11

11


വിവാഹമെന്ന കൂദാശയിലൂടെ പുതിയ കുടുംബമുണ്ടാവുകയും തിരുസഭ വിജയത്തിൻറെ തൊടുകുറിയണിയുകയുമാണ് ചെയ്യുക. ഈ നാടിൻറെ കല്യാണ രജിസ്‌ട്രേഷൻ ചട്ടങ്ങളെയൊന്നും തിരുസഭ മാനിക്കുന്നില്ല. അത് ചെയ്താലും ഇല്ലെങ്കിലും ഒരു കാര്യവുമില്ല.

കുടുംബത്തെ സമൂഹം അംഗീകരിക്കണം. അതിന് പങ്കാളികളുടെ വീടുകളിൽ നിന്ന് മറ്റു കുടുംബങ്ങൾ വരണം. എനിക്ക് അങ്ങനെ കുടുംബമായി വരാൻ ആരുമില്ല.

എൻറെ പുരുഷൻറെ കുടുംബത്തിൽ നിന്ന് പുരുഷന്മാർ മാത്രം വരും. പുരുഷന്മാർ അയിത്തമില്ലാത്തവരാണ്. അവർക്ക് വീടുകളിലും പള്ളികളിലും അമ്പലങ്ങളിലും കടയിലും ചന്തയിലും വേശ്യാപ്പുരയിലുമെല്ലാം പോകാം എന്ന ന്യായീകരണം എൻറെ പുരുഷൻ എഴുന്നള്ളിച്ചപ്പോൾ എനിക്ക് ശബ്ദം നിലച്ചുപോയി. ആരെങ്കിലും എന്നെ ഉപദ്രവിച്ചാൽപ്പോലും ഞാൻ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം എല്ലാം മനസ്സിലാക്കാനും ക്ഷമിക്കാനും സാധിക്കുന്നവനാണെന്നും കൂടി പറഞ്ഞപ്പോൾ ആ വാക്കുകളുടെ ദൂരവ്യാപ്തി എനിക്കു പിടികിട്ടിയില്ല.

എന്തായാലും ധാരാളം ബന്ധുപ്പുരുഷന്മാരും സുഹൃത്ത് പുരുഷന്മാരും വന്നു. ഞാൻ ഉണ്ടാക്കുന്ന കാപ്പി,ചായ,പഴം പുഴുങ്ങിയത്, കപ്പ, ചോറ്, രസം, സാമ്പാർ, ഓംലറ്റ്, മെഴുക്കുപുരട്ടികൾ, തോരനുകൾ, അവിയൽ.... അങ്ങനെ എല്ലാം മഹാമോശമെന്ന് സർട്ടിഫിക്കറ്റ് കിട്ടീരുന്നു. ഇറച്ചിയും മീനും മാത്രമാണ് ആഹാരമെന്ന് എനിക്ക് മനസ്സിലായി. ചില സുഹൃത്തുക്കളുടെ ഭാര്യമാർക്കും അമ്മമാർക്കും ശിഷ്യപ്പെടാനായി എന്നെ അവരുടെ വീടുകളിൽ പകൽ സമയ ട്രെയിനിംഗിനും വിട്ടിരുന്നു. ആ സ്ത്രീ രത്നങ്ങളെല്ലാം എൻറെ പുരുഷൻറെ ആഹാര നിർഭാഗ്യത്തെ ഓർത്ത് എനിക്ക് ട്രെയിനിംഗ് തരുമ്പോഴും ചുടുകണ്ണീർ പൊഴിച്ചു.

ബന്ധുപ്പുരുഷന്മാർ യേശു ആരാണെന്നറിയുമോ എന്നു തുടങ്ങി കന്യകാമറിയം, യൗസേഫ് പിതാവ്, തിരുക്കുടുംബം, എല്ലാ പ്രവാചകരും അപ്പസ്തോലന്മാരും..അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും. ഒരു മതവും അതിൻറെ പുരുഷ അനുയായിയുടെ മതത്തോടുള്ള കൂറിനെ സംശയിക്കില്ല. ഞാൻ പെണ്ണും മറ്റൊരു മതവിശ്വാസിയുമാണ്. എൻറെ കൂറാണ് എന്തകൊണ്ടും സംശയാസ്പദം. അപ്പോൾ മതം മാറാൻ ഞാൻ സമ്മതിക്കലാണ് വേണ്ടത്. അതിന് നിർബന്ധിക്കലാണ് ബന്ധുപ്പുരുഷന്മാരുടെ ലക്ഷ്യം.

ഭീകരമായ ഈ മാനസികപീഡനത്തിൽ നിന്നും രക്ഷപ്പെടാൻ മതം മാറ്റമാണ് വേണ്ടതെന്ന് ഞാൻ തീർച്ചയാക്കി .

( തുടരും )


Report Page