൂക്ക് ആശുപത്രിയുടെ കീഴിലും ഡയാലിസിസ് സെന്ററുകള്‍ തുടങ്ങിയത് ഞാനാണ്. അതൊക്കെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ചാരിറ്റി ഒരു ബിസിനസ്സായി കൊണ്ട് നടക്കുന്ന സംഘടനകള്‍ ആ പദ്ധതിയെ അട്ടിമറിച്ചു. അതുവരെ പരസ്പരം പോരടിച്ചിരുന്ന സംഘടനകള്‍ ഈ വിഷയം വന്നപ്പോള്‍ ഒന്നായി. എനിക്കെതിരെ പ്രചാരണം തുടങ്ങി. എന്റെ റെപ്യൂട്ടേഷന്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. പിന്നെ എന്റെ പക്വതയില്ലായ്മയും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. 15 കോടി രൂപയുടെ നഷ്ടം ഇതില്‍ ഉണ്ടായി. ഒടുവില്‍ സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ ബിപി കുറയാനുള്ള ഗുളികകള്‍ അമിതമായി കഴിച്ച ശേഷം വാഹനമോടിച്ച് അപകടത്തില്‍പ്പെടുത്തുകയായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഐസിയുവില്‍ കിടക്കുമ്പോള്‍ മകന്‍ എന്നെ കാണാന്‍ വരുന്നുണ്ട്. അവന്‍ ഓരോ കിടക്കളിലായി എന്നെ തിരയുന്നുണ്ട്. ഞാന്‍ അവനെ കാണുന്നുണ്ടെങ്കിലും വിളിക്കാന്‍ ആകുന്നില്ല. ആ സംഭവമാണ് എന്നെ ജീവിതത്തിലേക്ക് ശക്തമായി തിരിച്ച് വരാന്‍ പ്രേരിപ്പിച്ചത്. നല്ലൊരു കാര്യത്തിന് ഇറങ്ങിയിട്ട് ചീത്തപ്പേര് കേട്ടുവെന്നതാണ് എന്നെ ഡിസ്റ്റര്‍ബ് ചെയ്തത്.


റാഡോ പോള്‍



നഗരങ്ങളിലുണ്ട്, ഗ്രാമങ്ങളിലില്ല


ഞാന്‍ റിവെല്‍ ഓണ്‍ലൈന്‍ എന്നൊരു പ്ലാറ്റ്‌ഫോമുമായി സഹകരിച്ചിരുന്നു. അത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് നഗരങ്ങളില്‍ മാത്രമാണ് റീച്ചുള്ളതെന്നും ഗ്രാമങ്ങളില്‍ അവര്‍ക്ക് റീച്ചില്ലെന്നുമാണ് അതില്‍ നിന്നും എനിക്ക് മനസ്സിലായത്. ഞാന്‍ ഫ്‌ളിപ് കാര്‍ട്ടില്‍ കയറിയൊരു മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ എന്റെ വീടിന്റെ 12 കിലോമീറ്റര്‍ അകലെയുള്ള ടൗണില്‍ സാധനം എത്തും. പക്ഷേ, ആ ഡെലിവറി ചെയ്യേണ്ട വ്യക്തി എന്നെ വിളിക്കും. നിങ്ങള്‍ക്കൊരു പാഴ്‌സലുണ്ട്. വന്ന് കളക്ട് ചെയ്യണം എന്ന് പറയും. ഞാന്‍ കാറിലോ ബസിലോ പോയി മൊബൈല്‍ വാങ്ങണം. എല്ലാ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്.


അതേസമയം തന്നെ നമ്മുടെ പരമ്പരാഗതമായി കച്ചവടം നടത്തുന്ന ഒരു വിഭാഗവും മറുവശത്തുണ്ട്. ഇവ രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരു വിഭാഗം ആളുകള്‍ പഴയകാലത്തെ പോലെ തന്നെ പലചരക്കുകടകളേയും മറ്റും ആശ്രയിക്കുമ്പോള്‍ മറു വിഭാഗം ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്കും പോകുന്നുണ്ട്. ഇതിനെ എങ്ങനെ കണക്ട് ചെയ്യും എന്നതില്‍ നിന്നാണ് സ്റ്റോര്‍ഇന്‍ എന്ന ബിസിനസ് ആശയം ഉരുത്തിരിയുന്നത്. അതിന് ഇവരെയെല്ലാരേയും ഒരു നെറ്റ് വര്‍ക്കിനുള്ളില്‍ കൊണ്ട് വരണം.


ഇന്ത്യാപോസ്റ്റിന് മാത്രമാണ് വില്ലേജ് ലെവല്‍ ഡെലിവറിയുള്ളത്. പക്ഷേ, അതിന് എടുക്കുന്ന സമയം വളരെ കൂടുതലാണ്. പിന്നെ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും ഉണ്ട്. നഗരങ്ങളില്‍ കൊറിയര്‍ സര്‍വീസുകള്‍ ധാരാളമുണ്ട്. ഗ്രാമങ്ങളില്‍ അത്രയൊന്നുമില്ല.


