Drama

Drama

Sher1983
#view

മോഹൻലാൽ ഫാൻസും മാതൃഭൂമിയും പിന്നെ ഇമോഷണൽ ഡ്രാമകളും


പണ്ടു പണ്ട്‌ ഗുജറാത്തിലെ ഘിർ വനത്തിന്റെ വടക്കുകിഴക്കേ അറ്റത്ത്‌ ബിജു എന്നുപേരുള്ള ഒരു സിംഹം തന്റെ ഗേൾഫ്രണ്ടായ മാലിനി സിംഹത്തോടൊപ്പം താമസിച്ചിരുന്നു.നോൺവെജ്‌ കഴിച്ചാൽ പല്ലുതേയ്ക്കാത്ത ബിജു സിംഹത്തിന്‌ നിരവധി dental problems ഉണ്ടായിരുന്നു.ബിജു സിംഹത്തിന്റെ അസഹ്യമായ വായ്‌നാറ്റത്തിൽ മനംനൊന്ത്‌ മാലിനി live in relationship ബ്രേക്കപ്‌ ചെയ്യാനൊരുങ്ങി.എന്നാൽ തനിക്ക്‌ വായ്‌നാറ്റമുള്ളതായി അംഗീകരിക്കാൻ ബിജു സിംഹത്തിന്റെ മനസ്സനുവദിച്ചില്ല.ആയതിനാൽ കാട്ടിലെ അയൽക്കാരോട്‌ അത്‌ ചോദിക്കാമെന്ന് ബിജു സിംഹം തീരുമാനിച്ചു. 


അങ്ങനെ അതുവഴി പോയ ഒരു മാനിനെ ബിജു സിംഹം അവിടേയ്ക്ക്‌ ക്ഷണിച്ചു.എന്നിട്ട്‌ ചോദിച്ചു: "അല്ലയോ മാനേ എനിക്ക്‌ വായ്‌ നാറ്റമുണ്ടോ?" 

സത്യസന്ധനായ മാൻ പറഞ്ഞു: "എന്റെ പൊന്നോ എനിക്ക്‌ സഹിക്കാൻ വയ്യ.നാറ്റം കാരണം ഒരു രക്ഷയുമില്ല."

അഭിമാനക്ഷതമേറ്റ സിങ്കം മാനിനെ ഒറ്റയടി. 

(സിങ്കം part-1 പ്രകാരം ഓങ്കിയടിച്ചാൽ ഒന്നര ടൺ ആണല്ലോ..) മാനിന്റെ കഥ കഴിഞ്ഞു.


അടുത്തതായി കുറുക്കനെ വിളിച്ചുവരുത്തി ബിജു സിംഹം ചോദിച്ചു. "ബ്രോ എനിക്ക്‌ വായ്‌നാറ്റമുണ്ടോ?" 

കൗശലക്കാരനായ കുറുക്കൻ ജീവനിൽ കൊതിയുള്ളതിനാൽ പറഞ്ഞു, "മഹാരാജൻ sir, എനിക്ക്‌ രണ്ട്‌ ദിവസമായി കോൾഡിന്റെ അസുഖമാണ്‌.ശ്വാസകോശം സ്പോഞ്ചുപോലെയാണ്‌.മണമൊന്നും അറിയാൻ പറ്റുന്നില്ല."

മുൻപ്‌ ഇതുപോലെ ജലദോഷമാണെന്ന് പറഞ്ഞ്‌ തന്റെ colleague ആയ ഒരു സിംഹത്തെ ശശിയാക്കിയ കുറുക്കന്റെ കഥ ഓർമ്മയുള്ളതിനാൽ ബിജു സിംഹം ഒറ്റയടിക്ക്‌ കുറുക്കനെയും കൊന്നു.


അടുത്തതായി ഒരു കുരങ്ങിനെ അവിടേക്ക്‌ വിളിച്ചുവരുത്തി ബിജു സിംഹം ചോദിച്ചു: "അലോയ്‌ എനിക്ക്‌ വായ്‌നാറ്റമുണ്ടോ?" 

മുൻപ്‌ അതേ റൂട്ടിൽ വന്ന മാനും കുറുക്കനും മിസ്സിംഗ്‌ ആണെന്ന് വാട്സ്‌ ആപ്പിൽ forwarded മെസേജ്‌ കണ്ടിരുന്ന കുരങ്ങ്‌ പറഞ്ഞു: നാറ്റമോ? ഛെ...! എന്തുവാ ഇത്‌? British Rose EDT ബോഡി സ്പ്രേയുടെ അതേ പരിമളം. 

ബിജു സിംഹത്തിനു സന്തോഷമായി.അദ്ദേഹം കുരങ്ങനോട്‌ ചോദിച്ചു.നിനക്ക്‌ എന്തുവേണം? നീ എന്തുചോദിച്ചാലും ഞാൻ തരും.ധൈര്യമായി ചോദിക്കൂ..

കുരങ്ങൻ: "പ്ലീസ്‌ ലൈക്ക്‌ മൈ പ്രൊഫൈൽ പിക്‌ ബ്രോ." 

