BITCOIN

BITCOIN



^^^^^^^^^

   IT Revolution - ലെ അടുത്ത അത്ഭുതത്തെ (Crypto Currency) കുറിച്ച്‌ കൂടുതൽ അറിയാൻ മനസ്സിരുത്തി വായിക്കുക.. 👇🏻 


ബിറ്റ്കോയിൻ എന്നത് ലോകത്താർക്കും പണമിടപാട് നടത്താൻ പറ്റുന്ന വികേന്ദ്രീകൃതമായ ഒരു ഡിജിറ്റൽ കറൻസി ആണ്. ഒരു കേന്ദ്രീകൃത സെർവറൊ ഗവണ്മെന്റ് അംഗീകാരമോ ബാങ്കുകളുടെ പിന്തുണയോ ഇല്ലാതെ പിയർ-റ്റു-പിയർ (സുഹൃത്തിൽ നിന്ന് സുഹൃത്തിലേക്കുള്ള) നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ബിറ്റ്കോയിൻ നടപ്പാക്കിയിരിക്കുന്നത്. ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാതെ പ്രവർത്തിക്കുന്ന ബിറ്റ്കോയിനിൽ പണം ഉണ്ടാക്കുന്നതും (മിന്റ് ചെയ്യുന്നതും) കൊടുക്കൽ വാങ്ങലുകൾ നിയന്ത്രിക്കുന്നതും നെറ്റ്‌വർക്ക് ആണ്. 2009-ൽ "സതോഷി നകമോതോ" ആണ് ആദ്യമായി ബിറ്റ്കോയിൻ ഐഡിയയും സോഫ്റ്റ്-വെയറും ഇറക്കിയത്. ഓപ്പൺ സോഴ്സ് സോഫ്റ്റ്-വെയർ ആയാണ് അത് നിലനിൽക്കുന്നത്. ഒരു കേന്ദ്രീകൃത സെർവർ വഴി കറൻസി ഒരു ഫയൽ ആയി ഉപയോഗിച്ചു കൊണ്ട്, അല്ലെങ്കിൽ യഥാർത്ഥ കറൻസിയെ തന്നെ അടിസ്ഥാനപ്പെടുത്തി അതിന്റെ ഓൺലൈൻ രൂപമായി ഡിജിറ്റൽ കറൻസി കൊണ്ടു വന്നാൽ ഹാക്കിങ്ങ്, ഡബിൾ സ്‌പെൻഡിങ്ങ്, വിശ്വസ്തതയില്ലായ്‌മ എന്നിങ്ങനെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാവും.സതോഷി നകമോതോ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കുന്ന ഒരു കിടിലൻ ഐഡിയയുമായാണ് അവതരിച്ചത്. ഈ സതോഷി ആരാണെന്ന് ഇന്നും ആർക്കും അറിയില്ലെന്നത് ഒരു രസകരമായ വസ്തുതയാണ്. ആണാണോ അതോ പെണ്ണാണോ, ഒരാളാണോ അതോ ഒരു കൂട്ടം ആൾക്കാരാണോ എന്നൊന്നും ആർക്കും ഉറപ്പില്ലാത്ത "സതോഷി നകമോതോ" എന്ന ഐഡിയാണ് ബിറ്റ്‌കോയിൻ എന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ബിറ്റ്‌കോയിനിന്റെ പടച്ചവൾ ആയ സതോഷിയെ പെണ്ണായി കാണാനാണ് എനിക്ക് താൽപ്പര്യം :) 


പ്രശ്നങ്ങൾ പരിഹരിക്കാനായി തന്റെ സൊല്യൂഷനിൽ പുതിയ കാര്യങ്ങൾ കൂട്ടിച്ചെർക്കുന്നതിനു പകരം സതോഷി ചെയ്തത് പല കാര്യങ്ങളും എടുത്തു കളയുക എന്നതായിരുന്നു.


ആദ്യമേ തന്നെ ഗവണ്മെന്റിന്റെ നിയമങ്ങളും ഗവണ്മെന്റിന്റെ പിന്തുണയും എടുത്തു കളഞ്ഞു. പല രാജ്യങ്ങളിലും കറൻസിയെയും അതിന്റെ ലഭ്യതയെയും ഒക്കെ ഒരുപരിധിവരെ ഗവൺമെന്റുകൾ നിയന്ത്രിക്കാറുണ്ട്. ചൈന അതിന്റെ കറൻസിയുടെ മൂല്യം കുറച്ചിരുന്നതോർക്കുക. പിന്നെ ഒരു ഇന്ത്യൻ രൂപ = ഒരു അമേരിക്കൻ ഡോളർ ആക്കും എന്ന് ഇന്ത്യയിൽ ഗവൺമെന്റിൽ കയറാൻ വേണ്ടി ഒരാൾ പ്രഖ്യാപിച്ചതും ഓർമ്മിക്കുക. ഈ പൊല്ലാപ്പൊക്കെ ഒഴിവാക്കാനായിട്ട് ബിറ്റ്‌കോയിൻ രൂപീകരിച്ചിരിക്കുന്നത് ഗവണ്മെന്റുകൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത രീതിയിലും ഗവണ്മെന്റുകളുടെ പിന്തുണ ആവശ്യമില്ലാത്ത രീതിയിലും ആണ്. ഒരു ഗവണ്മെന്റ് വിചാരിച്ചാൽ ഒരു ബിറ്റ്‌കോയിൻ ഉപഭോക്താവിനെ ബ്ലോക്ക് ചെയ്യുകയോ അക്കൗണ്ട് മരവിപ്പിക്കുകയോ, സ്വത്ത് കണ്ട്കെട്ടുകയോ ഒന്നും ചെയ്യാൻ പറ്റില്ല. എന്തിന്, ഗവണ്മെന്റ് എന്നല്ല ആര് വിചാരിച്ചാലും മറ്റൊരാൾക്ക് എത്ര ബിറ്റ്‌കോയിൻ ഉണ്ടെന്നോ ഇവിടെ ഒക്കെ ഇടപാടുകൾ നടത്തി എന്നോ പോലും കണ്ടു പിടിക്കാൻ സാധിയ്ക്കില്ല. 


രണ്ടാമതായി എടുത്തു കളഞ്ഞത് കറൻസിയിൽ ബാങ്കുകൾക്കുള്ള റോൾ ആണ്. എല്ലാ സാധാരണ കറൻസിയും അടിച്ചിറക്കുന്നതും നിയന്ത്രിക്കുന്നതും അതാത് രാജ്യത്തെ കേന്ദ്ര ബാങ്ക് ആണ്. എത്ര കറൻസി അടിച്ചിറക്കണമെന്നു തീരുമാനിക്കുക, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, എക്സ്ചേഞ്ച് റേറ്റ് കുറച്ചോക്കെ സ്വാധീനിക്കുക എന്നിങ്ങനെ കേന്ദ്ര ബാങ്കുകൾ സാധാരണ കറൻസികളുടെ കാര്യത്തിൽ പ്രധാന പുള്ളികൾ തന്നെ ആണ്. പക്ഷെ ബിറ്റ്‌കോയിനിന്റെ കാര്യത്തിൽ ലോകത്തെ ഒരു ബാങ്കും ചിത്രത്തിലേ വരുന്നില്ല. നോട്ട് എണ്ണാൻ പോലും ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ആവശ്യം ഇല്ല. 