ഒരു പരീക്ഷണം എന്ന നിലയില്‍ നാല് വര്‍ഷം മുമ്പാണ് റിവെല്‍ ഓണ്‍ലൈന്‍ തുടങ്ങിയത്. അതും സ്റ്റോര്‍ഇന്‍-മായി യാതൊരു ബന്ധവുമില്ല. അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ, ബുദ്ധിമുട്ടുകള്‍ മനസ്സിലായി. എന്തുകൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്ക് വിചാരിച്ചതിന് അപ്പുറത്തേക്ക് വളരാന്‍ പറ്റുന്നില്ല. പരമ്പരാഗത കച്ചവടക്കാരാകാട്ടെ അതേ നിലയില്‍ തന്നെ തുടരുന്നു. അതേസമയം രണ്ടുപേരേയും ലിങ്ക് ചെയ്യാന്‍ പറ്റിയാല്‍ ഇരുകൂട്ടര്‍ക്കും ഉപകാരപ്രദമാകും. അപ്പോള്‍ ആ വഴിക്ക് ചിന്തിച്ചു.


പലചരക്ക് കടയെപ്പറ്റി പഠിക്കാന്‍ കട തുടങ്ങി


പലചരക്കുകാരെ കുറിച്ച് കൂടുതല്‍ പഠിച്ച് തുടങ്ങി. ആദ്യം മലപ്പുറത്ത് രണ്ട് കടകള്‍ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ കൂട്ടായ്മയുടെ സഹകരണത്തോടെ തുടങ്ങി. ഒന്ന് തേലക്കാടും മറ്റൊന്ന് ചെറുകോടും. രണ്ടും ഗ്രാമ പ്രദേശങ്ങള്‍. ഒരു വര്‍ഷത്തോളം അവ നടത്തി. ഒരു പലചരക്ക് കടയെന്താണെന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. പിന്നീട് ഈ കടകള്‍ ആ കൂട്ടായ്മയ്ക്ക്‌ വിട്ടുകൊടുക്കുകയായിരുന്നു.


വീട്ടിലേക്ക് പോലും ഒരു സാധനം വാങ്ങിക്കാത്തയാളായിരുന്നു ഞാന്‍. ഫാദറാണ് വാങ്ങിച്ചുകൊണ്ടിരുന്നത്. കടയില്‍ എന്തൊക്കെ വേണം, അതിന്റെ വില നിലവാരം എന്താണ്, എങ്ങനെയാണ് അതിന്റെ ക്രഡിറ്റ് പീരിയഡ്, സപ്ലൈ വരുന്നത് എങ്ങനെയാണ് എന്നൊക്കെ കൃത്യമായി മനസ്സിലായി. പിന്നെ മനസ്സിലാക്കിയ ഒരു പ്രധാനകാര്യം എന്താണെന്ന് വച്ചാല്‍, പുതിയ കടകള്‍ക്ക് വലിയ സാധ്യതയില്ല.


നിലവിലെ കടയുടമയും ആ പ്രദേശത്തെ ആളുകളും തമ്മില്‍ വലിയൊരു ശക്തമായ ബന്ധമുണ്ട്. മറ്റൊരു ബിസിനസ്സിലും നമുക്കത് കാണാന്‍ പറ്റില്ല. ഒരു പലചരക്ക് കടയില്‍ പോകുന്നയാള്‍ സ്ഥിരമായി അവിടെ നിന്നേ വാങ്ങാറുള്ളൂ. അപ്പോള്‍ അവിടെ നിന്നും മാറി പുതിയൊരു കടയിലേക്ക് വരണമെങ്കില്‍ എന്തെങ്കിലും സ്‌പെഷ്യലായി കൊടുക്കാന്‍ പറ്റണം. ഒന്നുകില്‍ വിലയില്‍ അല്ലെങ്കില്‍ ഗുണനിലവാരത്തില്‍. അതിനൊരു സാധ്യത പലചരക്ക് ബിസിനസ്സിലില്ല. രണ്ട് പേര്‍ക്കും വരുന്ന അരിയെല്ലാം ഒന്നാണ്. ഒരുപരിധിക്കപ്പുറം വില കുറച്ച് കൊടുക്കാന്‍ പറ്റത്തുമില്ല. എങ്കിലും മറ്റേത് ബിസിനസ്സിനെക്കാളും സ്ഥിരതയോടെ ബിസിനസ് ചെയ്യുന്നത് പലചരക്ക് കടക്കാരാണ്.