ബിജു സിംഹം സമ്മതിച്ചു. 


(NB: ബിജു സിംഹം തനിക്ക്‌ വായ്‌നാറ്റമില്ലെന്ന് ഉറച്ചു വിശ്വസിച്ചു.സഹികെട്ട ഭാര്യ മാലിനി സിംഹം ബിജുവുമായുള്ള live in relationship അവസാനിപ്പിച്ച്‌ സ്വന്തം വീട്ടിലേക്ക്‌ മടങ്ങിപ്പോയി.അതിൽ മനം നൊന്ത ബിജു സിംഹം മദ്യത്തിനടിമയാവുകയും പിന്നീട്‌ തിരിച്ചറിവുണ്ടായി നല്ലൊരു ഡെന്റൽ ക്ലിനിക്കിൽ ചെന്ന് റൂട്ട്‌ കനാൽ ചെയ്ത്‌ പോടുള്ള പല്ലൊക്കെ ക്ലിയർ ചെയ്ത്‌ ഇപ്പോൾ കുഴപ്പമില്ലാതെ ജീവിക്കുന്നു.മാലിനി സിംഹം കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ്‌ പദ്ധതിയിൽ അംഗത്വമെടുത്ത്‌ ശമ്പളമൊന്നും ഇല്ലാതെ ജീവിക്കുന്നു.)


~ശുഭം~


--------------------------------------------


ഇന്നത്തെ മീഡിയകളുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെയാണ്‌.ബിജു സിംഹം എന്നത്‌ വാണിജ്യലക്ഷ്യം മുൻനിർത്തിയുള്ള സിനിമകളും, അവയുടെ നിർമ്മാതാക്കളും മണ്ടന്മാരായ ഫാൻസ്‌ പ്രവർത്തകരുമാണ്‌.മാലിനി സിംഹം ഫാനിസമില്ലാത്ത പ്രേക്ഷകരുടെ പ്രതിനിധി.


മാൻ സത്യസന്ധനായ നിരൂപകനും കുറുക്കൻ സർക്കാസം പോസ്റ്റിടുന്നവനും, കുരങ്ങൻ കൂലിയെഴുത്തുകാരനും ആണ്‌.ഇവിടെ പ്രമുഖ നടന്റെ സിനിമ കണ്ട്‌ ഉള്ളത്‌ ഉള്ളതുപോലെ എഴുതിയ പ്രമുഖ നിരൂപകനായ മാനിനെ ഫാൻസുകാരും നിർമ്മാതാവും ചേർന്ന് തച്ചു കൊന്നു.സർക്കാസം പോസ്റ്റിട്ട കുറുക്കൻ തനിക്ക്‌ പറയാനുള്ളത്‌ ഹാസ്യാത്മകമായ രീതിയിൽ പ്രസന്റ്‌ ചെയ്തു. സർക്കാസമെന്ത്‌ ശർക്കരയെന്ത്‌ എന്ന് തിരിച്ചറിയാൻ കഴിവില്ലാത്ത സുബോധമില്ലാത്ത ഫാൻസും നിർമ്മാതാവും ചേർന്ന് കുറുക്കനെയും കൊന്നുകളഞ്ഞു.നിർമ്മാതാവിനെ പ്രീതിപ്പെടുത്താൻ വേണ്ടി കുരങ്ങൻ പ്രമുഖ സിനിമയെ ഇമോഷണൽ ഡ്രാമയെന്നും മറ്റും പറഞ്ഞു പൊക്കിനടന്നു. കുരങ്ങന്റെ പോസ്റ്റ്‌ ഫാൻസുകാർ ഷെയർ ചെയ്തു.നല്ല ലൈക്കും റീച്ചും കിട്ടിയ കുരങ്ങൻ അങ്ങനെ പ്രമുഖനായി മാറി.


