*/

*/

From

പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥിന്, കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണല്ലോ അങ്ങ്.

അങ്ങയുടെ വകുപ്പിന്റെ അവിഭാജ്യ ഭാഗമായ ഒരു ഹെഡ്മിസ്ട്രസ് (അവരൊരു കന്യാസ്ത്രീ കൂടിയാണ് ) തന്റെ കുട്ടികൾക്ക് നല്കിയ ഓണാശംസകളിൽ "ചവിട്ടേൽക്കുന്നവന്റെ ആഘോഷമാണ് ഓണം" എന്നു പറഞ്ഞതിന് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ വച്ച് വാമനമൂർത്തിയെ അവഹേളിച്ചതിന് ഉച്ചത്തിൽ മാപ്പു പറയാൻ നിർബന്ധിതയായ കാര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടു കാണുമെന്ന് കരുതുന്നു.

കള്ളവും ചതിയുമില്ലാതെ മാനുഷരെല്ലാം ഒന്നുപോലെ ആമോദത്തോടെ വസിച്ച ഓണത്തിന്റെ മഹത്തായ മൂല്യബോധം കുഞ്ഞുങ്ങളിലേക്ക് പകർന്നു കൊടുക്കൽ താങ്കളുടെ വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യമാണല്ലോ. എന്തെങ്കിലും വിഭാഗീയ ചിന്തകളില്ലാതെ ആ മൂല്യബോധം പകരാനാണ് ആ ഹെഡ്മിസ്ട്രസ് ആ വാക്കുകൾ പറഞ്ഞത് എന്ന കാര്യത്തിൽ അങ്ങേക്കും തർക്കമുണ്ടാകാനിടയില്ലെന്ന് കരുതുന്നു.

അങ്ങനെയെങ്കിൽ, അതിന്റെ പേരിൽ ഭരണഘടനാ മൂല്യങ്ങൾ സ്ഥാപിക്കാനായി പൗരന്മാർ നികുതി കൊടുത്തു നിലനിർത്തുന്ന ഒരു സ്ഥാപനമായ പോലീസ് സ്റ്റേഷനിൽ അവർക്ക് മാപ്പു പറയേണ്ടി വരുമ്പോൾ മുഴുവൻ ഭരണഘടനാ മൂല്യങ്ങളുമാണ് അട്ടിമറിക്കപ്പെടുന്നത്.

അതായത്,പ്രിയമന്ത്രീ ,അങ്ങാണ് ,അങ്ങു തന്നെയാണ്, ഫലത്തിൽ,
പോലീസ് സ്റ്റേഷനിലിരുന്ന് ആ മാപ്പപേക്ഷ ചൊല്ലിയത്.

ഈ ഗുരുതരമായ വിഷയത്തിലിടപെട്ട്
കൃത്യവിലോപം നടത്തുകയും ഹെഡ്മിസ്ട്രസിനെ അപമാനിക്കുകയും ചെയ്ത പോലീസുദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ അങ്ങ് ഉടനടി മുൻകൈയെടുക്കണമെന്ന് ഈ നാട്ടിലെ ഒരു പൗരനായ ഞാൻ അപേക്ഷിക്കുന്നു.

NB :മന്ത്രി ഡോ: തോമസ് ഐസക്, ഹൈബി ഈഡൻ തുടങ്ങിയ പ്രമുഖർ വാമനമൂർത്തിയെ അവഹേളിച്ചുവെന്നും, മാവേലിയെ ഉയർത്തിപ്പിടിക്കാൻ വാമന മൂർത്തിയെ അവഹേളിക്കേണ്ട ആവശ്യമില്ലെന്നും, അവർ മാപ്പു പറയണമെന്നും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞതായി FB യിൽ വായിച്ചു. അവർ ഇതേ വരെ മാപ്പു പറഞ്ഞതായി അറിവില്ല. അഥവാ ,ഹെഡ്മിസ്ട്രസ് മാപ്പു പറഞ്ഞ നടപടിയാണ് കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുന്ന നിലപാടെങ്കിൽ അവരെക്കൊണ്ടു കൂടി മാപ്പു പറയിക്കാൻ അങ്ങ് തയ്യാറാകണം. ചില പ്രമുഖർക്ക് ഒരു നീതി, നിസ്സഹായായ ഹെഡ്മിസ്ട്രസിന് മറ്റൊരു നീതി ,എന്നത് ശരിയല്ലല്ലോ.

Report Page