കഴിഞ്ഞ നോമ്പ് കാലത്ത് തെരക്കൂട്ട് ബീഡി കിട്ടാതെ വിഷമിച്ച് പരവേശയായി ഇരിക്കുന്ന എന്റെ വലിയുമ്മ ഹലീമാബിയുമായി ഞാനൊരു അഭിമുഖ സംഭാഷണം നടത്തി. എന്റെ കുടുംബത്തിലെ ബീഡി വലിയുടെ വേരുകൾ തേടുകയായിരുന്നു ഉദ്ദേശം. കഥയൊക്കെ പറഞ്ഞു തന്നാൽ എവിടുന്നെങ്കിലും പോയി തെരക്കൂട്ട് ബീഡി ഞാൻ വാങ്ങിച്ചു കൊടുക്കും എന്ന കണ്ടീഷനിൽ ഞങ്ങൾ തുടങ്ങി.

ഹലീമ എപ്പഴേ ഡബിൾ ഓകെ ആണ്. തരിക്കഞ്ഞിയെയും തണ്ണിമത്തനേയും ചീരാക്കഞ്ഞിയെയും തറാവീഹിനെയും ഇരുപത്തേഴാം രാവിലെ മലക്കിനെ മയക്കി നെയ്യപ്പത്തെയും ഒക്കെ പോലെ നോമ്പ് കാലത്തെ മറ്റൊരു ബ്രാൻഡ് തന്നെയായിരുന്നു തെരക്കൂട്ട് എന്ന വാസനപ്പുകയില.സാധാ ബീഡിയിൽ രാമച്ചവും ചന്ദനവും ഒക്കെ മിക്സ്‌ ചെയ്ത് നല്ല സുഗന്ധം നിറയ്ക്കുന്ന ഒരു തരം പുണ്ണ്യ ബീഡി. അത് ഏത് വിധേനയും കയ്യിലാക്കാനുള്ള അതിയായ ആഗ്രഹത്തിൽ ഹലീമ എന്റെ മുൻപിൽ ഇരുന്നു. എന്റെ ചോദ്യങ്ങൾക്ക് ചെവിയോർത്തു.

"അല്ല മ്മേ.. ഇങ്ങളെ കാലത്ത് എല്ലാ പെണ്ണുങ്ങളും വലിക്കേന്യോ?" ഞാൻ ചോദിച്ചു.

"കൊറേ പെണ്ണുങ്ങളോന്നും ബൽച്ചൂല.ഇപ്പത്ത മാതിര്യന്നെ. അതോൽക്ക് മാണ്ടേറ്റയ്ക്കും. ന്റെ ചെർപ്പക്കാലത്ത് ബീടിക്കൊരു പഞ്ഞോല്യേനി. അപ്പൊ ഓരോരുത്തര് ബൽച്ചുമ്പം ഞമ്മളും നോക്കട്ടെ ന്ന് പറഞ്ഞ് മാങ്ങും. ജ്ജ് ന്നോട് പ്പം തെരക്കൂട്ട് മാങ്ങല്ല്ല്യേ. അതേ മാതിരി"

"അപ്പം ഇമ്മേം ബാപ്പേം കാണൂലെ വലിക്കണത് "

"ബൽച്ചാണേ ഇമ്മാനേം ബാപ്പാനേം കാട്ടി ബൽചോ ആരേലും. കട്ട് ബൽച്ചും"

"അപ്പൊ ന്റെ വല്യാപ്പ അലവ്യാക്കെ?"

"കല്യാണം കൈഞ്ഞു രണ്ട് മാസം കൈഞ്ഞാരെ ഞാനും ആൽബിയാക്കിം കാണുന്നെ തന്നെ.
കല്യാണം മുട്ടായി കല്യാണം ആയ്‌നി. മൂപ്പരെ ഉമ്മ കുഞ്ഞിക്കദിയ നല്ല ബല്യേനി. മൂപ്പത്തിയാര് വീട്ടിലെ പൊത്തില് നറച്ച് ബീഡി കൊണ്ടോയി വെക്കും.അത് എല്ലാരും തപ്പി എടുത്ത് ബൽച്ചും. തക്കം കിട്ടുമ്പോ ഞാനും എടുക്കും ഒന്നൊക്കെ. ഞാനും മൂപ്പരും കൂടെ ഇര്ന്ന് കൊറേ ബൽച്ണ്"

"ന്റെ പ്പ എപ്പഴാ ബീഡി വലി തൊടങ്ങീന്യേ? "

" ഓൻ സുബൈക്ക് നീച്ച്‌ എരുമക്ക് ബള്ളം കാണച്ചും ന്നിട്ട്
കട്ടൻ ചായ കുടിച് ചിലപ്പോ നിസ്കരിച്ചും ഇന്നട്ട് പോകും. തവനൂര് പോയി എലിം പോലിം കൊണ്ടരും. വീട്ടിന്ന് ബീഡി തെരക്കലേനി അന്റെപ്പാന്റെ പണി.തിരപ്പിന്റെ എടെൽ ഒന്ന് രണ്ട് ബീഡി ഓൻ ഒൾപ്പിച്ചു ബെക്കും.ന്നട്ട് പാടത്തോ പറമ്പിലോ ക്കെ പോയി ബൽച്ചും.ന്നട്ട് മണം കിട്ടാതെക്കാൻ മൂച്ചിന്റെല തിന്ന് ബരും. പച്ചേ ഇൻക് ഒക്കെ മൻസിലായിനി. ചെർപ്പത്തില് ഓനും ചെറിയാപ്പും ബീഡി തെരക്കാനും ബിച്ചിമാളു ബീഡിക്ക് നൂല് കെട്ടാനും ഒക്കെ പോയിട്ടാണ് കഞ്ഞി കുടിച്ച് പോന്നത്"

"ഉം...."

