Aurora

Aurora

wisdom net

ഭൂമിയുടെ കാന്തികധ്രുവങ്ങളിൽ നിന്ന് 18° മുതൽ 23° വരെ അകലെയുള്ള ഉപര്യന്തരീക്ഷമേഖലകളിൽ രാത്രിയുടെ ആദ്യയാമം മുതൽ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി(ഇംഗ്ലീഷ്: 'Aurora')എന്ന് പറയുന്നത്. ഇത് പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്.സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ദക്ഷിണധ്രുവത്തിൽ ഇത്തരത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് അറോറ ഓസ്ട്രേലിസ് (Aurora Australis). ഉത്തരധ്രുവത്തിൽ രാത്രി ആകാശത്തുകാണപ്പെടുന്ന ദീപ്തിപ്രസരമാണ് അറോറ ബോറിയാലിസ്(Aurora Borealis).

മിക്കപ്പോഴും ഏതാനും മിനിട്ടുകൾ മാത്രം നീണ്ടുനില്ക്കുന്ന ഈ പ്രകാശധോരണി ചിലപ്പോൾ മണിക്കൂറുകളോളം തുടർന്നു പോവാറുണ്ട്. വിദൂരതയിൽ അഗ്നിജ്വാലപോലുള്ള ഒരു തേജസ്സ് പ്രത്യക്ഷപ്പെടുന്നു. വിവിധ വലിപ്പത്തിലും വർണത്തിലുമുള്ള പ്രകാശനാടകളായി അവ ആകാശത്തിന്റെ ഉച്ചകോടിയിലേക്കു നീളുന്നു. പിന്നെ അവ അങ്ങനെതന്നെ തങ്ങിനിന്നു വെളിച്ചം വിതറും. ചുവപ്പ്, പച്ച, നീല വർണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ചിലപ്പോൾ മൂടൽമഞ്ഞുപോലെ തോന്നിക്കുന്ന ഇരുട്ടിന്റെ നേരിയ പാടയിൽ ഈ ദീപ്തിപ്രസരം പാടെ മങ്ങിപ്പോകുന്നു. അല്പസമയത്തിനുശേഷം ഈ മറ ഭേദിച്ചു വീണ്ടും പ്രകാശം പരക്കുന്നു. അപ്പോൾ ഉലയിലിട്ടു പഴുപ്പിച്ച ഇരുമ്പുപാളിയുടെ ശോഭയായിരിക്കും പ്രകാശവീചികൾക്കുണ്ടാവുക. പ്രഭാതമാകുന്നതോടെ ഈ പ്രകാശം ക്രമേണ വിളറിവെളുത്ത് അന്തർധാനം ചെയ്യുന്നു. തീവ്രതയിലും വർണപ്പകിട്ടിലും പ്രകൃതിയിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ ആവർത്തിക്കുന്നത്. ഒരേ സ്ഥാനത്തുതന്നെ തുടർന്നു പ്രത്യക്ഷപ്പെടണമെന്നുമില്ല. ഇവ ചന്ദ്രികയുള്ള രാത്രികളിൽ പ്രായേണ മങ്ങിക്കാണപ്പെടും. അറോറാകളിലെ വർണവിശേഷങ്ങളിൽ പ്രമുഖം പച്ചകലർന്ന മഞ്ഞയാണ്. ചിലപ്പോൾ ഇളം നീലയോ ചുവപ്പോ ആയിക്കൂടെന്നില്ല. സൗരപ്രജ്ജ്വാലകളുടെ ആധിക്യമുള്ളപ്പോൾ വർണരാജിയിലെ മുന്തിയ നിറം കടുംചുവപ്പായിരിക്കും. പച്ചകലർന്ന മഞ്ഞയുടെ പശ്ചാത്തലത്തിൽ ചുവപ്പും നീലയും ഇടകലർന്ന നാടകളോടുകൂടിയ തൊങ്ങലുകളാണ് അറോറാപ്രകാശത്തിലെ അത്യന്തം ആകർഷകമായ ദൃശ്യം.

രാത്രിയുടെ ആരംഭത്തിൽത്തന്നെ പ്രഭാവൈചിത്ര്യം പ്രത്യക്ഷപ്പെടുന്നു. എന്നാൽ അർധരാത്രിക്ക് ഒന്നോ രണ്ടോ മണിക്കൂറുകൾക്കു മുൻപാണ് പ്രകാശം ഏറ്റവും തീക്ഷ്ണമാകുന്നത്.വിഷുവ (Equinox) കാലങ്ങൾക്കടുത്ത് അറോറാകളുടെ ആവൃത്തി അധികമായി കാണുന്നു. സൗര ആളലുകൾക്കു (solar flares) ശേഷം അറോറകൾ വളരെ തീവ്രമായിരിക്കുന്നതായും കാണുന്നു. ഉത്തര ദക്ഷിണ ധ്രുവദീപ്തികൾ തമ്മിൽ കാര്യമായ യാതൊരു വ്യത്യാസവുമില്ല. ഭൂമിയുടെ കാന്തികധ്രുവത്തെ ചുറ്റി 23° അകലത്തോളമുള്ള മേഖലയിലാണ് അറോറാ ബോറിയാലിസ് പ്രത്യക്ഷപ്പെടുന്നത്. അറോറാ ആസ്റ്റ്രേലിസ് ആകട്ടെ കാന്തികധ്രുവത്തിന് 18° അകലത്തോളം മാത്രം പ്രത്യക്ഷപ്പെടുന്നു. ഉത്തരാർധഗോളത്തിൽ കാന്തികധ്രുവത്തിന്റെ സ്ഥാനം ഗ്രീൻലൻഡിന്റെ വ.പടിഞ്ഞാറു ഭാഗത്തുള്ള തൂലെ (Thule) ആണ്. അലാസ്ക, ഹഡ്സൺ ഉൾക്കടൽ, ലാബ്രഡോർ, നോർവേ, സ്വീഡൻ, സൈബീരിയയുടെ വടക്കൻതീരം എന്നീ പ്രദേശങ്ങൾ അറോറാ മേഖലയിൽ ഉൾ പ്പെട്ടിരിക്കുന്നു. ദക്ഷിണാർധഗോളത്തിൽ കാന്തികധ്രുവവും അറോറാ മേഖലയും അന്റാർട്ടിക്കയിലാണ്.

