*/

*/

From

കൊല നടത്തുന്ന പാർട്ടികളല്ല, മറിച്ച് ചില കൊലകൾ വരുമ്പോൾ മാത്രം ഹാലിളകുന്ന "നിഷ്ക്കു" അഭിനയക്കാരാണ് കൂടുതൽ വലിയ അശ്ളീലമെന്ന
FB പോസ്റ്റുകൾ കൂടി വന്ന നിലക്ക് എഴുതുകയാണ്.

രാഷ്ട്രീയത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ ആയാലും, ഗുണ്ടാ - മാഫിയ പ്രവർത്തനത്തിന്റെ പേരിലായാലും, മാനസിക വിഭ്രാന്തിയുടെ പേരിലായാലും ,ചാരിത്ര്യ സംശയത്തിന്റെയോ, ജാതി-മത ദുരഭിമാനത്തിന്റെയോ പേരിലായാലും കൊല്ലപ്പെട്ടയാൾക്ക് അന്നോടെ ജീവൻ പോകുകയാണ്. അയാൾക്ക് / അവൾക്ക് ഒരിക്കലും ജീവൻ തിരിച്ചുകിട്ടില്ല. തീർത്തും അപലപനീയമാണത്.

അവയെ ഇല്ലായ്മ ചെയ്യാനാണ് പരിഷ്കൃത മനുഷ്യൻ ശ്രമിക്കേണ്ടത്.

അതു കൊണ്ടു തന്നെ സമൂഹത്തെ പരിഷ്ക്കരിക്കാൻ ശ്രമിക്കുന്നതിലെ മുൻനിര മേഖലയായ രാഷ്ട്രീയത്തിൽ ഹിംസയുടെ രീതികൾ ഉപയോഗിക്കുന്നത്, കൊലയെ സാമൂഹ്യ മേധാവിത്വത്തിന് ഒരു മാർഗമാക്കുന്നത്, ഏറ്റവുമധികം എതിർക്കപ്പെടേണ്ടതാകുന്നു.
കേരളത്തിൽ ഒരു പക്ഷേ,മുമ്പില്ലാത്ത ജാതി / മത ദുരഭിമാനക്കൊലകളാണ് കോട്ടയത്തും കോഴിക്കോട്ടും നടന്നത്.

രാഷ്ട്രീയ പാർട്ടികൾ മുമ്പേ കൂട്ടി പ്ളാനിട്ട് ചില എതിരാളികളെ ടാർജറ്റ് ചെയ്തു കൊല്ലുകയും അതിനായി സംഘങ്ങളെ രൂപീകരിച്ച് നിലനിർത്തുകയും, പോലീസ് യഥാർത്ഥ പ്രതികളെ പിടിക്കാതെ ഡമ്മി പ്രതികളെ വച്ച് യഥാർത്ഥ കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് വടക്കേ മലബാറിൽ - പ്രത്യേകിച്ച് കണ്ണൂരിൽ - അടുത്തകാലം വരെ നിലനിന്നത്.അതാണ് അവക്കെതിരെ കടുത്ത ജനരോഷം അലയടിച്ചുയർന്നത്.തുടർന്നും ആ ജാഗ്രത കേരളം നില നിർത്തിയേ മതിയാകൂ.

അതേ സമയം, രാഷ്ട്രീയത്തിന്റെ പേരിൽ അതിനേക്കാൾ കൂടുതൽ കൊലകൾ നടക്കുന്നത് വിവിധ ഗ്യാങ്ങുകൾ തമ്മിലുള്ള ഗ്യാങ്ങ് വാറിലാണ്.
മുംബൈയൊക്കെ ഗ്യാങ്ങ് വാറിൽ ഞെട്ടി വിറച്ചു കൊണ്ടിരുന്നപ്പോൾ കേരളം പ്രായേണ അതിൽ നിന്നു മുക്തമായിരുന്നു.

