*/

*/

From

ഒമ്പത് വർഷത്തോളമായി വെന്റിലേറ്റർ രോഗികളെ പരിചരിക്കുന്ന പരിചയം വെച്ച് ചില കാര്യങ്ങൾ കുറിക്കട്ടെ.

രോഗിയുമായുള്ള വെന്റിലേറ്ററിന്റെ ബന്ധം വിച്ഛേദിക്കപ്പെടുക എന്നതൊഴിച്ച് സെഡേഷൻ അഥവാ മയക്കുമരുന്നിന്റെ സ്വാധീനത്തിൽ നിന്നും പുറത്തുവന്ന രോഗി തന്നെ ട്യൂബ് വലിച്ചൂരുകയോ ബോധപൂർവം ശ്വാസം എടുക്കുകയോ വെന്റിലേറ്റർ കൊടുക്കുന്ന മർദ്ദത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുക എന്നതാണ് സാധാരണ ഗതിയിൽ ഐസിയു സെറ്റപ്പിൽ സംഭവിക്കാറുള്ളത്. ഇതിൽ മുകളിൽ പറഞ്ഞ ബന്ധം വിച്ഛേദിക്കപ്പെടൽ അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവമാണ്.

എന്നിരുന്നാലും, ഇതിൽ ഏത് കാര്യങ്ങൾ സംഭവിച്ചാലും വെന്റിലേറ്റർ വാണിംഗ് അലാം അടിക്കാൻ തുടങ്ങും. ഐസിയു പോലെ ഒരു സ്ഥലത്ത് അലാം ആരും കേൾക്കാതിരിക്കുക എന്നത് സംഭവ്യമല്ല. വെന്റിലേറ്റർ അലാമുകളെപ്പോലെ ഒരു ഐസിയു നഴ്സിന് സ്ട്രെസ്സ് ഉണ്ടാക്കുന്ന, എൻകേജ്‌ ചെയ്യിക്കുന്ന മറ്റൊരു സാധനം അവരുടെ ജീവിതത്തിലില്ല എന്നതാണ് സത്യം.

മെഡിക്കൽ വിഷയങ്ങളിൽ സാമാന്യവിവരവും ധാരണയും ഉള്ള ആളുകൾക്ക് പോലും അറിയാൻ സാധ്യത വളരെ കുറവായ തികച്ചുംസാങ്കേതികമായ വസ്‌തുതകളാണ് വെന്റിലേറ്ററും ഐസിയു സെറ്റപ്പിലെ ഇത്തരം കാര്യങ്ങളും. ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ നമ്മുടെ മാധ്യമങ്ങൾ പോലും മിക്കപ്പോഴും റിപ്പോർട്ട് ചെയ്യുന്നത് വളരെ നിരുത്തരവാദപരമായാണ്. ഒരാൾ മരിച്ചെന്ന് കേൾക്കുമ്പോൾ ആ വിഷയത്തിലെ സാങ്കേതികമായ കാര്യങ്ങൾ ചോദിച്ചറിയാനോ വ്യക്തത വരുത്താനോ അങ്ങനെ യഥാർത്ഥത്തിൽ ഉണ്ടായ ചെയിൻ ഓഫ് ഇവന്റ്‌സ് അതേപോലെ ഉൾക്കൊള്ളാനോ ജനങ്ങളെ അറിയിക്കാനോ നമ്മുടെ മാധ്യമങ്ങൾ ശ്രദ്ധിക്കാറില്ല. അതിനാൽ തന്നെ ഇത്തരം സംഭവങ്ങളെ അതിവൈകാരികമായാണ് ഒരു സമൂഹമെന്ന രീതിയിൽ നാം സമീപിക്കാറുള്ളത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞ മാസം ഒരു ഓർത്തോ സർജൻ ആത്മഹത്യ ചെയ്യാനിടയായ സംഭവം.

കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസിയുവിൽ രോഗിയുടെ
വെന്റിലേറ്റർ കണക്ഷൻ വിട്ടുകിടന്നിട്ട് നഴ്സുമാർ ആരും ശ്രദ്ധിച്ചില്ല എന്നും അതുവഴി വന്ന ഡോക്ടർ നജ്മ അത് കാണുകയും ചെയ്തു എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ ഒരു ദിവസമെങ്കിലും ഐസിയുവിൽ ജോലി ചെയ്ത ഏതെങ്കിലും ഡോക്ടർക്കോ നഴ്സിനോ മറ്റ് ജീവനക്കാർക്കോ പറ്റില്ല. മാത്രമല്ല, കണക്ഷൻ വിട്ട് കിടക്കുന്നത് കണ്ട ഈ ഡോക്ടർ അത് തിരിച്ച് കണക്റ്റ് ചെയ്യാതെ തെളിവിനായി അതിന്റെ വീഡിയോ എടുക്കാൻ തുടങ്ങി എന്നൊക്കെ പറയുന്നത് അത്യന്തം ആത്മഹത്യാപരമായ വാദമാണ്. അവരുടെ വാദങ്ങളിലെ പൊള്ളത്തരം തുറന്ന് കാട്ടുകയും ആശുപത്രി ജീവനക്കാർ തന്നെ അവർ കാണിച്ച വീഡിയോവിലെ വസ്തുതാപരമായ പിഴവ് ചൂണ്ടിക്കാണിക്കുകയും ചെയ്തപ്പോൾ മാധ്യമസമക്ഷം വന്നിരുന്ന് കരയുന്നതും അത്ര നിഷ്കളങ്കമല്ല എന്നേ പറയാൻ പറ്റൂ. വെന്റിലേറ്റർ ബന്ധം വിച്ഛേദിക്കപ്പെടുക എന്നതിനർത്ഥം വെന്റിലേറ്റർ കൊടുക്കുന്ന ശ്വാസം രോഗിക്ക് ഡെലിവർ ചെയ്യുന്നില്ല എന്നാണ്. അത് മോസ്റ്റ് സീരിയസ് വാണിങ് ആണ്. അങ്ങനെയെങ്കിൽ അലാം ലൈറ്റ് ചുവപ്പ് ആയിരിക്കണം എന്നത് ട്രാഫിക് നിയമം അറിയുന്ന മനുഷ്യർക്ക് പോലും അറിയാവുന്ന കാര്യമാണ്.

പിന്നെ, ഡോക്ടർ-നഴ്‌സ് ബന്ധം എന്നത് നമ്മളാരും ബുക്കുകളിൽ വായിച്ചപോലെ ജനാധിപത്യപരമായ ഒന്നല്ല എന്നും പ്രായോഗിക തലത്തിൽ ആ ബന്ധം കൃത്യമായ അധികാരഘടനയിൽ പ്രവർത്തിക്കുന്ന ഒന്നാണ് എന്നും വളരെ നന്നായി അറിയുന്ന ആളായത് കൊണ്ട് ആ കാര്യത്തെപ്പറ്റി ഒന്നും എഴുതുന്നില്ല.

Report Page