പിന്നീട് കളഞ്ഞത് ഡിജിറ്റൽ കറൻസിയും സാധാ കറൻസിയും തമ്മിലുള്ള ബന്ധം ആണ്. ലോകത്തെ ഏതെങ്കിലും കറൻസിയും ബിറ്റ്‌കോയിനുമായി നേരിട്ട് യാതൊരു ബന്ധവും ഇല്ല. ബിറ്റ്‌കോയിൻ ഒരു കറന്സിയുടെയും ഓൺലൈൻ രൂപമല്ല. ബിറ്റ്‌കോയിൻ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാനോ അല്ലെങ്കിൽ ബിറ്റ്കോയിൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനോ ഒന്നും ഒരു ബാങ്കും ഇടനിലക്കാരൻ ആയി വരുന്നില്ല. (മറ്റേതൊരു വസ്തുവും പോലെ) നാട്ടിലെ കറൻസി കൊടുത്ത് ബിറ്റ്‌കോയിൻ വാങ്ങാൻ സാധിയ്ക്കും, ബിറ്റ്‌കോയിൻ വിറ്റിട്ട് നാട്ടിലെ കറൻസി വാങ്ങാം എന്നിവ മാത്രമാണ് ബിറ്റ്‌കോയിനും സാധാ കറൻസിയും തമ്മിലുള്ള ബന്ധം. 


സംഭവങ്ങൾ എടുത്ത് ദൂരെക്കളയൽ ഒരു ഹരമായി മാറിയ സതോഷി അടുത്തതായി എടുത്തു കളഞ്ഞത് കേന്ദ്രീകൃത സെർവറിന്റെ റോൾ ആണ്. വെറുതെ വഴിയേ പോകുന്ന ഹാക്കർ അറ്റാക്ക് മേടിച്ച് വെയ്ക്കാം എന്നല്ലാതെ കേന്ദ്രീകൃത സെർവർ കൊണ്ട് തന്റെ ബിറ്റ്‌കോയിൻ സംരഭത്തിന് ദോഷം അല്ലാതെ ഗുണം ഒന്നും ഇല്ല എന്ന് തിരിച്ചറിഞ്ഞ സതോഷി മൊത്തം സിസ്റ്റം ഡിസൈൻ ചെയ്തത് ഒരു പിയർ-റ്റു-പിയർ (സുഹൃത്തിൽ നിന്ന് സുഹൃത്തിലേക്കുള്ള) നെറ്റ്‌വർക്ക് ആയിട്ടാണ്. പണം അടിച്ചിറക്കാനോ, പണമിടപാടുകൾ നിയന്ത്രിക്കാനോ, പണം യാഥാർത്ഥമെന്ന് പരിശോധിക്കാനോ ഒന്നും ഒരു കേന്ദ്രീകൃത സെർവറിന്റെ ആവശ്യമില്ല. പകരം നെറ്റ്‌വർക്കിന്റെ ഭാഗമായ (ഇപ്പോൾ) പതിനായിരത്തോളം ഉള്ള നോഡുകൾ ആണ് ഈ കാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുന്നത്.


ഇതൊരു മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു. ഇതാണ് ബിറ്റ്‌കോയിനിന്റെ (ഇതുവരെയുള്ള) വിജയത്തിന്റെ ഒരു പ്രധാന കാരണം. 


അവസാനമായി സതോഷി എടുത്തു കളഞ്ഞത് കറൻസിയുടെ ഫിസിക്കൽ എക്‌സിസ്റ്റൻസ് ആയിരുന്നു. അതായത്, ഇതാണ് ബിറ്റ്‌കോയിൻ എന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കാൻ ഒരു വസ്തു ഈ ദുനിയാവിൽ എവിടെയും ഇല്ല. ബിറ്റ്‌കോയിനുകൾ ഇടപാടുകളിൽ മാത്രമാണ് നിലനിൽക്കുന്നത്, അല്ലാതെ ഒരു ഫയൽ ആയി പോലും ഒരു സെർവറിലും സേവ് ചെയ്യുന്നില്ല. സാധാ കറൻസിയുടെ ഡിജിറ്റൽ രൂപം എന്നത് ആലോചിക്കുക പോലും വേണ്ട, അതുമായി ഒരു ബന്ധവുമില്ല. 


ബിറ്റ്‌കോയിനിന്റെ പ്രത്യേകതകൾ ->


അനുവാദം ആവശ്യമില്ല, അതിരുകളില്ല - ലോകത്തിൽ ആർക്കും ബിറ്റ്കോയിൻ ക്ലയന്റ് ഇൻസ്റ്റോൾ ചെയ്യുകയും ബിറ്റ്കോയിൻ വഴി പണമിടപാട് നടത്തുകയും ചെയ്യാം. 


ഉപയോഗിച്ച് തുടങ്ങാൻ ഒരു ഗവണ്മെന്റ് ഐഡി-യുടെയും ആവശ്യമില്ല - ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും സ്വകാര്യത ആഗ്രഹിക്കുന്നവർക്കും ഗവണ്മെന്റും ബാങ്കിങ്ങ് സിസ്റ്റവും ഒക്കെ വികസിക്കാത്തയിടങ്ങളിലുള്ളവർക്കും ഒക്കെ പറ്റിയത്.

 

നിയന്ത്രിക്കാനോ വിലക്കാനോ കഴിയില്ല - ഒരു ഗവണ്മെന്റിനും ഒരു ഏജൻസിക്കും ഒരു ബിറ്റ്‌കോയിൻ അക്കൗണ്ട് മരവിപ്പിക്കാനോ ഒരു ഇടപാട് പോലും ബ്ലോക്ക് ചെയ്യാനോ കഴിയില്ല.  


തൊടുത്താൽ തിരിച്ചെടുക്കാനാവാത്തത് - കാശ് പോലെ തന്നെ ഒരിക്കൽ കൊടുത്താൽ പിന്നെ മടക്കി എടുക്കാൻ കഴിയില്ല. കിട്ടിയ ആൾ മടക്കി നൽകിയാൽ മാത്രമേ തിരിച്ചു കിട്ടൂ. 


വേഗത കൂടിയത് - ഇടപാടുകൾ സെക്കന്റുകളിൽ കഴിയും. ഒരു മണിക്കൂർ കഴിഞ്ഞാൽ പിന്നെ ചെയ്ത ഒരു ഇടപാടിൽ യാതൊരു തിരിമറിയും കാണിക്കാൻ പറ്റില്ല.  


