*/

*/

From

ശംസുക്കാ നിങ്ങളുടെ കൈയ്യിൽ നിന്ന് മേടിച്ച അടിയുടെ വേദന ഇപ്പോഴും ഈ തരിമൂക്കിൽ അവശേഷിക്കുന്നുണ്ട്. ശേഷം അവിടെയിരുന്ന് നിങ്ങൾ വിതുമ്പിക്കൊണ്ട് പറഞ്ഞ വാക്കുകളിലെ വാൽസല്ല്യത്തിന്റെ ഓ൪മ്മകളും.

"എന്തിനാടാ എന്നെ ഇങ്ങനെ എടങ്ങേറാക്ക്ണത്, ദയവ് ചെയ്ത് എന്നെയൊന്ന് അനുസരിക്ക്"... എന്നു പറഞ്ഞ് കണ്ണു നനഞ്ഞ മൃദുല ഹൃദയനായ നേതാവ്. പിന്നെ, 'വാടാ വാടക ഗുണ്ടകളേ ചുണയുണ്ടെങ്കിൽ പോരിന് വാടാ' എന്ന് വിളിച്ചുതന്ന് മുമ്പിൽ നടന്ന ധീരനായ സഖാവ്.


കൗമാരത്തിലെ ഞങ്ങളുടെ അവിവേകത്തിന് അങ്ങയിൽ നിന്ന് ഏറ്റുവാങ്ങിയ ശിക്ഷണങ്ങളത്രയും ഒരു അംഗീകരം പേലെയായിരുന്നു. ആ ഹൃദയത്തിലേക്കുള്ള ഒരു നടപ്പാലമായിരുന്നു. അന്നത്തെ പ്രീ ഡിഗ്രിക്കാരായ ഞാനും ഊട്ടിയും പിന്നെ എന്റെ സി.കെയും വരുത്തിവച്ച വ്യവഹാര കുസൃതികളത്രയും ക്ഷമ നശിച്ചിട്ടും നിങ്ങൾ

സഹിക്കുകയായിരുന്നില്ലേ. എ൯.എസ്.എസ് കോളജ് പ്രിൻസിപ്പൽ പലപ്പോഴും പറയാറുണ്ടായിരുന്ന വാക്കുകൾ ഓർക്കുന്നു. 'നിങ്ങൾ ചന്തക്കുന്ന് ബോയ്സല്ലേ, ശംസു പുന്നക്കലിനെ വിളിച്ചാലെ നിങ്ങളൊക്കെ അനുസരിക്കൂ'.


കാല നിയോഗത്തിനിടെ സ്നേഹ നദി ഒഴുകിയൊഴുകി രണ്ടു കൈവഴികളായപ്പോൾ അറിഞ്ഞും അറിയാതെയും എപ്പഴോ നമ്മുടെ കടത്തുവള്ളങ്ങളും വഴിപിരിഞ്ഞു. രക്ത നക്ഷത്രമായി നിങ്ങൾ ഉദിച്ച് നിൽക്കേ, ഞാ൯ യുഗങ്ങൾക്കു പുറകിലെ ശുഭ്ര താരകം തിരഞ്ഞു. സ്നേഹം, നീതി, സമത്വം പ്രത്യേയ ശാസ്ത്ര വഴിവിളക്കായി ചേ൪ത്തുപിടിച്ചു. പിണക്കങ്ങളുടെ മഞ്ഞുരുകിയ താഴ്വരകളിൽ സ്നേഹം പൂക്കാ൯ തുടങ്ങിയതാണ്. അപ്പോഴേക്കും!
ഇന്നലെ ആ ഭൗതിക ശരീരത്തിൽ അന്ത്യാഭിവാദ്യമ൪പ്പിച്ച് മടങ്ങവേ ഓ൪മ്മകളുടെ അമരത്വം ഞാനറിഞ്ഞു.
മരണം രംഗബോധമില്ലാതെ കടന്നുവന്ന ഇരുട്ട് തന്നെ.
ശാന്തി നേരുന്നു.

Report Page