7

7


എൻറെ വീട്ടിൽ പതിവു പോലെ എല്ലാ കുറ്റവും അമ്മയുടെയും അമ്മീമ്മയുടേയും പ്രായപൂർത്തിയാകാത്ത അനിയത്തിമാരുടേയും തലയിൽ കെട്ടിവെക്കപ്പെട്ടു. അമ്മയും അനിയത്തിമാരും കുറേ മർദ്ദിക്കപ്പെടുകയും ചെയ്തു. എന്നിട്ടും അച്ഛൻ ഏകാകിയും രക്തസാക്ഷിയും വഞ്ചിതനും സഹതാപം നേടുന്നവനുമായി.

ഇക്കാര്യത്തിലൊന്നും യാതൊന്നും ചെയ്യാൻ പറ്റില്ല. അമ്മയും അനിയത്തിമാരും പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ പഠിക്കണമെന്നും എൻറെ പുരുഷൻ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. എനിക്ക് മാത്രമല്ല എൻറെ വീടിനു കൂടിയും ഒരു രക്ഷ കനായിരിക്കും അദ്ദേഹമെന്നായിരുന്നു പതിനെട്ട് വയസ്സിലെ എൻറെ ആരാധന.

അങ്ങനെ ഒരു ദിവസം നേരത്തേ എനിക്ക് എഴുത്തയച്ച കന്യാസ്ത്രീയമ്മ എന്നെ കാണാൻ വന്നു. കണ്ടപാടെ അവർ എൻറെ പുരുഷനെ കെട്ടിപ്പിടിച്ച് ഹൃദയം തകർന്നു കരഞ്ഞു. സർവതും നഷ്ടപ്പെട്ട പോലെയുള്ള ആ കരച്ചിൽ എന്നെ വല്ലാതെ പേടിപ്പിച്ചു. അദ്ദേഹവും കരഞ്ഞുപോയി.

സ്ററൗ കത്തിച്ച് ഞാനുണ്ടാക്കിയ ചായയും ബ്രഡ് മൊരിയിച്ചതും എന്തോ വിഷപദാർഥമെന്ന മട്ടിൽ അവർ ദൂരെ നീക്കി.എനിക്ക് ജീവനുണ്ടെന്ന് പോലും അവർ ഭാവിച്ചില്ല. ഒത്തിരി കരഞ്ഞും അദ്ദേഹത്തെ കരയിച്ചും ഒടുവിൽ അവർ യാത്രയായി.

ആ രാത്രി അദ്ദേഹം എന്നോട് സംസാരിച്ചില്ല. ഭക്ഷണം കഴിച്ചില്ല. ആ വീട്ടിൽ എൻറെ ആവശ്യമെന്തെന്ന് എനിക്ക് മനസ്സിലാവാതെയായി.

ഞാനുണ്ടാക്കിയ ഭക്ഷണം എൻറെ മുന്നിൽ തണുത്ത് വെറുങ്ങലിച്ച് അനാഥമായിക്കിടന്നു. ഒരു പോള കണ്ണടക്കാതെ ഞാനും തറയിൽ കുത്തിയിരുന്നു.


Report Page