12

12


ഇക്കാലയളവിൽ എൻറെ അനിയത്തിമാർ ആരുമറിയാതെ എന്നെ കാണാൻ വന്നുതുടങ്ങീരുന്നു. അവരോട് അപ്രിയമൊന്നും അദ്ദേഹം കാണിച്ചില്ല.അത് ഞങ്ങൾ മൂന്നു പേരേയും സന്തോഷിപ്പിച്ചു.

എനിക്ക് ആനന്ദമാണെന്ന് ഞാൻ അനിയത്തിമാരോട് എപ്പോഴും പറയുമായിരുന്നു. അവർ അത് വിശ്വസിച്ചിരുന്നു

അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് സസ്യഭക്ഷണം കഴിച്ചു ജീവിക്കുന്ന അദ്ദേഹത്തോട് തോന്നിയ സഹതാപം കൊണ്ട് ഒരു ദിവസം ഞങ്ങളുടെ വാടകവീട്ടിൽ അവർ ഒത്തുകൂടി. നന്നായി മൽസ്യക്കറി വെക്കാനറിയുന്ന ഒരു ചേച്ചിയായിരുന്നു എല്ലാറ്റിനും നേതൃത്വം നൽകിയത്. ഞാൻ എല്ലാം കണ്ടു നിന്നു. ചേന വറുത്തെരിശ്ശേരിയും അച്ചിങ്ങാമെഴുക്കുപുരട്ടിയും പപ്പടവും കടുമാങ്ങയും തൈരുമായിരുന്നു എൻറെ വിനീതമായ വിഭവങ്ങൾ.

നാളികേരവും ഒരു ചുവന്നുള്ളിയും വറുത്തരച്ച് ആ ചേച്ചി വലിയൊരു മൽസ്യത്തെ കറി വെച്ചു. പിന്നൊരു വലിയ മൽസ്യത്തെ പല കഷണങ്ങളാക്കി മുളകും ഉപ്പും പുരട്ടി വറുത്തെടുത്തു. ഞാൻ എല്ലാം കണ്ടു നിന്നെങ്കിലും എൻറെ പങ്കാളിത്തം വേണ്ടത്രയായില്ലെന്ന് സഹപ്രവർത്തകരായ പുരുഷന്മാർ അഭിപ്രായപ്പെട്ടത് എൻറെ വീട്ടുകാരനെ ക്ഷുഭിതനാക്കി.

എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചേച്ചിയാണ് ഞാനുണ്ടാക്കിയ വിഭവങ്ങളും വിളമ്പാനെടുത്തത്. എൻറെ പുരുഷൻ അതൊന്നും തൊട്ടില്ലെന്ന് മാത്രമല്ല, വെറുപ്പോടെ തല കുടഞ്ഞുകൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ രുചിയുള്ള ആഹാരമേയില്ല.. ഇന്നാണ് ആദ്യമായി എന്തേലും രുചി യോടെ കഴിക്കുന്നതെന്ന് ദുഖിതനായി. എല്ലാവരും വല്ലാതെ വേദനിച്ചു. ഞാൻ തല കുമ്പിട്ട് ഇരിക്കുകയായിരുന്നു അപ്പോൾ. കാരണം എന്നും ഒരു നേരമെങ്കിലും സ്വന്തം അമ്മ തന്നെയാണ് അദ്ദേഹത്തിന് ആഹാരം നൽകിയിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു.

പോകും മുൻപ് ചേച്ചി എന്നെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ജീവിക്കാൻ പഠിക്കണം. രണ്ടു മാസമായില്ലേ ഒന്നിച്ചു കഴിയുന്നു.? പാചകം , വീട് വൃത്തിയായി അലങ്കരിക്കൽ ഇതിലൊക്കെ ക്രിസ്ത്യാനി പെൺകുട്ടികൾ മിടുമിടുക്കികളാണ്. അദ്ദേഹം കളഞ്ഞിട്ട് പോയാൽ നിനക്കാണ് പ്രശ്നം. അത് മറക്കരുത്. നീയുണ്ടാക്കിയ വിഭവങ്ങൾ വായിൽ വെക്കാൻ കൊള്ളാത്തതാണ്. ഇങ്ങനെ പാചകം ചെയ്ത് അദ്ദേഹത്തെ ദ്രോഹിക്കരുത്.

ഞാൻ ഭയത്തോടെ തലയാട്ടി.

മതം മാറാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എതിർത്തു. ശരിക്കും വിശ്വാസം വന്നിട്ട് മാറിയാൽ മതി. ക്രിസ്തുവിൻറെ ജീവിതം പരിശീലിക്കുക. പതുക്കെ മാത്രമേ അത് സാധിക്കൂ.

പുരോഗമനവാദിയും മതനിരപേക്ഷനും സ്ത്രീവാദിയും മററും മററുമായ ഒരാൾക്ക് എന്നെ എങ്ങനെ മതം മാറ്റാൻ കഴിയും? അത് രഹസ്യമായി സൂക്ഷിക്കുക എളുപ്പമല്ല.

ക്രിസ്തുമതം സ്വീകരിക്കാൻ സമയമായില്ല എന്നത് ഒരു ഡബിൾ ഗെയിമായിരുന്നു. വീട്ടുകാരും ബന്ധുക്കളും എന്നെ വാശിക്കാരിയായ ഹിന്ദുവായി കരുതി. കുടുംബ കുർബാനയും മറ്റും അനുഭവിക്കാനാവാതെ അദ്ദേഹം നൊമ്പരപ്പെടുന്നുവെന്ന് അവർ വേദനിച്ചു. അതേ സമയം വീടിനു പുറത്ത് പള്ളിയേയും മതത്തേയും വെല്ലുവിളിക്കുന്ന പുരോഗമനവാദിയായി അദ്ദേഹം നിലകൊണ്ടു.

എനിക്കതെല്ലാം മനസ്സിലാവാൻ ഒരുപാട് സമയമെടുത്തു. അതിനുള്ളിൽ ഞാൻ ഒത്തിരി അച്ചന്മാരേയും കന്യാസ്ത്രീകളേയും കാണുകയും അനവധി പള്ളികളിൽ മുട്ടുകുത്തുകയും ധ്യാനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. യേശുവേ സ്തോത്രം എന്ന് ലക്ഷക്കണക്കിൽ ഉരുവിട്ടു കഴിഞ്ഞിരുന്നു.

( തുടരും )


Report Page