പലചരക്ക് കടകളോട് മക്കള്‍ക്ക് താല്‍പര്യമില്ല


ഇപ്പോഴത്തെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍, അവരുടെ മക്കള്‍ക്ക് ഈ ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ല. വേറെ ജോലിയൊന്നുമില്ലെങ്കില്‍ പോലും മക്കള്‍ക്ക് താല്‍പര്യമില്ല. കാരണം, പലചരക്കുകടയെന്ന ലേബലാണ് പ്രശ്‌നം. പിന്നെ അതിലെ അന്തരീക്ഷം. അതേസമയം, ഇതൊരു ബ്രാന്‍ഡ് ഷോപ്പാണെങ്കില്‍ മക്കള്‍ക്ക് താല്‍പര്യമുണ്ട്.


രണ്ട് വര്‍ഷം ഈ പലചരക്കുകടകളെ കുറിച്ച് പഠിക്കാന്‍ ഉപയോഗിച്ചു. കടകള്‍ തുടങ്ങിയത് കൂടാതെ അതിന്റെ ഡിസ്ട്രിബ്യൂഷന്‍ സംവിധാനം പഠിച്ചു. മാനുഫാക്‌ചേഴ്‌സുമായിട്ട് ഒരു ബന്ധം വന്നു. അതില്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഈസ്റ്റേണിന്റെ ചെയര്‍മാനാണ് നവാസ് മീരാനാണ്. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ തന്ന് സഹായിച്ചത് നവാസ്ജിയാണ്.


ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് ബിസിനസ്. ഇപ്പോഴും കിലോക്കണക്കിന് അല്ലാതെ സാധനങ്ങള്‍ എണ്ണിക്കൊടുക്കുന്ന സ്ഥലങ്ങളുണ്ട്. പ്രത്യേകിച്ച് തോട്ടം മേഖലകളിലും മറ്റും പറ്റ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബിസിനസ്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ കടയുടമയ്ക്ക് ഉപഭോക്താവ് പണം നല്‍കിയാല്‍ മതിയാകും. അപ്പോള്‍ ആ സിസ്റ്റം നിലനില്‍ക്കേണ്ടത് ആവശ്യമാണ്. റിലയന്‍സ് പോലൊരു വമ്പന്‍ വന്ന് ഈ സംവിധാനത്തെ ഡിസ്റ്റര്‍ബ് ചെയ്താല്‍ പലചരക്കുകടക്കാരെ മാത്രമല്ല ബാധിക്കുക. ഒരു പ്രദേശത്തെയാകെയുള്ള ജനങ്ങളെയാണ്.


ഒരു ബിസിനസ് നിലനില്‍ക്കുന്നത് സമൂഹത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുമ്പോഴാണ്. സമൂഹത്തിലെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കി അതിനുവേണ്ടിയുള്ള പരിഹാരം പ്രൊവൈഡ് ചെയ്ത് കഴിഞ്ഞാല്‍ ആ ബിസിനസ് സ്റ്റേബിളായി മുന്നോട്ട് പോകും. അരിയും പയറും മുട്ടയും കയറും കുട്ടയും മുതല്‍ എലിവിഷം വരെ വില്‍ക്കുന്ന കടകളാണ് ഇവ. ഒരു ആശുപത്രിക്ക് സമീപത്തെ കടയാണെങ്കില്‍ അവിടെ വസ്ത്രങ്ങളും തലയിണയുമൊക്കെ ലഭിക്കും.


അപ്പോള്‍ പലചരക്കുകടകളെന്ന സിസ്റ്റം നിലനില്‍ക്കേണ്ടതുണ്ട്. അവര്‍ നേരിടുന്ന ധാരാളം പ്രശ്‌നങ്ങളുമുണ്ട്. അവരുടെ വരുമാനം കുറവാണ്. ഒരു റീട്ടൈയ്‌ലര്‍ക്ക് കിട്ടുന്ന മാര്‍ജിന്‍ അവര്‍ക്ക് കിട്ടുന്നില്ല. ഒരു കമ്പനിയുടെ വിതരണ സംവിധാനത്തില്‍ നിന്നല്ല അവര്‍ക്ക് ഉല്‍പന്നങ്ങള്‍ കിട്ടുന്നത്. അവര്‍ക്കിടയില്‍ ഇടനിലക്കാരുണ്ട്. കൂടാതെ സ്‌പോട്ടില്‍ ഡെലിവറി കിട്ടുന്നില്ല. അവര്‍ ഒരു ദിവസം കടയടച്ചിട്ട് മാര്‍ക്കറ്റില്‍ പോയി വണ്ടി പിടിച്ച് സ്‌റ്റോക്കെടുത്ത് വരണം. അതിന് വലിയൊരു ചെലവ് വരുന്നുണ്ട്. ഇതൊക്കെ കാരണം അവര്‍ അര്‍ഹിക്കുന്നൊരു വരുമാനം കിട്ടുന്നില്ല. കൂടാതെ അവര്‍ ആ പ്രദേശത്തെ പ്രധാനപ്പെട്ട ആള്‍ ആണെങ്കിലും അര്‍ഹിക്കുന്ന ബഹുമാനം കിട്ടുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. അതിന് കാരണം സമയക്കുറവ് മൂലം ഇയാള്‍ക്ക് സമൂഹത്തില്‍ ഇടപെടാന്‍ കഴിയാറില്ല. കയറില്ലാതെ കെട്ടിയിട്ടിരിക്കുന്ന ജീവിതമാണ് അവരുടേത്.


