18

18


എനിക്ക് തീവണ്ടിയുടെ കൈകളിൽ തൊടാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് എന്നെ കണ്ടുപിടിച്ചതായിരുന്നു കാരണം. വെറും സൗന്ദര്യപ്പിണക്കത്തിന് കൊച്ചുകുഞ്ഞിനെപ്പോലെ വീടു വിട്ടിറങ്ങുന്ന എനിക്ക് കാഡ്ബറീസോ ഐസ്ക്രീമോ വാങ്ങിക്കൊടുക്കാൻ സുഹൃത്ത് നിർദ്ദേശിച്ചു. അദ്ദേഹം ചിരിക്കുകയും അപ്പോൾ തന്നെ ആ സുഹൃത്തിനൊപ്പം എന്നെയും കൂട്ടി ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ആഹാരവും ഐസ്ക്രീമും വാങ്ങിത്തരികയും ചെയ്തു.

ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു അദ്ദേഹത്തിന്. ഞാൻ അവർക്കെല്ലാം വെച്ചുവിളമ്പുകയും അവരിൽ പലരുടെയും അടിവസ്ത്രമുൾപ്പടെയുള്ള വസ്ത്രങ്ങൾ അലക്കിയിടുകയും ചെയ്തിരുന്നു. അതിലൊന്നും ഞാൻ വല്ലാതെ സങ്കടപ്പെട്ടിരുന്നില്ല. ചിലപ്പോൾ എനിക്ക് ബോറടിക്കുമായിരുന്നു എന്നു മാത്രം. സുഹൃത്തുക്കൾ എല്ലാവരും പുരോഗമനവാദികളായിരുന്നു. സമാന്തര പത്രപ്രവർത്തകരും സിനിമാ പ്രവർത്തകരും സ്ത്രീ വാദികളും മതേതരബോധമുള്ളവരും യുക്തിവാദികളും തീവ്രപരിസ്ഥിതിനിലപാടുകാരും ഇടതുപക്ഷ ക്കാരും ഇടതുപക്ഷത്തിന്റെ ഇടത്തേ അറ്റത്ത് നില്ക്കുന്നവരുമായിരുന്നു മിക്കവാറും എല്ലാവരും. അതിൽ ബുദ്ധിജീവികളും എഴുത്തുകാരും കവികളും നിയമജ്ഞരും ഡോക്ടർമാരും ഉണ്ടായിരുന്നു. അവരൊന്നും എൻറെ സുഹൃത്തുക്കളായില്ല ... ഒരിക്കലും. എന്നെ അവരൊക്കെ മനുഷ്യ സ്ത്രീയായി പരിഗണിച്ചിരുന്നോ എന്നു പോലും എനിക്ക് നിശ്ചയമില്ല.

സൗകര്യങ്ങൾ വളരെ കുറവായിരുന്നു ആ വീട്ടിൽ. അദ്ദേഹത്തിന് അങ്ങനെ താമസിക്കേണ്ടി വന്ന കഷ്ടപ്പാട് എല്ലാവരും എപ്പോഴും എടുത്തു പറയുമായിരുന്നു. ഞാൻ ആ ജീവിതത്തിലേക്ക് ചെന്ന് കയറിയതുകൊണ്ടല്ലേ അദ്ദേഹത്തിന് ഈ കഷ്ടപ്പാട് വന്നത്?

എൻറെ അമ്മ പി എഫ് ലോൺ എടുത്ത് കുറച്ച് വീട്ടുപകരണങ്ങൾ വാങ്ങിത്തന്നു. അത് അന്ന് തന്നെ അമ്മീമ്മയുടെ വീട്ടിൽ കൊണ്ട് ചെന്നിടുകയാണ് അദ്ദേഹം ചെയ്തത്. അമ്മയും അനിയത്തിമാരും കരഞ്ഞു മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല. എൻറെ അമ്മയുടെ സഹായം ആവശ്യമില്ലായിരുന്നു അപ്പോൾ അദ്ദേഹത്തിന്.

എൻറെ ശരീരം എന്നെ വെറുപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ ആകർഷിക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്ന് ഞാൻ എന്നും ദുഖിച്ചു. എന്നിൽ നൊമ്പരങ്ങൾ മാത്രം ഏല്പിക്കുന്ന ആ മണിക്കൂറുകളെ ഞാൻ വെറുത്തു.

തനിച്ചാവുമ്പോൾ എൻറെ പാവം ശരീരത്തെ ഞാൻ യേശുവിന് കാണിച്ചു കൊടുത്തു. നിനക്കും ഒന്നും പറയാനില്ലേ നിനക്കും ഒന്നും തോന്നുന്നില്ലേ എന്ന് ചോദിച്ചപ്പോൾ യേശു കണ്ണിറുക്കി, മധുരമധുരമായി മന്ദഹസിച്ചു. യേശുവിൻെറ തിളങ്ങുന്ന രൂപം എൻെറ മുലകൾക്കിടയിൽ വെച്ച് പലപ്പോഴും ഞാൻ ഏങ്ങലടിച്ചു കരഞ്ഞു.

എൻറെ ശരീരത്തോടുള്ള അപമാനം എനിക്ക് താങ്ങാൻ പറ്റുന്നില്ലെന്ന് യേശുവിനോട് ഞാൻ വിങ്ങിപ്പൊട്ടി. അപ്പോൾ യേശു എന്നെ തൊടുന്നതായി എനിക്ക് തോന്നിയിരുന്നു.

( തുടരും )


Report Page