--------------------------------------------


#ഡെത്ത്_ഓഫ്_ദ_ഓതർ' തിയറി പറയും പ്രകാരം ഒരു സൃഷ്ടി പൂർത്തീകരിച്ച് വായനക്കാർക്ക്/പ്രേക്ഷകർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ സൃഷ്ടാവ് അഥവാ ഓതർ മരണപ്പെട്ടു എന്നാണ്.ഇപ്രകാരം ഒരു സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ അതിനെ ഏതു തരത്തിൽ വേണമെങ്കിലും ഉൾക്കൊള്ളാനും വ്യാഖ്യാനിക്കാനും ഉള്ള സമ്പൂർണ്ണവകാശം പ്രേക്ഷകർക്കാണ്.ഏതൊരു സിനിമയെ കുറിച്ചും കാലിഡോസ്കോപ്പിക് റീഡിങ് പോസ്സിബിൾ ആണ്.ഒരു പേക്ഷക/പ്രേക്ഷകൻ അതിനെ ഏത് ആംഗിളിൽ ഏത് പരിപ്രേക്ഷ്യയിൽ നോക്കിക്കാണുന്നു എന്നതിനനുസരിച്ചിരിക്കും ഏതൊരു ചിത്രത്തിന്റെയും വായന/റിവ്യൂ.ഇത് കൂടാതെ സബ്ജക്റ്റീവ്/ഒബ്ജക്റ്റീവ് റീഡിങ് കൂടി കണക്കിലെടുക്കാം.തികച്ചും സബ്ജക്ടീവായി സിനിമയെ സമീപിക്കുന്ന ഒരാളുടെ റിവ്യൂ, അയാളുടെ സോഷ്യോ പൊളിറ്റിക്കൽ പരിതസ്ഥിതി, ജെൻഡർ, പ്രായം, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവയിലൂന്നി നിൽക്കുന്നതാവും.അതല്ല ഒരു പ്രസ്ഥാനം അല്ലെങ്കിൽ മീഡിയ റിവ്യൂകൾ ചെയ്യുമ്പോൾ അവർക്ക്‌ പലപ്പോഴും പ്രസ്ഥാനത്തിന്റെ നിലനിൽപ്പിനുവേണ്ടി ആശയങ്ങളെ തലോടേണ്ടതായി വരുന്നു.


ഇന്നത്തെ ഓൺലൈൻ മീഡിയകളെല്ലാം കുരങ്ങിനേപ്പോലെയാണ്‌.പ്രതിഫലം പ്രതീക്ഷിച്ച്‌ നിർമ്മാതാക്കളെ സുഖിപ്പിച്ചുകൊണ്ടിരിക്കുന്നു.അഥവാ ഏറ്റവും അധികം ആളുകൾ വായിക്കുന്ന ഓൺലൈൻ മീഡിയകൾക്ക്‌ പണം നൽകി സിനിമാക്കാർ എഴുതിക്കുന്നു.ഫലത്തിൽ ആദ്യദിവസങ്ങളിൽ പണം വാരിയെറിഞ്ഞ്‌ നിർമ്മാതാക്കളും മാധ്യമങ്ങളും കൂടി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു.ഇത്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതാണെന്ന് തോന്നുന്നില്ല.സിനിമാ മാഗസിനുകളിൽ കൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും കാലങ്ങളായി ജനവഞ്ചന നടത്താറുള്ളവരാണ്‌ സിനിമാക്കാർ.


ഈയിടയായി മലയാളത്തിൽ അനവധി 'ഇമോഷണൽ മെഡിക്കൽ ഡ്രാമകൾ' ഇറങ്ങാറുണ്ട്‌.തങ്ങളുടെ ഇഷ്ടത്തിന്‌ വിരുദ്ധമായി താരങ്ങളുടെ ചിത്രങ്ങൾ വിഷുപ്പടക്കങ്ങളായിമാറുമ്പോൾ സിനിമ ഇഷ്ടമാകാത്ത ആളുകൾ വിഡ്ഢികളാണെന്നും സിനിമയെ ജോണർ നോക്കി കാണാൻ അവർക്ക്‌ അറിയത്തില്ലെന്നും വരുത്തിത്തീർക്കാൻ വേണ്ടി ഫാൻസുകാർ ഇടുന്ന പേരാണല്ലോ ഇമോഷണൽ മെഡിക്കൽ ഡ്രാമ.! സിനിമ പരാജയമാകുമ്പോൾ നിലവാരമില്ലാത്ത പ്രേക്ഷകന്റെ വീക്ഷണത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞ്‌ പ്രേക്ഷകനെ അപമാനിക്കുകയാണ്‌ ആരാധകർ.ഇവർ തന്നെ കോടികളുടെ കള്ളക്കണക്കുകൾ നിരത്തി എല്ലാവരും ഇതിനെ അംഗീകരിച്ചു അതുകൊണ്ട്‌ നിങ്ങളും കണ്ടേ പറ്റൂ എന്ന വിധത്തിൽ മീഡിയകളെ കയ്യടക്കാറുമുണ്ട്‌.


മീഡിയകൾ ആരാധകർക്കൊപ്പം കൂടി സിനിമകളെ സുഖിപ്പിച്ച്‌ റിവ്യൂകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി മാതൃഭൂമി സിനിമാവിമർശനത്തിന്റെ കാര്യത്തിൽ അവരുടെ 'യഥാർത്ഥ പത്രത്തിന്റെ ശക്തി' എന്ന ടാഗ്‌ ലൈൻ അന്വർത്ഥമാക്കിയിരിക്കുകയാണ്‌.സിനിമകളോടുള്ള മൃദുസമീപനത്തില്‍ മാറ്റം വരുത്തിവരുത്തിക്കൊണ്ട്‌ ഇക്കഴിഞ്ഞ ഓണക്കാലം മുതൽ ഇറങ്ങുന്ന സിനിമകളെ വിമര്‍ശനാത്മകമായി മാതൃഭൂമി കൈകാര്യം ചെയ്തു.ഈ വർഷമിറങ്ങിയ വെളിപാടിന്റെ പുസ്തകം, പുള്ളിക്കാരൻ സ്റ്റാറാ ആദം ജോൺ, വില്ലൻ തുടങ്ങിയ 'ഇമോഷണൽ മെഡിക്കൽ ആയുർവേദിക്‌ ഡ്രാമ'കളെ സത്യസന്ധമായി വിലയിരുത്തിക്കൊണ്ട്‌ മാതൃഭൂമി പുതിയൊരു മുന്നേറ്റം നടത്തി..! സത്യസന്ധമായി നിരൂപിക്കുന്ന മാതൃഭൂമിയുടെ ഏതാനും എഴുത്തുകാർ സിനിമകളെ സുഖിപ്പിക്കുന്നതും പ്രേക്ഷകരെ വഞ്ചിക്കുന്നതും നിറുത്തി..! ഈ വിമർശനം നല്ലതോ ചീത്തതോ?


