20

20


പരിക്ക് പറ്റിയ ഒരു കുഞ്ഞായിത്തോന്നി എനിക്ക് അദ്ദേഹം. ക്രൈസ്തവ പൗരോഹിത്യത്തെ ഞാൻ അതികഠിനമായി വെറുത്തുപോയി. യേശുവിനോട് ഞാൻ കയർത്തു. ഇവരാണോ നിൻറെ പ്രതിപുരുഷന്മാർ.. നിനക്ക് നാണമാവുന്നില്ലേ..ഏവിടേ ഓർശലേം ദേവാലയ ത്തിൽ നീ വീശിയ ചാട്ട ? കമോൺ … ആൻസർ മീ…

യേശു മന്ദഹസിച്ചു. പൊട്ടിപ്പെണ്ണേ, പത്രോസിനോട് ഞാൻ പറഞ്ഞതെന്ത്? നിൻറെ വിശ്വാസമാകുന്ന പാറപ്പുറത്ത് ഞാൻ എൻറെ പള്ളി പണിയും എന്നല്ലേ? കോഴി കൂവും മുമ്പ് മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറഞ്ഞ ആ വിശ്വാസത്തിൻെ ഉറപ്പിനെ നീ ഇത്ര പെട്ടെന്ന് മറന്നുപോയോ?

സത്യം നിനക്കു മുന്നിൽ വെളിച്ചമായി തെളിയുമെന്ന് യേശു എനിക്ക് ഉറപ്പു നൽകി.

പള്ളികൾക്കും പുരോഹിതന്മാർക്കും യേശുവുമായി യാതൊരു ബന്ധമില്ലെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി.

വഴങ്ങുക, അനുസരിക്കുക എന്നത് അറ്റം കാണാത്ത കിണറാണ്. ഇനീം ഇനീം എന്നല്ലാതെ മതിയെന്നൊരു ശബ്ദം നമുക്ക് ഉത്തരമായി ആ കിണറ്റിൽ നിന്ന് കിട്ടില്ല.

ഞാൻ അദ്ദേഹത്തെ ഉത്തേജിപ്പിക്കാനുള്ള ആ പ്രത്യേക വാക്കുകളും പഠിക്കേണ്ടി വന്നു. ആ അവസ്ഥ ഭയങ്കരമായിരുന്നു. എനിക്ക് എന്നോടു തോന്നിയ വെറുപ്പിന് അറ്റമില്ലാതായി. തീ പിടിച്ചോ പാമ്പ് കടിച്ചോ ബസ്സ് മുട്ടിയോ ചത്ത് ചീഞ്ഞ് പോവാൻ ഞാൻ കൊതിച്ചു.

അദ്ദേഹത്തിന്റെ കൂട്ടുകാരായ ചില നിയമജ്ഞർ അവരിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അവർ ചർച്ചയെന്ന മട്ടിൽ കോടതി സ്ത്രീ പുരുഷ ലൈംഗികതയെ കാണുന്നത് എങ്ങനെയെന്ന് സംസാരിക്കുകയായിരുന്നു. പുരുഷൻ ആഗ്രഹിക്കുന്ന ലൈംഗികത സ്ത്രീ കൊടുക്കുന്നില്ലെങ്കിൽ പുരുഷന് ആ കാരണം മാത്രം മതി വിവാഹമോചനം ലഭിക്കാനെന്നവർ പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി.

എനിക്ക് പണമില്ല, ഒരു ഡിഗ്രിയുണ്ട്.. എന്ത് ജോലി കിട്ടുമെന്ന് അറിയില്ല. പോകാനിടമില്ല.

