4

4


ഞാൻ തന്നെയാണ് നീയെന്നും നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കണമെന്നും അന്യൻറെ വിശ്വാസത്തെ മാനിക്കണമെന്നും എല്ലാ മതങ്ങളും പറയുന്നുണ്ട്. എന്നാൽ രണ്ട് മതക്കാർ തമ്മിൽ പ്രണയത്തിലായാൽ ഇപ്പറഞ്ഞതൊന്നും ആർക്കും ഓർമ്മ വരില്ല.

പിന്നെ കലഹമായി..ഭീഷണിയായി.

പിതാവ് ഭീഷണിപ്പെടുത്തും, സ്വത്ത് തരില്ല.. വീട്ടീന്ന് ഇറങ്ങിക്കോ എന്നാവും. മാതാവ് ഏറെസ്സഹിച്ചവളല്ലേ ഞാനെന്ന് കണ്ണ് നിറക്കും.

എൻറെ വീട്ടിൽ ആരും ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇതെല്ലാം കുടംബഭദ്രതയുള്ള ആഢ്യത്തമുള്ള ആ വലിയ വീട്ടിലാണുണ്ടായത്.

അപ്പോൾ എനിക്കൊരു കത്ത് കിട്ടി. അത് ഒരു കന്യാസ്ത്രീയുടെ കത്തായിരുന്നു. ചട്ടുകാലിയോ വിരൂപയോ നിരക്ഷരയോ ദരിദ്രയോ ഊമയോ ചെകിടിയോ ആയാലും ക്രിസ്തു മതവിശ്വാസിയായാൽ മതിയായിരുന്നുവെന്നും എനിക്കൊരു കുടുംബമില്ലേന്നും എന്നെ അഴിച്ചിട്ട് വളർത്തിയതാണോയെന്നും കുടുംബഭദ്രതയില്ലാത്ത എനിക്ക് കുടുംബത്തിൻറെ വിലയറിയില്ലെന്നും അവർ എന്നെ ശാസിച്ചിരുന്നു.

കാറ്റത്തിട്ട പഞ്ഞിയാണ് താനെന്നാണ് എന്നേക്കാൾ ഒത്തിരി വയസ്സിനു മുതിർന്ന എൻറെ പ്രണയം ആ കത്തിനു വിശദീകരണം നൽകിയത്.

എന്നാലും ആ പ്രണയത്തോടുള്ള എൻറെ വിശ്വാസം അചഞ്ചലമായിരുന്നു.


Report Page