Election

Election

Reshma

ഇനി നമ്മുക്ക് കുറച്ചു രാഷ്ട്രീയം സംസാരിക്കാം...!

മുൻപ് എഴുതിയത് പോലെ, എന്റെ ജീവിതത്തെ തന്നെ ഇലക്ഷന് മുൻപും പിൻപും എന്ന് തരം തിരിക്കേണ്ടിവരും ... 


മുൻപ് വളരെ നോർമലായി ജീവിച്ചു പോന്നൊരു പെൺകുട്ടി...! 

ഭാരപ്പെട്ട ചിന്തകളൊന്നുമില്ലാതെ പിജിയുടെ അവസാന എക്സാമും കഴിഞ്ഞു റിസൾട്ട്‌ കാത്തിരിക്കുന്നു ! ഇടയിൽ ഇഷ്ടമുള്ളതെല്ലാം ചെയുന്നു.., 

PSC പഠനം, 

ട്യൂഷനെടുപ്പ്, 

യൂട്യൂബ് ചാനലിൽ വീഡിയോസിടൽ, പുസ്തകം വായന, അങ്ങനെയങ്ങനെ ഒരു ദിവസത്തിലെ മുഴുവൻ സമയത്തെയും ടൈം ടേബിളിട്ട് തിരിച്ചു കാര്യങ്ങളെല്ലാം ചെയ്തു സ്വസ്ഥമായി മുന്നോട്ട് പോകുന്ന ജീവിതം!

ഈ ഇലക്ഷൻ ജീവിതത്തെ തന്നെ മാറ്റി മറിച്ചു !


നോമിനേഷൻ കൊടുത്ത നവംബർ 19 മുതൽ ഡിസംബർ 16 വരെ കുറെയേറെ അനുഭവങ്ങളുടെ പൂരപ്പറമ്പായിരുന്നു ജീവിതം.. 

അതിൽ വൈകാരികപരമായി ജീവിതത്തെ തൊട്ട സംഭവങ്ങളുണ്ട്, 

തളർന്നു പോയ, തകർന്ന് പോയ ദിവസങ്ങളുണ്ട്,

എന്നിട്ടും ഉയർത്തെണീറ്റ് വന്നിരുന്നു.


അമ്മ സ്ഥാനാർഥിയായത് എന്തു കൊണ്ടും നന്നായെന്ന് ഇപ്പോ തോന്നാറുണ്ട് !

 പുറമെ ചിരിച്ചു കാണിക്കുന്ന ഉള്ള് പൊള്ളയായ ആ മനുഷ്യരെ മനസിലാക്കാൻ എനിക്ക് ഈ തിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു..  


നിപ്പയും പ്രളയവും കൊറോണയുമെന്നല്ല ചവിട്ടി നിൽക്കുന്ന മണ്ണൊലിച്ചു പോയാലും നന്നാവാത്ത മനുഷ്യരുണ്ടെന്ന് ബോധ്യമായി !


അതിനിടയിലും സ്നേഹവും ബഹുമാനവും തോന്നിയ ചിലരുണ്ട്.. 


രാവിലെ ഉണർന്ന് വരുന്നത് അവരിലേക്കായിരുന്നു!

ഉറക്കമില്ലാത്ത അസ്സസ്മെന്റ് കമ്മറ്റികളുടെ നെടും തൂണും അവരായിരുന്നു !

 "സഖാവ് " എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നിയത് അവരെയായിരുന്നു !

പേരെടുത്തു പറയാതെ പോയാൽ നിന്ദയാവും ! 

രാവിലെ തന്നെ അന്നത്തെ പരിപാടി ചാർട്ടുമായി എത്തുന്ന മനോജേട്ടൻ ! Manoj Kaduthurufhy Manoj PN 


അമ്മയ്ക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്ത് ഒപ്പമുണ്ടാവാറുള്ള ഷിജോയ് ചേട്ടൻ ! Shijoy Xavier 

രാവിലെ കണ്ണ് തുറക്കുമ്പോഴേ വോട്ടർ പട്ടികയിലൂടെ വോട്ട് അനാലിസിസ് നടത്തുന്ന അനി ചേട്ടൻ !

കുടുംബവും കുഞ്ഞുങ്ങളും തിരക്കുകളുമുള്ള മനുഷ്യരാ ! പക്ഷേ ആ തിരക്കൊന്നും ഇലക്ഷൻ വർക്കിനെ ബാധിച്ചില്ല...