എന്നും ലഭ്യമായത് - ദിവസത്തിൽ 24 മണിക്കൂറും വർഷത്തിൽ 365 ദിവസവും ഇടപാടുകൾ നടത്താം. ബാങ്ക് ഒഴിവുകളോ ദേശീയ അവധികളോ ബാധകമല്ല.  


സമൂഹത്തിലെ പണം


ഒരു സമൂഹത്തിൽ പണം ഉപയോഗപ്രദമാകണമെങ്കിൽ രണ്ട് കാര്യങ്ങളെങ്കിലും നടക്കണം - സമൂഹത്തിൽ പണം ഉണ്ടാകാൻ ഒരു പ്രക്രിയയും അതിനു കുറച്ച് ആളുകളും വേണം, പണം ചിലവാക്കാനും ഒന്നോ അതിലധികമോ പ്രക്രിയകളും അതിനുള്ള ആളുകളും വേണം. ഈ രണ്ടിൽ ഒരു തരം ആളുകൾ മാത്രമേ ഉള്ളെങ്കിൽ സിസ്റ്റം അധികകാലം നിലനിൽക്കില്ല. രണ്ടു തരം ആളുകളെയും ആകർഷിക്കാൻ വേണ്ട കാര്യങ്ങൾ സിസ്റ്റത്തിൽ ഉണ്ടാവണം. പണത്തിനു വേണ്ട ചില പ്രത്യേകതകൾ ആണ് - അത് ഉണ്ടാക്കാൻ എളുപ്പമാവരുത് (അല്ലെങ്കിൽ എല്ലാവരും കയറി പണം ഉണ്ടാക്കാൻ തുടങ്ങും). പണം സ്ഥിരമായി ഉണ്ടായിക്കൊണ്ടിരിക്കാൻ സിസ്റ്റത്തിൽ ഒരു വഴി വേണം. പണം ഉണ്ടാക്കാൻ ഒരു കൂട്ടം ആളുകൾ സിസ്റ്റത്തിൽ വേണം, അവർക്ക് പണം ഉണ്ടാക്കിക്കൊണ്ടിരിക്കാൻ നല്ല ഒരു പ്രചോദനം വേണം. (അല്ലെങ്കിൽ ആരും പണം ഉണ്ടാക്കില്ല). പണം തിരിച്ചറിയാൻ എളുപ്പമാവണം (കള്ളനോട്ട് ഇല്ലാതെയാക്കാൻ), ഉപയോഗിക്കാൻ എളുപ്പമാവണം, കൈമാറാൻ എളുപ്പമാവണം, സൂക്ഷിക്കാൻ പ്രയാസമുണ്ടാവരുത്.


ബിറ്റ്‌കോയിനിൽ പണം എങ്ങനെ ഉണ്ടാവുന്നു?


സാധാ കറൻസിയുടെ കാര്യത്തിൽ പണം ഉണ്ടാക്കുന്നത് കേന്ദ്ര ബാങ്ക് ആണ്. ബിറ്റ്‌കോയിനിന്റെ കാര്യത്തിൽ "കേന്ദ്ര" എന്ന് തുടങ്ങുന്ന ഒരുപരിപാടിയെയും നമ്മൾ ഏരിയായിൽ അടുപ്പിക്കില്ല എന്ന് പലതവണ പറഞ്ഞു കഴിഞ്ഞു. അപ്പോൾ പിന്നെ പണം ഉത്പാദിപ്പിക്കാൻ എന്താണ് മാർഗ്ഗം? ആ പണി നെറ്റ്‌വർക്കിലെ നോഡുകളെ ഏൽപ്പിക്കുക. വെറുതെ പണം ഉണ്ടാക്കാൻ പറഞ്ഞാൽ അവർ എല്ലാവരും അവരവരുടെ വഴിക്ക് തോന്നിയ പോലെ പണം ഉണ്ടാക്കിയാലോ? അങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ടി പണം എങ്ങനെ ഉണ്ടാക്കും എന്നതിനെപ്പറ്റി കുറച്ച് നിയമങ്ങൾ ഉണ്ടാക്കി. പണം ഉണ്ടാക്കുന്ന പ്രക്രിയ ബുദ്ധിമുട്ടുള്ളതാക്കി. അതെ സമയം ആ ബുദ്ധിമുട്ട് സഹിക്കുന്നവർക്ക് അതിനുള്ള പ്രതിഫലം കിട്ടും എന്ന് ഉറപ്പു വരുത്തി. ദശകങ്ങൾക്ക് മുന്നേ സ്വർണ്ണം കുഴിച്ചെടുക്കുന്ന പ്രക്രിയയോടാണ് സതോഷി ഇതിനെ ഉപമിച്ചത്. അത് കൊണ്ട് അതിനെ ബിറ്റ്‌കോയിൻ ഖനനം എന്നാണു വിളിക്കുന്നത്. ഖനനം വഴി നോഡുകൾ നിയമങ്ങൾ എല്ലാം അനുസരിച്ചാണോ പണം ഉണ്ടാക്കിയതെന്ന് എളുപ്പത്തിൽ മറ്റു നോഡുകൾക്കും പണം ഉപയോഗിക്കുന്നവർക്കും പരിശോധിക്കാൻ ചില മാർഗ്ഗങ്ങളും കൂടി ഉൾപ്പെടുത്തി ബിറ്റ്‌കോയിൻ ഉണ്ടാക്കൽ പ്രക്രിയ സതോഷി ബലവത്താക്കി.   


ബിറ്റ്‌കോയിൻ പണം ഉണ്ടാക്കാൻ പ്രത്യേക പദവികൾ ഒന്നും ആവശ്യമില്ല. ലോകത്താർക്കും പണം ഉണ്ടാക്കുന്ന ഒരു നോഡ് സ്വയം സെറ്റ് ചെയ്യാൻ സാധിക്കും. ഇതിനുള്ള സോഫ്റ്റ്‌വെയർ ഓപ്പൺ സോഴ്സ് ആയി ലഭ്യമാണ്, സെർവർ സെറ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്. അപ്പോൾ നിങ്ങൾക്ക് ഒന്നെങ്കിൽ ബിറ്റ്‌കോയിൻ പണം സ്വയം ഉണ്ടാക്കാം, അല്ലെങ്കിൽ അത് ഉണ്ടാക്കിയ ആരുടെയെങ്കിലും കൈയിൽ നിന്ന് സാധാ പണം കൊടുത്ത് വാങ്ങാം. ബിറ്റ്‌കോയിൻ പണം സാധാരണ വാങ്ങാൻ പറ്റുന്നത് ബിറ്റ്‌കോയിൻ എക്സ്ചേഞ്ചുകളിൽ നിന്നാണ്. പല രാജ്യങ്ങളിലും ഈ എക്സ്ചേഞ്ചുകൾ ഉണ്ട്. 