വർത്തമാനം നിർത്തി ഞാൻ കിഴിശ്ശേരി അങ്ങാടിയിൽ സ്ഥിരമായി തെരകൂട്ട് ബീഡി വിൽക്കുന്ന വയസ്സായ അവറാൻ കാക്കയെ തപ്പി പുറപ്പെട്ടു. തെരക്കൂട്ട് അന്ന്യം നിന്ന് പോകലിന്റെ വക്കിലാണ്. ആരും ഇപ്പോൾ തെരക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അവറാനിക്കയുടെ പെട്ടിക്കടയിൽ ചെന്നപ്പോ മൂപ്പര് പറഞ്ഞു തെരക്കൂട്ടൊന്നും ഇപ്പഴത്തെ ആൾകാർക്ക് വേണ്ടാത്തോണ്ട് മൂപ്പര് തെരപ്പ് നിർത്തിയെന്ന്. കൊണ്ടോട്ടി യില് ഉണ്ടാക്കുന്ന ഒരാളുടെ കടയുടെ അഡ്രെസും തന്നു.
ഞാൻ വണ്ടിയെടുത്ത് കൊണ്ടോട്ടിയിൽ പോയി. റിലീഫ് ഹോസ്പിറ്റലിന്റെ അടുത്തുള്ള ഒരു പെട്ടിക്കടയാണ്. ഞാൻ ആളെ കണ്ടു പിടിച്ചു കാര്യം പറഞ്ഞു. മൂപ്പരും അവറാനിക്കയുടെ അതേ മറുപടി തന്നെ.

തെരക്കൂട്ട് ഒരെണ്ണമെങ്കിലും ഇല്ലാതെ ഹലീമാബിയുടെ അടുത്ത് പോകുന്നത് ആലോചിക്കാൻ പോലും വയ്യ. ഞാൻ ശങ്കിച്ച് നില്കുന്നത് കണ്ട് പെട്ടിക്കടക്കാരൻ എന്നോട് ഒരാളെ പോയി കാണാൻ പറഞ്ഞു. കൊണ്ടോട്ടി മീൻ മാർക്കറ്റ് കഴിഞ്ഞുള്ള കുന്നിൻ മുകളിലൂടെയുള്ള റോഡിലൂടെ പോയി എയർപോർട്ടിനോടു ചാരി നിൽക്കുന്ന ഒരു പറമ്പിൽ ഒരു ഹൈദർസാക്ക ഉണ്ടത്രേ. ഞാൻ ആളെ തപ്പി അവിടെയെല്ലാം പോയി.ഒടുവിൽ വീട് കണ്ടു പിടിച്ചു. ഹൈദർസാക്ക കിടപ്പിലാണ്. ഞാൻ വീട്ടുകാരോട് കാര്യം പറഞ്ഞപ്പോൾ കുറച്ചു ദൂരെ നിന്ന് വരുന്നത് കൊണ്ട് അവർ കയറിയിരിക്കാൻ പറഞ്ഞു. നോമ്പ് ആയത് കൊണ്ട് കുടിക്കാൻ ഒന്നും തന്നില്ല. ഉള്ളിൽ നിന്ന് ഹൈദർസാക്കന്റെ ഭാര്യ വന്നു. നല്ല പ്രായമുള്ള ഒരു വലിയുമ്മയാണ്. സുറുമ ഇട്ട, നല്ല ഈമാനുള്ള കണ്ണുകൾ. ഭയങ്കരമായ പ്രകാശമൊക്കെ ഉണ്ട്. ഞാൻ അന്ധാളിച്ചു ഇരിപ്പാണ്. അവർ എന്തൊക്കെയോ ദിക്ർ ഒക്കെ ചൊല്ലുന്നുണ്ട്. അവരുടെ വെറ്റിലപ്പെട്ടിയിൽ കുറച്ചു ബീഡിയുണ്ട്. തേക്കിന്റെ ഇല പോലെ മുറിച്ച ഒരില എടുത്തു അതിൽ പുകയിലയും ചെറിയ മറ്റെന്തൊക്കെയോ ഇലകളും ഏലക്കായും ഒക്കെ മിക്സ്‌ ചെയ്ത് ഒരു ബീഡി തെരച്ച്‌ എനിക്ക് നേരെ നീട്ടിയിട്ട് ചിരിച്ചു.

തെരക്കൂട്ട് ബീഡിയുമായി ഞാൻ വീട്ടിലേക്ക് തിരിക്കുക്കുമ്പോൾ എനിക്കൊരു ബോധോദയമുണ്ടായി.

ബീഡി വലിക്കൊരു സൗന്ദര്യമുണ്ടെങ്കിൽ അത് സുറുമയിട്ട, ചുക്കിച്ചുളിഞ്ഞ തൊലിയുള്ള പെണ്ണുങ്ങൾ ഊതി വിടുന്ന ചുരുണ്ട പുകച്ചുരുളുകൾക്ക് തന്നെയാണ്.. !

Report Page