സി എച്ച് മുഹമ്മദ് കോയ വരകളും വരികളും.

സി എച്ച് മുഹമ്മദ് കോയ വരകളും വരികളും.


കേരളം ചരിത്രം ദർശിച്ച ഏറ്റവും പ്രഗത്ഭനായ ഭരണാധികാരികളിൽ പ്രഥമഗണനീയനായിരുന്നു സി എച്ച് മുഹമ്മദ് കോയ . തന്നിൽ അർപ്പിതമായ സ്ഥാനമാനങ്ങളിലെല്ലാം ആത്മാർത്തതയും സത്യസന്ധതയും പ്രകടമാക്കി പ്രശംസനീയമായി കൈകാര്യം ചെയ്ത അദ്ദേഹം ജനാതിപത്യ കേരളത്തിന്റെ പൊതു മണ്ഡലങ്ങളിൽ വലിയ സ്വീകാര്യത നേടി.

വിദ്യാഭ്യാസം , ആഭ്യന്തരം , പൊതുമരാമത്ത്, വ്യവസായം, വഖഫ്, ഹജ്ജ്, തുടങ്ങിയ ഒട്ടേറെ വകുപ്പുകൾ ഉൾപ്പെടെ രണ്ടു തവണ ഉപമുഖ്യമന്ത്രിയായും അൽപ്പ നാളുകളിലേക്കാണെങ്കിൽ കൂടിയും 1979 ഒക്ടോബർ 12ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തും ഉപവിഷ്ടനായ സി എച്ചിനെ പോലെ ഇത്രധികം വകുപ്പുകൾ കൈകാര്യം ചെയ്ത മറ്റൊരു ഭരണാധികാരിയെ കേരളം ദർശിച്ചിട്ടില്ല എന്ന് തന്നെ പറയാം, 


1967 മാർച്ച് 6” ഫീസടക്കാൻ കാശില്ലാത്തത് കാരണം ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയൊരു മാപ്പിള കുട്ടി പിന്നീട് കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പതാകവാഹനാകുന്നത് ഭാരതം അത്ഭുതത്തോടെ നോക്കി കണ്ടു. അക്ഷരാർഥ്ത്തിൽ അന്നോളമുണ്ടായ വിദ്യാഭ്യാസ സങ്കല്പങ്ങളെ മാറ്റി മാറ്റി വരക്കുകയായിരുന്നു സി എച്ച്., പത്താം ക്ളാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചു നൽകി വിദ്യാലയങ്ങളിലേക്ക് അവരെ ആകർഷിച്ചു. ഓരോ പഞ്ചായത്തിലും ഹൈസ്കൂളുകൾ നിർബന്ധമാക്കി. കേരളപ്പിറവിക്ക് ശേഷം നിലവിൽ വന്ന മൂന്ന് സർവ്വകലാശാലകളുടെയും ശില്പിയായി അദ്ദേഹം മാറി. 

കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഹിമാലയത്തോളം ഔന്നത്യമേകിയ കാലിക്കറ് സർവ്വകലാശാലയായിരുന്നു (1968) അതിൽ ആദ്യം പിറവികൊണ്ടത്. യുഗപ്രഭാവന്മാരുടെ നിലക്കാത്ത പിറവികൾക്ക് തുടക്കമിട്ട സി എച്ചിന്റെ കോഴിക്കോട് സർവ്വകലാശാലയാണ് എന്നിലൊരു ചരിത്രകാരനെ സൃഷ്ടിച്ചതെന്ന് പ്രശസ്ത ചരിത്രകാരൻ എം ജി എസ് നാരായണൻ കൃതജ്ഞാ ഭരിതനായി ഒരിക്കൽ പറയുകയുണ്ടായി. ലോകം ബാഹ്യാകാശത്തേക്ക് കുതിക്കുമ്പോൾ നമ്മളത് നോക്കി വായിച്ചെങ്കിലും പഠിക്കണമെന്ന് പറഞ്ഞു ശാസ്ത്ര സാങ്കേതിക വിദ്യകൾ ചർച്ചയ്ക്ക് പോലും ഇടം പിടിച്ചില്ലാതിരുന്ന കാലത്ത് അദ്ദേഹം 1971ൽ കൊച്ചിൻ സർവ്വകലാശാല (കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി CUSAT) പടുത്തുയർത്തി. അന്ന് പ്രതി പക്ഷ നിരയിലെ എം എൽ എ യും കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ജോസഫ് മുണ്ടശ്ശേരിയെ കുസാറ്റിന്റെ വൈസ് ചാൻസലർ സ്ഥാനത്ത് അവരോധിച്ച് രാഷ്ട്രീയ താല്പര്യങ്ങൾക്ക് അതീതമായി നീതിയുടെ വിത്ത് പാകിയ സി എച്ച്., വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യങ്ങളും യഥേഷ്ടം സൗകര്യങ്ങളും സൃഷ്ടിച്ചപ്പോൾ. പട്ടിണിക്കാരന്റെ മാടങ്ങളിൽ നിന്നും ആധുനിക വിദ്യാഭ്യാസത്തിന്റെ ശംഖനാദം മുഴങ്ങി.

