*/

*/

From

കേരളത്തിലേക്ക് വരാൻ പാസ്പോർട്ട് വേണോ..?!

താജ് മഹൽ കാണാൻ പോയതായിരുന്നു. ക്ലോക്ക് റൂം നേരത്തെ അടക്കുമെന്നതിനാൽ ഞാൻ ആദ്യം ചെന്ന് ബാഗ് എല്ലാം തിരികെയെടുത്ത് കൂടെയുള്ളവരെ കാത്ത് അവിടെയൊരു ലോണിൽ ഇരുന്നു.

എനിക്ക് റിക്ഷ ആവശ്യമുണ്ട് എന്ന് തോന്നിയിട്ടാവണം ഒരു റിക്ഷക്കാരൻ എന്റെ അടുത്തേക്ക് വന്നു. കുറച്ച് പേർ കൂടി വരാനുണ്ട് എന്ന് പറഞ്ഞപ്പോൾ എന്റെ കൂടെ ലോണിലിരുന്നു.

അറിയാവുന്ന ഹിന്ദിയിൽ ഞാൻ പറഞ്ഞു; "അവർ വരാൻ സമയം എടുക്കും."

എനിക്ക് അദ്ദേഹത്തിന്റെ ഹിന്ദിയിൽ നിന്ന് മനസ്സിലായത്; "സാരമില്ല കാത്തിരുന്നോളാം."

ഉറപ്പായും ലഭിക്കുന്ന ഒരു കസ്റ്റമറെ ഒഴിവാക്കാൻ അദ്ദേഹത്തിന് തോന്നിക്കാണില്ല.

ആദ്യം ഞാൻ അങ്ങോട്ട് ചെറുതായൊന്നു ചിരിച്ചു.

അദ്ദേഹം തിരിച്ചും പുഞ്ചിരിച്ചു.

"എന്താണ് പേര്.."

"ഔറംഗസീബ് ആലംഗീർ."

(മുമ്പ്, അലീഗഢിൽ വെച്ച് ഒരു റിക്ഷക്കാരനോട് പേര് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പേരും ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നത്.)

മുഗൾ രാജാവിന്റെ പേരൊക്കെയാണ്.

"എവിടുന്നാ.."

"കേരളം.. ഇങ്ങളെ വീട് ഇവിടെ അടുത്ത് തന്നെയാണോ.."

"അടുത്ത് തന്നെയാണ്.."

"വീട്ടിൽ ആരൊക്കേയുണ്ട്.."

"ഉമ്മ, ബാപ്പ, സഹോദരി ബീവി, മൂന്നു മക്കൾ.." അദ്ദേഹം മറുപടി നൽകി.

"വേറെ ആരും..?"

"ഇല്ല.. ഞാനാണ് വീട്ടിലേക്കുള്ള ഏക സമ്പാദ്യം."

എന്റെ വീട്ടിൽ ആരൊക്കെയുണ്ട് എന്ന് തിരിച്ചും തിരക്കി.

ഒരു റിക്ഷ കൊണ്ടു മാത്രം ഇത്രയും വലിയ ഒരു കുടുംബം നോക്കാൻ കഴിയുമോ..! എന്റെ സംശയം ഉണർന്നു.

"ഒരു ദിവസം റിക്ഷ ഓടിയാൽ ഏകദേശം എത്ര കിട്ടും."

"നാനൂറ്.."

നാനൂറ് കൊണ്ട് എന്താവാനാണ്. ഇത്രയും കുറഞ്ഞ വരുമാനം കൊണ്ട് ഇത്രത്തോളം വലിയ കുടുംബം ഇദ്ദേഹം നോക്കുന്നത് എങ്ങിനെ ആയിരിക്കും എന്നറിയാൻ വല്ലാത്ത ആകാംക്ഷയായി.

ഇടയ്ക്ക് പെട്ടെന്ന് മഴ പെയ്തു. ഞാൻ ചോദിക്കാതെ തന്നെ അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്ന ബാഗുകൾ എല്ലാം എടുത്ത് മഴ കൊള്ളാത്ത വരാന്തയിലേക്ക് ഓടി.

ബാക്കി ഉളളവർ കൂടി വന്നു കഴിഞ്ഞാൽ ഞാൻ ഇദ്ദേഹത്തെ തന്നെ ഓട്ടം വിളിക്കും എന്ന് അത്രക്കും പ്രതീക്ഷിച്ചു കാണണം.

ഞാൻ ചോദിച്ചു: "എന്നാപിന്നെ കേരളത്തിലേക്ക് വന്നൂടെ, അവിടെ അല്പം അധ്വാനിക്കാൻ തയ്യാർ ആണെങ്കിൽ ദിവസം ആയിരം രൂപ വരെ ഉണ്ടാക്കാം."

