article

article

KM Sherif

ലോക്സഭയിൽ സംഘികളുടെ മർമ്മത്തിൽ കുത്താൻ ഉവൈസിയെ കഴിച്ചിട്ടേ ആളുള്ളൂ. അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിച്ചു തൃപ്തി അടയുക എന്നതിൽ കവിഞ്ഞു അദ്ദേഹം ഉന്നയിച്ച ഒരൊറ്റ ചോദ്യത്തിനും മറുപടി പറയാൻ അമിത് ഷായ്ക്ക് കഴിയുകയില്ല. ഇന്ത്യയുടെ വലിയൊരു ഭാഗം ചൈന കൈയടക്കി വെച്ചിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ചൈനയുടെ പേര് പറയാത്തത് എന്ത് എന്ന് അദ്ദേഹം ചോദിക്കുന്നു. അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ എതിർചേരിയിൽ നിൽക്കുന്ന താജീക്/ഉസ്ബെക് ന്യൂനപക്ഷങ്ങളുടെ കാര്യം പരിഗണിക്കുന്ന രാഷ്ട്രീയ നയതന്ത്രജ്ഞത എന്ത് കൊണ്ട് സർക്കാർ കാണിക്കുന്നില്ല എന്ന് അദ്ദേഹം ചോദിക്കുന്നു. ഈ ചോദ്യങ്ങളുടെ പിന്നിൽ വലിയ ചരിത്രങ്ങളുണ്ട്. അവയിൽ പലതും ഉവൈസിക്ക് പോലും അറിയില്ല, അല്ലെങ്കിൽ അദ്ദേഹം ശ്രദ്ധിച്ചിട്ടില്ല. ഷെയ്ക്സ്പിയറിന്റെ ഏതോ നാടകത്തിൽ പറഞ്ഞ പോലെ , thereby hangs a tale.