ബിറ്റ്‌കോയിനിൽ പണം എങ്ങനെ സൂക്ഷിക്കുന്നു?


പണം നിങ്ങൾക്ക് സൂക്ഷിക്കാൻ ഒരു ബിറ്റ്‌കോയിൻ വാലറ്റ് (പേഴ്‌സ്) വേണം. ഒന്നുകിൽ നിങ്ങൾക്ക് വാലറ്റ് സ്വന്തം കമ്പ്യൂട്ടർ-ൽ സെറ്റ് ചെയ്യാം (നേരത്തെ നോഡിന്റെ കാര്യത്തിൽ പറഞ്ഞ പോലെ ഇതിനുള്ള നിർദ്ദേശങ്ങളും ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറും


ലഭ്യമാണ്). മറ്റൊരു മാർഗ്ഗം ഉള്ളത് ബിറ്റ്‌കോയിൻ വാലറ്റ് സെർവീസ് ആയി തരുന്ന ഏതെങ്കിലും സൈറ്റിൽ പോയി വാലറ്റ് പണം കൊടുത്ത് മേടിക്കാം. അപ്പോൾ നമ്മൾ ബിറ്റ്‌കോയിൻ പണം നമ്മുടെ വാലറ്റിൽ സൂക്ഷിക്കുന്നു. (ശരിക്കും പറഞ്ഞാൽ ബിറ്റ്‌കോയിൻ പണം എന്നൊന്നില്ല. നമ്മുടെ പേരിലുള്ള, നാം തിരഞ്ഞെടുക്കുന്ന ഒരു ഇന്റര്നെറ് അഡ്രസ്സ് മാത്രമാണ് പണം.)


ബിറ്റ്‌കോയിനിൽ പണം എങ്ങനെ കൈമാറുന്നു?


ഇനി ഈ പണം എങ്ങനെ കൈമാറാം എന്ന് നോക്കാം. ബിറ്റ്‌കോയിനിൽ ഇടപെടുന്ന ഓരോരുത്തരും ഓരോ നോഡുമായിട്ടാണ് ഇടപെടുന്നത്. ആകെ 10,000-ഓളം നോഡുകളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ളത്. ആലീസ് എന്ന ഉപഭോക്താവിന് 10 ബിറ്റ്‌കോയിൻ ബോബ് എന്ന ഉപഭോക്താവിന് നൽകണം എന്ന് കരുതുക. ആലീസ് ഒരു ഇടപാട് സന്ദേശം ("ഞാൻ 10 ബിറ്റ്‌കോയിൻ ബോബിനു കൊടുക്കുന്നു") തന്റെ നോഡ് വഴി നെറ്റുവർക്കിലേക്ക് അയക്കുന്നു. ഓരോ നോഡും അടുത്തുള്ള 8 മുതൽ 12 വരെ നോഡുകളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ സന്ദേശം നോഡുകളിൽ നിന്ന് നോഡുകളിലേക്ക് സഞ്ചരിച്ച് എല്ലാ നോഡിലും എത്തും. അങ്ങനെ എല്ലാ നോഡും ഈ ഒരു ഇടപാടിനെപ്പറ്റി അറിയും. ബോബിന്റെ നോഡിൽ ഈ സന്ദേശം എത്തുമ്പോൾ ബോബിനു മനസിലാവും തനിക്ക് പണം ലഭിച്ചു എന്ന്. 


ഏത് അഡ്രസിൽ നിന്നാണോ പണം ലഭിച്ചത്, എത്ര പണം ആണ് കൈമാറുന്നത്, സ്വീകർത്താവിന്റെ ബിറ്റ്‌കോയിൻ അഡ്രസ് എന്നിവയാണ് ട്രാൻസാക്ഷനിൽ ഉള്ളത്. ഓരോ പണമിടപാടിലെ പണവും ഇവിടെ ഉത്ഭവിച്ചു, ഏതൊക്കെ അഡ്രസിൽ കൂടെ കൂടെ സഞ്ചരിച്ചു എന്ന വിവരം ഇടപാടുകൾ പരിശോധിക്കുന്നതിലൂടെ ലഭിക്കും. ഇത് ഇങ്ങനെ സംവിധാനം ചെയ്തത് കൊണ്ട് ഒരേ പണം രണ്ടു തവണ ചിലവാക്കാനാവില്ല. പണത്തിന്റെ തുടക്കം മുതൽ ഇന്ന് വരെയുള്ള മുഴുവൻ ചരിത്രവും ബ്ലോക്ക്-ചെയിൻ പരിശോധിക്കുന്നതിലൂടെ ലഭിക്കും. അത് കൊണ്ട് ഡബിൾ സ്‌പെൻഡിങ്ങ് പോലെയുള്ള ഉഡായിപ്പുകൾ നടക്കില്ല. ഫ്രോഡ് രീതിയിൽ (നെറ്റ്‌വർക്കിന്റെ നിയമം അനുസരിക്കാതെ) പണം കൃത്രിമമായി ഉണ്ടാക്കാനാവില്ല.


നമ്മുടെ ഓരോ ഇടപാടിനും വെവ്വേറെ ബിറ്റ്‌കോയിൻ അഡ്രസ് ഉപയോഗിക്കാൻ സാധിയ്ക്കും. ഇങ്ങനെയാണ് അനോണിമിറ്റി ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാൻ സാധിയ്ക്കുന്നത്.  


ബ്ലോക്ക്-ചെയിൻ രംഗപ്രവേശം ചെയ്യുന്നു


ഇത് സിമ്പിൾ ആണ് പക്ഷെ പവർഫുൾ അല്ല. കാരണം ഈ ഇടപാട് സന്ദേശങ്ങൾ തലങ്ങും വിലങ്ങും പറന്നു നടക്കും. എല്ലാ നോഡിനും ഈ സന്ദേശങ്ങൾ നോക്കിയിരിക്കാനെ സമയം കാണൂ. മാത്രമല്ല, പഴയ സന്ദേശങ്ങൾ ഒക്കെ ഏത് ഓർഡറിൽ ആണ് വരിക എന്ന് പറയാൻ പറ്റില്ല. ഒരു നോഡ് ഇടയ്ക്ക് കുറച്ച് നേരം ഡൗൺ ആയിരുന്നാൽ അതിനു അപ്പോഴത്തെ സന്ദേശങ്ങൾ നഷ്ടപ്പെടും. ഇതിനൊക്കെ പരിഹാരമായാണ് ബ്ലോക്ക്-ചെയിൻ അവതരിക്കുന്നത്. ട്രാൻസാക്ഷനുകൾ വെറുതെ ഒന്നൊന്നായി പറന്നു നടക്കാൻ സമ്മതിക്കാതെ ഓരോ പത്തു മിനിറ്റിലെയും ട്രാൻസാക്ഷനുകൾ എല്ലാം കൂടി ഒന്നിച്ച് ഒരു ബ്ലോക്ക് ആയി ഉണ്ടാക്കുക. എന്നിട്ട് ഈ ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിച്ച് ഒരു ചങ്ങല ആക്കി അങ്ങനെ ബ്ലോക്ക്-ചെയിൻ ഉണ്ടാക്കുക. ഒരൊറ്റ ചെയിൻ ആണെങ്കിൽ നോഡുകൾക്ക് ട്രാൻസാക്ഷനുകൾ തിരഞ്ഞു പിടിക്കാൻ എളുപ്പമാവും. 2009-ൽ ബിറ്റ്‌കോയിൻ ഉണ്ടാക്കിയത് മുതൽ ഇന്ന് വരെയുള്ള എല്ലാ ഇടപാടുകളും ബിറ്റ്‌കോയിനിന്റെ ബ്ലോക്ക്-ചെയിനിൽ ഉണ്ട്. ഇതെല്ലാം കൂടെ ഏകദേശം 30 ജിബി-ക്ക് അടുത്താണ് ഡേറ്റ.


