വാഹനം വെയിലത്തിറക്കുമ്പോൾ ശ്രദ്ധിക്കൂ

വാഹനം വെയിലത്തിറക്കുമ്പോൾ ശ്രദ്ധിക്കൂ


കാറുകൾക്ക് എപ്പോഴും മഴക്കാലമായിരുന്നു വില്ലൻ. ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനങ്ങൾമൂലം കടുത്ത ചൂടും അന്തരീക്ഷ മലിനീകരണവും വാഹനങ്ങളെ ബാധിക്കും. ചൂടിൽ നിന്നും പൊടിയിൽനിന്നും രക്ഷനേ‌‌ാ‌ടാന്‍ ചില പൊടിക്കൈകൾ.‌


കാറിനകത്തെ ചൂടു കുറയ്ക്കാൻ

വെയിലത്ത് കാർ പാർക്ക് ചെയ്തിരിക്കുമ്പോ‌ൾ ക്യാബിന്‍ ഉൗഷ്മാവ് വളരെ കൂടുതലായിരിക്കും. ഇത് കാറിനുള്ളിൽ ആരോഗ്യത്തിനു ഹാനികരമായ വാതകങ്ങൾ ഉണ്ടാക്കുന്നതിനു കാരണമാകും. ചൂടുവായു എളുപ്പം പുറത്തുകളയുന്നതിനു കാറിന്റെ ഒരുവശത്തെ വിൻഡോ ഗ്ലാസ് താഴ്ത്തിയിടുക. എന്നിട്ട് മറുവശത്തെ ‍ഡോർ അഞ്ചാറു തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ചൂടുവായു തുറന്നിട്ട‌ വിൻഡോയിലൂടെ പുറത്തേക്കു പോകുകയും ഫ്രഷ് എയർ അകത്തെത്തുകയും ചെയ്യും .കാറിനുള്ളിലെ ചൂടിനു തെല്ല് ആശ്വാസമാകും. മേൽപറഞ്ഞതുപോലെ ചെയ്യുമ്പോള്‍ പിൻ വിന്‍ഡോകൾ തുറന്നിടാതിരിക്കാൻ ശ്രദ്ധിക്കണം. ഫലം കുറയും.

കടുത്ത ചൂടിൽ എസി ഒാണ്‍ ചെയ്യുമ്പോൾ

വേനലിൽ എസി ഇല്ലാതെ യാത്രകൾ ചിന്തിക്കാൻ പോലുമാകില്ല. കടുത്ത ചൂടിൽ എസി ഒാൺ ചെയ്യുമ്പോള്‍ ആദ്യം കാര്‍ സ്റ്റാർട്ട് ചെയ്ത ശേഷം എസി സ്വിച്ച് ഒാൺ ചെയ്യുക. ഒപ്പം ബ്ലോവർ സ്വിച്ച് ഒാൺ ചെയ്തു കൂട്ടി വയ്ക്കുക. അപ്പോൾ ചൂടുള്ള വായു തണുക്കും.

ഇടയ്ക്കിടെ എസി റീസർക്കുലേഷൻ മോഡ് മാറ്റി ഫ്രഷ് എയർ മോഡില്‍ ഇ‌ടുക. റീസർക്കുലേഷൻ മോഡിൽ സ്ഥിരമായി ഇടുന്നത് ആരോഗ്യത്തിനു നന്നല്ല. കാരണം, ഇൗ മോഡിൽ അകത്തെ വായു തന്നെ കറങ്ങിക്കൊണ്ടിരിക്കുകയാണ്. കാറിനുള്ളിലെ വായുവിനു പുറമേയുള്ള വായുവുമായി സമ്പർക്കം ഉണ്ടാകുന്നില്ല. അതിനാൽ വായുവിൽ ഒാക്സിജന്റെ അളവ് കുറവായിരിക്കും. ഇടയ്ക്കിടെ ഫ്രഷ് എയർ മോഡിലേക്കിടുന്നത് കാറിനകത്തെ ഒാക്സിജൻ ലെവൽ കുറയാതിരിക്കാന്‍ സഹായിക്കും. എസി രണ്ടുവിധമുണ്ട്.


ഒാട്ടോമാറ്റിക് എസിയും മാനുവൽ എസിയും. ഒാട്ടോമാറ്റിക് എസി ആണെങ്കിൽ കാറിനകത്തെ ഉൗഷ്മാവിന്റെ വൃതിയാനം അനുസരിച്ച് സ്വയം മോഡ് മാറിക്കോളും. മാനുവൽ എസി ആണെങ്കിൽ മോഡ് തിരിച്ചു വയ്ക്കേണ്ടിവരും. കാർ സര്‍വീസിനു നല്‍കുമ്പോൾ എസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം.

എസി കൂളിങ് കുറയുന്നതെന്തുകൊണ്ട്?