തലവേദനയാകാന്‍ ജി എസ് ടിയും കണക്കില്ലാത്ത വ്യാപാരവും


മറ്റൊരു വലിയ പ്രശ്‌നം അവര്‍ നേരിടാന്‍ പോകുന്നത് മറ്റൊന്നാണ്. അണ്‍അക്കൗണ്ടഡ് ആയിട്ടുള്ള കച്ചവടം പതിയെ കുറഞ്ഞ് വരികയാണ്. എത്ര രാഷ്ട്രീയക്കാര്‍ അതിനെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്ന് അറിയില്ല. ജി എസ് ടി നടപ്പിലാക്കിയത് മൂലമുള്ള പ്രശ്‌നമാണിത്. 40 ലക്ഷം രൂപയ്ക്ക് താഴെയാണ് കച്ചവടമെങ്കില്‍ അവര്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്നാണ് നിയമം. ജി എസ് ടി രജിസ്‌ട്രേഷന്‍ വേണ്ടെന്നുമുണ്ട്. പക്ഷേ, ഒരാളുടെ കച്ചവടം ഈ പരിധിക്ക് താഴെയാണ് എന്ന് തെളിയിക്കേണ്ട ബാധ്യത അയാള്‍ക്ക് തന്നെയാണ്. അതിന് എന്ത് ചെയ്യണം. പര്‍ച്ചേസിന്റേയും സെയിലിന്റേയും കണക്കുകള്‍ അയാള്‍ സൂക്ഷിക്കണം. അത് ഇനി സ്ട്രിക്ടായി ചെയ്യേണ്ടി വരും. അതിന് വേണ്ടി അദ്ദേഹം ബില്ല് നല്‍കേണ്ടി വരും.


ഒരു പലചരക്കുകടയിലെ സംവിധാനം എന്താണെന്ന് വച്ചാല്‍ കടയുടമ പലസ്ഥലങ്ങളില്‍ നിന്നായി സാധനങ്ങള്‍ വാങ്ങിച്ചു കൊണ്ട് വരുന്നു കച്ചവടം നടത്തുന്നു. അതിന് പ്രത്യേകിച്ച് ബില്ല് സംവിധാനമൊന്നുമില്ല. എത്ര രൂപയ്ക്കാണ് വാങ്ങുന്നതെന്നും വില്‍ക്കുന്നതെന്നുമുള്ള ഒരു മൊത്തക്കണക്ക് പോലും അയാളുടെ പക്കലുണ്ടായിയെന്ന് വരില്ല. ഒരു അക്കൗണ്ടബിള്‍ ആയിട്ടല്ല അവര്‍ മുന്നോട്ട് പോകുന്നത്. അത് ഒരു പ്രശ്‌നമായി വരും.


ജി എസ് ടി ഓരോ ഘട്ടങ്ങളിലായിട്ടാണ് പിടിമുറുക്കി വരുന്നത്. അതിന്റെ അന്തിമഫലം എന്താണെന്ന് വച്ചാല്‍, 10 കിലോമീറ്ററിന് അപ്പുറത്തേക്ക് ഒരു ചരക്ക് നീക്കം നടക്കണമെങ്കില്‍ വേ ബില്ല് കര്‍ശനമാകും. അപ്പോള്‍ മാനുവല്‍ ബില്ലിങ് എന്ന സിസ്റ്റം ഇല്ലാതാകും. കടയുടമ കടയുടെ പേരില്‍ കംപ്യൂട്ടറൈസ്ഡ് ബില്‍ അപ്ലോഡ് ചെയ്തിട്ട് ഇ വേ ബില്‍ ജനറേറ്റ് ചെയ്തിട്ട് വേണം ചരക്ക് നീക്കം നടത്താന്‍. അതിന് ജി എസ് ടി രജിസ്‌ട്രേഷന്‍ വേണ്ടി വരും. ഈ രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ പലചരക്ക് കടകള്‍ക്ക് ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ കിട്ടാത്ത അവസ്ഥ വരും. ഇത് കട പൂട്ടുന്നതിലേക്ക് നയിക്കും. ഈ വിടവിലേക്ക് കടന്ന് കയറാം എന്ന പ്രതീക്ഷയിലാണ് റിലയന്‍സ് വരുന്നത്.


