*/

*/

Source

ഏറ്റവും സമാധാനവും ആശ്വാസവും തോന്നിയ നിമിഷം..!

കഴിഞ്ഞ കൊല്ലം നടന്നൊരു സംഭവമാണ്. രാത്രിഭക്ഷണമൊക്കെ കഴിഞ്ഞുവന്നു കട്ടിലിൽ കിടന്നു. മയക്കം പതിയെ ഉറക്കത്തിനും ഉറക്കം പതിയെ സ്വപ്നത്തിനും വഴിമാറി. സ്വപ്നം ഓർമ്മയിൽ നിന്ന് വായിച്ചെടുക്കുമ്പോൾ ഞാൻ ഒരു കട്ടിലിൽ കിടക്കുകയാണ്. ഒരു തുണികൊണ്ട് പുതപ്പിച്ചിട്ടുണ്ട്. കാലിൻ്റെ രണ്ടു തള്ളവിരലുകളും പരസ്പരം കെട്ടിയിട്ടുണ്ട്. അടുത്തിരുന്നു ആരൊക്കെയോ ഖുർആൻ ഓതുന്നു. ഉമ്മയുടെയും ഉപ്പയുടെ കരച്ചിൽ കേൾക്കുന്നുണ്ട്. കാണാൻ വരുന്ന പലരോടും മിണ്ടാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ എൻ്റെ നാവു പോലും അനക്കാൻ കഴിയുന്നില്ല. അതിൽ പലരോടും പലതും പൊരുത്തപ്പെടീക്കാൻ പോലും ഉണ്ടായിരുന്നു.

കൂടി നിന്നവരിൽ ചിലരോട് ഒരിക്കൽ കൂടി സംസാരിക്കാനും, ചിലരെ ഒന്നുകൂടി അണച്ചു പിടിച്ച് സ്നേഹം പറ്റാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. പക്ഷേ നനവറ്റു പോയ പോടമരം കണക്കെ ഞാൻ കിടക്കുന്നു. ഒരു ചൂണ്ടുവിരൽ കൊണ്ട് ലോകം നിയന്ത്രിച്ച രാജാവിനു, തൻ്റെ മൂക്കിൽ തുമ്പിൽ വന്നു പാറിക്കളിക്കുന്ന ഈച്ചയെ പോലും ആട്ടിയകറ്റാൻ കഴിയാത്ത സത്യത്തിൻ്റെ പേരാണ് മരണം.

അതെന്നെയും പിടികൂടി എന്ന സത്യം ഞാൻ മനസ്സിലാക്കി. ഒരുപാട് സങ്കടപ്പെട്ടു. ഒരഞ്ചു നിമിഷത്തേക്ക് കൂടി പടച്ചവൻ ആയുസ്സ് നൽകിയിരുന്നുവെങ്കിലെന്ന വിഫലമായ പ്രാർത്ഥന ഞാനും നടത്തി. പക്ഷേ കാര്യമില്ലെന്ന് എനിക്ക് തന്നെ അറിയാവുന്നതുകൊണ്ട് വീണ്ടും ശബ്ദമില്ലാതെ കരയുകയല്ലാതെ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. അതിനിടയിൽ കുറച്ചുപേർ ചേർന്ന് കുളിപ്പിക്കാൻ എടുത്തുവെച്ചു.