സൗര-പ്രജ്ജ്വാലകളുമായുള്ള ബന്ധം പരിഗണിച്ചാൽ സൂര്യനിൽനിന്നുള്ളകണവികിരണങ്ങളാണ് (corpuscular radiation) ധ്രുവദീപ്തിക്കു ഹേതുവെന്ന് അനുമാനിക്കാം. കാരണം മേല്പറഞ്ഞ സമയാന്തരാളം അടിസ്ഥാനമാക്കി നോക്കുമ്പോൾ കാന്തികവിക്ഷോഭങ്ങൾക്കും അറോറാകൾക്കും നിദാനമാകുന്ന സൗരോത്സർജങ്ങൾ പ്രകാശരശ്മികളോളം വേഗത്തിൽ സഞ്ചരിക്കുന്നില്ല; വിദ്യുത് കാന്തിക (electro magnetic) വികിരണംകൊണ്ടല്ല അറോറാകൾ ഉണ്ടാകുന്നതെന്നു സാരം.

അറോറാപ്രകാശത്തിനു ധ്രുവണം(polarisation) സംഭവിച്ചുകാണുന്നില്ല. ഇതിൽനിന്നു പ്രതിപതനമോ,അപവർത്തനമോ മൂലമുണ്ടാകുന്ന പ്രകാശ വിശേഷമല്ല ധ്രുവദീപ്തിയുടേതെന്നു നിർണയിക്കാം. സ്വയം പ്രകാശികവസ്തുക്കളാണ് അറോറായ്ക്കു ഹേതു. വർണരാജിയുടെ വിശ്ലേഷണത്തിലൂടെ വിവിധ ശാസ്ത്രകാരന്മാർ ധ്രുവദീപ്തിയുടെ സ്വഭാവം നിർണയിച്ചിട്ടുണ്ട്. പച്ചയും ചുവപ്പും നിറങ്ങൾക്കു നിദാനം അണുഓക്സിജനാണ്. ചുവപ്പിന്റെയും അവരക്തവർണത്തിന്റെയും മേഖലകളിൽ നൈട്രജൻതന്മാത്രകളാണ്. അൾട്രാവയലറ്റ് മേഖലയിൽ നൈട്രജൻ തന്മാത്രകളുടെ മറ്റൊരു വീചിയാണുള്ളത്.അണുഹൈഡ്രജന്റെ സാന്നിധ്യവും തെളിയിക്കപ്പെട്ടിട്ടുണ്ട് (വേഗാഡ്; 1939). ന്യൂട്ടന്റെ കണക്കനുസരിച്ചുള്ള സമയാന്തരാളം സൂര്യനിൽനിന്ന് ഉത്സർജിക്കപ്പെടുന്ന അണുഹൈഡ്രജന് അന്തരീക്ഷത്തിന്റെ അതിർത്തിയോളം സഞ്ചരിച്ചെത്തുന്നതിനു വേണ്ടിവരുന്ന സമയമാണെന്നു മെയ്നെൽ (1950) ഊഹിച്ചു. ബഹിരാകാശത്തിൽ നിന്ന് അന്തരീക്ഷത്തിലേക്കടിഞ്ഞുകയറുന്ന പ്രോട്ടോണുകളാണ് അറോറാകൾക്കു നിദാനമെന്നായിരുന്നു മെയ്നെലിന്റെ സിദ്ധാന്തം. സൂര്യനിൽനിന്നു പ്രസരിക്കുന്ന പ്രോട്ടോണുകൾസെക്കൻഡിൽ 3,200 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്നു. അവയുടെ അന്തരീക്ഷത്തിലേക്കുള്ള നുഴഞ്ഞുകയറ്റം, അന്തരീക്ഷഘടകങ്ങളുടെ തന്മാത്രകളിൽനിന്നുംഇലക്ട്രോണുകളെ മോചിപ്പിക്കുന്നു. ഈ ഇലക്ട്രോണുകൾ വിസർജിക്കുന്ന ചാലകോർജം പ്രകാശോത്സർജനത്തിനു കാരണമാകുന്നതാണ് അറോറാകളെന്നായിരുന്നു മെയ്നെലിന്റെ വിശദീകരണം.

see more at

https://wisdomnet4u.blogspot.in/2017/06/aurora.html?m=1

Report Page