ഒന്നര ലക്ഷത്തോളം കടകളാണ് കേരളത്തിലുണ്ടെന്നാണ് ഞങ്ങള്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പോലുമില്ലാതെയാണ് പലതും പ്രവര്‍ത്തിക്കുന്നത്. ആ ഒരു സാഹചര്യത്തിലാണ് ജി എസ് ടിയുമായി പൊരുത്തപ്പെട്ട് പോകാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത്. പലചരക്കുകട കംപ്യൂട്ടറൈസ് ചെയ്യുമ്പോള്‍ ഒരാളെ നിയമിക്കേണ്ടി വരും. ഒരു കസേര കൂടെ ഇടാനുള്ള സ്ഥലം കടയിലുണ്ടാകില്ല. കടയുടമകള്‍ക്ക് അധികം വിദ്യാഭ്യാസവുമില്ല. ചെയ്യുന്ന ജോലി നന്നായി ചെയ്യാന്‍ അറിയാം. ടെക്‌നോളജിയെ കുറിച്ച് അറിയാവുന്നവര്‍ വളരെ കുറവാണ്.


കണക്കുകള്‍ സൂക്ഷിച്ച് വച്ചാല്‍ അത് ഒരു ടാക്‌സ് പ്രാക്ടീഷണറെ കാണിക്കാനും അവരെക്കൊണ്ട് സാധിച്ചുവെന്ന് വരില്ല. അതിനൊക്കെ ഒരു സൊലൂഷന്‍ വേണം.


സ്റ്റോര്‍ഇന്‍-ന് കീഴിലെ ഒരു പലചരക്ക് കട



സ്റ്റോര്‍ഇന്‍ ചെയ്യുന്നത്


നിലവിലെ കടകളെ സ്‌റ്റോര്‍ഇന്‍ ബ്രാന്‍ഡ് നെയിമിലേക്ക് മാറ്റുന്നു. അതിന് പ്രത്യേകിച്ച് ഫീസൊന്നുമില്ല. പകരം ഞങ്ങള്‍ അങ്ങോട്ടേക്ക് ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് അവരെ മാറ്റുന്നത്. ഇ-പോസ് മെഷീന്‍ സൗജന്യമായി നല്‍കുന്നു. പ്രീ ഓര്‍ഡര്‍ ചെയ്യാനും ബില്ലിങ്ങിനുമുള്ള സൗകര്യങ്ങള്‍ ഈ മെഷീനിലുണ്ട്. ഈ മെഷീനില്‍ എല്ലാ സാധനങ്ങളുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഓരോ കടയ്ക്കും ഐഡന്റിഫിക്കേഷന്‍ നമ്പരുണ്ട്. കടയ്ക്ക് സാധനങ്ങള്‍ കൈമാറി ഈ മെഷീനില്‍ എന്റര്‍ ചെയ്യുമ്പോള്‍ തന്നെ ആ വിവരങ്ങള്‍ ഞങ്ങളുടെ സംവിധാനത്തിലും രേഖപ്പെടുത്തും. കടയിലെ സ്റ്റോക്ക് മെഷീനില്‍ എന്റര്‍ ചെയ്യുകയെന്ന ഭാരം ഉടമയുടെ ചുമലില്‍ നിന്നും ഒഴിയും.


അവരുടെ കടയുടെ പേരിനൊപ്പം സ്റ്റോര്‍ഇന്‍ എന്ന് കൂടെയെഴുതിയ ബോര്‍ഡ് വയ്ക്കും. ഈ ബോര്‍ഡില്‍ നിന്നും അവര്‍ക്ക് വരുമാനമുണ്ടാക്കി കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ബോര്‍ഡിന്റെ ഒരു ഭാഗം പരസ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുമാനമുണ്ടാക്കാം. കച്ചവടത്തിലൂടെയല്ലാതെ കൂടുതല്‍ വരുമാനം ഇവര്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം.


ജി എസ് ടി രജിസ്‌ട്രേഷന്‍ താല്‍പര്യമുള്ളവര്‍ക്ക് എടുത്ത് നല്‍കുന്നു. രജിസ്‌ട്രേഷന്‍ നടത്താന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല. അത് ആവശ്യമാണെന്ന ബോധ്യം അതായത് ജി എസ് ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ഘട്ടം വരുമ്പോള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ നമ്മളെടുത്ത് കൊടുക്കും. അവരുടെ ഇ ഫയലിങ്ങും മറ്റും ഞങ്ങള്‍ ചെയ്യും. ഇതെല്ലാം സൗജന്യമായിട്ടാണ് നല്‍കുന്നത്.


