*/

*/

Source

മേള- കാഴ്ച- അനുഭവം

ശബരി
------------------

പ്രൊട്ടഗോനിസ്റ്റ് (മുഖ്യ കഥാപാത്രം) ആയ ഒരു ഡിസേബിള്‍ഡ് കഥാപാത്രത്തെ ഒരു ഡിസേബിള്‍ഡ് വ്യക്തി തന്നെ അവതരിപ്പിച്ച മലയാളത്തിലെ ആദ്യ സിനിമ (arguably ) എന്ന നിലയില്‍, മലയാളം സിനിമയുടെ ചരിത്രത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം സവിശേഷ പ്രാധാന്യം ഉള്ള ഒരു സൃഷ്ടി ആണ് കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’. ഡിസേബിള്‍ഡ് വ്യക്തികളുടെ അകമേ കാണുന്ന ‘സ്വാംശീകരിക്കപ്പെട്ട ഏബിളിസ’(internalized ableism)ത്തിന്റെ ഏറെക്കുറെ സത്യത്തിനോട്‌ അടുത്തുനില്‍ക്കുന്ന ഒരു കാഴ്ചാനുഭവം.

മേള രഘു അവതരിപ്പിച്ച ഗോവിന്ദന്‍കുട്ടി എന്ന കഥാപാത്രം ഒരിക്കലും dwarfism ഉള്ള ഒരാളിലെക്കുള്ള പ്രദര്‍ശനപരമായ ക്യാമറക്കാഴ്ച മാത്രമായി ഒതുങ്ങിപ്പോവുന്നില്ല. വസ്തുവത്കരണ(objectify)ത്തിലേക്ക് ചുരുക്കപ്പെടുന്നില്ല.

ഗോവിന്ദന്‍കുട്ടിയ്ക്ക് രണ്ട് തന്മകള്‍ (existance) സിനിമയില്‍ ഉണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. Circus Artiste ( സര്‍ക്കസ് വിദ്യകളുടെ ഞുണുക്കങ്ങള്‍ പോലും വശത്താക്കിയ സമര്‍ഥനായ പെര്‍ഫോമര്‍- ഫ്രഞ്ച് വാക്ക് ആണ് Artiste.) ആയ G.Vinde ആണ് ഒന്ന്. മറ്റേത് ഗോവിന്ദന്‍കുട്ടി എന്നതും.
എല്ലാവരും കരുതുന്നതുപോലെ, ആ ഗ്രാമത്തിലേക്ക് ആദ്യം കടന്നുവരുന്നത് ഗോവിന്ദന്‍കുട്ടി അല്ല, G. Vinde ആണ്. ഗോവിന്ദന്‍കുട്ടി ഗ്രാമത്തിലേക്ക് കടന്നുവരുന്നു എന്ന ബില്‍ഡ് അപ്പിന്റെ തുടര്‍ച്ചയായി ആ വരവിന്‍റെ ആദ്യ ഷോട്ട് ആയി സംവിധായകന്‍ യഥാര്‍ത്ഥത്തില്‍ കാണിക്കുന്നത് G. Vinde, Circus Artiste എന്നെഴുതിയ ട്രങ്ക് പെട്ടി ആണ് എന്നു കാണാം. പെര്‍ഫോമര്‍ ആയ G. Vinde എന്ന അതിഗംഭീരന്‍ ഗ്രാമവാസികളുടെ മതിപ്പും മര്യാദയും അര്‍ഹതപ്പെട്ടതു earn ചെയ്തതാണ്. അയാള്‍ അവിടെ ഉയരക്കുരവുള്ള ഒരു ശരീരം അല്ല. അയാള്‍ അധ്വാനിച്ചു അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത അത്ര പണം earn ചെയ്യുന്ന അധ്വാനിക്കുന്ന തൊഴിലാളി ആണ്. സഹതൊഴിലാളികളെ, തൊഴിലാളി വര്‍ഗത്തെ, അവരുടെ അധ്വാനത്തെ മതിക്കുന്നയാളാണ്. ഇന്ദ്രജാല- മഹേന്ദ്രജാലങ്ങളറിഞ്ഞ നിപുണന്‍. സ്ലൈഡ് ഓഫ് ഹാന്‍ഡ്‌ എന്ന മാജിക്കിലെ ഞുണുക്കത്തില്‍ കൈയ്യൊതുക്കമുള്ള കലാകാരന്‍.