ചൈനയുടെ കാര്യത്തിൽ ഇന്ത്യൻ ഭരണനേതൃത്വം പേടിത്തൂറികളായിരുന്നു എന്നും - നെഹ്രുവിന്റെ കാലത്ത് ഉൾപ്പെടെ. NEFA എന്ന് അന്ന് വിളിച്ചിരുന്ന വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ചൈനീസ് ആക്രമണം ഉണ്ടായപ്പോൾ ഒന്ന് ചെറുത്തു നിൽക്കുക പോലും ചെയ്യാതെ കുറ്റിപറിച്ചോടുകയായിരുന്നു ഇന്ത്യൻ സൈന്യം എന്ന് ആനന്ദിന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നുണ്ട്. നാഗന്മാർ സ്വതന്ത്ര രാഷ്ട്രവാദം ശക്തമായി ഉന്നയിച്ചു കൊണ്ടിരുന്ന കാലമാണ് അന്ന്. ചൈനീസ് സൈന്യം സ്വയം പിൻവാങ്ങിയപ്പോൾ നാഗാ പ്രദേശങ്ങളിൽ ഒരൊറ്റ ഇന്ത്യൻ സൈനികനും ഉണ്ടായിരുന്നില്ലെന്നും നാഗന്മാർക്ക് സുഖമായി ചൈനീസ് സഹായത്തോടെ സ്വതന്ത്രരാജ്യം പ്രഖ്യാപിക്കാമായിരുന്നു എന്നും നാഗ രാഷ്ട്രീയ നേതൃത്വത്തിന്റെ ചൈനീസ് വിരോധമാണ് അതിനു തടസ്സം നിന്നത് എന്നും വായിച്ചിട്ടുണ്ട്‌. അക്കാലത്ത് ഇന്ത്യൻ യുദ്ധത്തടവുകാരെ കൊണ്ട് അവരുടെ സ്വന്തം ഭാഷയിൽ ചൈനക്കും മാവോക്കും അനുകൂലമായി പ്രസ്താവന ഇറക്കിച്ചു റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്ന ചൈനീസ് കമ്മാണ്ടർമാരുടെ ക്രൂര വിനോദത്തെ പറ്റി കോവിലന്റെ "താഴ്‌വാരങ്ങൾ" എന്ന നോവലിൽ പരാമർശിക്കുന്നുണ്ട്. "ഞാൻ പടിഞ്ഞാറെപ്പാട്ടു ഗോപാലകൃഷ്ണന്റെ മകൻ രമേശൻ. ഇന്ത്യൻ സർക്കാറിന്റെ നിലപാട് ശരിയല്ല, മാവോയുടെ മഹത്തായ രാഷ്ട്രീയ നിലപാടിനെ ഞാൻ പിന്തുണക്കുന്നു" എന്നൊക്കെ മലയാളി യുദ്ധത്തടവുകാരെ കൊണ്ട് മലയാളത്തിൽ പറയിച്ചിരുന്നുവത്രേ! ചൈനയിൽ നിന്നുള്ള ലക്ഷക്കണക്കിന് തിബത്തൻ അഭയാർത്ഥികൾ ഇന്ത്യയിൽ ഉണ്ട്. തൊഴിൽ എടുത്ത് അരിഷ്ടിച്ചു ജീവിക്കുന്നവരും അമേരിയ്ക്കൻ ബന്ധമുള്ള വലിയ ധനികരും അവരുടെ കൂട്ടത്തിലുണ്ട്. ഈ രണ്ടാമത് പറഞ്ഞവരെ മൈസൂരിനടുത്ത് കുശാൽനഗറിലെ തിബത്തൻ കോളനിയിൽ കാണാം. തകൃതിയായി പണമിടപാടുകൾ നടക്കുന്ന Western Union ന്റെ രണ്ടോ മൂന്നോ കേന്ദ്രങ്ങൾ അവിടെയുണ്ട്. സ്റ്റാർ നിലവാരമുള്ള ചില ഹോട്ടലുകളും. ആദ്യം പറഞ്ഞ കൂട്ടരിൽ ചിലർ കേരളത്തിൽ അടക്കമുണ്ട്. എറണാകുളത്ത് കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്ന തിബത്തികളെ പറ്റി കുറച്ചു മുൻപ് വന്ന വാർത്തയിൽ സി ഐ ടി യുവിന്റെ നേതൃത്വത്തിലുള്ള വഴിവാണിഭക്കാരുടെ സംഘടനയിൽ അംഗങ്ങളാണ് അവരെല്ലാം എന്ന് പരാമർശമുണ്ടായിരുന്നു. ഈ തിബത്തികൾ ആരും ചൈനയിലേക്ക് തിരിച്ചു പോകുന്ന പ്രശ്നമില്ല എന്ന് അറിയാമല്ലോ. പക്ഷേ അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ചൈനയുടെ പേര് പറഞ്ഞാൽ ചൈനീസ് രാഷ്ട്രീയ നേതൃത്വം കണ്ണുരുട്ടും.