ബ്ലോക്ക് എഴുതുന്നത് ബിറ്റ്‌കോയിൻ നെറ്റ്‌വർക്കിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. പ്രാധാന്യമുള്ള കാര്യങ്ങൾ വരുമ്പോഴൊക്കെ നമ്മൾ കേന്ദ്രീകൃത പരിഹാരമാർഗ്ഗങ്ങൾ തേടാതെ നോഡുകളെ ആശ്രയിക്കും. ട്രാൻസാക്ഷനുകളുടെ ബ്ലോക്കുകൾ എഴുതിയുണ്ടാക്കുന്ന പണിയും നോഡുകൾ ആണ് ചെയ്യുന്നത്. വെറുതെ ഒരു പണി ചെയ്യാൻ പറഞ്ഞാൽ ആരും ചെയ്യില്ലല്ലോ - അതുകൊണ്ട് ബ്ലോക്ക് എഴുതുന്ന പണി ചെയ്യുന്ന നോഡുകൾക്ക് പാരിതോഷികം ആയി ബിറ്റ്‌കോയിൻ ഉണ്ടാക്കാൻ ഉള്ള അവകാശം കൊടുക്കുന്നു. ബിറ്റ്‌കോയിൻ തുടങ്ങിയ സമയത്ത് ഒരു ബ്ലോക്ക് എഴുതിയാൽ നോഡിന് 50 ബിറ്റ്‌കോയിൻ പ്രതിഫലം ആയി കിട്ടിയിരുന്നു. ഓരോ നാല് വർഷത്തിലും (അല്ലെങ്കിൽ ഓരോ 210,000 ബ്ലോക്കുകൾ ചേർക്കപ്പെടുമ്പോഴും) ബ്ലോക്കിൽ നിന്ന് കിട്ടുന്ന ബിറ്റ്‌കോയിനുകളുടെ എണ്ണം പകുതിയായി കുറഞ്ഞു കൊണ്ടിരിക്കും. ഇപ്പോൾ ഒരു ബ്ലോക്ക് എഴുതുന്ന നോഡിന് കിട്ടുന്നത് 12.5 ബിറ്റ്‌കോയിൻ ആണ്. ബ്ലോക്ക് എഴുതുന്ന പ്രക്രിയയെയാണ് ഖനനം എന്ന് പറയുന്നത് - കാരണം ആ പ്രക്രിയ വഴി ഖനനം ചെയ്ത നോഡിന് പുതിയ ബിറ്റ്‌കോയിനുകൾ ലഭിക്കുന്നു. ഇത് കൂടാതെ ബ്ലോക്ക് എഴുതുന്നതിന് പ്രതിഫലമായി എഴുതിയ നോഡിന് ഒരു ഇടപാട് ഫീസും ലഭിക്കും. 


ബ്ലോക്കിന് ഒരു ഹെഡർ ഉണ്ട്, പിന്നെ അതിൽ ചേർക്കപ്പെട്ടിരിക്കുന്ന ഇടപാടുകളുടെ ശ്രേണി ഉണ്ട്, എഴുതിയ സമയം ഉണ്ട്. ഈ ബ്ലോക്കിന് മുന്നത്തെ ബ്ലോക്കിന്റെ ഒരു ഹാഷ് കൂടി ഓരോ ബ്ളോക്കിലും എഴുതി ചേർക്കണം. ഓരോ ബ്ലോക്കിൽ നിന്നും അതിനു മുന്നത്തെ ബ്ലോക്കിലേക്ക് ഒരു ലിങ്ക്. അതാണ് ബ്ലോക്ക്-ചെയിൻ ഉണ്ടാക്കുന്നത്. ഓരോ ബ്ളോക്കിലും അതിനു തൊട്ടു മുൻപത്തെ ബ്ലോക്കിലേക്ക് മാത്രമേ ലിങ്ക് ചേർക്കാൻ കഴിയൂ, ഒന്നിലധികം ലിങ്ക് പറ്റില്ല. ഉത്ഭവ ബ്ലോക്ക് മുതൽ ഇപ്പോഴത്തെ ബ്ലോക്ക് വരെ ഇങ്ങനെ ഒരു


ശ്രേണി ഉണ്ടാക്കപ്പെട്ടിട്ടുണ്ട്.


"പണിയെടുത്തതിന്റെ തെളിവ്" എന്ന പണി


ചുമ്മാ കുറെ ട്രാൻസാക്ഷനുകൾ കൂട്ടി ചേർത്ത് ഒരു നോഡ് ആയി എഴുതിയാൽ ഇന്ന് ഒന്നിന് പതിനയ്യായിരം ഡോളറോളം വിലയുള്ള ബിറ്റ്‌കോയിനുകൾ 12 എണ്ണം ലഭിക്കുമെങ്കിൽ എല്ലാ നോഡും ബ്ലോക്ക് എഴുതുന്നതിൽ മത്സരം ആയിരിക്കുമല്ലോ... ശരിക്കും മത്സരം തന്നെയാണ് നടക്കുന്നത്. എന്നാൽ എല്ലാവരും ഒരേ ബ്ലോക്ക് തന്നെ പല തവണ എഴുതി ചേർക്കാൻ നോക്കിയാൽ ബ്ലോക്ക്-ചെയിൻ എന്നത് ബ്ലോക്ക്-ഗ്രാഫോ ബ്ലോക്ക്-പദപ്രശ്നമോ മറ്റോ ആവും. അത് ഒഴിവാക്കാനും പിന്നെ ബിറ്റ്‌കോയിൻ ഉണ്ടാക്കുന്ന പ്രക്രിയ ബുദ്ധിമുട്ടുള്ളതാക്കാനും (ഓർക്കുക, പണം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടാവണം) "പണിയെടുത്തതിന്റെ തെളിവ്" എന്നൊരു സംഭവം ബ്ലോക്ക് എഴുതുന്നതിൽ കൂട്ടിച്ചെർത്തു.  


