30

30


ജീവിതം എളുപ്പമാക്കാൻ ഞാൻ തീരുമാനിച്ചു. വളരെ അപൂർവമായി മാത്രമേ ഞാൻ ബഹളം വെച്ചുള്ളൂ. അഭിമാനം എന്ന വികാരത്തെ ഞാൻ അടിച്ചു കൊഴിച്ചു ദൂരെ കളഞ്ഞു. ഞാൻ ചിരിച്ചു, മുടിയിൽ മുല്ലപ്പൂ ചൂടി. നല്ല സാരിയുടുത്തു. എൻറെ ജീവിതം അഭിനയമാണെന്ന് തിരിച്ചറിയാതെ ജോസഫിനെ ഹീയീസ് എ ഹിന്ദു മോർ ദാൻ എ ഹിന്ദു എന്ന് വാഴ്ത്തിയ മലയാളത്തിലെ അതിപ്രശസ്ത നിരൂപകനായ ആഷാമേനോൻറെ ബുദ്ധിശക്തിയോർത്ത് വയറുളുക്കുവോളം ഞാൻ ചിരിച്ചു. മാത്രവുമല്ല അദ്ദേഹത്തിന്റെ പുസ്തകം വായിച്ച് അന്തംവിട്ടുപോയി എന്ന് ഒരു കത്തയക്കാനും കൂടി ഞാൻ തയ്യാറായി.

ജോസഫിനെ വർഷങ്ങളോളം സ്നേഹിച്ച, അദ്ദേഹത്തിന്റെ സഹപാഠിനി കൂടിയായ ടീച്ചറെ അദ്ദേഹത്തിന്റെ കൂട്ടുകാർ പലരും കാണാറുണ്ടായിരുന്നു. അവർ വീട്ടിൽ വന്ന് ടീച്ചറുടെ നീറുന്ന വേദനയെപ്പറ്റി എരിയുന്ന കണ്ണീരിനെപ്പറ്റി അവരുടെ ശാപമെന്ന അഗ്നി വസ്ത്രത്തെപ്പറ്റിയൊക്കെ അദ്ദേഹത്തോട് മണിക്കൂറുകൾ വിസ്തരിക്കും. ഞാനും ജോസഫും ഉടൻ പിരിയുമെന്ന് അവർ ആണയിട്ടത് കേൾപ്പിക്കും. കാരണം ആ ടീച്ചറുടെ സ്നേഹം അത്ര വിശുദ്ധ മായതുകൊണ്ട് അതിൻറെ പൊള്ളൽ എനിക്ക് താങ്ങാനാവില്ലെന്ന് പറയും. ഒപ്പം ഞാനുണ്ടാക്കിക്കൊടുക്കുന്ന പലഹാരവും ഊണുമൊക്കെ കഴിക്കുകയും ചെയ്യും. കൂട്ടുകാർ പോയിക്കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ശോകം അണപൊട്ടിയൊഴുകുകയായി. അപ്പോൾ അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്നിടം വരെ എൻറെ ലജ്ജയില്ലായ്മയെ ഞാൻ വളമിട്ട് വളർത്തിയെടുത്തു.

ജോസഫ് മഹാനാണെന്ന് വാഴ്ത്തുന്ന എല്ലാവരും എൻറെ മുന്നിൽ തീരെ നിസ്സാരരായിരുന്നു. പക്ഷേ, അത് ഞാൻ ആരേയും അറിയിച്ചില്ല.

ഗർഭം പുരോഗമിച്ചപ്പോൾ കുഞ്ഞ് വയറ്റിൽ ഇളകാൻ തുടങ്ങി. അതെനിക്ക് ആകെപ്പാടെ ഇഷ്ടപ്പെട്ടു. കുഞ്ഞിനോട് വാചകമടിക്കുക, കർണഭൂഷണം, ഈസ്റ്റേൺ ആൻഡ് വെസ്റ്റേൺ ലിറ്റററി തിയറീസ്, മലയാള വ്യാകരണം, പ്രാചീന മലയാള കൃതികൾ, നാടക സാഹിത്യം , പലതരം കവിതകൾ, വായിൽ തോന്നുന്ന പാട്ടുകൾ, ഓമനത്തിങ്കൾക്കിടാവോ ഇതൊക്കെ കുഞ്ഞിനെ കേൾപ്പിക്കുക . ഈ ഏർപ്പാട് ഞാൻ സ്ഥിരമായി വെച്ചു നടത്തിപ്പോന്നു.