അമ്മീമ്മ എനിക്ക് വേണ്ടിയും പ്രത്യേകമായി പരിഹാസങ്ങൾ ഏറ്റ് വാങ്ങിയിരുന്നു. നിങ്ങള് പട്ടത്തിക്കുട്ടിയായി വളർത്തീട്ട് എന്ത് കാര്യമുണ്ടായി? അവള് ഒരു മാപ്ളേടെ ഒപ്പം പോയില്ലേ? പെലേനായാലും മതിയാരുന്നു.. ഹിന്ദുവാന്ന്

വിചാരിക്കാരുന്നു….എന്നൊക്കെ എല്ലാവരും പറഞ്ഞു. അമ്മീമ്മ അതൊന്നും സാരമാക്കിയില്ല. ടീച്ചറ് ഇണ്ട്റിയപ്പം ഉണ്ടാക്കിയോ? എന്ന് പരിഹസിക്കുന്നവരോട് അതുണ്ടാക്കാൻ എനിക്കറിയില്ല, നീ വന്ന് പഠിപ്പിച്ചു തന്നാൽ ചെയ്യാം.. എന്ന് മറുപടി നൽകാനും അതൊരു പ്രശ്നമായി കാണാതിരിക്കാനും അമ്മീമ്മക്ക് പറ്റിയിരുന്നു. പയ്യെപ്പയ്യെ ഒട്ടനവധി ബന്ധുക്കളും കുറെ പണവുമുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ കാരണം അപമാനമുണ്ടായി എന്ന നിലപാട് കാണുമ്പോൾ എനിക്ക് പുച്ഛം തോന്നാൻ തുടങ്ങി. അതിനു കാരണം ഏകാകിനിയായ അമ്മീമ്മയുടെ ഈ സ്ഥൈര്യമായിരുന്നു

എങ്കിലും ആ വീട്ടിലേക്ക് തോറ്റ് മടങ്ങിച്ചെല്ലാൻ ഞാൻ ആഗ്രഹിച്ചില്ല. അച്ഛൻ അവിടെ വെച്ചും അമ്മയെ അടിച്ചിട്ടുണ്ട് എന്നതായിരുന്നു ഒരു പ്രധാന കാരണം. ഞാൻ തോല്ക്കുന്നത് അമ്മയുടെ, അമ്മീമ്മയുടെ, എൻറെ അനിയത്തിമാരുടെ ഒക്കെ കൂട്ടത്തോൽവി ആയിരിക്കുമെന്ന് ഞാൻ ഭയക്കുകയും ചെയ്തിരുന്നു.

രണ്ടു മണ്ണെണ്ണ സ്ററൗവ് ഉപയോഗിച്ച് പാചകം ചെയ്തിരുന്ന എനിക്ക് അമ്മ ഗ്യാസ് സ്ററൗവും കണക് ഷനും വാങ്ങിത്തന്നു. അത് അദ്ദേഹത്തിന്റെ പേരിലാണ് വാങ്ങിയത്. എന്തുകൊണ്ടോ അക്കാര്യത്തിൽ അദ്ദേഹം എതിർപ്പ് കാണിച്ചില്ല.

പക്ഷേ, ആ പഴയ കന്യാസ്ത്രീയമ്മ ഭയങ്കരമായി ചീത്തപറഞ്ഞുകൊണ്ട് കത്തെഴുതി. ക്രിസ്ത്യാനി ആവാത്ത , അദ്ദേഹത്തെക്കൊണ്ട് പാപം ചെയ്യിപ്പിക്കുന്ന എനിക്ക് നല്ല വീടിനോ ആധുനിക വീട്ടുപകരണങ്ങൾക്കോ നല്ല വസ്ത്രങ്ങൾക്കോ ഒന്നും അർഹതയില്ലെന്ന് അവർ സിദ്ധാന്തിച്ചിരുന്നു. അന്ന് അദ്ദേഹം ഊണു കഴിച്ചില്ല. എന്നോട് സംസാരിച്ചതുമില്ല.

അദ്ദേഹത്തെ ഉപദ്രവിച്ച കവി ഒരുനാൾ വീട്ടിലെത്തി. എനിക്ക് അറപ്പും വെറുപ്പും തോന്നി. സാമ്പാറും ദോശയും കാപ്പിയും ഉണ്ടാക്കിയെങ്കിലും എൻറെ വിരോധം മാറിയില്ല. പക്ഷേ,. കവിയും അദ്ദേഹവും തമ്മിലുള്ള അടുപ്പം കണ്ടപ്പോൾ ഞാൻ ചതിക്കപ്പെട്ടു എന്ന സംശയം എൻറെ ഹൃദയത്തെ ആഴത്തിൽ ദംശിച്ചു.

( തുടരും )

Report Page