13

13


അച്ഛൻ ഡോക്ടറാണെങ്കിലും വിശ്വകർമ്മനായതുകൊണ്ട് , ഞാൻ കുഞ്ഞായിരുന്നപ്പോൾ ഭഗവദ്ഗീത പഠിപ്പിച്ചു തരില്ല എന്ന് ശഠിച്ച നായരായ സംസ്കൃതപണ്ഡിതനോട് കലഹിച്ചാണ് ഒരു ദിവസം ഒരു ശ്ലോകമെന്ന കണക്കിൽ ഞാനും അനിയത്തിയും ഗീത പഠിച്ചത്. അമ്മീമ്മയായിരുന്നു ഗുരു.

അതു പോലെ മീൻ വെക്കാൻ പഠിക്കണമെന്ന് ആ ചേച്ചിയുടെ ഭയപ്പെടുത്തലിനു ശേഷം ഞാൻ തീരുമാനിച്ചു.

അയൽപ്പക്കത്തെ ആൻറിമാരായിരുന്നു ഗുരുനാഥമാർ. ഒരാൾ മീൻ വാങ്ങാൻ പഠിപ്പിച്ചു. മറ്റൊരാൾ വെട്ടാനും കഴുകാനും പറഞ്ഞു തന്നു. മുളക് പൊടി, മഞ്ഞൾപ്പൊടി ഒക്കെ അമ്മിയിൽ വെച്ച് അരച്ചിട്ടേ കറിയിലും വറുക്കാനുള്ള മീനിലും ചേർക്കാവൂ എന്ന് കേട്ടപ്പോൾ ഞാൻ അമ്പരന്നുപോയി. എന്നാലും എല്ലാം പറഞ്ഞപടിയൊക്കെ ചെയ്ത് മുള്ളൻ മൂന്ന് തുള്ളല് എന്ന കണക്കിൽ ഞാൻ മുള്ളൻ മീൻ കറിവെക്കുകയും വറുക്കുകയും ചെയ്തു.

എൻറെ പുരുഷൻ അൽഭുതപ്പെട്ടു. ഒരു അമേച്വർ കുക്ക് എന്ന നിലയിൽ സഹിക്കാവുന്ന പാചകപരീക്ഷണമാണ് ഞാൻ നടത്തിയതെന്ന് അദ്ദേഹം സമ്മതിച്ചു.

ആൻറിമാർ മീൻ കറി വെക്കുമ്പോഴും ഈശോയുടെ അനുഗ്രഹം വേണമെന്നും കുരിശ് വരച്ചേ ചെയ്യാവൂ എന്നും എന്നെ ഉപദേശിച്ചിരുന്നു. വെള്ളം വീഞ്ഞാക്കിയവന് അറിയും പോലെ പെണ്ണുങ്ങളുടെ അടുക്കള വ്യഥകൾ ആരറിയുമെന്നോർത്ത് എനിക്ക് അന്നേരം ചിരി വന്നു. വീട്ടിലുണ്ടാരുന്ന തിരുഹൃദയചിത്രത്തിലെ യേശു എന്നോട് മന്ദഹസിക്കാനും കണ്ണിറുക്കാനും തുടങ്ങിയത് അന്നുമുതലായിരുന്നു.

പിന്നെ ആൻറിമാരെയൊക്കെ ഒഴിവാക്കി ഞാൻ നോൺവെജിറ്റേറിയൻ ഭക്ഷണത്തിൻറെ വിശാലമായ ലോകത്തിലേക്ക് എത്തി. മീനുകളും ഇറച്ചിയുമൊന്നും എന്നെ ഒട്ടും പരിഭ്രാന്തയാക്കിയില്ല. അയ്യര് വീട്ടുപൊണ്ണ് മീൻ വാങ്ക വന്താ ലൗ മാര്യേജ്ന്ന് തെരിഞ്ചുക്കോ എന്നല്ലേ ഗാനം?

എന്നിട്ടും എൻറെ പാചകത്തിന് അദ്ദേഹം പ്രതീക്ഷിച്ച ആ ക്രിസ്ത്യനിമ ഇല്ലാരുന്നു. ഞാൻ ആ വീട്ടിൽ പാചകമേ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശ്വസിക്കുകയും എല്ലാവരേയും പറഞ്ഞു ബോധ്യമാക്കുകയും ചെയ്തു.

പുരോഗമന സാംസ്കാരിക പരിസ്ഥിതി സ്ത്രീ വാദികളൊക്കെ വന്ന് ഭക്ഷണം കഴിച്ചിരുന്നു. എന്നിട്ടവർ ചോദിക്കും.. പ്ളേറ്റ് കഴുകിവെക്കട്ടേ? ഞാൻ ഓ എന്ന് മൂളും. അതൊക്കെ അവരെ വിഷമിപ്പിച്ചിരുന്നു. അവരങ്ങനെ ചോദിക്കുമ്പോൾ ഓ! നോ! നെവർ എന്ന ഉത്തരമാണ് അവർക്ക് വേണ്ടിയിരുന്നത്. മുഖത്തിൻറെ നിറം കടുപ്പിച്ച് പാത്രം കഴുകി വെച്ചിട്ട് മറ്റേതോ വീട്ടിൽ പോയപ്പോൾ അവിടുത്തെ വീട്ടമ്മ അതിഥി ഉണ്ട പാത്രം കഴുകിവെച്ചാൽ അവർക്ക് ശാപം കിട്ടുമെന്നും ഭക്ഷണം നൽകാൻ കഴിഞ്ഞ ഭാഗ്യം പൊയ്പ്പോകുമെന്നും പറഞ്ഞ് പാത്രം പിടിച്ചു വാങ്ങിയ കഥ എന്നെയവർ പറഞ്ഞു കേൾപ്പിക്കും.

എന്തായാലും പുരുഷൻറെ ഹൃദയത്തിലേക്കുള്ള വഴി ഉദരത്തിലൂടെയല്ലെന്ന് എനിക്ക് അതിവേഗം മനസ്സിലായി.

( തുടരും )


Report Page