#മാതൃഭൂമിയേപ്പറ്റി:

കേരളത്തിന്റെ പത്രവായനാ സംസ്‌കാരത്തെ ഏറെ നിര്‍ണയിച്ച മാധ്യമങ്ങളില്‍ ഒന്ന് തന്നെയാണ് മാതൃഭൂമി.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് മാതൃഭൂമി ദിനപത്രത്തിന്റെ ചരിത്രവും.കേരളത്തില്‍ സമരതീക്ഷ്ണമായ ആ ദിനങ്ങള്‍ സൃഷ്ടിച്ചതില്‍ അഞ്ച് രൂപ ഓഹരി സമാഹരിച്ച് രൂപീകരിച്ച മാതൃഭൂമി പത്രത്തിന്റെ സ്ഥാനം വളരെ വലുതായിരുന്നു.സമര തീക്ഷ്ണമായിരുന്നു മാതൃഭൂമിയുടെ വളര്‍ച്ചയും.തൊഴിലാളി സമരം അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയില്‍ എത്തിയപ്പോള്‍ പത്രം ലോക്കൗട്ട് പോലും നേരിട്ടു.മാസങ്ങളോളം അടച്ചിടേണ്ടിവന്നിട്ടും വീണ്ടും പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോള്‍ മാതൃഭൂമിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.പല പ്രധാന സംഭവങ്ങളും മലയാളി അറിഞ്ഞത് മാതൃഭൂമിയിലൂടെ തന്നെ ആയിരുന്നു.പരസ്യവാചകം കടമെടുക്കുകയാണെങ്കില്‍ 'പത്രത്തോടൊപ്പം പ്രചരിപ്പിയ്ക്കുന്നു, ഒരു സംസ്‌കാരം കൂടി' എന്നതായിരുന്നു എന്നുതന്നെ പറയാം.


എന്നാൽ കാലങ്ങൾക്ക്‌ ശേഷം വാണിജ്യനേട്ടങ്ങൾക്കായും കൂറുമാറ്റം മൂലവും മാതൃഭൂമി പിതൃത്വം വിട്ട്‌ പെരുമാറിയിട്ടുണ്ട്‌.ക്രമേണ രാഷ്ട്രീയപരമായ സ്വാധീനങ്ങൾ ഈ പത്രത്തിൽ പ്രകടമായി.അക്കാരണത്താൽ ഈ പത്രത്തിന്റെ മുൻകാല സത്യസന്ധതയേക്കുറിച്ച്‌ സംസാരിക്കാൻ ഞാൻ നിൽക്കുന്നില്ല.പലപ്പോഴും മാതൃഭൂമി മഞ്ഞവർണ്ണത്തിൽപ്പെട്ട്‌ മുങ്ങിത്താഴുന്ന കാഴ്ച കാണേണ്ടി വന്നിട്ടുണ്ട്‌.അതുകൊണ്ടുതന്നെ മാതൃഭൂമി' എന്ന പത്രത്തോടോ പത്രധർമ്മത്തോടോ വ്യക്തിപരമായി എനിക്ക്‌ താത്പര്യമില്ലെങ്കിലും ഈ ഒരു മേഖലയിലെങ്കിലും വ്യക്തിതാത്പര്യങ്ങളെ പൂർണ്ണമായി നിരാകരിച്ചുകൊണ്ട്‌ 

നിർമ്മാതാക്കളുടെ ഫാസിസത്തിനെതിരെ ആഞ്ഞടിക്കുവാനും മാധ്യമ ഹിപ്പോക്രസിക്കെതിരെ വേറിട്ട ഒരു ശൈലിയിൽ ശബ്ദമുയർത്താനും മാതൃഭൂമി മനസ്സുകാണിച്ചു എന്നതുതന്നെ അഭിനന്ദനാർഹമാണ്‌.


