*/

*/

Source

എന്തിനാണവൻ ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുത്തത് , പൂട്ടിയിട്ട വീടുകളിൽ ആരുമറിയാതെ കയറി താമസിക്കുന്നത് , ആ വീടുകൾ വൃത്തിയാക്കുന്നത് , സ്വന്തം വീട്ടിൽ എന്ന പോലെ അവിടെ ഉറങ്ങുന്നത് ? ഒടുക്കം ആരുമറിയാതെ തന്നെ ഇറങ്ങിപ്പോകുന്നത്?

എന്തിനാണ് അവളെ അയാൾ പീഡിപ്പിച്ച് വീട്ടിൽ പൂട്ടിയിടുന്നത് , അവൾ അയാളെ വെറുക്കുന്നതു കൊണ്ടോ , അതോ അവളെ അയാൾ അളവറ്റ് സ്നേഹിക്കുന്നത് കൊണ്ടോ?

അവളെ അയാൾ ഉപദ്രവിക്കുന്നത് കാണുന്ന അവൻ എന്തിനാണ് ഗോൾഫ് പന്ത് അയാൾക്ക് നേരെ ആഞ്ഞടിക്കുന്നത്?

അവളും അവനും എന്തിനാണ് പിന്നീട് അവന്റെ ജീവിതം പിന്തുടരുന്നത് , ആളില്ലാത്ത വീടുകളിൽ കയറി അവൻ മുമ്പ് ചെയ്തതെല്ലാം തുടരുന്നത്?

അവൾ എന്ത് കൊണ്ടാണ് സ്വസ്ഥതയറിഞ്ഞുറങ്ങുന്നത് , ആ വീടുകളിലെ ഏതോ അജ്ഞാതരുടെ കിടക്കയിൽ ?

എന്ത് കൊണ്ടാണ് അവർ , ഉള്ളിൽ പ്രണയത്തിന്റെ തന്ത്രീ നാദം കേൾക്കുന്നുണ്ടെങ്കിലും തമ്മിൽ തമ്മിൽ ഒന്നുമേ മിണ്ടാതിരിക്കുന്നത് ? അവരുടെ പ്രണയത്തിന് ഭാഷയേ വേണ്ടെന്നോ?

പോലീസിന്റെ പിടിയിൽ ആകുമ്പോഴും എന്ത് കൊണ്ടാണ് അവർ പരസ്പരം ഒറ്റിക്കൊടുക്കാതെ മൗനികളായി തുടരുന്നത്?

ജയിലിൽ അകപ്പെടുന്ന അവൻ എന്ത് കൊണ്ടാണ് അതിന്റെ ചുമരുകളിലേക്ക് ചുരുങ്ങിപ്പോകുന്ന അദൃശ്യവിദ്യ പഠിക്കുന്നത് ?

അയാളുടെ പകയുടെ ക്രൂരതയ്ക്ക് ഇരയാകുമ്പോഴും അവൻ മൗനിയാകുന്നത് അവളുടെയും അയാളുടെയും ജീവിതത്തിലേക്ക് അദൃശ്യനായി കടന്നു ചെന്ന് മനോഹരമായിട്ട് പ്രതികാരം ചെയ്യാം എന്ന് കരുതിയാണോ?

അവൾ അയാൾക്ക് നൽകുന്ന ഓരോ ചിരിയും ഓരോ സ്പർശവും ഓരോ ചുംബനവും തന്നിലേക്ക് ഏറ്റു വാങ്ങികൊണ്ടുള്ള ആ അദൃശ്യജീവിതം ആണോ അവൻ ആത്യന്തിക ആനന്ദമായി തേടിയത്?

തന്റെ വ്യസനം നിറഞ്ഞ ദിനങ്ങളുടെ മുറിവുണക്കാൻ അവൾ കല്പനയിലേക്ക് കൊണ്ടുവന്ന സ്വപ്നമായിരുന്നോ അവൻ ? അതോ തന്റെ അജ്ഞാത, ഏകാന്തജീവിതത്തെ പ്രണയം കൊണ്ടു നിറയ്ക്കാനായി അവൻ ഭാവനയിൽ ഉരുവം കൊടുത്തവളോ?

ഒടുവിൽ അവരിരുവരും തങ്ങളുടെ ശരീരങ്ങളുടെ ഭാരം , പ്രണയത്തിന്റെ മാന്ത്രികത കൊണ്ട് ഇല്ലായ്‌മ ചെയ്ത് തമ്മിലലിഞ്ഞു ചേരുമ്പോൾ കാണി അറിയുന്നത് മൗനത്തിന്റെ ആയിരം നാനാർത്ഥങ്ങളല്ലേ..?

#kimkiduk
#3iron

Report Page