വിറകു വെട്ടിയുടെ മക്കൾ കോടാലി വലിച്ചെറിഞ്ഞു എൻജിനീയറിങിന് ചേർന്നു. കുട നന്നാക്കുന്നവന്റെയും ചെരുപ്പ് കുത്തികളുടെയും പിന്മുറക്കാർ പിൽക്കാലത്ത് ഡോക്ടറും കളക്ടറുമൊക്കെയായിത്തീരുന്ന അത്ഭുത കാഴ്ചകൾ കേരളം ഇന്ന് കണി കണ്ട് ഉണരുമ്പോൾ അതിന് മലയാളനാട് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സി എച്ച് മുഹമ്മദ് കോയ എന്ന വിദ്യാഭ്യാസ മന്ത്രിയോടായിരിക്കും.

നാട്ടു രാജാവിന്റേതാണെന്ന വിളിപ്പേരുമായി അന്നോളം പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ചിരുന്ന പാർട്ടി സെക്രട്ടറിയുടെ കസേര ഞാൻ എടുത്തു കളയുകയാണെന്ന പ്രഖ്യാപനവുമായി 1969 ൽ സി അച്ച്യുത മേനോൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുടെ പദവിയിലേക്ക് ഒരു കൊടുങ്കാറ്റ് പോലെയാണ് സി എച്ച് കടന്നു വന്നത്. 

ആർദ്രതക്ക് പേര് കേട്ട സി എച്ചിലെ ആഭ്യന്തര മന്ത്രി പക്ഷെ നീതി നിർവഹണത്തിൽ കരുത്തുറ്റ മനസ്സിന്റെ ഉടമയായി മാറി. “പോലീസിന്റെ കയ്യിലെ ലാത്തി പുല്ലാങ്കുഴൽ ഊതാനുള്ളതല്ല” എന്ന് പറഞ്ഞു കൊണ്ട് ക്രമസമാധാന പാലന രംഗത്ത് നിയമ പാലകർക്ക് അദ്ദേഹം ധൈര്യവും പിന്തുണയും നൽകി. 

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് കാണപ്പെടുന്ന നെക്സലൈറ്റ് പ്രസ്ഥാനങ്ങൾ കേരളത്തിലും ശക്ത്തിപ്പെടുമായിരുന്നു., ആക്രമണങ്ങൾ ആവർത്തിക്കപ്പെടുമായിരുന്നു. എന്നാൽ പിറവിയിൽ തന്നെ ആ ദുരന്തത്തെ പിഴുതെറിഞ്ഞ സി എച്ചിലെ ധീരനായ ആഭ്യന്തര മന്ത്രി കേരളത്തെ രക്ഷിച്ചെടുത്തു. 

ഒരിക്കൽ കുഴപ്പമുണ്ടാക്കി ചിലർ പള്ളിയിലേക്ക് ഓടിക്കയറിയെന്ന് വിളിച്ചു പറഞ്ഞ പോലീസ് ഓഫീസറോട് ആരാധനാലയത്തിന്റെ പവിത്രത മാനിച്ച് കൊണ്ട് പള്ളിയിൽ കയറി അവരെ അറസ്റ് ചെയ്യാൻ അദ്ദേഹം കൽപ്പന നൽകി. പള്ളിയിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസികൾക്കിടയിലേക്ക് ഓടിക്കയറിയവരെ തിരിച്ചറിയുക പ്രയാസമായിരിക്കുമെന്ന് പോലീസുകാർ ആശങ്ക അറിയിച്ചു. പള്ളിയിലുള്ള വിശ്വാസികളെല്ലാം കാല് കഴുകി അകത്തു കയറിയവർ ആയിരിക്കുമെന്നും ഓടിക്കയറിയവരുടെ കാലിന്റെ അടിഭാഗം നോക്കി അഴുക്കു പുരണ്ടു കാണുന്നവരെ ചോദ്യം ചെയ്യാനും കുറ്റക്കാരാണെങ്കിൽ അറസ്റ്റു ചെയ്യാനും ഉത്തരവിട്ട ബുദ്ധിമാനും നീതിമാനുമായ ആഭ്യന്തര മന്ത്രി ആയിരുന്നു സി എച്ച്‌ .

സി എച്ചിന്റെ നിയമസഭാ മണ്ഡലമായ താനൂരിൽ പോലീസും രാഷ്ട്രീയ പ്രവർത്തകരും തമ്മി ൽ സംഘർഷമുണ്ടായി. ചിലർ മന്ത്രിയുടെ ആൾക്കാരാണെന്ന് പറഞ്ഞു പോലീസുകാർക്കെതിരെ തിരിഞ്ഞു. കാര്യമറിഞ്ഞ സി എച്ച് അവരെ പിടിച്ചു രണ്ടടി കൂടുതൽ കൊടുക്കാൻ പോലീ സുകാർക്ക് നിർദ്ദേശം നൽകുകയാണ് ചെയ്തത്. അങ്ങിനെ ശിക്ഷിക്കപ്പെട്ടവരിലും ചിരി പടർ ത്തിയിരുന്നു സി എച്ച് മുഹമ്മദ് കോയ.

തുടരും .

Report Page