*/

*/

Source

സിറിയയും ലിബിയയും യെമനിൽ ആവർത്തിക്കപ്പെടുന്നു.

അല്പം ചരിത്രം :

ലോകരാജ്യങ്ങൾ കാര്യമായി സഹായിച്ചില്ലെങ്കിൽ യമനിൽ പതിനായിരങ്ങൾ മരിച്ചൊടുങ്ങുമെന്ന് ഓക്സ്ഫാം ലോക ജനതക്ക് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.ഇന്നതിന് മുഖ്യമായ കാരണക്കാരായിത്തീർന്നിരിക്കുന്നത് സൗദി അറേബ്യയുടെ മുൻ കൈയ്യിലുള്ള സൈനിക സഖ്യം നടത്തുന്ന ഇടപെടലും കടന്നാക്രമണ യുദ്ധവുമാണ്.
നാലു പതിറ്റാണ്ട് മുമ്പേക്കു പോയാൽ യമൻ രണ്ടു രാജ്യങ്ങളായിരുന്നു. സൗദി അറേബ്യ പിന്തുണച്ചിരുന്ന സ്വേച്ഛാധിപതി സാലെ ഭരിക്കുന്ന യമനും സോഷ്യലിസ്റ്റ് യമനും. സോവിയറ്റ് പിന്തുണയുണ്ടായിരുന്ന സോഷ്യലിസ്റ്റ് യമൻ ഒരു മതേതര രാജ്യമായിരുന്നു.ഇറാക്കിലെ സോഷ്യലിസ്റ്റ് ശക്തികളെ സദ്ദാം ഹുസൈൻ കൂട്ടക്കൊല ചെയ്യുന്ന അതേ കാലത്താണ് യമനിൽ സോഷ്യലിസ്റ്റ് ഭരണം നിലവിൽ വന്നത്.
സോവിയറ്റ് യൂണിയൻ നിലംപൊത്തിയയുടൻ സൗദി അറേബ്യ സാലെ സർക്കാരിനെ ആയുധവും പണവും കൊടുത്ത് സോഷ്യലിസ്റ്റ് യമനെതിരെ ഇളക്കിവിട്ടു. യുദ്ധത്തിലൂടെ ആ രാജ്യത്തെ പിടിച്ചെടുത്ത് യമൻ ഏകീകരണം പൂർത്തിയാക്കി.
ഈ നീക്കം അമേരിക്കക്ക് വളരെ പ്രിയങ്കരമായ "ജനാധിപത്യ "നീക്കമായിരുന്നു. എന്നാൽ അതേ സമയത്ത് തന്നെ പാശ്ചാത്യചേരി മധ്യ പൂർവ ദേശത്താകെ പിടിമുറുക്കാനായി പുതിയ പദ്ധതികളിട്ടു. കുവൈത്തിനെ റുമൈല എണ്ണപ്പാടത്തു നിന്നുംഅളവിലധികം എണ്ണ ഉല്പാദിപ്പിക്കാൻ പ്രേരിപ്പിച്ചു. ആ കെണിയിൽ വീണ സദ്ദാം ഹുസൈൻ കുവൈത്ത് പിടിച്ചെടുത്തു. അതിനെതിരെ ഇടപെട്ട് കുവൈത്തിന്റെയും സൗദിയുടെയും ചെലവിൽ ഒന്നാം ഇറാക്ക് യുദ്ധം നടത്തി സ്വന്തം പഴഞ്ചനായുധങ്ങളുടെ വില എഴുതിയെടുത്ത് സ്വന്തം സാമ്പത്തിക മാന്ദ്യം പരിഹരിച്ചു.
തങ്ങൾ പോറ്റി വളർത്തിയ ഒസാമ ബിൻ ലാദൻ തങ്ങൾക്കെതിരെ തിരിഞ്ഞ് വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചതിനെതിരെ എന്ന മറവിൽ വീണ്ടും അമേരിക്ക 2003 ൽ ഇറാക്കിനെ ആക്രമിച്ചു പിടിച്ചെടുത്തു. ഭീകരാക്രമണങ്ങൾ നിമിത്തം (യഥാർത്ഥത്തിൽ ഇറാക്കി ജനങ്ങളുടെ ഒളിപ്പോര് ) എണ്ണ യൂറ്റാൻ പറ്റാതെ വന്നതോടെ തെരഞ്ഞെടുപ്പു നടത്തി ഷിയാ വിഭാഗത്തെ അധികാരമേല്പിച്ചു സ്ഥലം വിട്ടു.
അത് ഇസ്റയേലിന് വൻ തിരിച്ചടിയായി.ഇറാനിൽ നിന്ന് ഇറാക്ക് വഴി സിറിയയിലേക്കും അവിടെ നിന്നും ലെബനോനിലേക്കും റോഡ് ഗതാഗതം സുഗമമായി. ലെബനീസ് ഹിസ്ബൊള്ള ഇറാന്റെ ആയുധ സഹായത്തോടെ കരുത്തരായി.അവക്കെതിരെ ഇ സ്റയേൽ നടത്തിയ യുദ്ധത്തിൽ ഇസ്‌റയേൽ നാണംകെട്ടു തോറ്റു.
ഇതിന് പകരമായി അമേരിക്കയും ഇസ്‌റയേലും അറബ് ലോകത്താകെ ഷിയാ - സുന്നി സംഘർഷം ആളിക്കത്തിക്കാൻ സൗദി അറേബ്യയെ കരുവാക്കി ബില്യൻ കണക്കിന് ഡോളറൊഴുക്കി .
ഇതിനിടയിൽ അറബ് വസന്തം വന്നു. ജനാധിപത്യവൽക്കരണത്തിനു വേണ്ടി അറബ് ലോകത്താകെ ആളിപ്പടർന്ന ജനരോഷം സുൽത്താൻ - രാജ ഭരണങ്ങളുടെ കടപുഴക്കുമെന്നു വന്നതോടെ അതിനെ ഷിയാ - സുന്നി- ഗോത്ര സംഘർഷങ്ങളായി ചാലുകീറി വിടാൻ ഒബാമയും ഹില്ലരിയും നേരിട്ടു രംഗത്തിറങ്ങി.