ശരിക്കും പറഞ്ഞാൽ സാധാരണ പ്രേക്ഷകർക്ക്‌ ഇതൊരു അനുഗ്രഹമാണ്‌.ഫേസ്ബുക്കിലെ ഗ്രൂപ്പുകളിലുള്ള ചില വ്യക്തികളുടെ കാര്യം മാത്രം മാറ്റി നിറുത്തിയാൽ പേജുകൾ, വെബ്‌ സൈറ്റുകൾ, ബ്ലോഗുകൾ, വാട്സ്‌ ആപ്പ്‌ ഗ്രൂപ്പുകൾ ഇവയെല്ലാം വഴി ഫാൻസുകാർ തങ്ങളുടെ പ്രിയ നടന്റെ സിനിമകളുടെ തള്ള്‌ റിവ്യൂകൾ പ്രചരിപ്പിക്കുന്നു.അങ്ങനെ ഇത്തരം മാധ്യമങ്ങളെ വിശ്വസിക്കുന്ന ആളുകൾ തിയേറ്ററുകളിലെത്തി വഞ്ചിതരായിത്തീരുന്നു. 


പക്ഷേ വേദനിക്കുന്നത്‌ ആർക്കാണ്‌? ഒരർത്ഥത്തിൽ ഇപ്പോൾ ആരാധകർ വിളറിപിടിച്ചിരിക്കുകയാണ്‌.ആരാധകരുടെ സ്ഥിരം പരിപാടികൾ ഇപ്രകാരമാണ്‌: സോഷ്യൽ മീഡിയകളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തലേ ആഴ്ച മുതൽ തള്ള്‌ റിവ്യൂകൾ എഴുതിവച്ച്‌ സിനിമ തീരുന്ന സമയം നോക്കി പോസ്റ്റ്‌ ചെയ്യുന്നു.എതിരഭിപ്രായം പറയുന്നവരെ ആൺ പെൺ വകഭേദമില്ലാതെ തെറിവിളിക്കുന്നു, ഇൻബോക്സിൽ അശ്ലീല കമന്റുകൾ ഇടുന്നു, വെർബൽ റേപ്പ്‌ നടത്തുന്നു.. ഫലമോ സിനിമ ഇഷ്ടപ്പെടാത്തവർ വായടയ്ക്കാൻ നിർബന്ധിതരാകുന്നു.അതല്ല ഇനി വാ തുറന്നാൽ തുറക്കുന്നവരുടെ അച്ഛൻ, അമ്മ, പെങ്ങൾ, തുടങ്ങിയവർ പോലും തെറിവിളി കേൾക്കേണ്ടിവരുന്നു. (പുലിമുരുകൻ ഇറങ്ങിയ സമയത്തെ സ്വന്തം അനുഭവമാണ്‌ പറഞ്ഞത്‌.)


ഫാൻസുകാരും നിർമ്മാതാക്കളും കൂലിയെഴുത്തുകാരായ മീഡിയകളും പണം വാങ്ങി സിനിമകളെ സുഖിപ്പിച്ചെഴുതുമ്പോൾ അവിടെ നിഷ്പക്ഷരായ ആളുകളുടെ അഭിപ്രായസ്വാതന്ത്ര്യവും നിഷ്പക്ഷരായിത്തീരേണ്ട മീഡിയകളുടെ പ്രസിദ്ധീകരണസ്വാതന്ത്ര്യവും അടിച്ചമർത്തപ്പെടുന്നു.


"ഞങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് എന്തെങ്കിലും പറഞ്ഞാല്‍ അപ്പോ അവരെ തെറി കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്യും" എന്നതാണ്‌ ഫാൻസിന്റെ നിലപാട്‌.


"വെളിവില്ലാത്ത കാഴ്ച" എന്ന തലക്കെട്ടിലാണ് വെളിപാടിന്റെ പുസ്തകത്തിന്റെ നിരൂപണം. "സാറാ സ്റ്റാറോ" എന്ന ചോദ്യമാണ് പുള്ളിക്കാരന്‍ സ്റ്റാറാ ചിത്രത്തിന്റെ നിരൂപണത്തിന് തലക്കെട്ട്.പ്രതീക്ഷയോടെ കാത്തിരുന്ന ലാല്‍ജോസും മോഹന്‍ലാലും ലോക ദുരന്തമായി നമ്മുക്ക് മുന്നിലെത്തിയെന്ന് പറഞ്ഞാണ് വെളിപാടിന്റെ പുസ്തകം റിവ്യൂ അവസാനിപ്പിക്കുന്നത്.ക്ലീഷേകളെ കൊണ്ട് മാറ്റി മാറ്റി കളിക്കുമ്പോള്‍ ആരാധകര്‍ക്ക് പോലും മടുക്കുമോ എന്ന് താരങ്ങളും സംവിധായകരും ചിന്തിക്കണമെന്ന് മമ്മൂട്ടി ചിത്രത്തിന്റെ റിവ്യൂവില്‍ പറയുന്നു.അതുപോലെ ഇമോഷണൽ മെഡിക്കൽ ക്രൈം ഡ്രാമയെന്നൊക്കെ പറഞ്ഞ്‌ ഫാൻസ്‌ പൊക്കിപ്പിടിച്ചുകൊണ്ട്‌ നടക്കുന്ന വില്ലൻ സിനിമയുടെ ക്ലീഷേകളേയും മോശം സംവിധാനത്തേയും താരത്തിന്റെ ഒരു മുൻ പ്രസ്താവനയുടെ പൊള്ളത്തരത്തേയും മാതൃഭൂമി തുറന്നുകാണിച്ചു.