അധികം വൈകാതെ ഞങ്ങൾ അമ്മയുടെയും അച്ഛൻറെയും അടുക്കലേക്ക് താമസം മാറ്റി. ജോസഫിന് ഇഷ്ടമേ ആയിരുന്നില്ല അത്. സുഹൃത്തുക്കളായ പ്രകൃതി പരിസ്ഥിതി വാദികൾ ചുമരിൽ ചാരിയിരുന്ന് ഞാൻ പ്രസവിക്കുമ്പോൾ മൂർച്ചയുള്ള കത്തികൊണ്ട് പൊക്കിൾകൊടി കണ്ടിച്ചാൽ മതിയെന്ന് ഉപദേശിച്ചിരുന്നു. പ്രസവം കഴിഞ്ഞാൽ വിദേശ നാടുകളിൽ പെണ്ണുങ്ങൾ ഉടൻ എണീറ്റ് നടക്കും. പിറ്റേന്ന് ജോലിക്ക് പോകും. കാറോടിക്കും, എല്ലാ വീട്ടുജോലിയും ചെയ്യും എന്നൊക്കെ അവർ പറഞ്ഞിരുന്നു. പിന്നെ പത്തും പതിനഞ്ചും പ്രസവിച്ച അമ്മമാരുടെ കഥകൾ.. നെല്ല് പുഴുങ്ങുമ്പോൾ, ചവറടിക്കുമ്പോൾ, വെള്ളം കോരുമ്പോൾ, കൊയ്തുകൊണ്ടിരിക്കുമ്പോൾ .. ഒക്കെ ചുമ്മാ ഇരുന്നും നിന്നും ഒക്കെ പെറുന്ന ആ കഥകൾ കേട്ടെങ്കിലും പൊക്കിൾകൊടി മുറിക്കാൻ അദ്ദേഹത്തിന് ധൈര്യം ഉണ്ടായിരുന്നില്ല. പ്രസവാനന്തരം പുറത്ത് വരുന്ന മറുപിള്ള തിന്നു തീർത്താൽ എല്ലാ പ്രസവമരുന്നും ആയെന്ന് പ്രകൃതി പരിസ്ഥിതി വാദികൾക്ക് ഉറപ്പായിരുന്നു.

അച്ഛനോട് ഇക്കാര്യങ്ങൾ പരിസ്ഥിതി ബുക്കുകൾ വായിച്ചറിഞ്ഞതെന്ന മട്ടിൽ ഞാൻ അവതരിപ്പിച്ചു. ഒരു ഭ്രാന്തിയെ നോക്കും പോലെ അദ്ദേഹം എന്നെ നോക്കി. വളരെ നോർമലായ പ്രസവം ഒട്ടും ഭയക്കാനില്ലാത്ത സംഭവമാണെന്നും എന്നാൽ അല്പം ബുദ്ധിമുട്ട് ഉണ്ടായാൽ അമ്മയോ കുഞ്ഞോ രണ്ടു പേരുമോ മരിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അണുബാധയും അനിയന്ത്രിതമായ രക്തസ്രാവവും ജീവനെടുക്കുമെന്ന് അച്ഛൻ വ്യക്തമാക്കി.

അമ്മക്കും അച്ഛനും ഒപ്പം പാർക്കുമ്പോൾ വഴക്ക് ഇല്ലാതിരിക്കാൻ ഞാൻ ഉറ്റു ശ്രമിച്ചു. നിൻറെ മക്കൾ ആണുങ്ങളുടെ അടി കൊണ്ട് ചാകുമെന്ന് അമ്മയെ അപമാനിക്കുന്ന അച്ഛനെ ജോസഫുമായി വഴക്കുണ്ടാക്കി അങ്ങനെ സന്തോഷിപ്പിക്കരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു. അമ്മയും അമ്മീമ്മയും ചിന്താക്കുഴപ്പത്തിൽ ആയെങ്കിലും അനിയത്തിമാർ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കീരുന്നു. പക്ഷേ, അത് അവരിൽ എന്നോടുള്ള അവിശ്വാസവും സ്പർദ്ധയും വളർത്തുകയാണ് ചെയ്തത്. ഞാൻ ആ ടീച്ചറോടും ജോസഫിൻറെ സുഹൃത്തുക്കളോടും വീട്ടുകാരോടും നിത്യകാമുകിമാരോടും എൻറെ അച്ഛനോടും തോല്ക്കാതിരിക്കാൻ, ഞാൻ എടുത്ത തീരുമാനം തെറ്റിപ്പോയെന്ന് സ്വയം സമ്മതിക്കാതിരിക്കാൻ അദ്ധ്വാനിക്കുകയാണെന്ന് എൻറെ അനിയത്തിമാർക്ക് മനസ്സിലായില്ല. ഞങ്ങളുടെ കുടുംബം പതുക്കെപ്പതുക്കെ തകരുകയായിരുന്നു.

( തുടരും )

Report Page