രണ്ടു പുരുഷന്മാരും ബുദ്ധിശൂന്യരായ കുറേ സ്ത്രീകളും

രണ്ടു പുരുഷന്മാരും ബുദ്ധിശൂന്യരായ കുറേ സ്ത്രീകളും



പണ്ട് സർക്കസുകളിൽ കോമാളികൾ ഉണ്ടായിരുന്നു. മനസിലെ വികാരം മുഖത്ത് ചായം തേച്ച് മറച്ച് പ്രത്യക്ഷപ്പെടുന്നവർ. പരസ്പരം വിഡ്ഢിത്തം കാണിച്ചും കളിയാക്കിയും കുള്ളന്മാരെ അധിക്ഷേപിച്ചും ഒക്കെ അവർ ജനങ്ങളെ രസിപ്പിച്ചു ഇത്തരക്കാർ പലരും നിലനിൽപ്പിനായാണ് ഇതൊക്കെ ചെയ്തത്. എന്നാൽ നമ്മുടെ ഹാസ്യത്തിന്റെ പാരമ്പര്യം കുഞ്ചൻ നമ്പ്യാരിൽ നിന്നും ആണെന്ന് പറയപ്പെടുന്നു അദ്ദേഹം ജനങ്ങളെ രസിപ്പിച്ച സമൂത്തിലെ മോശം പ്രവണതകളേയും ദുഷ്ടന്മാരായ ഭരണാധികാരികളേയും അധിക്ഷേപിച്ചാണ്.

സ്ത്രീകളുടെ അഭിമാനത്തെ അധിക്ഷേപിച്ചും , ഭാര്യമാരെ ബുദ്ധിശൂന്യരായി ചിത്രീകരിച്ചും പുരുഷന്മാർ കേമൻമാരാവുന്നതു കാട്ടിയും ജനങ്ങളുടെ കയ്യടി നേടുന്നതും അതിന് പ്രോത്സാഹനം നൽകുന്നതും ഒരു സിവിലൈസ്ഡ് ആയ സമൂഹത്തിന് യോജിച്ചതല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഹിന്ദിയിൽ പ്രശസ്തമായ ഒരു ടി. വി ഷോയുടെ തനി പകർപ്പ്. ഇതിന്റെ റൈറ്റ്സ് ഇവർ നേടിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഈ പരിപാടിയിൽ നർമം എന്ന പേരിൽ പറയുന്ന സ്ത്രീ വിരുദ്ധതയു അശ്ളീലവും ഇതിന് മുൻപും പലരും പറഞ്ഞിട്ടുണ്ട്. ഈ ഷോയുടെ ഫോർമാറ്റ് തന്നെ ഒരുതരം സാമൂഹിക വിരുദ്ധമായ രീതിയിൽ ആണ് കാണിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ഒരു മലയാളി കുടുംബം ആണ് പശ്ചാത്തലം അവിടുത്തെ ഗൃഹനാഥൻ , ഈ വീട്ടിലെ ഏതു കാര്യങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായം പറയുന്ന ഹൗസ് ഓണർ , ഓരോ എപ്പിസോഡിലും മാറി മാറി വരുന്ന അതിഥികൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

ഇനിയുള്ളത് രണ്ടു സ്ത്രീ കഥാപാത്രങ്ങൾ ഭാര്യ , അമ്മായി രണ്ടു ബുദ്ധിശൂന്യരായ സ്ത്രീകളായാണ് ഒട്ടുമിക്ക എപ്പിസോഡുകളിലും ഇവർ പ്രത്യക്ഷപ്പെടുന്നത്. അമ്മായി ഒരു അവിവാഹിതയാണ് , ഏറ്റവും കൂടുതൽ ഡിസ്റ്റർബിങ് ആയി തോന്നിയത് ഈ അമ്മായി കഥാപാത്രം ഷോയിലെ അതിഥികളായ പുരുഷ കഥാപാത്രങ്ങളുടെ മുൻപിൽ "അണിഞ്ഞൊരുങ്ങി" നിൽക്കാനും ഏതു പ്രായത്തിലുള്ള പുരുഷന്മാരുടെ മുന്നിലും സ്ക്രിപ്റ്റിനനുസരിച്ച് പ്രണയവും കാമവും അഭിനയിക്കാനുള്ള ഒരു കെട്ടുകാഴ്ച മാത്രമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്.


