27

27


ജീവിതമല്ലേ , അൽഭുതങ്ങൾക്ക് പഞ്ഞമുണ്ടാവുകയില്ലല്ലോ. എൻറെ അമ്മയും അച്ഛനും പിന്നെയും ഒന്നിച്ചു താമസിക്കാൻ തുടങ്ങി. എന്തിനാണ് അവർ ഒരുമിച്ച് പാർക്കുന്നതെന്ന് ഞങ്ങൾ മൂന്ന് മക്കൾക്കും ഒരിക്കലും ഒരു കാലത്തും മനസ്സിലായിട്ടില്ല. അമ്മീമ്മയുടെ കാൽതൊട്ട് വന്ദിച്ച് ഇനി സ്നേഹമായി ജീവിച്ചോളാം എന്നും മറ്റും പറഞ്ഞാണ് അച്ഛൻ അമ്മയേയും കൂട്ടി നഗരത്തിലെ വീട്ടിൽ വരിക. കുറച്ചു കഴിയുമ്പോഴേക്കും അന്തരീക്ഷം ആകെ മാറും. അടിയും ഇടിയും ബഹളങ്ങളും ഘോരമാവും. അസഹനീയമാവും.

എന്നേയും ജോസഫ് എന്ന പള്ളിപ്പേരുള്ള അദ്ദേഹത്തെയും ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ എൻറെ അച്ഛനമ്മമാർ വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ ഇടക്കിടെ അവിടെ പോവലും താമസിക്കലും പതിവായി. എൻറെ അച്ഛൻ മറ്റുള്ളവർക്ക് മരുമകനായി പരിചയപ്പെടുത്തുന്നില്ലെന്ന കോപം അദ്ദേഹത്തിന് കലശലായുണ്ടായിരുന്നു. എന്നാൽ അമ്മ സ്വന്തം ഓഫീസിലുള്ളവരെ പരിചയപ്പെടുത്തുന്നത് അദ്ദേഹത്തിന് മഹാ കുറച്ചിലായാണ് തോന്നിയത്. അതങ്ങനെയാണല്ലോ. പുരുഷൻറെ ജോലി മഹത്വം സ്ത്രീയുടേതിനില്ലല്ലോ. അത് ഐ എ എസ് കാരിയായാലും...

ഞാൻ ഗർഭിണിയായതിനോട് അദ്ദേഹത്തിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. മതം മതമെന്ന ഭയപ്പെടലുകൾ തുടർന്ന് കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അമ്മ ആട്ടിൻ കരളും മറ്റും ഉണ്ടാക്കിക്കൊടുത്തയക്കുമായിരുന്നു. ഞാൻ മുറതെറ്റാതെ എല്ലാം കഴിക്കുകയും ചെയ്തീരുന്നു.

എൻറെ ഗർഭകാല അസ്വസ്ഥതകൾ അദ്ദേഹത്തിന് സഹീക്കാൻ പറ്റീരുന്നില്ല. അദ്ദേഹത്തിന്റെ പരിചയത്തിൽ ഒരു പെണ്ണീനും ഇല്ല ഈ മാതിരി മണ്ടത്തരങ്ങൾ . അവരൊക്കെ ചുമ്മാ എല്ലാ ജോലികളും.ചെയ്തു സന്തോഷമായി ജീവിക്കുന്നു. ഞാൻ മാത്രം..

അമ്മയും അമ്മീമ്മയും തരുന്ന പുളിവെള്ള ക്കറികൾകൊണ്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹത്തിന്റെ കുഞ്ഞ് ആരോഗ്യമില്ലാത്ത മന്ദബുദ്ധിയാകുമെന്നും അത് നടക്കില്ലെന്നും മിണ്ടൂലെന്നും ഞാൻ എന്നും കേട്ടിരുന്നു. അത് കേട്ടുകൊണ്ട് ജീവിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല.

ഗർഭം എനിക്ക് ഭയങ്കരമായി മടുത്തു. എന്തിനീ മാരണമെടുത്ത് വയറ്റിൽ വെച്ചുവെന്ന് ഞാൻ എന്നും സ്വയം ശപിച്ചു. പ്രസവത്തിൽ ഞാനും കുഞ്ഞും മരിച്ചു പോവാൻ വേണ്ടി എനിക്കറിയാവുന്ന സകല ദൈവങ്ങളോടും ഞാൻ പ്രാർഥിച്ചു. നാളെ പ്രഭാതത്തിൽ മരിക്കുമെന്ന് കരുതിയാണ് എന്നും ഞാൻ ഉറങ്ങാൻ കീടന്നിരുന്നത്.

(തുടരും)


Report Page