ലിബിയയെ കൂട്ടിച്ചോറാക്കി. സിറിയയിൽ ഇസ്ളാമിക് സ്റ്റേറ്റിനെ കയറൂരി വിട്ടു. യമനിൽ ജനാധിപത്യത്തിനു വേണ്ടി പൊരുതിയ ശക്തികളെ സൗദി പിന്തുണയോടെ അടിച്ചമർത്താൻ സുന്നി ഭരണകൂടം നടത്തിയ ശ്രമം അതിനെ ക്രമേണ ഇറാൻ പിന്തുണയുള്ള ഹൂതി കലാപകാരികളും സൗദി പിന്തുണയുള്ള ഭരണകൂടവും തമ്മിൽ നടക്കുന്ന യുദ്ധമാക്കി മാറ്റി.അതിൽ സൗദി പക്ഷം തോറ്റ് ഹൂതികൾ രാജ്യം പടച്ചടക്കിയതോടെ സൗദി അറേബ്യ നേരിട്ട് സൈനിക സഖ്യം രൂപീകരിച്ച് യുദ്ധത്തിനിറങ്ങി.

ട്റം പിന്റെ വരവോടെ ഇനി പശ്ചിമേഷ്യയിൽ യുദ്ധത്തിനില്ല ആയുധ വില്പനക്കേയുള്ളു എന്ന നിലപാടെടുത്തതോടെ സൗദിയും യു.എ.ഇയും ഖത്തറും ഭീമമായ തോതിൽ അമേരിക്കനായുധങ്ങൾ വാങ്ങേണ്ടി വന്നു. അതിന്റെ ഇരകളാണ് യമനിലെ പട്ടിണി മരണങ്ങൾ.

