Aval

Aval

Sher1983
#review

ഹൊറർ സിനിമകൾ എന്നും ക്ലീഷേയാണ്. ഒരു വീട്, കുട്ടികൾ, പുതുതായി താമസം മാറി വരുന്നവർ,മന്ത്രവാദി/പ്രീസ്റ്റ്, അല്ലെങ്കിൽ അസാമാന്യ കഴിവുള്ള ഒരു സപ്പോർട്ടിങ് ക്യാരക്ടർ,മൈക്കൾ ജാക്സനെ പോലെ ബ്രേക്ക്‌ ഡാൻസ് കളിക്കുന്ന വിരൂപയായ പ്രേതം എന്നിങ്ങനെ ക്ലീഷേയുടെ എണ്ണം എടുത്താൽ ഇനിയും ഉണ്ടാകും കുറേ... ക്ലീഷേ ഉടച്ചു സിനിമയെടുക്കുവാൻ ആരും മിനക്കെടാറില്ല. അതിൽ നിന്നു തന്നെ ആസ്വാദ്യകരമായ രീതിയിൽ കഥ പറഞ്ഞാൽ ആ സിനിമ പ്രേക്ഷകർ ഏറ്റെടുക്കും. അത്തരത്തിൽ തരക്കേടില്ലാത്ത ഒരു ഹൊറർ അനുഭവമാണ് അവൾ. 


ജമ്പ് സ്‌കെയർ എന്നൊരു കാര്യം ഇല്ലായിരുന്നു എങ്കിൽ ഈ സിനിമയിൽ ഭയപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല. ആ ജംപ് സ്‌കെയർ രംഗങ്ങൾ വരുന്നത് പ്രതീക്ഷിക്കുന്ന രംഗങ്ങളിൽ തന്നെ ആയതിനാൽ വലിയ ഇമ്പാക്റ്റ് ഒന്നും ഉണ്ടാക്കിയില്ല. എന്നാൽ ടെക്ക്നിക്കലി മികച്ചൊരു സൃഷ്ടിയാണ് അവൾ. ഛായാഗ്രഹണം കഥയോട് ചേർന്ന് നില്ക്കുന്നു.ചിത്രം മുഴുവൻ നമുക്ക് നല്കുന്നത് ഒരു ഹൊറർ അറ്റ്മോസ്ഫിയർ ആണ്. ചുവപ്പ് കൂടുതൽ കലർത്തിയ കളർ ടോൺ അതിനു ഒരുവിധം സഹായകരമായിട്ടുണ്ട്. 


സൗണ്ട് മിക്സിങ്, പശ്ചാത്തല സംഗീതം, ആർട്ട്, മേക്കപ്പ് എന്നിവയും പ്രശംസനീയം തന്നെ. എന്നിരുന്നാലും ഒരു പ്രേതത്തിന്റെ മേക്കപ്പ് കാണുമ്പോൾ ചെറുതായി ചിരി വന്നിരുന്നു എന്ന കാര്യം മറക്കുന്നില്ല. എക്സൊർസിസം കാണിക്കുന്ന രണ്ട് രംഗങ്ങളിൽ ഒന്ന് മികച്ചു നിന്നു. അതിൽ ഒരു പ്രീസ്റ്റ് ഒരു കയ്യിൽ ബൈബിളും ഒരു കയ്യിൽ കുരിശുമായി ഇംഗ്ലീഷിൽ പറയുന്നത് കേട്ടു എമിനെമിന്റെ റാപ്പ് ഓർമ വന്നു. 


ഇതെന്റെ വീടാണ്..ഇറങ്ങി പോകൂ എന്ന് ഗ്രഹാം ചെയ്തു അറ്റാച്ച് ചെയ്ത സൊസൈറ്റിക്കാരെ പോലെ ഇതിലെ പ്രേതവും പറയുന്നുണ്ട്. കൃത്യമായി പ്രേതമുള്ള വീട്ടിലേക്കു താമസം മാറുന്ന കഥാപാത്രങ്ങൾ ഇനിയും ഉണ്ടാകണം..കൂടെ ഒരു കൊച്ചു കുട്ടിയും വേണം..പെൺകുഞ്ഞാണെങ്കിൽ അത്യുത്തമം. 


മെന്റലിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരൊക്കെ പഴഞ്ചൻ ആയതിനാൽ ഇത്തവണ പ്രേതം കമ്മ്യുണിക്കേഷൻ പാർട്ണർ ആക്കിയത് ഒരു സാൻഡ് ആർട്ടിസ്റ്റ്നെയാണ്. ഒരു പക്ഷെ ദാസേട്ടനെ പോലെ ഒരു ഗായകനെ കൂട്ടുപിടിച്ചു എങ്കിൽ ഫ്ലാഷ്ബാക്ക് മൊത്തം ഒരു പാട്ടായി അങ്ങ് പാടിയേനെ..ഇതിപ്പോ ആ മഞ്ഞത്ത് മണലൊക്കെ അന്വേഷിച്ചു..ഹോ..വല്യ കഷ്ടം തന്നെ.... 


തമിഴ് വായിക്കാൻ അറിയുന്നതിനാൽ ചില കാര്യങ്ങളുടെ ക്രിയേറ്റിവിറ്റി ഒരുപാട് ഇഷ്ടമായി. ഉദാഹരണത്തിന് തുടക്കത്തിലെ നായകന്റെയും നായികയുടെയും പാട്ടിൽ അവരുടെ ബന്ധം വിവരിക്കുന്ന കവിത എഴുതിയ വിധം, സൈക്കാട്രിസ്റ്റ് ജെന്നിയെ കുറിച്ച് മനസ്സിൽ ചിന്തിച്ചതെല്ലാം സ്‌ക്രീനിൽ എഴുതി കാണിച്ചത് ഇവയെല്ലാം വോയിസ്‌ ഓവറിനെക്കാളും നന്നായി തോന്നി. 


പ്രകടനം ഏവരുടെയും നന്നായിരുന്നു. സിദ്ധാർഥ്-ആൻഡ്രിയ എന്നിവരുടെ കെമിസ്ട്രി കിക്കിടു ആയിരുന്നു. അതുൽ കുൽക്കർണി കിട്ടിയ വേഷം നന്നായി ചെയ്തു. പേരറിയാത്ത എല്ലാവരും, ആ കൊച്ചു കുട്ടിയടക്കം നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഒരു തവണ തീയേറ്ററിൽ കണ്ടു ആസ്വദിക്കാനുള്ള വകയെല്ലാം അവൾ നൽകുന്നുണ്ട്. 


സിനിമ തീർന്നപ്പോൾ എഴുതികാണിച്ച ഒരു കാര്യം..."ഒരു പെണ്ണിനെ ബലികൊടുത്ത് ഒരു ആൺകുട്ടി വേണം എന്നാണെങ്കിൽ അങ്ങനൊരു ആൺകുട്ടിയെ വേണ്ടാ". തമിഴ് നാട്ടിൽ പെൺഭ്രൂണഹത്യ വലിയൊരു വിഷയമാണോ എന്നറിയില്ല. അങ്ങനെ ആണെങ്കിൽ അതിനെതിരെ ഒരു മെസ്സേജ് നല്കണം എന്ന് ഈ സിനിമ കൊണ്ട് നിങ്ങൾ ആഗ്രഹിച്ചു എങ്കിൽ അതു പറയേണ്ട വിധത്തിൽ പറയാനായില്ല എന്നും അറിയിക്കുന്നു. 

©sidyzworld.wordpress.com

@sher1983r

Report Page