Baran

Baran

Sher
#sherreview

Baran » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ ഒരിക്കലും മനസ്സമാധാനത്തോടെ ജീവിക്കാൻ വിധിക്കപ്പെടാത്ത ഒരു ജനതയാണ് അഫ്‌ഗാനികൾ. സാമ്രാജ്യങ്ങളുടെ ശവക്കല്ലറ എന്നറിയപ്പെട്ട അഫ്‌ഗാനായിരുന്നു സോവിയറ്റ് യൂണിയന്റെ വരെ പതനത്തിന് കാരണമായത്. 1979 മുതൽ 1989 വരെ ഏതാണ്ട് ഒരു ദശകത്തോളം നീണ്ടുനിന്ന അഫ്ഗാൻ - സോവിയറ്റ് യൂണിയൻ യുദ്ധം ഒരു ജനതയുടെ തന്നെ ജീവിതം ദുരിതപൂർണ്ണമാക്കി. ഒരുപാട് പേർക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടപ്പോൾ ബാക്കിയുള്ളവർ അയൽ രാജ്യങ്ങളിലേക്ക് കുടിയേറി, അധികവും ഇറാനിലേക്കായിരുന്നു. സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിന് ശേഷം അമേരിക്കയുടെ സഹായത്തോടെ ഉയർന്നുവന്ന വന്ന താലിബാനും ആ ജനതയ്ക്ക് മനസ്സമാധാനം കൊടുത്തില്ല. അവസാനം താലിബാന്റെ ജീവനെടുക്കാൻ അമേരിക്ക 

ഇറങ്ങിത്തിരിച്ചപ്പോഴും നഷ്ടം ആ ജനതയ്ക്ക് മാത്രമായിരുന്നു. ഇറാനിലേക്ക് കുടിയേറിയ ഒരു അഫ്ഗാൻ അഭയാർത്ഥി കുടുംബത്തിലെ പെൺകുട്ടിയോട് പ്രണയത്തിലാകുന്ന ഒരു ഇറാനി കൗമാരക്കാരന്റെ കഥ പറയുന്നതാണ് ബറാൻ. ഫാമിലി ഡ്രാമകൾ മാത്രം സൃഷ്ടിക്കുന്ന മാജിദ് മജീദി എന്ന എന്റെ തെറ്റിദ്ധാരണയെ തിരുത്തിയെഴുതിയ പ്രണയകാവ്യം. പറയാതെ പോയ പ്രണയത്തെ മനുഷ്യർ ഓമനപ്പേരിട്ടു വിളിച്ചത് "പരിശുദ്ധ പ്രണയം" എന്നാണ്. അതല്ലേ കാവ്യനീതിയും.. 


■ മാജിദ് മജീദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച റൊമാന്റിക് ഡ്രാമാ പേർഷ്യൻ ചിത്രമാണ് ബറാൻ. മുഹമ്മദ്‌ ദാവൂദി ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അഹ്മദ് പേഷ്മാനാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.. 