ഇന്നിപ്പോൾ തൊഴിലില്ലായ്മയും ജീവിതാരക്ഷിതത്വവും കൂടി രൂക്ഷമാകുന്ന സാഹചര്യത്തിൽ കേളത്തിലെ നഗരങ്ങളിലൊക്കെ മദ്യം -മയക്കുമരുന്ന്, പെൺവാണിഭം - വണ്ടി പിടിത്തം -ഹവാവല- കള്ളക്കടത്തു സ്വർണ വിതരണക്കാരും സംരക്ഷകരും, മണൽ-മണ്ണ് മാഫിയ എന്നിങ്ങനെ കൊട്ടേഷൻ -ഗ്യാങ്ങ് സംഘങ്ങളും അവയിലംഗങ്ങളായ യുവാക്കളും പെരുകയാണ്. സംരക്ഷണത്തിനായി ഇക്കൂട്ടർ രാഷ്ട്രീയ മേലാളന്മാരെ തേടുകയും "രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘങ്ങളുടെ "കുപ്പായമണിയുകയും ചെയ്യുന്നു.
ഇത്തരക്കാർക്ക് ഏറ്റവുമധികം താവളമാകുന്നത് തീവ്ര വലത് പാർട്ടികൾ തന്നെയാണ് എന്നതിലും സംശയമില്ല. കേരളത്തിലെ ഏറ്റവുമധികം കൈക്കരുത്തുള്ള സംഘടന ഇപ്പോൾ ആരാണ്?RSS ആണെന്ന് ഞാൻ കരുതുന്നു.പോലീസ് സ്റ്റേഷൻ രക്ഷാധികാരിത്വമാണതിനവരെ പ്രാപ്തമാക്കിയതെന്നും ഞാൻ കരുതുന്നു. പോലീസ് - ഇന്റലിജൻസ് വിഭാഗങ്ങൾ അതിശക്തമായി ഇടപെട്ട് മുളയിലെ തിരിച്ചറിഞ്ഞ് അമർച്ച ചെയ്യേണ്ട സംഗതികളാണവ.

പിണറായി സർക്കാർ വന്നതിനു ശേഷം മണ്ണാർക്കാട്ട് സി പി ഐ ക്കാർ ലീഗുകാരെയോ മറ്റോ രണ്ടു പേരെ ഭീകരമായി കൊന്ന ഒരു സംഭവമുണ്ടായി. സി. പി ഐ ക്ക് ഭരണമുണ്ടായാലും രാഷ്ട്രീയക്കൊലപാതകം ഒരു പരിപാടിയാണെന്ന് ഞാൻ കരുതുന്നില്ല. വലിയ നിയന്ത്രണമൊന്നുമില്ലാതെ ഗാങ്ങ് കളിക്കാൻ വന്നവരെ പ്രാദേശിക ( ഒരു പക്ഷേ ജില്ലാ ) നേതൃത്വം സ്വീകരിച്ചതിന്റെ ഫലമായിരുന്നു അത്. പിന്നീടായാലും ആ നിലപാടിൽ സി പി ഐ ഒരന്വേഷണം നടത്തി ഖേദം പ്രകടിപ്പിച്ചതായി കാണുന്നില്ല.

കോൺഗ്രസിന് ഇന്ന് തുടർച്ചയായ മൂന്ന് കൊലകൾ നടത്തിയതിന് രൂക്ഷ വിമർശനം കിട്ടുന്നു. അതിലിരട്ടിക്കും അവരർഹരാണ്. കൊലപാതകവും അക്രമവും നയമല്ല എന്നു വെറുതെ ഖദറിട്ട് പറഞ്ഞിട്ട് പ്രാദേശിക യുത്ത് ഗ്യാങ്ങുകളെ സംരക്ഷിക്കാൻ പുറപ്പെടുന്നവരുടെ തൊലിയുരിക്കപ്പെടുക തന്നെ വേണം.

അതിലുമപ്പുറം മന്ത്രിമാർ തന്നെ പറയുന്നതുപോലെ ഉന്നത നേതാക്കൾ ഉൾപ്പെട്ട ആസൂത്രിത കൊലപാതകമാണെങ്കിൽ വ്യക്തമായ തെളിവോടെ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ വേണം. ആദ്യത്തെ ബഹളം കഴിയുമ്പോൾ ഒരുക്കിത്തീർക്കേണ്ടതല്ല അത്. അതിന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മുൻകൈയെടുക്കണം.

അതേ സമയം ചോരക്കു ചോര എന്ന മട്ടിൽ ആസൂത്രിതമായി ചില കേന്ദ്രങ്ങൾ മുറവിളി തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ തീവ്രവലതുപക്ഷത്തിന്റെ ചതിക്കെണിയുമാകാം അത്. അത് വലിയ അപകടമാണ്. ജാഗ്രത വേണം.

എന്തു തന്നെയായാലും രാഷ്ട്രീയക്കൊലപാതകത്തിന്റെ സംസ്കാരം പിന്നോട്ടടിക്കപ്പെടുമ്പോൾ " രാഷ്ട്രീയ ഗ്യാങ്ങ് വാർ" രംഗം പിടിച്ചുകൂടാ.

NB :പോലീസ് ലോക്കപ്പിലും ജയിലിലും നടത്തുന്ന അരുംകൊലകൾ അത്രയൊന്നും ഇപ്പോൾ രാഷ്ട്രീയ മനസാക്ഷി ഉണർത്താറില്ല. കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും നടന്ന മരണങ്ങളെ "വികൃതവികസന "ക്കൊലകളായിക്കണ്ട്
രോഷപ്പെടാൻ മാത്രം തല്ക്കാലം നമ്മുടെ രാഷ്ട്രീയത്തിന്
പാരിസ്ഥിതിക വിവേകം വന്നിട്ടുമില്ല.

Report Page