ഖനനം എന്നത് പെട്ടെന്ന് തീരുന്ന അല്ലെങ്കിൽ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ലാതെ ഇരിക്കേണ്ടത് സിസ്റ്റത്തിന്റെ ആവശ്യമാണ്. അത്കൊണ്ട് മനഃപൂർവ്വം ഖനനം ഏകദേശം 10 മിനിറ്റ് എടുക്കുന്ന പ്രക്രിയ ആയിട്ടാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയാണ് "പണിയെടുത്തതിന്റെ തെളിവ്" ആവശ്യപ്പെടുന്നത്. അതായത് ഖനനം ചെയ്ത നോഡ് (കമ്പ്യൂട്ടർ) അതിന്റെ വിഭവങ്ങൾ ഉപയോഗിച്ച് പണിയെടുത്തു എന്ന് തെളിയിക്കണം. ഇതിന് ക്രിപ്റ്റോഗ്രാഫി ആണ് ഉപയോഗിക്കുന്നത്. ബ്ലോക്കിന്റെ ഹെഡർ ഹാഷ് ചെയ്ത് ആ കിട്ടുന്ന ഹാഷ്-മൂല്യം ബ്ലോക്കിൽ ചേർക്കണം എന്ന നിബന്ധന ആണിത്. എന്നാൽ വെറുതെ ഹാഷ് ചെയ്‌താൽ പോരാ, കിട്ടുന്ന മൂല്യം ഒരു പ്രത്യേക വിലയേക്കാൾ (ടാർഗെറ്റ്) ചെറുതായിരിക്കണം എന്നൊരു നിബന്ധന കൂടിയുണ്ട്. വേറെ ഒരു തരത്തിൽ പറഞ്ഞാൽ ഹാഷ്-മൂല്യത്തിൽ ആദ്യത്തെ കുറെ അക്കങ്ങൾ 0 ആയിരിക്കണം. ക്രിപ്റ്റോഗ്രാഫിയിൽ ഹാഷ് ചെയ്യുമ്പോൾ എന്ത് വില കിട്ടും എന്ന് ഒരിക്കലും പ്രവചിക്കാൻ പറ്റില്ല. ബ്ലോക്ക് ഹെഡർ എടുത്ത് ഹാഷ് ചെയ്യുക, കിട്ടുന്ന വിലയിൽ ആവശ്യത്തിന് പൂജ്യങ്ങൾ ഉണ്ടോ എന്ന് നോക്കുക, ഇല്ലെങ്കിൽ നൗൺസ്‌ എന്ന വിളിക്കുന്ന ഒരു സ്ഥിരസംഖ്യയോട് ഒന്ന് എന്ന ആക്കം കൂട്ടിയിട്ട് ആ കിട്ടുന്ന വാക്ക് ബ്ലോക്ക് ഹെഡറിനോട് ചേർക്കുക, അങ്ങനെ കിട്ടുന്ന പുതിയ ബ്ലോക്ക് ഹെഡർ വീണ്ടും ഹാഷ് ചെയ്യുക എന്നിങ്ങനെ ആ പ്രക്രിയ തുടരണം. ആദ്യ ആക്കങ്ങൾ 0 ആയി കിട്ടാൻ വളരെയധികം തവണ ഹാഷ് ചെയ്തേ മതിയാവൂ...ഒരു തവണ ഹാഷ് ചെയ്യൽ കമ്പ്യൂട്ടറുകൾക്ക് പൂ പറിക്കുന്നത് പോലെ നിസാരമായ കാര്യമാണ്. പക്ഷെ ആദ്യ അക്കങ്ങൾ 0 ആയ ഹാഷ്-മൂല്യം ഉണ്ടാക്കുന്നത് ഒരു ജില്ലയിലെ എല്ലാ പൂങ്കാവനങ്ങളിലെയും എല്ലാ അരിമണിയും തപ്പി നടക്കുന്നത് പോലത്തെ പരിപാടിയാണ്. ഇതാണ് "പണിയെടുത്തതിന്റെ തെളിവ്" എന്ന എട്ടിന്റെ പണി. ശരിയായ ഹാഷ്-മൂല്യം കിട്ടിക്കഴിഞ്ഞാൽ അപ്പോഴത്തെ ഹെഡറും ഹാഷ്-മൂല്യവും ബ്ലോക്കിൽ ചേർത്തിട്ട് ആ ബ്ലോക്ക് ചെയിനിൽ ചേർക്കണം. ഒരോ 2016 ബ്ലോക്ക് എഴുതിക്കഴിയുമ്പോഴും ബ്ലോക്ക് എഴുതാനുള്ള ബുദ്ധിമുട്ട് ശരിയായ അളവിൽ തന്നെ ഇല്ലേ എന്ന് ഒരു പരിശോധന കൂടിയുണ്ട്. ശരിയല്ലെങ്കിൽ നേരത്തെ പറഞ്ഞ ടാർഗെറ്റ് വില മാറ്റി എഴുതും. അങ്ങനെ ബ്ലോക്ക് എഴുതാൻ ഏകദേശം 10 മിനിറ്റ് എടുക്കും എന്ന് ഉറപ്പാക്കും. നെട്ടൂരാണൊനാടാ കളി? 


ഖനനം സമയമെടുക്കുന്ന പണി ആയി ഡിസൈൻ ചെയ്തിരിക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട് - ഇത് ചെയ്തില്ലെങ്കിൽ ഒരു കേന്ദ്രീകൃത സമയ സെർവർ വേണ്ടി വരും. കേന്ദ്രീകൃത സെർവറുകൾ എല്ലാം നമുക്ക് ഹറാമായത് കൊണ്ട് ആ സെർവർ എടുത്ത് കളഞ്ഞിട്ട് ഖനന പ്രക്രിയ നീളംകൂട്ടിയതാക്കി. ഒരു ബ്ലോക്കിൽ അതിനു മുന്നത്തെ ബ്ലോക്കിന്റെ ഹാഷ് ഉള്ളത് കൊണ്ട് ബ്ലോക്കുകളുടെ കാലാനുക്രമത (chronology) ഉറപ്പാക്കപ്പെട്ടിരിക്കുന്നു. അതായത്, മുന്നത്തെ ബ്ലോക്ക് ബ്ലോക്ക്-ചെയിനിൽ ഇല്ലായിരുന്നെങ്കിൽ അതിന്റെ ഹാഷ് ഇപ്പോഴത്തെ ബ്ലോക്കിൽ ചേർക്കാൻ പറ്റില്ല. ഒരു ബ്ലോക്ക് എഴുതിക്കഴിഞ്ഞ് അൽപ്പം കഴിഞ്ഞ് ആ ബ്ലോക്കിലെ ഡേറ്റ മാറ്റിയെഴുതാൻ പറ്റില്ല. കാരണം ഒരു ബ്ലോക്കിലെ ഡേറ്റ മാറ്റിയാൽ ആ ബ്ലോക്കിന്റെ ഹാഷ് മാറും. അപ്പോൾ പിന്നെ അതിനു ശേഷം വരുന്ന ബ്ലോക്കിൽ ഉള്ള പുറകിലേക്കുള്ള ഹാഷ്-ലിങ്ക് തെറ്റും. ഇടയ്ക്കുള്ള ഒരു ബ്ലോക്ക് വിജയകരമായി മാറ്റാൻ അത് കഴിഞ്ഞുള്ള എല്ലാ ബ്ലോക്കും മാറ്റി എഴുതേണ്ടി വരും. നോഡുകളിൽ മുഴുവൻ തന്നെ ഹാക്കർമാർ അയാലെ ഇങ്ങനെ എന്തെങ്കിലും നടക്കും. കുറച്ച് സത്യസന്ധ നോഡുകൾ എങ്കിലും ഉണ്ടെങ്കിൽ ഇങ്ങനത്തെ ഫ്രോഡ് പരിപാടി നടപ്പാക്കാൻ പറ്റില്ല. ഇത് കൊണ്ടാണ് ബ്ലോക്ക്-ചെയിനിലെ ഇടപാടുകൾ തിരിച്ചെടുക്കാനോ തിരുത്താനോ കഴിയാത്തവ ആണെന്ന് പറയുന്നത്. 