മേൽപ്പറഞ്ഞ മൂന്നുചിത്രങ്ങളും തിയേറ്ററുകളിൽ പോയിക്കണ്ട എനിക്ക്‌ ഈ നിരൂപണങ്ങളിൽ ഒരു വിധത്തിലുമുള്ള കൃത്രിമത്വം തോന്നിയില്ല എന്ന് മാത്രമല്ല, അവ മാത്രമേ ആ സിനിമകൾ അർഹിച്ചിരുന്നുള്ളൂ.എന്നാൽ ഇന്നോളം വസ്തുതകളെ അംഗീകരിച്ചിട്ടില്ലാത്ത ഫാൻ വർഗ്ഗങ്ങൾ മാതൃഭൂമിയിലെ നിരൂപണത്തിനെതിരെ ഉച്ചത്തിൽ ഓരിയിടുകയാണ്‌.വെളിപാടിന്റെ പുസ്തകത്തിന്റെ സസ്‌പെന്‍സ് പുറത്തുവിട്ടാണ് നിരൂപണം എന്ന ആരോപണവുമായി മോഹന്‍ലാല്‍ ആരാധകര്‍ മാതൃഭൂമിക്കെതിരെ രംഗത്ത് വന്നു. (ചത്ത കിളിക്കെന്തിനാണാവോ കൂട്‌) "പണം തന്നില്ലെങ്കിൽ ഞങ്ങൾ സിനിമയെ കൊല്ലും" എന്ന് പറഞ്ഞ്‌ വില്ലനെ ഉദ്ധരിച്ചുകൊണ്ട്‌ ഫാൻസുകാർ 'പുലിമുരുകൻ ഒഫീഷ്യൽ പേജിൽ വലിയ രീതിയിൽ രോദനം രേഖപ്പെടുത്തിയിട്ടുണ്ട്‌.


ഏതാനും വർഷങ്ങൾക്ക്‌ മുൻപ്‌ മാടമ്പിയെന്ന മോഹൻലാൽ ചിത്രം ഇറങ്ങിയപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ച മാതൃഭൂമിക്കെതിരെ കരഞ്ഞുനിലവിളിച്ച ഫാൻസിന്റെയും സംവിധായകന്റെയും ഫ്രസ്ട്രേഷൻ പലരും ഓർക്കുന്നുണ്ടാകും.മാടമ്പി റിലീസ് ചെയ്ത് കൃത്യം രണ്ടാം ദിവസം മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ പ്രത്യക്ഷപ്പെട്ട നിരൂപണം വായിച്ച ആരാധകര്‍ കലിതുളളി പത്രം തെരുവില്‍ കത്തിച്ച് അരിശം തീര്‍ത്തപ്പോള്‍, റിവ്യൂക്കാരനെ കൂലിയെഴുത്തുകാരനും കൂലിയ്ക്ക് കൂവാന്‍ നടക്കുന്നവനുമായി ചിത്രീകരിച്ച് മാടമ്പിയുടെ സംവിധായകന്‍ അതേ പത്രത്തിന്റെ അതേ പേജില്‍ മറുപടി പറഞ്ഞു.മുൻപ്‌ മാതൃഭൂമി ഓണ്‍ലൈനില്‍ സിനിമാ വിമര്‍ശനം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.സ്പിരിറ്റ് എന്ന ചിത്രത്തെ വിമര്‍ശിച്ചുള്ള നിരൂപണം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിവാദമാവുകയും ഇത് നീക്കം ചെയ്യുകയുമുണ്ടായി.പിന്നീടിങ്ങോട്ട് പ്രധാനമായും എല്ലാ റിലീസ് സിനിമകളും പിന്തുണയ്ക്കുന്ന നിരൂപണമാണ് മാതൃഭൂമി ചിത്രഭൂമിയിലും ഓണ്‍ലൈനിലും പ്രസിദ്ധീകരിക്കാറുള്ളത്.ഇപ്പോൾ മാതൃഭൂമിയെടുത്ത ഈ ചുവടുവെയ്പ്പ്‌ പല പൊള്ളത്തരങ്ങളേയും തകർത്തെറിഞ്ഞിരിക്കുകയാണ്‌.


