02

02

Ullas_Nasthik

Ravichandran C


*'മെഡിക്കല്‍വ്രണങ്ങള്‍'* ☹


ഒരു ടി.വി ചാനലില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ സീറ്റുകളുടെ അംഗീകാരം സംബന്ധിച്ച്‌ ഒരു അഭിപ്രായം പറഞ്ഞു എന്ന കാരണത്താല്‍ പ്രസ്‌തുത മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ.ജിനേഷ്‌ പി.എസിന്റെ സേവനം അവസാനിപ്പിക്കാനുള്ള പ്രിന്‍സിപ്പാള്‍ തീരുമാനിച്ചു എന്ന വാര്‍ത്ത അതിശയകരംതന്നെ. കോഴ്‌സുകള്‍ക്ക്‌ ഔദ്യോഗിക അംഗീകാരം ലഭിച്ചില്ലെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങുന്ന എം.ബി.ബി.എസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭാവിയില്‍ വ്യാജഡോക്‌ടര്‍മാരായി അറിയപ്പെടേണ്ടി വരുമെന്നും ഈ ദുരവസ്ഥ പരിഹരിക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണമെന്നുമാണ്‌ ജിനേഷ്‌ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്‌. ഇത്രയൊക്കെ ലഘുവായ ആവശ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വ്രണപ്പെടുന്ന വികാരങ്ങളാണല്ലോ മെഡിക്കല്‍ കോളേജ്‌ അധികാരികളെ ഭരിക്കുന്നത്‌ എന്നതോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. ആര്‍ക്ക്‌ വേണ്ടിയാണ്‌ ജിനേഷ്‌ ശബ്‌ദമുയര്‍ത്തിയതെന്ന്‌ പോലും അവര്‍ക്ക്‌ മനസ്സിലാകുന്നില്ല എന്നതാണ്‌ ഏറെ ഖേദകരം. 


ഡോ.ജിനേഷിനെ കുറെക്കാലമായി അറിയാം. Hold him in high esteem. 

FB പോസ്റ്റുകളും വീഡിയോകളും വായിക്കാറുണ്ട്‌. കഴിഞ്ഞ ആഴ്‌ച കൊച്ചിയില്‍ നടന്ന എസെന്‍ഷ്യ 17 വെച്ച്‌ നേരിട്ടു കണ്ടു. അന്നവിടെ ജിനേഷ്‌ നടത്തിയ പ്രസന്റേഷന്‍ എസെന്‍ഷ്യ 17 ലെ ഏറ്റവും മികച്ചവയില്‍ ഒന്നായിരുന്നു. അതിനുപയോഗിച്ച സ്ലൈഡുകളും ശ്രദ്ധേയമായിരുന്നു. സാധാരണ ഡോക്‌ടര്‍ സമൂഹത്തില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയോടെ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറവാണ്‌. ശാസ്‌ത്രീയമനോവൃത്തിയുള്ള എണ്ണം അതിലും നിസ്സാരമാണ്‌. ഭൂരിപക്ഷവും ഏതാണ്ടൊരു കൂടോത്ര ലൈനാണ്‌. കേരളസമൂഹത്തില്‍ ഏറ്റവുമധികം ഇരുട്ട്‌ പരത്തുന്ന രണ്ട്‌ വിഭാഗങ്ങളില്‍ ഒന്ന്‌ ഡോക്‌ടര്‍മാരാണ്‌; മറ്റൊന്ന്‌ അദ്ധ്യാപകരും. ബൗദ്ധികതയും പരിഷ്‌ക്കരണോധവും ഇത്രയധികം മുരടിച്ച വേറെ രണ്ട്‌ വിഭാഗങ്ങളെ കണ്ടെത്താന്‍ പ്രയാസമാണ്‌. സാമാന്യവല്‍ക്കരണം ഒരു ന്യായവൈകല്യമാണെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ അനിവാര്യമാക്കുന്ന അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തില്‍ :( പക്ഷെ അവിടെയൊക്കെ ജിനേഷ്‌ പി.എസ്‌ തീര്‍ത്തും വ്യത്യസ്‌തനാണ്‌ എന്നത്‌ സന്തോഷം പകരുന്ന വസ്‌തുതയാണ്‌. 


തികഞ്ഞ ആത്മാര്‍ത്ഥതയോടെ, ആര്‍ജ്ജവത്തോടെ വൈദ്യവും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുതാല്‌പര്യപ്രകാരം വിശദീകരണങ്ങള്‍ നടത്തുകയും അശാസ്‌ത്രീയപ്രഭുക്കളോട്‌ കാലുഷ്യമില്ലാതെ കലഹിക്കുകയും ചെയ്യുന്ന ഈ യുവാവ്‌ ശാസ്‌ത്രപ്രചരണരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരില്‍ സൃഷ്‌ടിക്കുന്ന ആവേശം ചെറുതല്ല. കേരളം ശ്രദ്ധിക്കുന്ന ഒരു ഭിഷഗ്വരനായി മാറാന്‍ ജിനേഷിന്‌ കഴിയുമെന്ന്‌ നിസ്സാരമായി പ്രവചിക്കാം. അതിനുള്ള ശേഷിയും ഇന്ധനവും ഈ ക്ഷോഭിക്കുന്ന യുവാവിന്റെ പക്കലുണ്ട്‌. കേരളത്തില്‍ വളരെ വിജയകരമായി നടന്നുവരുന്ന പ്രതിരോധ കുത്തിവെപ്പ്‌ ദൗത്യത്തിന്റെ ശക്തനായ വക്താക്കളില്‍ ഒരാള്‍ കൂടിയായ ജിനേഷ്‌ കരാര്‍ അടിസ്ഥാനത്തില്‍ കോട്ടയംമെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു എന്നാണ്‌ മനസ്സിലാക്കുന്നത്‌. ഈയിടെ പി.എസ്‌.സി റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെട്ട കാര്യം അദ്ദേഹം എഴുതിയതായി ആശ്വാസപൂര്‍വം അനുസ്‌മരിക്കുന്നു. മാന്യമായ ശൈലിയില്‍ നടത്തുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നുറക്കെ പ്രഖ്യാപിക്കുന്ന കോളേജ്‌ അധികാരികളുടെ നടപടി തീര്‍ത്തും അപലപനീയമാണ്‌. ജിനേഷിന്‌ ഇനിയങ്ങോട്ടുള്ള നിരവധിയായ ആശയ പോരാട്ടങ്ങളില്‍ ശക്തമായ പിന്തുണയുണ്ടാവും. Feel proud of You Jinesh PS.

Report Page