ഭാര്യ കഥാപാത്രം ഒരു " ബിംബോ" ക്യാരക്ടർ ആണ് എന്തു തന്നെ പറഞ്ഞാലും ഭർത്താവ് , ഹൗസ് ഓണർ അതിഥി എന്നീ മൂന്ന് കഥാപാത്രങ്ങൾ തീർപ്പ് കൽപ്പിക്കുന്നത് കേട്ട് മിണ്ടാതെ അകത്തെ മുറികളിലേക്ക് വളരെ വേഗം ഉൾവലിയും.

ബാക്കിതാരങ്ങൾ എപ്പിസോഡുകൾക്കനുസരിച്ച് ക്യാരക്ടർ മാറുമെന്നുമാത്രം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഈ കഥാപാത്രങ്ങളും ഷോ റൺ ചെയ്യുന്നവർക്ക് കളിയാക്കി കോമഡി "ഉണ്ടാക്കാനുള്ള" ചില സന്ദർഭങ്ങൾ മാത്രമാണ്. 

ഈ ഷോ ചിത്രീകരണം ഒരിക്കൽ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് ഓഡിയൻസിന് ട്രെയിനിങ് ഉണ്ട് ഒരു കോമാളിയെപ്പോലെ ഒരു ആർട്ടിസ്റ്റ് വന്ന് ചിരിച്ചു കാണിക്കും . എന്നിട്ട് അതേ പോലെ ചിരിക്കാൻ ആവശ്യപ്പെടും . നന്നായി ചിരിക്കുന്ന ഓഡിയൻസിനെ മുന്നിലായി ഇരുത്തും . കഴിഞ്ഞില്ല ചിരിക്കാത്തവരുടെ മുഖം ടിവിയിൽ വരില്ല എന്നു പറഞ്ഞു പേടിപ്പിക്കും 😂 ഓരോ വിറ്റ് പറയുമ്പോഴും ചിരി വന്നില്ലെങ്കിലും ചിരിക്കണം . ചിരിച്ചില്ല എങ്കിൽ ഓഡിയൻസിനെ ഗൃഹനാഥനും ഡയറക്ടറും ചീത്ത പറയും . പാവം പ്രേക്ഷകർ പരിപാടി ടിവിയിൽ കാണുമ്പോൾ ഇതൊന്നും അറിയാതെ അവരും കൂടെ ചിരിക്കും.

ടി.വി പരിപാടികളുടെ പൊളിറ്റിക്കൽ കറക്ട്നസ് ഒക്കെ നോക്കാമോ ? എന്നാണ് ആദ്യം മനസ്സിൽ തോന്നിയ ചോദ്യം . മിക്ക മലയാള കോമഡി പരിപാടികളും ഇതു തന്നെയാണ് അവസ്ഥ ചോദ്യം ചെയ്യുന്നത് തന്നെ അരസികർ ആണെന്ന പക്ഷമാണ് പലർക്കും.

വലിയൊരു വിഭാഗം ആളുകളെ ഇന്നും സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമമാണ് ടെലിവിഷൻ. ഈ സോഷ്യൽ മീഡിയ കാലത്തും ടെലിവിഷൻ പരിപാടികളുടെ സ്വീകാര്യതയ്ക്ക് മങ്ങൽ ഏറ്റിട്ടില്ല മിക്ക പ്രമുഖ ചാനലുകളും ആൻഡ്രോയിഡ് ആപ്പ്സിലേക്കും ഓൺലൈൻ സ്ട്രീമിംഗിലേക്കും ചേക്കേറാൻ കാരണവും ഈ വലിയ സ്വീകാര്യത മൂലമാണ്. സമൂഹത്തിലെ വലിയൊരു വിഭാഗത്തെ സ്വാധീനിക്കുന്ന ഇത്തരം പരിപാടികൾ പലപ്പോഴും നമ്മളാരും വിമർശനവിധേയമാക്കാറില്ല.തീർച്ചയായും ഇത്തരം വികൃതമായ കുടും സങ്കൽപങ്ങൾ നർമം എന്ന പേരിൽ നമ്മുടെ സ്വീകരണ മുറികളിൽ അശ്ളീലം പരത്താതിരിക്കട്ടെ.

Report Page