ഷെവര്‍ലെ ഇന്ത്യന്‍ വിപണി വിടാന്‍ സാധ്യത

ഷെവര്‍ലെ ഇന്ത്യന്‍ വിപണി വിടാന്‍ സാധ്യത


അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യന്‍ വിപണി വിടാന്‍ ഒരുങ്ങുന്നതായി അഭ്യൂഹം. ഏതാനും വര്‍ഷങ്ങളായി വില്‍പ്പന മോശമായ സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു കടുത്ത തീരുമാനത്തിലേയ്ക്ക് നീങ്ങുന്നത്. കഴിഞ്ഞ മാസം വെറും 1,318 വാഹനങ്ങളാണ് ജനറല്‍ മോട്ടോഴ്സ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്.


ഇന്ത്യന്‍ വിപണി വിടുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കകം കമ്പനി നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഷോറൂമുകളെല്ലാം ഒറ്റയടിയ്ക്ക് അടച്ചുപൂട്ടാന്‍ സാധ്യതയില്ല. ഉപഭോക്താക്കള്‍ , ഡീലര്‍മാര്‍ക്കും അസൗകര്യമുണ്ടാക്കാതെ പടി പടിയായിട്ടാകും ഷോറൂമുകള്‍ക്ക് പൂട്ട് ഇടുക. കമ്പനി വില്‍പ്പന അവസാനിപ്പിച്ചാല്‍ നിലവിലുള്ള കാര്‍ ഉപഭോക്താക്കള്‍ക്ക് പത്ത് വര്‍ഷത്തേയ്ക്ക് സര്‍വീസും സ്പെയര്‍പാര്‍ട്സുകളും ലഭ്യമാക്കണമെന്ന നിയമമുണ്ട്.


ഏപ്രില്‍ 28 ന് ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റ് അടച്ചുപൂട്ടുന്നതോടെ ടവേര, ക്രൂസ് മോഡലുകളുടെ ഉത്പാദനം അവസാനിക്കും. ജനറല്‍ മോട്ടോഴ്സിന്റെ മറ്റൊരു പ്ലാന്റ് മഹാരാഷ്ട്രയിലെ തലേഗാവിലാണ്. ബീറ്റ് ഹാച്ച്ബാക്ക് ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്. മെക്സിക്കോയിലേയ്ക്ക് കയറ്റുമതി ചെയ്യാനുള്ള ലെഫ്ട് ഹാന്‍ഡ് ഡ്രൈവ് ബീറ്റ് മാത്രമായിരിക്കും ഇവിടെ ഉത്പാദിപ്പിക്കുക. ചൈനീസ് കൂട്ടാളിയായ എസ്എഐസിയ്ക്ക് ഹാലോള്‍ പ്ലാന്റ് വില്‍പ്പന നടത്താന്‍ ജിഎം ശ്രമിക്കുന്നുണ്ട്.


മലീനീകരണ നിയന്ത്രണ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ 2013 ല്‍ ഷെവര്‍ലെ ടവേരയെ തിരിച്ചുവിളിയ്ക്കേണ്ടി വന്ന നടപടി മുതലാണ് ജനറല്‍ മോട്ടോഴ്സിന് കഷ്ടകാലം തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് വില്‍പ്പന കുറയുന്ന സ്ഥിതിയുണ്ടായി. ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജിഎമ്മിന്റെ വിപണി വിഹിതം.

Report Page