21

21


ആ ദംശനത്തിന് ആഴവും വേദനയും വളരെ കൂടുതലായിരുന്നു. അവരുടെ തികച്ചും സാധാരണ മെന്ന മട്ടിലുള്ള ഇടപെടലുകൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ഞാൻ ഭയങ്കരമായി വഴക്കുണ്ടാക്കി. ആ കവിയോട് അദ്ദേഹം സംസാരിക്കരുതെന്ന് ബഹളം കൂട്ടി. ഒച്ചവെച്ച് കരഞ്ഞു. അസ്തപ്രജ്ഞനായ കവി അദ്ദേഹത്തിനോട് പോയി ഉറങ്ങാൻ പറഞ്ഞു.

ദേഷ്യപ്പെട്ട് എൻറെ ഒപ്പം വന്ന അദ്ദേഹം എന്നെ അടിക്കുമെന്ന് ഞാൻ ഭയന്നു. ഭയവും സങ്കടവും കൊണ്ട് തകർന്നു പോയ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയാനേ അപ്പോൾ കഴിഞ്ഞുള്ളൂ. ആ കവി അദ്ദേഹത്തെ പിന്നേയും ദ്രോഹിക്കുമെന്ന പേടിയും എന്നാൽ എന്നോട് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന വേദനയും ഒരേ സമയം എന്നെ വലിച്ചു കീറി ആകെ ഉലച്ചു കളഞ്ഞു. 

ഞാൻ അദ്ദേഹത്തിനു ചേരാത്ത പെണ്ണാണെന്ന് കവി തെറ്റിദ്ധരിച്ചതിൽ എനിക്ക് ഇന്ന് അതിശയമേയില്ല.

പിറ്റേന്ന് അപ്രതീക്ഷിതമായ ഒരല്ഭുതമുണ്ടായി.

അദ്ദേഹത്തിന്റെ ഒരു സഹോദരൻ മാത്രം ഇടക്കിടെ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. അമ്മ കൊടുത്തയക്കുന്ന തീറ്റസ്സാധനങ്ങളൊക്കെ ആ സഹോദരൻ കൊണ്ടുവരുമായിരുന്നു. എല്ലാവരും മതം മാറുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നുണ്ട് എന്ന് പറയുമെങ്കിലും സഹോദരന് ആ അഭിപ്രായമുണ്ടെന്ന് ഒരിക്കലും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ലായിരുന്നു.

ആ സഹോദരൻ പറഞ്ഞു. അമ്മ ആശുപത്രിയിൽ വരും. ഞാനാണ് കൂടെ വരുന്നത്. കാണണമെന്നും ആശുപത്രിയിൽ വരണമെന്നും അമ്മ അറിയിച്ചിട്ടുണ്ട്.

എൻറെ ബോധം നഷ്ടപ്പെട്ട പോലെ തോന്നി. എങ്കിലും ഞാൻ പെട്ടെന്ന് തയാറായി. നല്ല സാരിയും ബ്ലൗസുമിട്ടു. മുടി ചീകി ഭംഗിയായി മെടഞ്ഞിട്ടു. കണ്ണെഴുതുകയും പൊട്ടുകുത്തുകയും ചെയ്തു.

പറ്റാവുന്നത്ര വേഗം ആശുപത്രിയിൽ എത്തി.

അമ്മീമ്മയും അമ്മയും പറഞ്ഞു പഠിപ്പിച്ച പോലെ മകനെ പ്രസവിച്ച ആ അമ്മയുടെ കാൽ തൊട്ട് തൊഴുതു. അത് അവർ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. എനിക്ക് കുറേ ചോക് ലേറ്റുകൾ തന്നു. പിന്നെ നിറുത്താതെ സംസാരിച്ചു…

എനിക്ക് ആഹ്ലാദം കൊണ്ട് വീർപ്പുമുട്ടി.

അതിനിടയിൽ വീട്ടിൻറെ വാതിൽ പൂട്ടിയാണോ ഞാനിറങ്ങിയത് എന്ന സംശയം എൻറെ മനസ്സിലുദിച്ചു. എൻറെ മുഖം ചിന്താകുലമായപ്പോൾ അമ്മ കാര്യം. തിരക്കി..

വാതിൽ പൂട്ടിയാണോ ഇറങ്ങിയതെന്ന് സംശയം.. ഞാൻ പകുതിയിൽ നിറുത്തി.

അമ്മ മനോഹരമായി ചിരിച്ചു.

നീ ഇറങ്ങിപ്പോന്നാൽ പിന്നെ എന്താ അവിടെ ഉള്ളത്? നിന്നേലും വിലപ്പെട്ട എന്ത് മൊതലാ അവിടെ ഇരിക്കണത്?

ഞാൻ അന്ന് ആ അമ്മയുടെ അടിമയായി. എന്നിൽ മരിച്ചു പോയിരുന്ന എന്തൊക്കേയോ ചിറകടിച്ചുയർന്നു. അവർ എന്ത് പറഞ്ഞാലും ഞാൻ ആ നിമിഷം അനുസരിക്കുമെന്ന് എനിക്ക് ബോധ്യമായി. വിഷം തന്നാലും ഞാൻ കുടിക്കുമായിരുന്നു.

ആശുപത്രിയിൽ നിന്ന് മടങ്ങിപ്പോരുമ്പോൾ ഞാൻ മൂളിപ്പാട്ടു പാടിയിരുന്നു. ഈ അമ്മ വളർത്തിയ മകൻറെ എല്ലാ ചിന്താക്കുഴപ്പങ്ങളും എനിക്ക് മാറ്റാൻ കഴിയുമെന്ന് ഞാൻ സ്വപ്‌നം കണ്ടു. ഭാവി മാധുര്യമുള്ളതാകുമെന്ന് ഞാൻ ജീവിതത്തെ നുണഞ്ഞിറക്കി.

( തുടരും )


Report Page