ബ്ലോക്കിന്റെ ഹെഡറിന്റെ ശരിയായ ഹാഷ്-മൂല്യം കിട്ടാൻ ബ്ലോക്ക് എഴുതുന്ന നോഡിന് സാധാരണ 10 മിനിറ്റോളം എടുക്കുമെങ്കിലും മറ്റു നോഡുകൾക്ക് ആ ഹാഷ്-മൂല്യം ശരിയാണോ എന്ന് പരിശോധിക്കാൻ സെക്കന്റിന്റെ വളരെ ചെറിയ ഒരു അംശം സമയം മാത്രം മതി. കാരണം അവർക്ക് എഴുതി വെച്ചിരിക്കുന്ന ബ്ലോക്കിന്റെ ഹെഡറിനെ ഒരു തവണ ഹാഷ് ചെയ്തിട്ട് കിട്ടുന്ന ഹാഷ്-മൂല്യം തന്നെയാണോ ബ്ലോക്കിൽ ഹാഷ്-മ്യൂല്യം ആയിട്ട് എഴുതിച്ചെർത്തിരിക്കുന്നത് എന്ന് പരിശോധിച്ചാൽ മാത്രം മതി. ഇങ്ങനെ ട്രാൻസാക്ഷൻ ഒറിജിനൽ ആണോ എന്ന് പരിശോധിക്


കാൻ വളരെ എളുപ്പമാണ്.  


ചുരുക്കത്തിൽ സജീവമായ എല്ലാ നോഡുകളും ഓരോ പത്ത് മിനിറ്റിലും ഒരു ബ്ലോക്ക് എഴുതാൻ ശ്രമിക്കും. "പണി ചെയ്തതിന്റെ തെളിവ്" ഉണ്ടാക്കാൻ എല്ലാ നോഡുകളും ശ്രമിക്കും. ആദ്യം തെളിവ് ഉണ്ടാക്കുന്ന നോഡ് മത്സരത്തിൽ ജയിക്കും. പുതിയ ബ്ലോക്ക് ബ്ലോക്ക്-ചെയിനിൽ കൂട്ടിച്ചെർക്കും, ഇന്നത്തെ നിരക്കിൽ 12.5 ബിറ്റ്‌കോയിൻ സ്വന്തമാക്കും. ബ്ലോക്ക് ചേർത്തുകഴിഞ്ഞാൽ നോഡ് പുതുതായി കിട്ടിയ ബ്ലോക്ക് എല്ലാ നോഡുകളിലേക്കും അയക്കും. നോഡുകൾ കിട്ടുന്ന ബ്ലോക്കിലെ ഹാഷ്-മൂല്യം കൃത്യമാണോ എന്ന് വളരെ പെട്ടെന്ന് പരിശോധിക്കും - ക്ര്യത്യമാണെങ്കിൽ അവരവരുടെ കൈയിലെ ബ്ലോക്ക്-ചെയിനിൽ ആ ബ്ലോക്ക് കൂട്ടിച്ചെർക്കും, എന്നിട്ട് പുതിയ ബ്ലോക്ക് ചുറ്റുമുള്ള നോഡുകളിലേക്ക് അയക്കും. അങ്ങനെ പുതിയ ബ്ലോക്ക് എല്ലാ നോഡുകളിലും എത്തിച്ചേരും, ബ്ലോക്ക്-ചെയിൻ വളരും വലുതാവും. 


വളരെ അപൂർവ്വമായി രണ്ടു നോഡുകൾ ഒരേ സമയം ശരിയായ ഹാഷ്-മൂല്യം കണ്ടുപിടിച്ച് ബ്ലോക്ക് ബ്ലോക്ക്-ചെയിനിൽ കൂട്ടിച്ചെർക്കാറുണ്ട്. ഇങ്ങനെ സംഭവിച്ചാൽ താൽക്കാലികമായി ബ്ലോക്ക്-ചെയിനിൽ ഒരു ബ്രാഞ്ച് ഉണ്ടാവും. അതായത് നേരത്തത്തെ ഒരു ബ്ലോക്കിന് താഴെ രണ്ടു ബ്ലോക്കുകൾ ഉണ്ടാവും. ചില നോഡുകളിൽ ആദ്യ ബ്രാഞ്ചും മറ്റു ചിലതിൽ രണ്ടാം ബ്രാഞ്ചും ആദ്യം എത്തും. പക്ഷെ അടുത്ത പത്ത് മിനിറ്റിൽ മറ്റൊരു ബ്ലോക്ക് മറ്റേതെങ്കിലും നോഡ് എഴുതിച്ചേർക്കുമ്പോൾ ഈ ബ്രാഞ്ചുകളിൽ ഒന്ന് മറ്റേതിനേക്കാളും വലുതാവും. ഒരു ബ്രാഞ്ച് വലുതായിക്കഴിഞ്ഞാൽ മറ്റേ ബ്രാഞ്ചിനെ അനാഥ ബ്രാഞ്ച് ആയി പ്രഖ്യാപിക്കും. അതിൽ ഉള്ള ട്രാൻസാക്ഷനുകൾ പ്രധാന ബ്രാഞ്ചിലേക്ക് കൂട്ടിച്ചെർക്കപെടും. ഇങ്ങനെ എല്ലായ്പ്പോഴും ബ്ലോക്ക്-ചെയിനിൽ ഒരു പ്രധാന ചെയിൻ മാത്രമേ ഉള്ളു എന്ന് ഉറപ്പു വരുത്തുന്നു. 2009-ൽ സതോഷി ആദ്യമായി എഴുതിയ ബ്ലോക്കിനെ ഉൽപ്പത്തി ബ്ലോക്ക് എന്ന് വിളിക്കുന്നു. ഇന്ന് ഉണ്ടാക്കപ്പെടുന്ന ബ്ലോക്കുകളിൽ നിന്ന് ചെയിൻ വഴി സഞ്ചരിച്ച് ഉൽപ്പത്തി ബ്ലോക്കിൽ എത്താൻ പറ്റും.


