25

25


അമ്മീമ്മയുടെ വീട്ടിൽ വെച്ച് ഞാൻ കാണിച്ച വാശിക്ക് ശരീരം എന്നെ കഠിനമായി ശിക്ഷിച്ചു. ഞാൻ ഗർഭിണിയായി. ഞങ്ങൾ തിരുനെല്ലിക്ക് പോയതായിരുന്നു. സസ്യശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന തമിഴ് ബ്രാഹ്മണനായ ഒരു സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. എനിക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്, തിരുനെല്ലിയിൽ വെച്ചാണ്. പാപനാശിനിയിൽ വെള്ളത്തിൽ കളിക്കുകയായിരുന്നു ഞാൻ. അപ്പോൾ എനിക്ക് മനംപുരട്ടി, ഓക്കാനം വന്നു. വായിൽ ഉമിനീർ തെളിഞ്ഞു. അടുത്ത നിമിഷം തല കറങ്ങി ഞാനൊരു പാറയിലേക്ക് ചാഞ്ഞു. അപ്പോൾ അവൾ അമ്മയായിത്തീരുന്നു എന്നൊക്കെ കാവ്യാത്മകമായി എന്നെ ഗർഭിണിയാക്കിയ ആൾ ഡയറിയിൽ എഴുതി. സ്വന്തം സുഹൃത്തിനോട് ആനന്ദവും അഭിമാനവും കേമമായി പ്രകടിപ്പിച്ചു.

സുഹൃത്തിനെ തിരുനെല്ലിയിൽ വിട്ട് ഞങ്ങളിരുവരും തിരികെ മടങ്ങുമ്പോഴാണ് പ്രശ്നമായത്. ഞാൻ ബസ്സിൽ ഇരുന്നു ഉറങ്ങുന്നത് ഒട്ടും ശരിയല്ല എന്ന് വഴക്കായി. ആളുകൾ എൻറെ ഉറക്കം ശ്രദ്ധിക്കുന്നു. അത് അദ്ദേഹത്തിന് അപമാനമായി തോന്നുന്നു. എനിക്ക് കരച്ചിൽ വന്നു. വെറുപ്പ് തോന്നി. പിന്നെ എനിക്ക് മനസ്സിലായി, നമുക്ക് ഒരാളെ ഇഷ്ടമില്ലെങ്കിൽ അയാൾ ഉണ്ണുന്നതും ഉറങ്ങുന്നതും കാപ്പി കുടിക്കുന്നതും ഒന്നും നമുക്ക് പിടിക്കില്ല. ഇനി കുട്ടിയുടെ മാമ്മോദീസ പ്രശ്നമാകും. അദ്ദേഹത്തിനെ ഞാൻ സമ്മർദ്ദത്തിലാക്കി … അങ്ങനെ അങ്ങനെ എൻറെ തെറ്റുകൾ നീണ്ടു നീണ്ടു പോയി. ഞാൻ നിങ്ങളിൽ നിന്നല്ല ഗർഭം ധരിച്ചതെന്ന് വിളിച്ചു കൂവണമെന്ന് തോന്നിയെങ്കിലും ഞാൻ നാവടക്കി.

മറ്റൊരു സീറ്റിലേക്ക് ഞാൻ മാറിയിരുന്നു. ഷീല എന്ന് പേരുള്ള ഒരു സ്ത്രീ ആയിരുന്നു ആ സീറ്റിലിരുന്നിരുന്നത്. അവർ ഞങ്ങൾ വഴക്കിടുന്നത് ശ്രദ്ധിച്ചിരുന്നു. അവരെനിക്ക് നാരങ്ങാമിഠായി തന്നു. നനുത്ത ശബ്ദത്തിൽ സമാധാനിപ്പിച്ചുകൊണ്ട് സംസാരിച്ചു. അവരുടെ തോളിലേക്ക് ചാഞ്ഞ് ഞാൻ പിന്നെയും ഉറങ്ങി. അവർ കന്യാമറിയമോ മഹാലക്ഷ്മിയോ ആണെന്ന് കരുതാനാണ് ഇന്നും എനിക്കിഷ്ടം.

ഞാൻ എം എ ക്ക് ചേരാൻ ഇഷ്ടപ്പെട്ടില്ല. പക്ഷേ പഠിച്ചേ തീരൂ എന്നദ്ദേഹം ശാഠ്യം പിടിച്ചു. ഞാൻ കാരണം പഠിത്തം പോയിന്ന് കരയണ്ട എന്ന് കർശനമായി പറഞ്ഞു. എൻറെ അധ്യാപകർക്ക് ആകട്ടെ ഞാൻ പഠിക്കാതിരിക്കുന്നതിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.

ഞാൻ വീണ്ടും കോളേജിൽ പോയിത്തുടങ്ങി.

അങ്ങനെ ഒരു അവധി ദിനത്തിലാണ് മിശ്രവിവാഹസംഘടനക്കാർ വീട്ടിൽ വന്നത്. ഞാൻ അവരെ സ്വീകരിച്ച് സംസാരിച്ചു. സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അവർ ഞങ്ങൾ ചെയ്ത രജിസ്‌ട്രേഷൻ കടലാസ്സ് കാണണമെന്ന് പറഞ്ഞു. ഞാൻ അത് കാണിച്ചപ്പോഴാണ് നിയമപരമായി വെറും മൂന്നു മാസത്തെ വിലയുള്ള താല്ക്കാലിക രജിസ്‌ട്രേഷൻ മാത്രമാണതെന്ന് ഞാനറിയുന്നത്. ആ മൂന്നു മാസം എന്നേ തീർന്നു. ഉടനടി സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് കല്യാണം രജിസ്റ്റർ ചെയ്യണമെന്ന് സംഘടനക്കാർ എന്നെ നിർബന്ധിച്ചു.

നിങ്ങൾക്കിപ്പോൾ ഇന്ത്യൻ നിയമമനുസരിച്ച് വെപ്പാട്ടിയുടെ സ്ഥാനമേയുള്ളൂ. നിയമപരമായുള്ള കല്യാണത്തിൽ പിറക്കാത്ത കുഞ്ഞിന് സ്വത്തവകാശം ഉണ്ടെങ്കിലും അത് നിയമഭാഷയിൽ ഇല്ലെജിറ്റിമേറ്റ് ആയിരിക്കും. നിങ്ങൾക്ക് യാതൊരു അവകാശവുമില്ല ഒന്നിനും.. നിങ്ങൾ വഴക്കടിച്ചാൽ അദ്ദേഹത്തിന് നിങ്ങളെ കീപ്പായി പ്രഖ്യാപിച്ചു കൈ കഴുകാം. അദ്ദേഹം പെട്ടെന്ന് മരിച്ചു പോയാൽ ഗവൺമെന്റ് കീപ്പിന് ഒരു ആനുകൂല്യവും നൽകില്ല.

എനിക്ക് ശ്വാസം വിലങ്ങി. ക്രിസ്തു മതം വ്യഭിചാരം എന്ന് പറയുന്നത് എൻറെ ഓർമ്മയിൽ തികട്ടി വന്നു. അത് മതാധിപത്യമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ പള്ളിയിൽ കല്യാണം കഴിക്കുക അല്ലെങ്കിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുക .. ഇതിൽ ഏതെങ്കിലും കൂടിയേ കഴിയൂ എന്ന് എനിക്ക് ഉറപ്പായി.

അത്താഴം കഴിക്കാതെ ഞാൻ അദ്ദേഹത്തെ കാത്തിരുന്നു

( തുടരും )

Report Page