എന്താണ് ഉണ്ടായതെന്ന് ഓർമ്മയില്ല. നെഞ്ചിൽ ഇടതുഭാഗത്ത് ഒരുതരം കുത്തലോടെടെയുള്ള ഒരു ചൂട് അനുഭവപ്പെട്ടു. ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു. ഫാൻ ഇട്ടിരുന്നു. എന്നിട്ടും നന്നായി വിയർത്തിട്ടുണ്ട്. മുന്നിലിരുന്ന കുപ്പിയിലെ ഒട്ടുമുക്കാൽ വെള്ളവും ഞാൻ കുടിച്ചു തീർത്തു. അതൊരു സ്വപ്നം ആയിരുന്നു എന്ന് ഞാൻ അറിഞ്ഞപ്പോൾ തോന്നിയ ആശ്വാസത്തിൻ്റെ അത്രയൊന്നും അടുത്തൊന്നും ഉണ്ടായതായി ഓർമ്മയില്ല. അന്ന് അല്ലാഹുവിനെ സ്തുതിച്ചത്ര ആത്മാർഥതയോടെ മുമ്പ് ഒരിക്കലും അവനെ സ്തുതിച്ചതും ഓർമ്മ വരുന്നില്ല. കുറച്ച് ദിവസങ്ങൾ കൂടി ആ സ്വപ്നത്തിൻ്റെ ഭയാനകത വിടാതെ പിടികൂടി. ഉറ്റവരുടേയും പരിചയക്കാരുടേയും കുറഞ്ഞ പ്രായത്തിലെ മരണങ്ങൾ കേൾക്കുമ്പോൾ ആദ്യം ഓടി വരിക പലപ്പോഴും ആ സ്വപ്നമാണ്.

പ്രിയപ്പെട്ട പ്രസ്ഥാന ബന്ധു കൂടിയായ മർഹൂം സ്വലാഹുദ്ദീനും പ്രിയ പത്നിയും കാക്കഞ്ചേരിക്ക് അടുത്തുവെച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ട വാർത്ത കേട്ടപ്പോൾ മനസ്സിലേക്ക് ഓടിവന്നത് സ്വപ്നത്തിൽ ആണെങ്കിലും ഞാൻ അനുഭവിച്ച കാര്യങ്ങൾ ഒരുപക്ഷേ ശരിക്കും ഇവരും അനുഭവിച്ചു കാണുമോ എന്ന ചിന്തയാണ്. അല്ലാഹു ഇരുവരെയും സ്വർഗ്ഗീയ ആരാമത്തിൽ ഒരുമിച്ച് കൂട്ടട്ടെ. പത്തു ദിവസം മുമ്പു മാത്രം വിവാഹം കഴിഞ്ഞ ആ ദമ്പതികൾ ഭാവിയും നെയ്തു പോവുന്നതിനിടെയാണ് ഇവിടെ എല്ലാം അവസാനിച്ച് അവിടേക്കുള്ള യാത്ര തുടങ്ങിയത്. മണിക്കൂറുകൾ മിനിറ്റുകൾ ആയി, മിനിറ്റുകൾ സെക്കൻ്റുകൾ ആയി ആ ഒരൊറ്റ സെക്കൻ്റ്, അവരെയും കാത്തു അസ്റാഈൽ വഴിയരികിൽ നിൽക്കുന്ന ആ നിമിഷത്തിൻ്റെ തൊട്ടു മുമ്പ് പോലും അവർ അറിഞ്ഞിരിക്കാൻ വഴിയില്ല, ഇവിടെ വെച്ചാണ് ഞാനും നല്ല പാതിയും അവസാനമായി നിശ്വസിക്കുന്നതെന്ന്.

അസമയത്ത് ഒരു മരണം എന്നൊന്നില്ല, എപ്പോഴാണോ മരണം സംഭവിക്കുന്നത്, അതാണ് നമ്മുടെ സമയം. മുൻകൂട്ടി അതറിയാൻ വഴിയുമില്ല. മനസ്സിൽ കണ്ടുവച്ച സ്വപ്നങ്ങൾ ഇനിയും പകർത്തി എഴുതാൻ ബാക്കിയുണ്ട് എന്ന വാദത്തിനൊന്നും അവിടെ സ്ഥാനമില്ല. അതുകൊണ്ട് അതിനുമുമ്പ് കാണേണ്ടവരെ കാണുക, ചെയ്യേണ്ടത് ചെയ്യുക..!

-

Report Page