ഞങ്ങള്‍ അവരോട് പറയുന്നത് ഇത്രമാത്രമാണ്. അവര്‍ വാങ്ങിക്കൊണ്ടിരിക്കുന്ന സാധനങ്ങള്‍ തന്നെ അവരുടെ കടയുടെ പടിക്കല്‍ ഞങ്ങള്‍ എത്തിച്ച് കൊടുക്കും. ഞങ്ങളുടെ നിരക്ക് കുറവാണെങ്കില്‍ മാത്രം ഞങ്ങളുടെ പക്കല്‍ നിന്നും എടുത്താല്‍ മതി. ഇപ്പോള്‍ അവര്‍ക്ക് ഒന്നോ രണ്ടോ ഇടനിലക്കാരുടെ കൈയിലൂടെയാണ് സാധനങ്ങള്‍ ഉല്‍പാദകനില്‍ നിന്നും ലഭിക്കുന്നത്. ഞങ്ങള്‍ അത് ഒഴിവാക്കി നേരിട്ട് ഉല്‍പാദകനില്‍ നിന്നും വാങ്ങിച്ച് കടയുടമയ്ക്ക് നല്‍കും. അതുകാരണം വില കുറച്ച് നല്‍കാന്‍ സാധിക്കും. എല്ലാ ആഴ്ചയിലും ഒരേ സമയത്ത് സാധനങ്ങളുമായി സ്‌റ്റോര്‍ഇന്‍-ന്റെ വാന്‍ കടയുടെ മുന്നിലെത്തും.


ഘട്ടം ഘട്ടമായി പുതുതലമുറ ഓണ്‍ലൈന്‍ ബിസിനസുമായി കട ലിങ്ക് ചെയ്യും. ഒറ്റയടിക്ക് അവരെ മാറ്റാന്‍ സാധിക്കില്ല. പടിപടിയായേ അപ് ഗ്രേഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കടകളെ ഒരേ രീതിയിലാക്കിയെടുക്കുക ബുദ്ധിമുട്ടാണ്. അതാണ് ഒരു വെല്ലുവിളിയും.


തുടക്കത്തില്‍ ലക്ഷ്യം ഒന്നരലക്ഷത്തിന്റെ പത്ത് ശതമാനം


തുടക്കത്തില്‍ ഉടമകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. 2018 സെപ്തംബര്‍ നാലിനാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊല്ലം, മലപ്പുറം ജില്ലകളിലാണ് ആദ്യത്തെ കടകള്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ ഒന്നരലക്ഷം കടകളില്‍ 10 ശതമാനത്തെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ കീഴില്‍ കൊണ്ട് വരാനാണ് പദ്ധതിയിടുന്നത്.


ഓരോ 20 കിലോമീറ്ററിലും ഒരു ഡിസ്ട്രിബ്യൂഷന്‍ ഹബ് ഉണ്ടാകും. ഓരോ ഹബ്ബിന് കീഴിലും 300 ഷോപ്പുകള്‍ ഉണ്ടാകും. അവിടെ നിന്നും ഈ കടകളിലേക്ക് സാധനം എത്തിക്കും. 50 ശതമാനം സാധനങ്ങള്‍ ഈ ഹബ്ബുകള്‍ വഴി സംഭരിക്കുകയും ചെയ്യും. പപ്പടം, അച്ചാര്‍, മിക്‌സ്ചര്‍ പോലുള്ള സാധനങ്ങളുടെ പ്രാദേശിക ചെറുകിട ബ്രാന്‍ഡുകളും കാര്‍ഷികോല്‍പന്നങ്ങളും ഈ ഹബ്ബുകള്‍ വഴി ശേഖരിച്ചിട്ട് കടകള്‍ക്ക് നല്‍കും. ഹിന്ദുസ്ഥാന്‍ ലിവര്‍, ഈസ്‌റ്റേണ്‍ പോലുള്ള ബ്രാന്‍ഡുകള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങിക്കും. ഇപ്പോള്‍ ഒരു മാസം 75,000 തേങ്ങ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഈ ചെറിയ ബ്രാന്‍ഡുകളുടെ പ്രശ്‌നം അവര്‍ക്കൊരു വിതരണ ശൃംഖല സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നതാണ്. ആ പ്രശ്‌നം സ്റ്റോര്‍ഇന്‍ലൂടെ പരിഹരിക്കപ്പെടും.


ഇപ്പോള്‍ 600 കടകള്‍ സ്റ്റോര്‍ഇന്‍-ന് കീഴിലുണ്ട്. വിചാരിച്ചതിലും വേഗത്തിലാണ് കടകള്‍ ഞങ്ങളോട് ചേരുന്നുണ്ട്. ദിവസം ശരാശരി 25 കടകളെങ്കിലും ഞങ്ങളോട് സഹകരിക്കാനെത്തുന്നുണ്ട്. അതിലധികം അന്വേഷണങ്ങളും ലഭിക്കുന്നു.


ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം കേരളത്തില്‍ വെയര്‍ഹൗസുകള്‍ കിട്ടാനില്ല. ഒരു കടയില്‍ ശരാശരി 10 കിലോഗ്രാം പഞ്ചസാര വില്‍ക്കുന്നുണ്ട്. അതിന്റെ ഏഴ് ഇരട്ടി വിവിധയിനം അരികള്‍ വില്‍ക്കും. ഒരു ദിവസത്തേക്ക് 3000 കിലോഗ്രാം പഞ്ചസാരയും 21,000 കിലോഗ്രാം അരിയും ഒരു ഹബ്ബില്‍ സ്റ്റോക്ക് ചെയ്യണം. കൂടെ മറ്റ് സാധനങ്ങളും. ഇപ്പോള്‍ ലഭിക്കുന്നത് കടയുടെ സ്‌പേസാണ്. അതിനെ വെയര്‍ഹൗസാക്കി മാറ്റാന്‍ ചെലവേറെയാണ്. ഇപ്പോള്‍ 70 സ്ഥലങ്ങളില്‍ ഞങ്ങള്‍ വെയര്‍ഹൗസ് സ്ഥാപിക്കുന്നുണ്ട്. 40 സെന്റ് സ്ഥലമാണ് വെയര്‍ഹൗസിന് ആവശ്യമായി വരുന്നത്.


ഇവ സ്ഥാപിക്കുന്നത് സ്വന്തം സ്ഥലത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പാര്‍ട്ട്ണര്‍ഷിപ്പിലുമാണ്. ചിലര്‍ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് വെയര്‍ഹൗസ് പണിത് തരുന്നു. ഇതൊരു കോംപ്ലിക്കേറ്റഡ് ആണെങ്കിലും വേറെ വഴിയില്ല. ഞങ്ങള്‍ ആദ്യം പദ്ധതിയിട്ടത് സ്ഥലം വാങ്ങി വെയര്‍ഹൗസ് പണിയാനായിരുന്നു. സ്ഥലം കിട്ടാതെ വന്നപ്പോഴാണ് മറ്റുവഴികള്‍ കൂട്ടിച്ചേര്‍ത്തത്. ഈ വെയര്‍ഹൗസിനോട് അനുബന്ധിച്ച് മൊത്തക്കച്ചവട കേന്ദ്രവും ഉണ്ടാകും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും സാധനങ്ങള്‍ നല്‍കാന്‍ കഴിയും.


ഓണ്‍ലൈന്‍ ഷോപ്പിങ്‌



ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യൂ, നാല് മണിക്കൂറിനുള്ളില്‍ സാധനമെത്തും


ഇതിലൂടെ മറ്റ് വന്‍കിട കമ്പനികള്‍ക്കില്ലാത്ത വില്ലേജ് ലെവല്‍ ഡിസ്ട്രിബ്യൂഷന്‍ സംവിധാനം സ്റ്റോര്‍ഇന്‍-ന് ലഭ്യമാകും. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓര്‍ഡര്‍ ചെയ്ത് നാല് മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ഉപഭോക്താവിന് എത്തിച്ച് കൊടുക്കാനുള്ള സൗകര്യം ഈ പലചരക്ക് കടക്കാര്‍ വഴി സൃഷ്ടിച്ചെടുക്കുകയാണ് ഞങ്ങള്‍. ഭാവിയില്‍ ഏതെങ്കിലും ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റില്‍ കയറി ഒരു സാധനം ഓര്‍ഡര്‍ ചെയ്താല്‍ ലക്ഷ്യസ്ഥാനത്തിന് സമീപത്തെ സ്റ്റോര്‍ഇന്‍-ന് കീഴിലെ കടയില്‍ നിന്നും സാധനം ഉപഭോക്താവിന് എത്തിക്കാന്‍ കഴിയും. ഞങ്ങളുടേതായ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള പദ്ധതിയിപ്പോള്‍ ഇല്ല. ആമസോണ്‍, ബിഗ് ബാസ്‌ക്കറ്റ് പോലെയുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ സെല്ലറായിട്ടാകും സ്റ്റോര്‍ഇന്‍-ന് കീഴിലെ പലചരക്ക് കട പ്രവര്‍ത്തിക്കുക. പരമ്പരാഗത കച്ചവടക്കാരേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്ലാറ്റ്‌ഫോം സ്റ്റോര്‍ഇന്‍ വഴി ഉണ്ടാക്കുകയെന്ന ലക്ഷ്യം ഇതുവഴി ഞങ്ങള്‍ കൈവരിക്കും. ഈ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഒരു വിശ്വസിക്കാവുന്ന സെല്ലിങ് പാര്‍ട്ട്ണറെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്.


പല ചരക്ക് കടകളുടെ മറ്റൊരു പ്രശ്‌നം ഒരേ നിലവാരത്തിലെ സാധനങ്ങള്‍ എല്ലായിടത്തും കിട്ടുന്നില്ലെന്നതാണ്. ചാക്കിലും മറ്റും സൂക്ഷിക്കുന്ന അരിയും മറ്റും ചീത്തയായി പോകുന്നുമുണ്ട്. അതുകൊണ്ട് ശേഖരിക്കുന്ന സാധനങ്ങള്‍ പായ്ക്ക് ചെയ്ത് കടകളില്‍ എത്തിക്കും. ഉപഭോക്താവിന് മികച്ച സാധനം കിട്ടുന്നതിന്റെ കൂടെ കടയുടമയ്ക്ക് സാധനം പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിലൂടെ സമയലാഭവും ഉണ്ടാകും.