G.Vinde പ്രണയിക്കുന്ന, ഫ്ലേര്‍ട്ട് ചെയ്യുന്ന ചെറുപ്പക്കാരന്‍ ആണ്. ഗ്രാമവാസികള്‍ക്ക് അയാള്‍ സ്വീകാര്യന്‍ ആവുന്നതില്‍ അയാളുടെ പണം ഒരു പ്രധാന വസ്തുത ആണ്. പലയിടത്തും അയാളുടെ ശരീരം പരിഹാസ്യമാക്കാന്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് അയാളുടെ ആത്മാഭിമാനത്തെ തളര്‍ത്തുന്നില്ല. അയാള്‍ അതിനെയും സ്വത:സിദ്ധമായ സഹജനര്‍മ്മം കൊണ്ടു മുനയൊടിച്ചുവിടുന്നുണ്ട്. അയാളുടെ ശരീരത്തെക്കുറിച്ചുള്ള പൊതുബോധത്തെ കുറിച്ച് അയാള്‍ അജ്ഞനല്ല, അമ്മ വിവാഹത്തിനു നിര്‍ബന്ധിക്കുമ്പോള്‍ അയാളുടെ മറുപടികളില്‍ അത് വ്യക്തമാണ്. എന്നാല്‍ പൊതുബോധ ധാരണകള്‍ക്ക് വെളിയില്‍ നില്‍ക്കുന്നതാണ് അയാളുടെ ആത്മബോധം എന്നതും മനസിലാക്കാനാകും.

സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള ആത്മബോധത്തിലേക്ക് അയാളെ പരുവപ്പെടുതിയത് ആധുനികത-സാങ്കേതികവിദ്യകളോടുള്ള തുറസ്സ് എന്നിവയാകാം എന്നതും പ്രധാനമാണ്. സിഗരറ്റ്, റേഡിയോ, ക്യാമറ തുടങ്ങി പല സൂചകങ്ങള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ലൈംഗികബന്ധത്തിലും ഡിസേബിള്‍ഡ് ശരീരത്തെക്കുറിച്ചുള്ള പൊതുബോധ ആവലാതികള്‍ അയാളെ ബാധിക്കുന്നില്ല. ആദ്യരാത്രിയിൽ, അല്‍പമൊരു നര്‍മം കലര്‍ന്ന, ചുറുചുറുക്കുള്ള ട്രിക്കിലൂടെ തന്‍റെ പങ്കാളിയെ കംഫര്‍ട്ടബിള്‍ ആക്കാനും അതിലൂടെ പങ്കാളിയുടെ വിശ്വാസം നേടാനും അയാള്‍ക്ക് കഴിയുന്നുണ്ട്.

ഇതിനെല്ലാം നേരെ മറുവശത്താണ് ഗോവിന്ദന്‍കുട്ടി എന്ന തന്മ. സിനിമയുടെ രണ്ടാം പകുതിയില്‍ പട്ടണത്തില്‍, സര്‍ക്കസ് കൂടാരത്തിലേക്ക് തന്‍റെ ഭാര്യയോടൊപ്പം വന്നിറങ്ങുന്ന ക്ലൌണ്‍ തൊഴിലാളി. എത്രയൊക്കെ സമര്‍ഥനായ പെര്ഫോമര്‍ ആണെങ്കിലും മറ്റേത് വിദ്യകളെക്കാളും, ‘ഉയരക്കുറവുള്ള കോമാളി’ എന്ന എയ്ബിളിസ്റ്റ് സങ്കല്പനം ആണ് സര്‍ക്കസുകാര്‍ക്കും കാണികള്‍ക്കും വേണ്ടത്. ഗോവിന്ദന്‍കുട്ടിഎന്ന വ്യക്തിയെയും പെര്‍ഫോമറേയും തൊഴിലാളിയേയും അയാളുടെ ശരീരത്തിന്‍റെ ഉയരക്കുറവിലേക്ക് മാത്രമായി ചുരുക്കുന്ന വ്യവസ്ഥിതിയെ സമര്‍ഥമായി സിനിമ തുറന്നുകാണിക്കുന്നുണ്ട്. ഉയരക്കുറവിനെ/ ഡിസബിലിറ്റിയെ കഴിവില്ലായ്മ - ലൈംഗികമായി തൃപ്തിപ്പെടുത്താനുള്ള ശേഷിക്കുറവ് – പൗരുഷമില്ലായ്മ എന്നിവയൊക്കെയായി കാണുന്ന പൊതുബോധ സങ്കല്പങ്ങളെ സിനിമ കാഴ്ചപ്പെടുത്തുന്നുണ്ട്.