സിനിമാമേഖലയിലെ വിവിധ പ്രമുഖർ മാതൃഭൂമിക്കെതിരെ രംഗത്തെത്തിയിട്ടുമുണ്ട്‌.ഫാൻസും കൂലിയെഴുത്തുകാരും മറഞ്ഞുനിന്ന് തഴുകിത്തലോടുന്ന വസ്തുതകളെ നിർവ്യാജം തുറന്നെഴുതുന്ന മാതൃഭൂമിയെ ഒറ്റപ്പെടുത്തുവാനും 'കൂലി ലഭിക്കാത്തതിന്റെ സംഘർഷം' റിവ്യൂകളിൽ രേഖപ്പെടുത്തുകയാണ്‌ മാതൃഭൂമി ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്നും മറ്റുമുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച്‌ സിനിമാക്കാർ ഒന്നടങ്കം മാതൃഭൂമിയ്ക്കെതിരെ ശബ്ദമുയർത്തുകയാണ്‌.മാതൃഭൂമിയ്ക്ക്‌ ഭ്രഷ്ട്‌ കൽപ്പിക്കാനും പടിയടച്ച്‌ പിണ്ഢം വയ്ക്കാനുമുള്ള ഇവരുടെ നീക്കം 'സിനിമാ സംരക്ഷണം' എന്ന വ്യാജേനെയാണ്‌.ഇവരൊക്കെ ആരെയാണ്‌ ഭയക്കുന്നത്‌.? അഭിപ്രായപ്രകടനങ്ങളിൽ അസഹിഷ്ണുത പൂണ്ട ഒരു വിഭാഗം ആളുകളുടെ ജൽപനമായേ ഇതിനെ കണക്കാക്കാൻ കഴിയുകയുള്ളൂ.


വിമർശനാത്മക നിരൂപണങ്ങൾ പാടില്ല, പ്രയോജന/പിന്തുണാ നിരൂപണങ്ങൾ മാത്രമേ പ്രസിദ്ധീകരണങ്ങളിൽ പാടുള്ളൂ എന്നൊക്കെ പറയുന്നത്‌ തികച്ചും അടിസ്ഥാനരഹിതമാണ്‌.


ഒരു പൗരന് അയാളുടെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ നിർഭയമായും അസന്നിഗ്ദമായും പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമാണ് #അഭിപ്രായസ്വാതന്ത്യം.അഭിപ്രായങ്ങൾ നിര്‍ഭയമായി പറയാനും പ്രകടിപ്പിക്കുവാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലാണ്.ജനാധിപത്യ ഗവൺമെന്റുകൾ പ്രധാനമായും ആ രാജ്യത്തെ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിൽ ഊന്നിയാണ്‌ നിലക്കൊള്ളുന്നത്.ശക്തമായ വിമർശനം ഒരു പ്രസ്ഥാനത്തിന്റെ സുഗമമായ നിലനില്പിന്‌ അത്യന്താപേക്ഷിതമാണ്‌.ഭരണഘടനയുടെ 19-ആം വകുപ്പ് ഇന്ത്യൻ പൗരൻമാർക്ക് മൗലികമായ അവകാശങ്ങൾ ഉറപ്പു നല്കുന്നു.ഇതിൽ 19(1) (a) അഭിപ്രായസ്വാതന്ത്ര്യം പൗരന്മാർക്ക്‌ ഉറപ്പു നല്കുന്നതാണ്.


ഈ സ്വാതന്ത്യത്തിൽ #പ്രസിദ്ധീകരണസ്വാതന്ത്യവും മറ്റുതരത്തിലുള്ള ആശയസ്വാതന്ത്ര്യങ്ങളും ഉൾപ്പെടും.ലോകത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടതും ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നതുമായ വിഭാഗം പത്രപ്രവര്‍ത്തകരാണ്.മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന കള്ളത്തരങ്ങള്‍ എല്ലാം അവര്‍ വലിച്ചുവാരി പുറത്തിടുന്നു.പത്രങ്ങളെ കൂച്ചുവിലങ്ങിടാന്‍ മുൻകാലഘട്ടങ്ങളിൽ ഭരണാധികാരികൾ ശ്രമിച്ചിട്ടുണ്ട്.ഭരണകൂടം മാത്രമല്ല അവരെ പീഡിപ്പിക്കുന്നത്.മതങ്ങളും സ്ഥാപനങ്ങളും അവര്‍ക്കെതിരാണ്.ചുരുക്കത്തില്‍ സ്ഥാപനവല്‍കരിക്കപ്പെട്ടതെല്ലാം അവര്‍ക്കെതിരാണ്.എല്ലാ ഭരണകൂടങ്ങള്‍ക്കും ഏറ്റവും വലിയ തലവേദന സ്വതന്ത്ര പത്രപ്രവര്‍ത്തനമാണ്.


മാതൃഭൂമി ചെയ്യുന്നത്‌ അവരുടെ പ്രസിദ്ധീകരണസ്വാതന്ത്ര്യമാണ്‌.അത്‌ തിരിച്ചറിയാത്തവരാണ്‌ ഈ പത്രത്തിനെതിരെ ഇപ്പോൾ നിലകൊള്ളുന്നത്‌.സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം പ്രസിദ്ധീകരണസ്വാതന്ത്ര്യം തടയുകയെന്നത് അഭിപ്രായസ്വാതന്ത്ര്യം തടയുന്നതിനു തുല്യമാണ്‌.


മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി ഐ രാജീവ് പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌: ഉള്ളടക്കത്തില്‍ വരുത്തുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ചിത്രഭൂമി സിനിമാ സ്‌പെഷ്യല്‍ സിനിമകളെ വിമര്‍ശനാത്മകമായി സമീപിക്കുന്നത്‌.മാതൃഭൂമിക്ക് പരസ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചിത്രഭൂമി അത്തരത്തിൽ നിരൂപണമെഴുതിയത്‌ എന്നൊക്കെ പറയുന്നത്‌ അടിസ്ഥാനരഹിതമാണ്‌.സിനിമാസംഘടനകൾ മാതൃഭൂമിക്ക് മാത്രമായി പരസ്യം നല്‍കാത്തത് എന്തുകൊണ്ടാണ് എന്ന് അറിയില്ല.ഞങ്ങള്‍ അവരോട് കാരണം തിരക്കിയിട്ടുമില്ല.ഒരിക്കലും സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട കാര്യമല്ല ചിത്രഭൂമിയിലെ നിരൂപണങ്ങള്‍.ഫാൻസിന്റെ ആരോപണങ്ങളിൽ മറ്റ്‌ തെളിവുകൾ ഇല്ലാത്തതുകൊണ്ട്‌ എഡിറ്റർ പറഞ്ഞത്‌ വിശ്വസിക്കുക മാത്രമേ നിർവ്വാഹമുള്ളൂ.


എന്തുതന്നെയായാലും മാതൃഭൂമിയേപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ പെട്ടന്നുള്ള ഈ ഭാവമാറ്റം ചിലരെ അമ്പരപ്പിച്ചേക്കാം.എന്നാൽ വളരെ വൈകിയെങ്കിലും അവരെടുത്ത ഈ തീരുമാനം പ്രശംസ അർഹിക്കുന്നു.


സിനിമ ഒരു വലിയ വ്യവസായമാണ്.അതിനെ ആശ്രയിച്ച് ആയിരക്കണക്കിനാളുകൾ ജീവിക്കുന്നു.ഒരു സിനിമയെ തള്ളിപ്പറയുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരുടെ കുടുംബത്തെ വരെ അത് ബാധിക്കാം.പക്ഷെ സിനിമ ആത്യന്തികമായി ബഹുജനങ്ങള്‍ ആസ്വദിക്കുന്ന ഒരു കലാരൂപമാണ്.അതുകൊണ്ട് കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കേണ്ടിയിരിക്കുന്നു.


വായ്‌നാറ്റമുള്ള സിംഹത്തെ ഭയന്ന് കള്ളം പറഞ്ഞ കുരങ്ങനേപ്പോലെ ആകാതെ സത്യസന്ധതയുള്ള മാനിനേപ്പോലെ ആകാൻ എല്ലാവരും പഠിക്കണം.പക്ഷേ കല്ലേറുകൊള്ളാൻ എപ്പോഴും തയ്യാറായിരിക്കണം എന്നുമാത്രം.പാൽക്കുപ്പി മീഡിയകൾക്ക്‌ അതിനുസാധിക്കില്ല ഒരിക്കലും സാധിക്കില്ല എന്നുതന്നെയാണ്‌ അതിനർത്ഥവും.


മാതൃഭൂമിയുടെ ഈ ശ്രമത്തെ പിന്താങ്ങുന്നു.ഈ തീരുമാനത്തിൽ മാതൃഭൂമി ഉറച്ചുനിന്നാൽ ക്രമേണ ആളുകൾ സത്യസന്ധമായ നിരൂപണങ്ങൾക്കായി മാതൃഭൂമിയെ കാത്തിരിക്കും.അങ്ങനെ കൂലിയെഴുത്തുകാർ എന്നേക്കുമായി ഇല്ലാതായിത്തീരും.ഇമോഷണൽ ഡ്രാമകൾ എന്ന പേരിൽ ദുരന്തചിത്രങ്ങളെ തലയിൽ വയ്ക്കുന്ന ഫാൻസുകാരും വായടയ്ക്കുവാൻ നിർബന്ധിതരാവും.


അല്ലാത്തപക്ഷം നാളെ മറ്റ്‌ മീഡിയകളും പണം വാങ്ങിയെഴുത്ത്‌ നിറുത്തട്ടെ.ഫാൻസ്‌ എന്ന വർഗ്ഗത്തിന്‌ പുല്ലുവില മാത്രം നൽകിക്കൊണ്ട്‌ നിവർന്നുനിന്ന് അഭിപ്രായങ്ങൾ പറയണം.അങ്ങനെ അർഹതയില്ലാത്ത ചവറുകൾ അർഹിക്കുന്ന പരാജയം വരിക്കട്ടെ.എല്ലാവരും സത്യം പറഞ്ഞുതുടങ്ങിയാൽ മറ്റ്‌ ഏതൊരു സംരംഭവും പോലെ സിനിമകളും കറയറ്റതായിത്തീരും.

©anudavid.blogspot.com

@sher1983r

Report Page