അഫ്‌ഗാനിസ്ഥാന്റെ കാര്യം എടുക്കുക. അഫ്‌ഗാനിസ്ഥാനിൽ നിന്ന് അഭയാർത്ഥികൾ ആദ്യം വന്നത് സോവിയറ്റ് അധിനിവേശക്കാലത്താണ്. ഇന്ദിരാ ഗാന്ധി സർക്കാരിന്റെ നിലപാട് സോവിയറ്റ് അനുകൂലമായിരുന്നെങ്കിലും അഭയാർത്ഥികളെ തടഞ്ഞില്ല. 1981ൽ ബ്രെഷ്നേവ് ഇന്ത്യ സന്ദർശിച്ചപ്പോൾ ചിലരെ കരുതൽ തടങ്കലിൽ ആക്കിയെങ്കിലും ചെറിയൊരു പ്രതിഷേധ പ്രകടനം നടത്താൻ അഭയാർത്ഥികൾക്ക് കഴിഞ്ഞു. അഭയാർത്ഥികളെ മുതലെടുത്ത് അമേരിക്കയുടെ സഹായത്തോടെ താലിബാനെ ഉണ്ടാക്കി ആയുധം അണിയിച്ചു അഫ്‌ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു രാഷ്ട്രീയം കളിച്ചത് പാകിസ്ഥാൻ പ്രസിഡന്റ് സിയാ ഉൽ ഹഖാണ്. 1988ൽ സിയാ ഉൽ ഹഖ് വിമാനാഅപകടത്തിൽ മരിച്ചതിന്റെ പിന്നിൽ സോവിയറ്റ് യൂണിയന്റെ കയ്യുണ്ടെന്നു പറയപ്പെടുന്നു. അമേരിക്ക അന്ന് കൊടുത്ത ആയുധങ്ങളാണ് താലിബാൻ ഇന്നും അമേരിക്കൻ-യൂറോപ്യൻ കാവൽ സൈന്യത്തിന് നേരെ പ്രയോഗിക്കുന്നത്. ഭസ്മാസുരന്റെ കഥ കേട്ടിട്ടില്ലേ! താലിബാൻ ഭരണത്തിൽ വന്നപ്പോൾ രണ്ടാമത്തെ അഭയാർത്ഥി പ്രവാഹം ഉണ്ടായി. അവരിൽ ഉവൈസി പരാമർശിച്ച ഉസ്ബെക്കുകളും താജിക്കുകളും പോലുള്ള ഭാഷാ ന്യൂനപക്ഷങ്ങൾ ഉണ്ടായിരുന്നു.

ഉവൈസി തന്നെ ഇന്ത്യൻ മുസ്ലിങ്ങളിലെ ന്യൂനപക്ഷമായ ഷിയാക്കളിൽ പെടും എന്നതാണ് എന്റെ അറിവ് . ഹൈദരാബാദി മുസ്ലിങ്ങൾ ബഹുഭൂരിപക്ഷവും ഷിയാക്കളാണ്. പാർലമെന്റിൽ ഒന്നിച്ചു നിൽക്കുമെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ മോന് ഉവൈസിയുടെ മകളെ കല്യാണം ആലോചിക്കുന്ന കാര്യം സംശയമാണ്! പാകിസ്ഥാനിലെ ഷിയാക്കളെ പറ്റിയും അഹമ്മദിയാക്കളെ പറ്റിയും ഉവൈസി പരാമർശിച്ചിട്ടുണ്ട് എന്ന് ആരോ പറഞ്ഞു. ഉണ്ടാകും. എനിക്ക് കാണാൻ കിട്ടിയത് എഡിറ്റ് ചെയ്ത വീഡിയോ ആയിരിക്കാം. പാകിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്ന അഹമ്മദിയാക്കളെ കൂടി സ്വീകരിക്കാൻ അമിത് ഷാ ഔദാര്യം കാണിച്ചിരുന്നെകിൽ അത് വലിയൊരു സംഭവം ആകുമായിരുന്നു. അവരെക്കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല. കേരളത്തിൽ ഉൾപ്പെടെ ഖാദിയാനികൾ എന്ന് അറിയപ്പെടുന്ന അഹമ്മദിയാക്കൾ പൊതുവെ മുസ്ലിം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ശ്രദ്ധിക്കുക (സമുദായത്തിലെ ചില അംഗങ്ങൾ അവർ അംഗങ്ങളായ ബഹുജന/സർവ്വീസ് സംഘടനകളുടെ സമ്മർദ്ദം കൊണ്ട് പ്രതിഷേധങ്ങളിൽ പങ്കെടുക്കാറുണ്ട് എന്ന് മാത്രം)

https://www.youtube.com/watch?v=6hODuHcRoAQ

Report Page