സ്വാതന്ത്യത്തില്‍ ഊന്നിയ ആത്മബോധമുള്ള ഒരു ഡിസേബിള്‍ഡ് വ്യക്തിയുടെ തന്മകളെ പൊതുബോധ ധാരണകള്‍ എങ്ങനെ അരക്ഷിതമാക്കുന്നു, പതിയെ അതിലേക്ക് വീണുപോകുന്ന ഗോവിന്ദന്‍കുട്ടി (ഹോട്ടല്‍ വെയ്റ്ററെ ഇടിച്ചുവീഴുന്ന ഗോവിന്ദന്‍കുട്ടി എന്ന രംഗം സമര്‍ഥമായ ഒന്നാണ്. ആ വീഴ്ച സര്‍ക്കസില്‍ ആയിരുന്നെങ്കില്‍ അയാള്‍ക്ക് earn ചെയ്യാനുള്ള ഒരു നമ്പര്‍ ആയിരുന്നു എന്ന് അയാള്‍ക്ക് ഉറപ്പുണ്ട്. എന്നാല്‍ പങ്കാളിയായ ശാരദ കൂടി കണ്ടുന്നിന്നവരോടൊപ്പംചിരിക്കുന്നതാണ് അയാളെ തകര്‍ക്കുന്നത്) , താന്‍ സ്വാംശീകരിച്ച എബിളിസ്റ്റ് പൊതുബോധ ധാരണകള്‍ മൂലം നോണ്‍- ഡിസേബിള്‍ഡ് ആയ സുഹൃത്ത് വിജയന്‍റെ (മമ്മൂട്ടി) സാന്നിധ്യം എങ്ങനെ തന്‍റെ ‘ആണ്മയോടുള്ള വെല്ലുവിളി’യായി അയാള്‍ ധരിച്ചെടുക്കുന്നു, ഇതെല്ലാം അവിശ്വാസത്തിലേക്കും അക്രമാത്മകമായ ആണ്മയിലേക്കും വയലന്സിലേക്കും അയാളെ തള്ളിവിടുന്നത് എങ്ങനെ എന്നിങ്ങനെ പല അടരുകള്‍ ഒന്നിനു പിറകെ ഒന്നായി കാഴ്ച്ചപ്പെടുത്തുന്ന നരേട്ടീവ് , അറിഞ്ഞോ അറിയാതെയോ, മലയാളം സിനിമ കണ്ടതില്‍വെച്ച് സ്വാംശീകരിക്കപ്പെട്ട ഏബിളിസ(internalized ableism)ത്തിന്റെ ഏറ്റവും മികച്ച പ്രതിനിധാനം ആണ്.

സിനിമയുടെ നരേട്ടീവിനെ ഒരു പോയന്‍റിലും ഡിസേബിള്‍ഡ് വ്യക്തിയുടെ ശരീരത്തിന്‍റെ/ ഡിസബിലിറ്റിയുടെ പ്രദര്‍ശനപരതയിലേക്ക് മാത്രമായി ഒതുക്കാത്തതും വൈകാരികതയുടെയും സഹതാപത്തിന്റെയും റിസീവിംഗ് എന്‍ഡില്‍ മാത്രമായി ഗോവിന്ദന്‍കുട്ടിയെ കാണിക്കാത്തതും ആണ് താരതമ്യേന ‘മേള’യുടെ മേന്മ എന്നാണു പറഞ്ഞുവന്നത്. എന്നാല്‍ ‘മേള’യെ തുടര്‍ന്ന് വന്ന ഡിസേബിള്‍ഡ് കഥാപാത്രം ഉള്ള സിനിമകളിലൊക്കെയും മേല്‍പ്പറഞ്ഞ എയ്ബിളിസ്റ്റ് അധീശ നോട്ടം ഉള്ളതിന് പ്രധാന കാരണം ‘അപകര്‍ഷതയുള്ള, ലൈംഗീകശേഷിക്കുറവുള്ള ഡിസേബിള്‍ഡ് വ്യക്തി ഭാര്യയെ അവിഹിതബന്ധം സംശയിച്ച് നഷ്ടബോധത്തോടെ ആത്മഹത്യ ചെയ്ത കദനകഥ’ ആയി മാത്രം ‘മേള’യെയും ഡിസേബിള്‍ഡ് ജീവിതങ്ങളെയും എയ്ബിളിസ്റ്റ് കാഴ്ചക്കാര്‍ ചുരുക്കിക്കണ്ടതിന്‍റെ പ്രശ്നം കൂടിയാണ്.

