8

8


പിന്നെ വന്നത് വല്യൊരു അച്ചനാണ്. അദ്ദേഹവും എൻറെ കൈയിൽ നിന്ന് പച്ചവെള്ളം പോലും കുടിച്ചില്ല. ഒരു ക്രിസ്തു മതവിശ്വാസിയെ ഞാൻ എങ്ങനെയാണ് പാപിയും വ്യഭിചാരിയുമായി അധപ്പതിപ്പിച്ചതെന്ന് അദ്ദേഹം പള്ളിയിൽ സംസാരിക്കുന്നത് പോലെ വിശദീകരിച്ചു. എൻറെ ശ്വാസം നിലച്ചു പോയി. എൻറെ പരമവിശുദ്ധമായ പ്രണയം പാപവും വ്യഭിചാരവുമാണെന്ന്...ഒരു പുരോഹിതനാണ് പറയുന്നത്..സങ്കടം കൊണ്ട് എനിക്ക് ഭ്രാന്ത് പിടിച്ചു.

എനിക്ക് സ്വയം തോന്നുമ്പോൾ ഞാൻ ക്രിസ്തു മതം സ്വീകരിച്ചാൽ മതിയെന്ന് എൻറെ പുരുഷൻ എന്നോട് പറഞ്ഞിരുന്നു. അതു തന്നെയാണ് മതാധികാരികളോടും അദ്ദേഹം പറഞ്ഞത്. അപ്പോൾ എതിർപ്പ് എനിക്കാണെന്ന് അധികാരികൾക്ക് ഉറപ്പായി. ഒരു നരുന്ത് പെണ്ണിന് ഇത്ര ധിക്കാരമോ എന്ന് അവർ ന്യായമായും സംശയിച്ചു.

സ്വന്തം പുരോഗമനമുഖവും മാനവികതാവാദവും ഇടതുപക്ഷ ബുദ്ധിജീവി സഹയാത്രികത്വവും അദ്ദേഹത്തെ ശരിക്കും കഷ്ടത്തിലാക്കിയിരുന്നു. മതത്തിനോട് ഏറ്റുമുട്ടുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് അത് വളരെ വേഗം ബോധ്യമായി. അങ്ങനെ ആരോടും ഒന്നും വിശദീകരിക്കാനാവാത്തവിധം ഞാൻ ഏകാകിനിയായി മാറി.

ഓരോ തവണ സ്വന്തം വീട്ടിൽ പോയി വരുമ്പോഴും എൻറെ പുരുഷൻ എന്നോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. ഭക്ഷണം കഴിക്കാതെ കട്ടിലിൽ കമിഴ്ന്ന് കിടന്നു. ഞാൻ എന്തുവേണമെന്നറിയാതെ രാത്രികളിൽ മുറികളുടെ ദൂരമളന്നു. പിറ്റേന്ന് കേടുവന്ന ഭക്ഷണം പറമ്പിലേക്ക് വലിച്ചെറിഞ്ഞു. അതു കൊത്തിപ്പെറുക്കി കാക്കകൾ കാ കാ എന്ന് കരഞ്ഞു. പിന്നെ അവർ ദൂരേക്ക് പറന്നു പോയി..


Report Page