*/

*/

Source

സൽമ സിദാൻ.
ഇസ്രായേൽ- പാലസ്തീൻ അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഒരു വിധവ. മകളുടെ വിവാഹം കഴിഞ്ഞതോടെ അവൾ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. മകനാണെങ്കിൽ നേരത്തെതന്നെ അമേരിക്കയിലേക്ക് കുടിയേറിയതാണ്.

കുടുംബസ്വത്തായി ലഭിച്ച നാരകത്തോട്ടത്തിൽ നിന്നുള്ള വരുമാനമാണ് സൽമയുടെ ഉപജീവനമാർഗ്ഗം.
വലിപ്പമുള്ള മികച്ച പഴങ്ങളാണ് തോട്ടത്തിലേത്. നാരകത്തോട്ടം ശ്രദ്ധയോടെ പരിപാലിക്കുന്നതിൽ ആത്മീയമായ ഒരാനന്ദം അവരനുഭവിക്കുന്നുണ്ട് സൽമ. അങ്ങനെയാണവൾ തൻറെ ഏകാന്തതയെ മറികടക്കുന്നതു പോലും!

ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ നുവോൺ ഭാര്യാസമേതം തൊട്ടപ്പുറത്തെ റസ്റ്റ്ഹൗസിൽ താമസിക്കാനെത്തുന്നതോടെയാണ് അവരുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വീട്ടിനോട് ചേർന്നുള്ള പാലസ്തീൻ അതിർത്തിയിലെ നാരകത്തോട്ടം തീവ്രവാദികൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ ഇടമല്ലേ?
അത് മന്ത്രിയുടെ സുരക്ഷക്ക് കടുത്ത ഭീഷണി തന്നെയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേലിനോട് ഒരു വിധവക്ക് പിടിച്ചുനിൽക്കാനാവുമോ?
തോട്ടം ഉപേക്ഷിക്കാൻ പലരും സൽമയെ ഉപദേശിച്ചു. എന്നാൽ നാരകത്തോട്ടത്തോടുള്ള വൈകാരികമമത സൽമയെ അതിനനുവദിക്കുന്നില്ല. സൈദ് ദാവൂദ് എന്ന വക്കീലിൻറെ സഹായത്തോടെ അവർ സൈനികകോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. പക്ഷേ, നാരകത്തോട്ടം വേരോടെ പിഴുതുമാറ്റാൻ സൈനികകോടതി ഉത്തരവിടുന്നു.

അതോടെ അവർ സുപ്രീം കോടതിയെ സമീപിക്കുകയാണ്. ഇത് വമ്പിച്ച മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നു.

പ്രതിരോധമന്ത്രിയുടെ ഭാര്യ മിറക്ക് സൽമയെ മനസിലാക്കാനാവുന്നുണ്ട്. അധികാരം നൽകുന്ന എല്ലാ സൗകര്യങ്ങൾക്കുമിടയിലും കൊടിയ ഏകാന്തത അവരുമനുഭവിക്കുന്നുണ്ടല്ലോ.

വിധി വരുന്നതിനു മുമ്പുതന്നെ സൈന്യം സുരക്ഷാകാരണം പറഞ്ഞ് നാരകത്തോട്ടത്തിനു ചുറ്റും കമ്പിവേലി കെട്ടുന്നു, വാച്ച്ടവർ സ്ഥാപിക്കുന്നു.
തൻറെ പിതാവിൽ നിന്നും കൈമാറിക്കിട്ടിയ തോട്ടത്തിലെ ചെടികൾ വെള്ളവും സ്പർശവും കിട്ടാതെ വാടിനിൽക്കുന്നത് അവൾ നിസ്സഹായതയോടെ കണ്ടുനിൽക്കുന്നു. അതിനിടയിൽ, കാവൽക്കാരുടെ ശ്രദ്ധയിൽ പെടാതെ വേലിചാടിക്കടന്ന് സൽമ ചെടികൾ പരിപാലിക്കുന്നുണ്ട്. ആ രംഗം നമ്മുടെ മനസ്സിസ്സുനനയ്ക്കുക തന്നെ ചെയ്യും.

എന്തായിരിക്കും സുപ്രീം കോടതി വിധി? സൽമക്ക് തൻറെ ജീവിതം തന്നെയായ നാരകത്തോട്ടം സംരക്ഷിക്കാനാകുമോ?
അതറിയാൻ എറാൻ റിക്ലിസ് സംവിധാനം ചെയ്ത 'ലെമൺ ട്രീ' എന്ന സിനിമ നാം കാണണം.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചയാണ് 'ലെമൺ ട്രീ'. ഒരേ സമയം പല അടരുകളുണ്ടെന്നതാണീ സിനിമയുടെ ഔന്നത്യം. ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തിൻറെ പശ്ചാത്തലം തന്നെയാണതിൽ പ്രധാനം. ഒരു വിധവ അനുഭവിക്കുന്ന പലതരം പരീക്ഷണങ്ങളുടെയും ഒറ്റപ്പെടലിൻറെയും സന്ദർഭങ്ങൾ ഏറെയുണ്ടിതിൽ. പ്രതിസന്ധിയിൽ താങ്ങാവുന്ന ഒരാളോടുള്ള വിധേയപ്പെടലിൻറെയും പ്രതിരോധത്തിൻറെയും അടരുകളുണ്ടിതിൽ. അധികാരം ഒരു സ്ത്രീയെ എങ്ങനെയെല്ലാം നിശബ്ദയാക്കാൻ ശ്രമിക്കുമെന്നതിൻറെ സാക്ഷ്യം തന്നെയാണ്
'ലെമൺ ട്രീ'

അജ്മൽ കക്കോവ്
2021 മെയ് 15

Report Page