‘മേള’യുടെ ചലച്ചിത്രരൂപത്തിന് ഇത്രയേറെ ബലം നല്‍കുന്നത് മേള രഘു എന്ന അസാധ്യ പെര്‍ഫോമറുടെ അഭിനയമാണ്. തന്‍റെ ശരീരത്തെ ക്യാമറക്കാഴ്ചയിലേക്ക് ഉള്ള വെറും സഹതാപ വസ്തു ആക്കാതെ കുതറുന്ന തികഞ്ഞ നടന്‍ ഓരോ നിമിഷത്തിലും അയാളിലുണ്ട്. ഒരു ഡിസേബിള്‍ഡ് കഥാപാത്രത്തെ ഡിസേബിള്‍ഡ് വ്യക്തി തന്നെ അവതരിപ്പിക്കുന്നതിലെ മേന്മ കൂടിയാണത്.

മേല്‍പ്പറഞ്ഞ കാര്യം വ്യക്തമാക്കാന്‍ മേള രഘു സഹനടന്‍ ആയ ‘അപൂര്‍വ സഹോദരര്‍ഗള്‍’ എന്ന തമിഴ്ചിത്രം തന്നെ എടുക്കാം. ‘പൂര്‍ണകായനാ’യ കമലഹാസന്‍ dwarfism ഉള്ള വ്യക്തിയായി അഭിനയിച്ചു എന്ന സാങ്കേതിക പ്രകടനപരതയാണ് ആ സിനിമയുടെ ഫോക്കസ്. ആ പ്രകടനപരത തന്നെ അപ്പു എന്ന കഥാപാത്രത്തിനെ, ശരീരത്തിന്‍റെ ഉയരക്കുറവിലേക്കും തന്മൂലം ഡിസബിലിറ്റിക്ക് ഉണ്ടെന്നു എയ്ബിളിസ്റ്റ് പൊതുബോധം കരുതുന്ന വൈകാരിക അപകര്‍ഷതയുടെ amplification ലേക്കും നയിക്കുന്നതായി കാണാം. ഇത് സിനിമയുടെ ആകെയുള്ള എയ്ബിളിസ്റ്റ് നോട്ടത്തെ പതിന്മടങ്ങ്‌ കൂട്ടുന്നുണ്ട്. മേള രഘു അടക്കമുള്ള ഡിസേബിള്‍ഡ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സിനെ അവഗണിക്കാന്‍ പ്രേരിപ്പിക്കുന്നതു കൂടിയാണ് കമലഹാസന്‍റെ ഈ സാങ്കേതിക പ്രകടനപരത. ‘മേള’ എന്ന ചലച്ചിത്രത്തില്‍ നിന്നും എയ്ബിളിസ്റ്റ് കാഴ്ചക്കാര്‍ വായിചെടുത്ത തന്തുവിന്റെ മറ്റൊരു എയ്ബിളിസ്റ്റ് ആഖ്യാനം കൂടിയാണ് ‘അപൂര്‍വ സഹോദരര്‍ഗള്‍’ ലെ അപ്പുവിന്‍റെ പ്രണയകഥഎന്നുകാണാം. സര്‍ക്കസ് കൂടാരത്തില്‍ ഡിസേബിള്‍ഡ് വ്യക്തികളെ ശരീരത്തിലേക്ക് മാത്രമായി ഒതുക്കുന്നതും ‘ഫ്രീക്ക്ഷോ’ കളെ ഓര്‍മിപ്പിക്കുന്ന മട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയും തീരെ സുരക്ഷകള്‍ ഇല്ലാത്ത തൊഴിലിടത്തെ സംഘര്‍ഷങ്ങലിലേക്കും ‘മേള’ നീങ്ങുന്നുണ്ട്. ഡിസേബിള്‍ഡ് ആയ (/ഡിസേബിള്‍ഡ് ആയവര്‍ അടക്കമുള്ള) തൊഴിലാളികളുടെ വേതനപ്രശ്നങ്ങളിലേക്കും തൊഴിലിട അസമത്വങ്ങളെ കുറിച്ചും ‘മേള’ അടയാളപ്പെടുത്തുന്നുണ്ട്. തൊഴിലാളി പ്രശ്നങ്ങളോടുള്ള പൊതുബോധ അവഗണകളെയും ‘മേള’ പ്രശ്നവത്കരിക്കുന്നുണ്ട്. എന്നാല്‍ അപൂര്‍വ സഹോദരര്‍ഗളില്‍ അവിടെയും ഫോക്കസ് ‘പൂര്‍ണകായനാ’യ കമലഹാസന്‍റെ ‘കുറിയ അവതാരത്തി’ലേക്കും അപ്പുവിന്‍റെ സഹതാപം മുറ്റിയ പ്രണയപരാജയത്തിലേക്കും വഴുതിവീഴുന്നതു കാണാം. മേള രഘു എന്ന അസാധ്യ അഭിനേതാവിന്‍റെ ശരീരം/ സാന്നിധ്യം ഇന്ത്യന്‍ സിനിമയില്‍ ഒരു രാഷ്ട്രീയ സാന്നിധ്യം കൂടിയാണ് എന്ന വസ്തുത കൂടുതല്‍ ഉറപ്പിക്കാനേ ഇത്തരം നരേട്ടീവുകള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.