ആയിരം എന്ന് എനിക്ക് ഹിന്ദിയിൽ പറയാൻ അറിയില്ല. Thousand എന്ന് പറഞ്ഞിട്ട് അതിന്റെ വലുപ്പം അദ്ദേഹത്തിന് മനസ്സിലാവുന്നുമില്ല.

കൈവിരൽ പത്തും വെച്ച് ഞാൻ 'പത്ത് നൂറ്.' എന്ന് കാണിച്ചു കൊടുത്തു. അത്രയും വലിയ തുക ഒരു ദിവസം ഉണ്ടാക്കാം എന്നു ഞാൻ പറഞ്ഞത് ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു. അദ്ദേഹം വീണ്ടും വീണ്ടും കൈവിരലുകൾ ഉയർത്തി ആയിരം തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് ഉറപ്പുവരുത്തി.

ഇവിടുത്തെ ജോലി സാധ്യതകളും സാഹചര്യങ്ങളും ഒക്കെ ഞാൻ എനിക്കറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു പിടിപ്പിച്ചു.

ഒടുക്കം അദ്ദേഹം എന്നോട് ചോദിച്ചു:

"കേരളത്തിലേക്ക് വരാൻ പാസ്പോർട്ട് വേണോ.?!"

ആ ചോദ്യം ഞെട്ടലോടെയാണ് ഞാൻ എതിരിട്ടത്. കേരളം ഇന്ത്യയിൽ തന്നെയാണ് എന്നറിയാത്ത ഒരു സാധു.. എല്ലാവരും ഒരുപക്ഷേ ഇവ്വിധം നിരക്ഷരർ ആയിരിക്കണം എന്നില്ല. പക്ഷേ ഇങ്ങനെ ഉള്ളവരും ഉണ്ട്.

കരയാനും ചിരിക്കാനും തോന്നാത്ത ഒരവസ്ഥ. അല്പം കഴിഞ്ഞപ്പോൾ ബാക്കി ഉളളവർ എത്തി. അദ്ദേഹം വേഗം പോയി റിക്ഷ കൊണ്ടുവന്നു. ബാഗുകൾ എല്ലാം അദ്ദേഹം തന്നെ എടുത്തുവെച്ചു.

മുക്കാൽ മണിക്കൂറോളമാണ് അദ്ദേഹം ഞങ്ങളെയും കാത്ത് മറ്റൊരു കസ്‌റ്റമറെയും തേടി പോവാതെ കൂടെ ഇരുന്നത്. പോകുന്ന വഴിയിൽ ഉടനീളം ഓരോ ഹോട്ടലുകളുടെ പേര് പറയുന്നുണ്ട്. ഞങ്ങളെ അവിടെ എത്തിച്ചാൽ കമ്മീഷൻ കിട്ടുമായിരിക്കും.

സാധാരണ ഞങ്ങൾ എവിടെ പോയാലും 'ഗംതി' എന്ന് മാത്രം പറയും. പക്ഷേ ഇറങ്ങാൻ നേരം അല്പം തുക അധികം നൽകി.

:
പറഞ്ഞുവന്നത്, കേരളം ഇന്ത്യയിൽ തന്നെയാണ്, ഇങ്ങോട്ട് വരാൻ പാസ്പോർട്ട് വേണ്ട എന്നൊക്കെ അറിയാത്തവർ പോലും ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും എം.പി പ്രാതിനിധ്യം കൂട്ടി കിഴിച്ചു നോക്കിയാണ് രാജ്യഭരണം ആർക്ക് ലഭിക്കും എന്ന് തീരുമാനിക്കുക എന്ന് പോലും ഒരുപക്ഷേ ഇവർക്ക് അറിവുണ്ടാകില്ല. തങ്ങളുടെ ദാരിദ്ര്യത്തിനു കാരണം സർക്കാറുകളാണ്, അല്ലാതെ തങ്ങളിൽ നിന്ന് സാധനം വാങ്ങാൻ താല്പര്യപ്പെടാത്ത ഉപഭോക്താക്കൾ അല്ല എന്നുപോലും ഇവർ അറിയാൻ സാധ്യതയില്ല.

ഒരുപക്ഷേ, ഹത്രാസിലെ പെൺകുട്ടിക്ക് വേണ്ടി രാജ്യം ഒട്ടാകെ പ്രതിഷേധം അലയടിക്കുന്നത്‌ പോലും ഇവർ അറിഞ്ഞിട്ടേ ഉണ്ടാകില്ല.

ആരോടാണ് നമ്മൾ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം എന്നൊക്കെ വാ കീറി പൊളിക്കുന്നത്..?! പക്ഷേ ഇവരിൽ ഒട്ടുമിക്ക പേർക്കും, 'സ്വന്തം മതവും അതിന്റെ നേതാക്കളും അപകടത്തിൽ പെടുന്ന വാർത്ത' യഥാസമയം കിട്ടുന്നുണ്ടാകും..!

-

Report Page