പിന്നെയും നന്ദി പറയേണ്ട മനുഷ്യരുണ്ട്, 


രാവെന്നോ പകലെന്നോ നോക്കാതെ പോസ്റ്റർ ഒട്ടിക്കാൻ ഓടി നടന്നവരോട്,

 

മോഹന വാഗ്ദാനങ്ങളൊക്കെ നിരസിച്ചു ഞങ്ങടെ വൈകുന്നേരത്തെ കപ്പയും മുളകിടിച്ചതും സ്നേഹത്തോടെ വാരി കഴിച്ചവരോട്, 


സ്വന്തം തിരക്കുകളെല്ലാം മാറ്റി വെച്ച് വീട് കയറിയവരോട്, 


പലപ്പോഴും ഞങ്ങളൊറ്റക്ക് നേരിടേണ്ടി വരുന്ന അടുക്കളയിൽ കൂട്ടായ് വന്നവരോട്, 


അമ്മയ്ക്ക് മാനസിക പിന്തുണ നല്കിയവരോട്,


അമ്മ ജയിക്കണമെന്ന് അമ്മയെക്കാളേറെ ആഗ്രഹിച്ചവരോട്..


പിന്നെ, 


നനയിക്കാതെ കാത്ത് സൂക്ഷിച്ച മഴയോട്, 


പൊള്ളിക്കാതെ കൊണ്ട് നടന്ന വെയിലിനോട്....


എന്നെ ചിന്തിപ്പിച്ച വേറെ കുറെ മനുഷ്യരുണ്ട്... 


എങ്ങനെയാണ് ഈ മനുഷ്യർക്കൊക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അവരെ സഹായിച്ച ഒരാളെ മറക്കാൻ കഴിയുന്നത്? 

ഞാനീ ചോദ്യം മനോജേട്ടനോട് പലവുരു ചോദിച്ചു.. ആ തിരസ്‌കാരങ്ങൾക്കൊക്കെ ഇരയാക്കപെട്ട മനുഷ്യർ അവരാണല്ലോ !


ഞാനാ 'മറക്കൽ വിദ്യ' ഇതുവരെ സ്വായത്തമാക്കിയിട്ടില്ല !

പണ്ട് കോളേജിലേക്ക് പോകും വഴി വണ്ടിയിലെ പെട്രോൾ തീർന്നു പോയിട്ട് ആളില്ലാത്തൊരു വഴിയിൽ പെട്ടു പോയ എന്നെ സഹായിച്ച ഓരോട്ടോക്കാരനെ ഞാനിന്നും മറന്നിട്ടില്ല. 


പരിചയമില്ലാത്ത സ്ഥലത്തെത്തുമ്പോ വഴി പറഞ്ഞു തരുന്നവരെ, 

തിരക്കുള്ള ബസിൽ ഓടി കയറുമ്പോ "ബാഗ് പിടിക്കണോ മോളെ " ന്ന് ചോദിക്കുന്ന ചേച്ചിമാരേ..


അങ്ങനെയങ്ങനെ ഒരു ബന്ധവുമില്ലെങ്കിലും, ഇനി ഒരിക്കൽ പോലും കണ്ടുമുട്ടാനിടയില്ലെന്ന് അറിയാമെങ്കിലും നന്മ മരിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്ന മുഖങ്ങളാണ് എനിക്ക് അവരൊക്കെ. 


ഇനി വോട്ട് ചോദിക്കാൻ ചെല്ലുമ്പോഴുള്ള വിശേഷങ്ങൾ വേറെ, 

ചിലർ അന്തസ്സായിട്ട് 

"ചേച്ചി ഞാൻ വേറെയൊരു പാർട്ടിയിൽ പെട്ട ആളാണെന്നറിയാല്ലോ " എന്ന സൗഹൃദ സംഭാഷണത്തിൽ മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കും.. !


മറ്റുചിലരാട്ടെ "ക്യാഷ് തരുവാണേൽ വോട്ട് ചെയ്യാം!" എന്ന മറുപടിയാകും.. 


അവിടെ നിന്നൊക്കെ ആ വോട്ട് വേണ്ടെന്ന് വെച്ചിറങ്ങി പോന്ന അമ്മയ്ക്കൊരു സല്യൂട്ട്..