ഇന്നത്തെ സ്ഥിതി:
ബാഹ്യശക്തികൾ കുത്തിപ്പൊക്കുന്ന യുദ്ധങ്ങൾ ചെറുതും ദുർബലവുമായ രാജ്യങ്ങളെ തകർക്കുന്നതിനെതിരെ നിലപാടെടുക്കേണ്ട ഐക്യരാഷ്ട്രസഭ ഇന്നൊരു വെറും നോക്കുകുത്തിയാണ്. തുർക്കി -ഇറാൻ - ഖത്തർ സഖ്യം റഷ്യൻ ആയുധങ്ങളുമായിസൗദി - ഇസ്‌റയേൽ സഖ്യത്തിനെതിരായ പരോക്ഷ ബലാബലത്തിന് യമനെ വേദിയാക്കുമ്പോൾ യമനിലെ പട്ടിണി മരണം എത്ര മനുഷ്യ ജീവനുകളെടുക്കും?
ആയുധമല്ലാതെ മറ്റൊന്നും കയറ്റുമതി ചെയ്യാൻ കഴിയാത്ത വിധം മത്സരക്ഷമത നഷ്ടപ്പെട്ട അമേരിക്കയിൽ ബൈഡൻ വന്നാലും ആയുധക്കയറ്റുമതി നിർത്താൻ പറ്റുമോ?
ഇതിനിടയിൽ പെരുങ്കള്ളന്മാരും പരിഹാസ്യരാകുന്നത് പൊളിറ്റിക്കൽ ഇസ്ളാമിസ്റ്റുകളാണ്. സൗദിയുടെ കടന്നാക്രമണത്തെയും കൂട്ടക്കൊലയെയും തുറന്നെതിർക്കാനവർ തയ്യാറല്ല. അമേരിക്കയുടെ ആയുധവില്പന താല്പര്യങ്ങളാണ് യമൻ കുട്ടിച്ചോറായതിൽ മുഖ്യ കാരണമെന്നു തുറന്നു പറയാനവർ തയ്യാറല്ല.
ഇന്ത്യൻ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ കൂടുതൽ കുഴപ്പത്തിലാണ്. അവർക്ക് ഫണ്ട് ഒഴുകിയിരുന്നത് മുഖ്യമായും സൗദിയിൽ നിന്നാണ്. ആ സൗദി അറേബ്യ ഇസ് റയേലിനൊപ്പം ചേർന്ന് ദരിദ്രരായ ഷിയാ - മുസ്ലിം സഹോദരന്മാരെ കശാപ്പു ചെയ്യുന്നുവെന്ന ക്രൂരവും പച്ചയുമായ യാഥാർത്ഥ്യം മൂടി വക്കാൻ അവർ ശിർക്കുകളുടെ കണക്കെടുത്തും സ്ത്രീധരിക്കേണ്ടത് പർദയോ തലമുണ്ടോ എന്ന ഭയങ്കര പ്രത്യയശാസ്ത്ര ചർച്ച നടത്തിയും ഒട്ടകപ്പക്ഷികളെപ്പോലെ മണ്ണിൽ തല പൂഴ്ത്തുന്നു.

യമനിൽ പട്ടിണി കൊണ്ടും യുദ്ധംമരിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റെയും ചോര സാമ്രാജ്യത്വത്തിന്റെ മാത്രമല്ല, പൊളിറ്റിക്കൽ ഇസ്ളാമിസ്റ്റുകളുടെയും കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

ഐക്യരാഷട്ര സഭയുടെ ശക്തമായഇടപെടൽ വേണം:

അറബ് - മധ്യ പൂർവ ദേശത്തിന്റെ ജനാധിപത്യവൽക്കരണവും മറ്റു രാജ്യങ്ങളുടെ പിന്മാറലും, ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടലും വഴിമാത്രമേ യമനിലെ മനുഷ്യക്കരുതിയും പട്ടിണിമരണങ്ങളും ഒഴിവാക്കാനാകൂ.

Report Page