15

15


എല്ലാവരും അച്ചനോട് സംസാരിക്കാൻ പോയപ്പോൾ അദ്ദേഹത്തോട് പോകണ്ട എന്ന് ഞാൻ പറഞ്ഞു നോക്കി. എന്നാൽ ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന് പറഞ്ഞ് അദ്ദേഹം അവർക്കൊപ്പം പോയി. ഞാൻ കുറച്ച് നേരം കരഞ്ഞു. പിന്നെ നിറുത്തി. പള്ളിമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. കന്യാമറിയത്തിൻറെ ഗ്രോട്ടോ നോക്കി നിന്നു. ഹമീലിയയുടേയും ബ്ളീഡിംഗ് ഹാർട്ടിൻറേയും പടർപ്പും ഭംഗിയും കണ്ടു.

അപ്പോഴാണ് അദ്ദേഹം എന്നെ അകത്തേക്ക് വിളിച്ചത്.ഞാൻ വേഗം ചെന്നു.

അച്ചൻ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗായിരുന്നു. എന്നോട് ഇരിക്കാൻ പോലും ആരും പറഞ്ഞില്ല. അദ്ദേഹത്തിന്റെ കസേലയുടെ പിന്നിൽ പിടിച്ചുകൊണ്ട് ഞാൻ മൗനമായി നിന്നു.

മതം മാറാത്ത, പള്ളിയിൽ ആശീർവദിക്കാത്ത സഹജീവനം വ്യഭിചാരമെന്ന് പാപമെന്ന് ആവർത്തിക്കപ്പെട്ടു. വിവാഹം എന്ന കൂദാശ, ഭാര്യയുടെ ചുമതലകൾ, കുഞ്ഞുങ്ങൾ ക്രിസ്ത്യാനികളായില്ലെങ്കിൽ വരാവുന്ന പ്രശ്‌നങ്ങൾ.. അങ്ങനെ അച്ചൻ വിശദമായി സംസാരിച്ചു. കൂട്ടത്തിൽ ഞാൻ കുടുംബത്തിൽ പിറന്ന നല്ല സ്ത്രീയല്ലേന്ന് മൂന്നാലു വട്ടം ആവർത്തിച്ചു.

എല്ലാവരുടെയും തലയിൽ കൈ വെച്ച് പ്രാർഥിച്ച അച്ചന് എൻറെ തലയിൽ കൈ വെക്കാൻ മടിയായി. എന്നിൽ സാത്താനെ കാണാമെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ മറ്റു മുഴുസവർണക്കുട്ടികൾക്ക് കൈയിൽ ചന്ദനവും പ്രസാദവും കൊടുക്കുകയും എനിക്കും അനിയത്തിമാർക്കും എല്ലാം കല്ലിലെറിഞ്ഞു തരികയും ചെയ്യുന്ന അമ്പലത്തിലെ പൂണൂലിട്ട പൂജാരിയെ ഓർമ്മിപ്പിച്ചു ആ അച്ചൻ. എൻറെ മാനസാന്തരത്തിന് പ്രാർഥിക്കാമെന്ന് അദ്ദേഹം എല്ലാർക്കും വാക്ക് നൽകി.

എനിക്ക് ഒന്നും തോന്നിയില്ല. കരച്ചിലോ സങ്കടമോ അപമാനമോ.. ഒന്നും.

എന്തായാലും പിന്നീടൊരിക്കലും ക്രിസ്തു മതം സ്വീകരിക്കാമെന്ന് ഞാൻ എന്നോടു പോലും പറയാതായി.

ഞാൻ മുതിർന്നവളാവുകയായിരുന്നു.

( തുടരും )


Report Page