6

6


അങ്ങനെ ആ വലിയ വീടിൻറെ, കുടുംബ ഭദ്രതയുള്ള വീടിൻറെ, കന്യാസ്ത്രീമാരും ബിഷപ്പുമാരും മറ്റ് ദിവ്യവ്യക്തികളും വാഴ്ത്തപ്പെട്ടവരും നിറഞ്ഞ വീടിൻറെ പടി കയറാൻ യോഗ്യതയില്ലാത്തവളായി ഒരു താൽക്കാലിക രജിസ്‌ട്രേഷൻറെ ബലത്തിൽ ഞാൻ ഭാര്യയെന്ന് സ്വയം കരുതി ആനന്ദം കൊണ്ടു.

ആ വീട്ടിൽ മകനെ മാത്രമേ കയറ്റൂ.. ഞാൻ അയിത്തക്കാരിയാണ്.

എൻറെ പുരുഷനായ പ്രണയം വലിയ ക്യാൻവാസ്സിലെഴുതപ്പെട്ട മിഴിവും തിളക്കവുമുള്ള തീവ്രപുരോഗമനവാദിയും മനുഷ്യപക്ഷചിന്തകനുമായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ പേനകൊണ്ട് കടലാസ്സിൽ കുരിശ് വരക്കുകയും രാവിലെയും രാത്രിയും ബൈബിൾ വായിക്കുകയും ചെയ്യുന്ന ആൾ.

എന്നെ ഞങ്ങൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിലവിളക്ക് കൊളുത്താൻ അനുവദിച്ചത്, ഞാൻ ബൈബിൾ വായിക്കേണ്ട അനിവാര്യതയായി, തീർത്താൽ തീരാത്ത ബാധ്യതയായി ചൂണ്ടിക്കാട്ടപ്പെട്ടു.

അദ്ദേഹം ഒരു നിധിയാണെന്നും കോടിപ്രഭയുള്ള സൂര്യനാണെന്നും ഈ ഭൂമിയിൽ പിറക്കേണ്ടവനല്ലെന്നും ഞാൻ ആ കാൽപ്പൊടിക്കു പോലും കിട നില്ക്കാത്തവളാണെന്നും പുരോഗമന വാദികളും മനുഷ്യ സ്നേഹികളും ആക്ടിവിസ്റ്റുകളും ക്രിസ്തു മതവിശ്വാസികളും ഓർമ്മിപ്പിക്കാതിരുന്നില്ല.

എന്നാൽ എന്നെപ്പറ്റി ഒരു വാക്ക് പറയാൻ ആരുമുണ്ടായിരുന്നില്ലല്ലോ. ഹിന്ദുമതത്തിലെ ജാതിയില്ലാത്ത കുടുംബഭദ്രതയില്ലാത്ത വീട്ടിലെ അനാഥക്കുട്ടിയായിരുന്നല്ലോ ഞാൻ..

അങ്ങനെയുള്ളവരെ ആർക്കാണ് ആവശ്യം ?


Report Page