എസി മോഡ് സെറ്റ് ചെയ്തിരിക്കുന്നതു ശ്രദ്ധിക്കുക. ഫ്രഷ് എയർ മോഡ് ആണെങ്കിൽ കൂളിങ് കുറയും. പുറത്തെ വായു ഉള്ളിലേക്കെടുത്തു തണുത്തു വരാൻ സമയം എടുക്കും. ഹീറ്റർ ഒാപ്ഷൻ ഒാൺ അല്ലെന്ന് ഉറപ്പുവരുത്തണം. എന്നിട്ടും തണുപ്പു കുറവാണെങ്കിൽ എസി ഗ്യാസ് ലീക്ക് ഉണ്ടോ എന്നു നോക്കണം. എന്‍ജിൻ പരിധിയിൽ കൂടുതൽ ചൂടായിരിക്കുകയാണെങ്കിലും കൂളിങ് കുറയും. കൺസോളിലെ ടെംപറേച്ചർ ഗേജ് ശ്രദ്ധിക്കുക. എന്‍ജിന്റെ ഉൗഷ്മാവ് കൂടുതലാണെങ്കിൽ ഒാട്ടാമാറ്റിക് ആയി എസിയുെട പ്രവർത്തനം നിലയ്ക്കും. എസി പ്രവർത്തിക്കുമ്പോൾ എന്‍ജിൻ ലോഡ് കൂടുതലായിരിക്കും. അതോടൊപ്പം ബാറ്ററിക്കും ഇലക്ട്രിക്കല്‍ വിഭാഗത്തിനും ലോഡ് ഉണ്ടാകും. അതിനാൽ കാർ കൃത്യമായി സര്‍വീസ് ന‌‌ടത്തി പ്രശ്നങ്ങൾ പരിഹരിക്കണം.

എസി ഇവാപ്പറേറ്റര്‍ (കൂളിങ് കോയിൽ) ബ്ലോക്ക് ആയിട്ടുണ്ടോ എന്നു പരിശോധിക്കുക. പൊടി കൂടുതൽ അടിഞ്ഞാൽ ഇത് ബ്ലോക്ക് ആകും. കൂളിങ് കുറയാം. അതുപോലെതന്നെ ഒാവർ കൂളിങ് ന‌ടന്ന് ഇൗര്‍പ്പം ഉറഞ്ഞ് െഎസ് ആയും ഇവാപ്പറേറ്റർ ബ്ലോക്ക് ആകാം. എസി ഫിൽറ്റർ ബ്ലോത്ത് ആയാലും കൂളിങ്ങിനെ ബാധിക്കും ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ സർവീസ് സെന്ററുമായി ബന്ധപ്പെടുക. എസി സര്‍വീസ് ഏകദേശം 2500 രൂപ വരെ ചെലവു വരും( മോഡൽ അനുസരിച്ചു വിലയിൽ മാറ്റം ഉണ്ടാകും).

പൊടിവില്ലനായൽ

ഇന്റീരിയർ എപ്പോഴും ക്ലീൻ ആയിരിക്കാൻ ശ്രദ്ധിക്കണം. പൊടിയും മറ്റും അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ എസി ഒാൺ ചെയ്യുമ്പോൾ ഇൗ പൊടിയും എസി വെന്റിലേക്ക് ആഗീരണം ചെയ്യപ്പെടും. പൊടി കേറിയാൽ ഇവാപ്പറേഷന്‍ യൂണിറ്റ് അടഞ്ഞുപോകും. എസി ഫിൽറ്റർ ഉപയോഗിക്കുന്നത് ഒരുപരിധിവരെ പൊടി അടിയുന്നതു തടയും.‍ പൊടി കൂടാതെ എസി വെന്റിൽ ഇൗര്‍പ്പം ഉള്ളതിനാൽ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളും ഇന്റീരിയറിൽ ഉണ്ടാകും . ഇവ പലവിധ അസുഖങ്ങൾക്കും അലർജി, വിട്ടുമാറാത്ത തുമ്മൽ എന്നിവയ്ക്കും കാരണമായേക്കാം. ഇൗര്‍പ്പം, ബാക്ടീരിയ, ഫംഗസ് തു‌ടങ്ങിയവ നീക്കംചെയ്യാന്‍ സാനിറ്റൈസർ ചെയ്യുന്നതു നല്ലതാണ്. 1200 രൂപ ചെലവു വരും.

നിറം മങ്ങാതിരിക്കാന്‍

ദീർഘനേരം കാർ പാർക്ക് ചെയ്യുകയാണെങ്കിൽ കാര്‍ മൂടിയി‌ടുക. ഇതെപ്പോഴും പ്രായോഗികമാകണമെന്നില്ല. എവിടെയെങ്കിലും നിർത്തിയിടുന്ന അവരസങ്ങളിൽ തുരുമ്പു കലര്‍ന്ന െവളളം, പക്ഷി കാഷ്ഠം, കറ, പൊടി, ആസിഡ് തുടങ്ങിയവ ബോഡിയിൽ വീണാൽ പെയിന്റിനു ദോഷം വരാം. ‌ടെഫ്ളോൺ കോട്ടിങ്, പോളിമർ കോട്ടിങ് തുടങ്ങിയവ ചെയ്താൽ ഇൗ പ്രശ്നങ്ങൾ ഒരു പരിധിവരെ തടയും. ഡീലർഷിപ്പുകളിലോ അല്ലെങ്കിൽ ഇതു ചെയ്യുന്ന പ്രത്യേക ഷോപ്പുകളിലോ മാത്രം ചെയ്യിക്കുക. നല്ല ഗുണനിലവാരം ഉറപ്പുവരുത്തണം. പൊടിപിടിച്ച കാര്‍ അതോടുകൂടി തുടയ്ക്കുന്നത് പെയിന്റിനു ഡാമേജ് വരുത്തും. ചെറിയ പോറൽ ഉണ്ടാകാനും സാധ്യതയുണ്ട്. 

Report Page