ലാഭമല്ല, എല്ലാവരുടേയും നിലനില്‍പ്പാണ് ലക്ഷ്യം


സംസ്ഥാനത്തിന് പുറത്ത് നിന്ന് ശേഖരിക്കുന്ന പച്ചക്കറിപോലുള്ള സാധനങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന സ്ഥിരം സംവിധാനത്തിലേക്കും താമസംവിനാ മാറും. കൃഷിക്കാരുടെ സഹകരണ സംഘങ്ങള്‍ വഴി ശേഖരിക്കാനാണ് പദ്ധതി. കൃഷിക്കാര്‍ക്ക് ന്യായമായ വില ഉറപ്പാക്കാന്‍ ഇത് വഴി സാധിക്കും. അവര്‍ക്ക് ന്യായമായ വില ലഭിച്ചാലേ നാളെയും അവര്‍ കൃഷി ചെയ്യത്തുള്ളൂ. എന്നാലേ നമുക്ക് സാധനം ലഭിക്കത്തുമുള്ളൂ. കൂടാതെ വലിയൊരു അളവില്‍ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്നതിനാല്‍ അവരെ അമിത രാസ പ്രയോഗങ്ങളില്ലാത്ത കൃഷിയിലേക്ക് നയിക്കാനും കഴിയും. ഇപ്പോള്‍ മൊത്തക്കച്ചവടക്കാരില്‍ നിന്നുമാണ് ശേഖരിക്കുന്നത്.


ഗള്‍ഫില്‍ നിന്നും മറ്റും തിരിച്ചെത്തിശേഷം തുടങ്ങി ലാഭത്തിലാകാതെ കിടക്കുന്ന നിരവിധി ഉല്‍പന്ന യൂണിറ്റുകള്‍ ഉണ്ട്. അവരുടെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള വഴിയില്ലാത്തതിനാലാണ് നഷ്ടത്തില്‍ കിടക്കുന്നത്. അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി സ്റ്റോര്‍ഇന്‍ ശൃംഖലയിലൂടെ ഉറപ്പുവരുത്തും. ഹിന്ദുസ്ഥാന്‍ ലിവറിനെയോ ഐടിസിയെയോക്കാള്‍ എനിക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ താല്‍പര്യം ഇവരുടെ ഉല്‍പന്നങ്ങളെയാണ്.


ഭാവിയില്‍ ടിവി, റഫ്രിജറേറ്റര്‍ തുടങ്ങിയ വൈറ്റ് ഗുഡ്‌സ് കൂടെ സ്റ്റോര്‍ഇന്‍ പരിധിയില്‍ കൊണ്ട് വരണമെന്നാണ് ആഗ്രഹം. കൂടാതെ ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും വന്‍കിട മാളുകളിലും നല്‍കുന്നതുപോലെയുള്ള ഓഫറുകള്‍ കടകള്‍ വഴി നല്‍കാനും പദ്ധതിയുണ്ട്.


നിക്ഷേപം വന്ന വഴി


തുടക്കത്തില്‍ ക്രൗഡ് ഫണ്ടിങ് വഴിയാണ് പണം സ്വരൂപിച്ചത്. ആദ്യ ഘട്ടത്തില്‍ 25 കോടി രൂപയാണ് ഇങ്ങനെ ശേഖരിച്ചത്. രണ്ടാം ഘട്ടത്തില്‍ 150 കോടി രൂപ ഫണ്ടിങ് ലഭിച്ചു. ഇപ്പോള്‍ വളരെ നിശബ്ദമായിട്ടായിരുന്നു പ്രവര്‍ത്തനം ഇനിയങ്ങോട്ടേക്ക് വേഗത വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍ മാസം 600 കടകളില്‍ നിന്നായി നാലരക്കോടിയുടെ വരുമാനം ലഭിക്കുന്നുണ്ട്. 1800 ഓളം കടകള്‍ അടുത്ത് തന്നെ സ്റ്റോര്‍ഇന്‍ ബ്രാന്‍ഡിലേക്ക് വരും. അടുത്ത വര്‍ഷം ജനുവരിയോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. 1500 കോടി രൂപയുടെ നിക്ഷേപവും ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്.

Archived in business and tagged amazon, gst, kinare shops, online shopping, rado paul, reliance, storein, walmart, walmart india. Bookmark the permalink.

Share this article: Facebook Twitter





  • Previous article


ആഗ്രഹങ്ങള്‍ എന്റെ ഗുരുക്കന്‍മാരും എഫ് ബി എന്റെ ഗോഡ് ഫാദറും: ആര്‍ട്ടിസ്റ്റ് വിഷ്ണു റാം By K C Arun Comments


Report Page