ബിറ്റ്‌കോയിൻ നെറ്റ്‌വർക്കിൽ ഉള്ള നോഡുകളിൽ എല്ലാം ബ്ലോക്ക്-ചെയിനിന്റെ ഒരു മുഴുവൻ പകർപ്പ് സൂക്ഷിച്ചിട്ടുണ്ടാവും. നോഡ് ആദ്യമായി നെറ്റ്‌വർക്കിൽ ചേരുമ്പോൾ അടുത്തുള്ള നോഡുകളുമായി കണക്ഷൻ ഉണ്ടാക്കും. എന്നിട്ട് അത് വരെ ഉള്ള ബ്ലോക്ക്-ചെയിനിലെ ബ്ലോക്കുകൾ എല്ലാം കാര്യക്ഷമമായി ഡൗൺലോഡ് ചെയ്ത് ബ്ലോക്ക്-ചെയിനിന്റെ പകർപ്പ് സ്വന്തമായി ഉണ്ടാക്കും. ഓരോ തവണ ബ്ലോക്കുകൾ ഉണ്ടാകുമ്പോഴും അത് നോഡുകളിൽ നിന്ന് നോഡുകളിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടും. അങ്ങനെ എല്ലാ സജീവ നോഡിലും പുതിയ നോഡുകൾ എത്തിച്ചെരും. ഒരു നോഡ് കുറച്ച് കാലം സജീവമല്ലാതിരുന്നിട്ട് പിന്നീട് തിരിച്ച് വന്നാൽ അത് അടുത്തുള്ള നോഡുകളോട് ബ്ലോക്കുകൾ ചോദിച്ച് വാങ്ങി സ്വന്തം ബ്ലോക്ക്-ചെയിൻ പുനർസൃഷ്ടിക്കും. ഈ ബ്ലോക്ക് കൊടുക്കൽ-വാങ്ങലുകൾ കാര്യക്ഷമമായി നടത്താൻ അൽഗോരിതങ്ങളും പ്രോട്ടോക്കോളുകളും ഉണ്ട്.   


ആകെ 21 മില്യൺ ബിറ്റ്‌കോയിനുകൾ മാതമേ ഖനനം ചെയ്യപ്പെടുകയുള്ളു. ഇപ്പോഴത്തെ രീതിയിൽ ആണ് കാര്യങ്ങളുടെ പോക്കെങ്കിൽ അവസാനത്തെ ബിറ്റ്‌കോയിൻ ഖനനം ചെയ്യപ്പെടാൻ പോകുന്നത് AD 2140-നു അടുത്തായിരിക്കും. ആ 21 മില്യണിന്റെ 80%-ഓളം ഭാഗം ഇതിനകം ഖനനം ചെയ്യപ്പെട്ടു കഴിഞ്ഞു - അതായത് 16,768,050 ബിറ്റ്‌കോയിനുകൾ. 


ആദ്യ ബിറ്റ്‌കോയിനിന്റെ വില ഒരു സെന്റിലും (ഡോളറിന്റെ നൂറിലൊന്ന്) താഴെയായാണ് കണക്കാക്കപ്പെട്ടിരുന്നത്. പതിനായിരം ബിറ്റ്‌കോയിൻ കൊടുത്ത് 2 പിസ വാങ്ങിയ കാര്യം ബിറ്റ്‌കോയിൻ പാണന്മാർ പാടി നടക്കാറുണ്ട്. ഇന്ന് ഒരു ബിറ്റ്‌കോയിനിന്റെ വില പതിനയ്യായിരം ഡോളറിനടുത്താണ്. ആദ്യ ഉൽപ്പത്തി ബ്ലോക്ക് ഖനനം ചെയ്ത സതോഷി ആദ്യ കാലങ്ങളിൽ ഒരു മില്യനോളം ബിറ്റ്‌കോയിനുകൾ ഖനനം ചെയ്തിട്ടുണ്ട്. സതോഷിയുടെ പേരിലുള്ള ബിറ്റ്‌കോയിനുകളുടെ ഇന്നത്തെ വില 18 ബില്യണ് അടുത്തായാണ് കണക്കാക്കപ്പെടുന്നത്. 2011-ഓടെ സതോഷി ബിറ്റ്‌കോയിനുമായുള്ള ബന്ധം അവസാനിപ്പിച്ച് എന്നെന്നേക്കുമായി വിടവാങ്ങിയിരുന്നു. 233 ബില്യൺ ആണ് ബിറ്റ്‌കോയിനിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ. ഇത് പല ഭീമൻ കമ്പനികളെക്കാൾ കൂടുതലാണ്. ആകെ 501,444-ൽ അധികം ബ്ലോക്കുകൾ ബിറ്റ്‌കോയിനിന്റെ ബ്ലോക്ക്-ചെയിനിൽ 

ഇപ്പോൾ ഉണ്ട്.


വിക്കിലീക്ക്സ് ഡൊണേഷനായി ബിറ്റ്‌കോയിൻ സ്വീകരിച്ചിരുന്നു. തായ്‌ലൻഡ് ബിറ്റ്‌കോയിൻ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ബിറ്റ്‌കോയിനിനെ പണമായി തന്നെ അംഗീകരിച്ചിട്ടുണ്ട്. ബാർക്ലെയ്‌സ് പോലെയുള്ള ബാങ്കുകൾ ബിറ്റ്‌കോയിൻ സ്വീകരിച്ച് തുടങ്ങി. മൈക്രോസോഫ്റ്റ് അടക്കം 160,000-ഓളം കമ്പനികൾ ബിറ്റ്‌കോയിൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സമ്മതിക്കുന്നുണ്ട്. ഭാവിയെ മാറ്റിമറിക്കാൻ പോകുന്ന ഒരു സാങ്കേതികവിദ്യയായിട്ടാണ് ബിറ്റ്‌കോയിൻ വിലയിരുത്തപ്പെടുന്നത്. പണം, പണമിടപാടുകൾ, സ്റ്റോക്ക് മാർക്കറ്റ്, ബാങ്കിങ്ങ്, സപ്ലൈ-ചെയിൻ, വ്യാപാരം, കൺസെൻസസ്, എഗ്രിമെൻറ്സ് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ നമ്മൾ ഇപ്പോൾ പരിചയിച്ചിരിക്കുന്ന രീതിയിൽ നിന്ന് നാളെ ബിറ്റ്‌കോയിനും ബ്ലോക്ക്-ചെയിനും നിയന്ത്രിക്കുന്ന രീതിയിലേക്ക് മാറാൻ സാധ്യതയുണ്ട്.

Report Page