ഡിസേബിള്‍ഡ് വ്യക്തികളെ ഏറ്റവും കൃത്യമായി കാണിച്ച ഉദാത്ത സിനിമ ഒന്നുമല്ല ‘മേള’. മനപൂര്‍വമോ അല്ലാതെയോ, അറിഞ്ഞോ അറിയാതെയോ, മലയാളം സിനിമ ഇതുവരെ കണ്ടതില്‍വെച്ച് സ്വാംശീകരിക്കപ്പെട്ട ഏബിളിസത്തിന്റെ ഏറ്റവും മികച്ച പ്രതിനിധാനം ആണ്. ഒപ്പം, മേള രഘു എന്ന അസാമാന്യ അഭിനേതാവിനെ ഉപയോഗിക്കാന്‍ പറ്റിയ കഥകള്‍ പറയാന്‍, അദ്ദേഹം മരിക്കുവോളം മടിയുണ്ടായ ഇന്ത്യന്‍ സിനിമയോടുള്ള വലിയൊരു ചോദ്യചിഹ്നവും.

[ ചിത്രവിവരണം- മേള എന്ന ചിത്രത്തിന്റെ പോസ്റ്റര്‍. വെള്ള നിറത്തിലുള്ള പശ്ചാത്തലം. മേള രഘു അവതരിപ്പിച്ച ഗോവിന്ദന്‍കുട്ടി എന്ന കഥാപാത്രത്തിന്‍റെ മുഖത്തിന്റെ സ്കെച്ച് ആണ് പോസ്ടരില്‍ ഇടതുവശത്ത്. കടുംനീല നിറത്തില്‍ ആണ് ചിത്രം. ഇരുണ്ട കൂളിംഗ് ഗ്ലാസ്‌ ധരിച്ച, ചുരുണ്ട മുടിയും താഴേക്കിറങ്ങിയ മീശയും ആകര്‍ഷകമായ ചിരിയും ഉള്ള യുവാവ് ആണ് ഗോവിന്ദന്‍കുട്ടി. ചിത്രത്തിനു വലതായി കാര്‍ണിവല്‍ ബോര്‍ഡിനെയും വിടരുന്ന പൂത്തിരിയെയും ഓര്‍മിപ്പിക്കുന്ന മിനിമല്‍ ഡിസൈനിനു അകത്തായി ‘മേള’ എന്ന് ആകര്‍ഷകമായ ഫോണ്ടില്‍ വലുതായി എഴുതിയിരിക്കുന്നു. അതിനു കീഴെ ചെറിയ അക്ഷരങ്ങളില്‍ സംവിധാനം: കെ.ജി. ജോര്‍ജ് എന്ന് എഴുതിയിരിക്കുന്നു. ഡിസൈനിനും എഴുത്തിനും കടുംനീല നിറം.

ചിത്രവിവരണം കഴിഞ്ഞു]

Report Page