✍sʏɴᴏᴘsɪs         


■ മേമറെന്ന ബിൽഡിങ് കോൺട്രാക്റ്ററുടെ സഹായിയായി ജോലി ചെയ്യുന്ന പതിനേഴുകാരനായിരുന്നു ലത്തീഫ്. മേമറുടെ ബിൽഡിങ് സൈറ്റിലെ ജോലിക്കാർക്ക് ആവശ്യമുള്ള ഭക്ഷണവും സാധനങ്ങളും എത്തിച്ചുകൊടുക്കുക, അവർക്ക് ചായ കൊടുക്കുക ഇവയൊക്കെയായിരുന്നു അവന്റെ ജോലി. മേമറുടെ ജോലിക്കാരിൽ അധികവും അഫ്ഗാൻ അഭയാർത്ഥികളായിരുന്നു, അവർക്ക് കുറഞ്ഞ കൂലി കൊടുത്താൽ മതി എന്നത് തന്നെയായിരുന്നു കാരണം. ഒരു ദിവസം നജാദ് എന്നൊരു അഫ്ഗാൻ ജോലിക്കാരന് കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് സാരമായ പരിക്കേൽക്കുന്നു. കൗമാരക്കാരനായ ലത്തീഫിന് അതുപോലും തമാശയായിരുന്നു. കാല് തകർന്ന നജാദിനെ അവർക്ക് മടക്കിയയക്കേണ്ടി വരുന്നു. പക്ഷേ, പിറ്റേന്ന് നജാദിന്റെ സുഹൃത്തും മറ്റൊരു അഫ്‌ഗാനി ജോലിക്കാരനുമായിരുന്ന സുൽത്താൻ, നജാദിന്റെ മകൻ റഹ്മത്തിന് നജാദിന്റെ ജോലി കൊടുക്കണമെന്ന അപേക്ഷയുമായി മേമറിന്റെ അടുത്ത് ഒരു പതിനാലുകാരൻ കുട്ടിയുമായെത്തുന്നു. മേമർ നജാദിന്റെ ജോലി റഹ്മത്തിന് കൊടുക്കുന്നു. പക്ഷേ, മുതിർന്നവർ ചെയ്യുന്ന ജോലി ചെയ്യാനുള്ള ശേഷി റഹ്മത്തിനില്ല എന്ന് മനസ്സിലാക്കുന്ന മേമർ ലത്തീഫിന്റെ ജോലി അവനും ലത്തീഫിന് വലിയവരുടെ ജോലിയും മാറിനൽകുന്നു. ഇത് ലത്തീഫിനെ ദേഷ്യപ്പെടുത്തുന്നു, അവൻ റഹ്മത്തിനെ പല തരത്തിലും ഉപദ്രവിക്കാൻ തുടങ്ങുന്നു. എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി റഹ്മത്ത് ഒരു പെൺകുട്ടിയാണെന്നു തിരിച്ചറിയുന്ന ലത്തീഫിന്റെ ദേഷ്യം പ്രണയത്തിന് വഴിമാറുന്നു. ബറാൻ എന്നായിരുന്നു അവളുടെ യഥാർത്ഥ പേര്.. 


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     


■ ലത്തീഫായി വേഷമിട്ട ഹുസൈൻ അബെദേനിയുടേതും ബറാനായി അഭിനയിച്ച സഹ്‌റ ബഹ്‌റാമിയുടേതും മികച്ച പ്രകടനം തന്നെയായിരുന്നു. കോൺട്രാക്റ്റർ മേമറായി റേസാ നജിയും വേഷമിട്ടിരിക്കുന്നു. അബ്ബാസ് റഹീമി (സുൽത്താൻ), ഗുലാം അലി ബക്ഷി (നജാഫ്, ബറാന്റെ പിതാവ്), ജാഫർ തവക്കുലി (ഇൻസ്‌പെക്ടർ), പർവേസ് ലാറിജാനി (കടക്കാരൻ), പെയ്‌മാൻ ദറായൻ (ബിൽഡിങ് എഞ്ചിനീയർ), ക്രിസ്റ്റഫർ മാലികി (ഹസ്സൻ) തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ.. 


📎 ʙᴀᴄᴋwᴀsʜ


■ പതിവുപോലെ ലോകത്തിന്റെ പല ഭാഗത്തുള്ള ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമടക്കം പുരസ്കാരങ്ങൾ വാരിക്കൂട്ടി. മികച്ച വിദേശഭാഷാ സിനിമയ്ക്കുള്ള ഓസ്കാർ പുരസ്‌കാരത്തിന് ഇറാന്റെ ഔദ്യോഗിക എൻട്രിയായിരുന്നു. ഇതിലെ നായികാ കഥാപാത്രമായ ബറാന് ഒരു സംഭാഷണം പോലുമില്ലായിരുന്നു. 


7.8/10 . IMDb

89% . Rotten Tomatoes

 ©Riγαs Ρυliκκαl

ഈ സിനിമ വേണ്ടവർ ഉടനെ ജോയിൻ ചെയ്യൂ

👉 @sherlibrary


സിനിമാ reviews നായി

👉 @cinematicworld

Report Page