*/

*/

From

"മരിച്ചവർക്ക് നീതിക്കായി നിലവിളിക്കാൻ കഴിയില്ല,അവർക്ക് നീതി നേടി കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്" ബുജോൾഡ് എന്നൊരു അമേരിക്കൻ എഴുത്തുകാരി പറഞ്ഞതാണ്.

നീതി നിഷേധിക്കപ്പെട്ട് ഒരാൾ മരിച്ചു കഴിഞ്ഞാൽ ‘പലപ്പോഴും’ നമ്മുടെ നീതി ബോധം ഉണരാറുണ്ട്. അതുവരെ കാണാതെ പോയ കാഴ്ചകൾ അപ്പോൾ കാണും. കേൾക്കാതെ പോയ നിലവിളികൾ കേൾക്കും. വൈകിയെങ്കിലും നീതി കിട്ടിയല്ലോ എന്ന് ആശ്വസിക്കും.എന്നാൽ നീതിക്കായുള്ള വിലാപങ്ങൾ ചില പ്രത്യേക സമയങ്ങളിലേ നമ്മുടെ കാതിൽ വീഴൂ എന്ന് മാത്രം .

ഒരിറ്റ് ദയവിനായി കരഞ്ഞ രണ്ട് പെൺകുഞ്ഞുങ്ങളുടെ കരച്ചിൽ കേരളം കേട്ടിരുന്നെങ്കിൽ മരണ ശേഷമെങ്കിലും അവർക്ക് നീതി കിട്ടിയേനെ. പെരുമ്പാവൂരിൽ നിന്ന് നമ്മുടെ വീടുകളിലേക്കുള്ള ദൂരത്തെ കുറിച്ചുണ്ടായ ആശങ്ക തിരഞ്ഞെടുപ്പിന് ശേഷവും ഉണ്ടായിരുന്നെങ്കിൽ വാളയാറിൽ ഒരു കുഞ്ഞിനെ എങ്കിലും രക്ഷിച്ചെടുക്കാമായിരുന്നു.കേട്ടില്ല. ഇപ്പോഴും ആ കുഴിമാടങ്ങളിൽ നിന്ന് നിലവിളികൾ ഉയരുന്നുണ്ട്. അതുപോലെ തന്നെ പല വീട്ടകങ്ങളിൽ നിന്നും.

സമൂഹം തല്ലികെടുത്തിയ ജീവിതങ്ങളുടെ പേരിൽ അറിയപ്പെടുന്ന കുറെ സ്ഥലങ്ങളുണ്ട് കേരളത്തിൽ. അതുപോലൊന്നായി ഒടുങ്ങരുത് പാലത്തായിയും. മരിച്ചാലെങ്കിലും നീതി കിട്ടുമോ എന്ന പഴകി തേഞ്ഞ ചോദ്യം ചോദിക്കുന്നില്ല. നേരത്തെ പറഞ്ഞ വാളയാർ കേസ് മുന്നിൽ ഉണ്ട്.

നീതി കിട്ടാതെ മരിച്ചവർക്കും മരിച്ചു ജീവിക്കുന്നവർക്കും വേണ്ടി നമ്മൾ ശബ്ദമുയർത്തിയേ പറ്റൂ. അവസാനം വരെയും ജാഗരൂകർ ആയേ പറ്റൂ.

നീതിയുടെ കണ്ണൊന്നു തെറ്റിയാൽ പ്രതികളെ രക്ഷിച്ചെടുക്കാൻ തക്കം പാർത്തിരിക്കുന്ന കഴുകന്മാർക്ക് നമ്മളിട്ട പേര് പലപ്പോഴും നിയമപാലകർ എന്നും ജനസേവകർ എന്നുമൊക്കെയാണ് എന്ന ബോധ്യത്തോടെ തന്നെ പാലത്തായിലെ മകളുടെ കൂടെ നിന്നേ പറ്റൂ.

പ്രതിയ്ക്ക് അർഹമായ ശിക്ഷ പോലും ആ കുട്ടിയുടെ മുറിവുകൾ തീർത്തും ഉണക്കുന്ന ഔഷധമാണെന്ന് കരുതിയിട്ടല്ല. എങ്കിലും ആ കുഞ്ഞുജീവിതത്തിലെ നിഷ്കളങ്കമായ ഒരു കാലത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവനെ ചോദ്യം ചെയ്യാൻ ഒരു നാട് കൂടെ നിന്നു എന്നുള്ള ഒരു ആത്മവിശ്വാസം മതി അവളെ ശക്തയായ ഒരു പോരാളിയാക്കാൻ.

സത്യം തുറന്നു പറയാൻ അവളുടെ കൂട്ടുകാരി കാണിച്ച ആർജ്ജവം പോലും ഇല്ലാതെ നട്ടെല്ല് വളച്ചു നിൽക്കുന്നവർ നാളെ ജനങ്ങളുടെ മുന്നിൽ വീണ്ടും വരേണ്ടി വരും.

അന്ന് വാളയാർ മുതൽ പാലത്തായി വരെ കാണിച്ച കരുതലിന്റെ പേരിൽ വിചാരണ ചെയ്യപെടാതിരിക്കണമെങ്കിൽ ബോധപൂർവം ഉള്ള വീഴ്ചകൾ തിരുത്തിയേ തീരൂ.ഉദ്യോസ്ഥരെ പഴിചാരി കഴുകി കളയാവുന്ന കറയല്ല ഇത്. കുരുന്നുകളുടെ കരച്ചിലുകളോട് ഒരു ഭരണകൂടത്തിന്റെ മനോഭാവമാണ് ഇത്തരം കേസുകൾ അട്ടിമറിക്കുന്നതിൽ നിഴലിക്കുന്നത്. പോലീസ് സേനയുടെ തകരുന്ന ആത്മവിശ്വത്തേക്കാൾ വിലയുണ്ട് ഇവിടത്തെ കുഞ്ഞുങ്ങളുടെ കണ്ണീരിന്. മറുപടി ഉണ്ടായേ തീരൂ.

Report Page