ഇതിനിടയിലും അമ്മ ശരിയാക്കി കൊടുത്ത പെൻഷൻ ആദ്യമായി കിട്ടിയ ദിവസം വീട്ടിലേക്ക് ഓടി കയറി വന്ന ചിലരെ എനിക്കിന്നും ഓർമ്മയുണ്ട്. അതിന്റെ സന്തോഷത്താൽ ആ കണ്ണുകൾ തിളങ്ങുന്നുണ്ടാവും ! അമ്മയോട് കുറെ നന്ദി വാക്കുകൾ പറയും....


ഒരുപക്ഷെ അമ്മയുടെ പേരിൽ ഈ ഇലക്ഷന് കാലത്ത് അമ്പലത്തിൽ നടന്ന വഴിപാടുകളൊക്കെ ചെയ്തത് അവരായിരിക്കും ! 

ഇന്നലെയും ഒരാൾ പായസവുമായി കയറി വന്നിട്ട് പറഞ്ഞു "കീഴൂർകാവിൽ ഞാൻ നേർന്നതാ ! ഒത്തിരി പ്രാർഥിച്ചു ജയിക്കണമേയെന്ന് ".. 

അമ്മയൊരു പ്രതീക്ഷയാണ് ചില മനുഷ്യർക്ക് !


ഇനി ഇവിടുത്തെ ചില രാഷ്ട്രീയപാർട്ടിക്കാരോട്...,  

നിങ്ങളിനി എന്നാണ് രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കാൻ പഠിക്കുന്നത് !!!!


നിങ്ങൾ നടത്തിയ നുണ പ്രചരണങ്ങളൊക്കെ ഞങ്ങളറിഞ്ഞിട്ടും തീർത്തും മൗനം പാലിക്കുകയായിരുന്നു.. 


"സത്യമെന്ന പ്രകമ്പനത്താൽ 

നിലംപതിക്കുന്ന ഒന്നാണ് 

നിങ്ങൾ പടുത്തുയർത്ത ഈ 

കല്ലുവെച്ച നുണക്കോട്ടകളെല്ലാം. "


എവിടോ വായിച്ചൊരു കവിതയാണ്.. ഇതേ നിങ്ങളോട് പറയാനുള്ളൂ....!


ഇതിനിടയിലും ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം കളിച്ചവരോട്, 

 നിങ്ങൾ പറഞ്ഞു നടന്നതും, ചെയ്തുകൂട്ടിയതും ഞങ്ങളറിയാഞ്ഞിട്ടല്ല, 

എല്ലാം അറിഞ്ഞിട്ടും നിങ്ങൾക്ക് മുന്നിൽ മനോഹരമായി ചിരിച്ചു നിന്നില്ലേ ! അതിനപ്പുറം നിങ്ങളൊന്നും അർഹിക്കുന്നില്ല....


സ്പ്ലിറ്റിങ് സിദ്ധാന്തമൊക്കെ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്മാരുടെ തീസിസും ഒബ്ജെക്ടീവുമൊക്കെ  ഏറെകുറെ എനിക്ക് മനസിലായിരുന്നു... ഒന്നില്ലേലും എന്റെ പിജി കെമിസ്ട്രിയിലല്ലേ, ഇത്തരം കൊറേ സിദ്ധാന്തങ്ങളൊക്കെ കണ്ടതാ ! ഇത് തികച്ചും വ്യക്തിപരമായൊരു എഴുത്തായതുകൊണ്ടത് തന്നെ തുറന്നെഴുതാനെനിക്ക് യാതൊരു ഭയവുമില്ല...!


മെമ്പറായി കഴിഞ്ഞാൽ വാർഡിലേക്ക് തിരിഞ്ഞു നോക്കാത്ത ഒരു ജനപ്രതിനിധിയാവില്ല അമ്മയെന്നെനിക്ക് ഉറപ്പുണ്ട് ! ഞാൻ കണ്ടതാണല്ലോ അമ്മയുടെ 5 വർഷങ്ങൾ ! 


ആനുകൂല്യങ്ങളൊക്കെ അർഹിക്കുന്നപ്പെടുന്ന കൈകളിൽ എത്തട്ടെ, 

ആരോഗ്യപരമായ വിമർശനളെ സൗഹൃദപരമായി നേരിടുക, അല്ലാത്തതിനെ വെറുതെ തള്ളിക്കളയുക, 

വിവേചനമില്ലാത്ത വിവേകപരമായൊരു ഭരണം കാഴ്ചവെയ്ക്കാനാവട്ടെ ! 

അമ്മയ്ക്കാശംസകൾ.... 


-രേഷ്മ-

Report Page