*/

*/

Source

മലയാള സിനിമ ദുർമേദസ് വെടിയുന്നു
........................................................

" മലയാള വാണിജ്യ സിനിമയ്ക്ക് പ്രായപൂർത്തിയാവുന്നു ." -മൂന്ന് പതിറ്റാണ്ടു മുമ്പ് ടി.കെ.രാജീവ്കുമാറിന്റെ "ചാണക്യൻ " റിലീസ് ചെയ്തപ്പോൾ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര നിരൂപകൻ എഴുതിയ റിവ്യൂവിന്റെ ശീർഷകമായിരുന്നു ഈ ലഘു വാചകം. അതിന്റെ ഛായയിൽ മനസിൽ ഉരുവപ്പെട്ടതാണ് മാർട്ടിൻ പ്രക്കാട്ടിന്റെ "നായാട്ട് " എന്ന പുതിയ സിനിമയെ കുറിച്ചുള്ള ഈ കുറിപ്പിന്റെ ശീർഷകം.

സിനിമ ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ വന്നിട്ടുണ്ട്. സിനിമ പൊതുവേ നല്ല മേയ്ക്കിംഗ് ആണെന്ന അഭിപ്രായം നേടിയതോടൊപ്പം ദലിത് വിരുദ്ധമാണെന്ന രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. "ചാണക്യൻ " മലയാള വാണിജ്യ സിനിമയുടെ പ്രായപൂർത്തിയാകലിനെ അടയാളപ്പെടുത്തുന്ന ചിത്രമാണെങ്കിൽ, " നായാട്ടി"ന്റെ പ്രസക്തി എന്താണ്? അഥവാ, അങ്ങനെ എന്തെങ്കിലും പ്രധാന്യം ഈ സിനിമയ്ക്ക് ഉണ്ടോ?

സിനിമയും ദലിത് സമുദായവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് പ്രത്യേകമായി ഈ കുറിപ്പിൽ പരിശോധിക്കുന്നത്. പൊതുവിൽ, കവി എം.ആർ. രേണുകുമാറിന്റെ അഭിപ്രായത്തോടാണ് എനിക്ക് യോജിപ്പ് . ദലിതരുടെ മോശമായ പ്രതിനിധാനമോ, ദലിത് വിരുദ്ധതയോ നായാട്ട് എന്ന ചലച്ചിത്രത്തിൽ ഇല്ല എന്റെ സുചിന്തിതമായ അഭിപ്രായം രേഖപ്പെടുത്തുന്നത് താഴെ പറയുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് :

(1) വനിതാ പോലീസുകാരിയും ദലിതയുമായ സുനിതയുടെ വീടുപണി തടസ്സപ്പെടും വിധം ബിജു എന്ന ദലിത് യുവാവ് പ്രശ്നമുണ്ടാക്കുമ്പോൾ പരിഹാരത്തിന് അവൾ തന്റെ ഓഫീസ് മേധാവിയായ സി.ഐ.യോട് പറയുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം . അതിൽ ഇടപെടാൻ സുനിതയുടെ വീട്ടിലെത്തിയ ദലിത് യുവാക്കൾ ബിജുവിനെ ന്യായീകരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് . "ബിജുവിന്റെ സ്വഭാവം അറിയാമല്ലോ " , എന്ന് പറയുമ്പോൾ അയാൾ ഒറ്റപ്പെട്ട പ്രശ്നക്കാരനായ ഒരാളാണ് എന്നാണല്ലോ അവർ അർത്ഥമാക്കുന്നത്.

(2 ) ദലിത് സംഘടനാ നേതാവിനോട് ബിജു തട്ടിക്കയറുമ്പോൾ " നീ കള്ളും കഞ്ചാവുമടിച്ച് ഉണ്ടാക്കുന്ന പ്രശ്നം തീർക്കാനൊന്നും സംഘടനയെ കിട്ടില്ല.'' - എന്നാണ് അയാൾ ബിജുവിനോട് പറയുന്നത്. ഈ സിനിമയിൽ നെഗറ്റീവായി പെരുമാറുന്ന ദലിതനായ ബിജു ഒരു ഒറ്റപ്പെട്ട സ്വഭാവ വൈകല്യമുള്ള ആൾ മാത്രമാണ് ; അല്ലാതെ സമുദായത്തിന്റെ പ്രതിനിധാനമല്ല എന്നാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

കേരളത്തിൽ ഒരു സമ്മർദ്ദ ശക്തിയല്ലാത്ത ദലിതരെ അപ്രകാരം ചിത്രീകരിച്ചതു് ശരിയായില്ലെന്ന് Shahina Nafeesa പറഞ്ഞതിൽ കാര്യമുണ്ടെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും സൂക്ഷ്മ വിശകലനത്തിൽ എഞ്ചിനീയറിംഗ് കോളേജിന് വേണ്ടിയുള്ള സിനിമയിലെ ദലിത് സംഘടനാ നേതാവിന്റെ മുഖ്യമന്ത്രിയോടുള്ള ആവശ്യപ്പെടൽ യാഥാർത്ഥ്യ ബോധമില്ലാത്തതാണ് എന്ന് താഴെ പറയുന്ന കാരണങ്ങളാൽ പറയാനാവില്ല
(1) കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചില ദലിത് - ആദിവാസി മാനേജ്മെന്റുകൾക്ക് നാമമാത്രമായി ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുകയുണ്ടായി
(2) പൊതുവേ രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി ദലിതർ കേരളത്തിൽ മാറിയിട്ടില്ല എന്നത് ശരിയാണെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രം ദലിതർക്ക് താൽക്കാലികമായി ഒരു സമ്മർദ്ദശക്തി കൈവരും. അത്തരമൊരു അടിസ്ഥാനരംഗപശ്ചാത്തലത്തിലാണ് സിനിമയിലെ ദൃശ്യങ്ങൾ സംഭവിക്കുന്നത്.

ഈ സിനിമയിൽ ഉപതെരഞ്ഞെടുപ്പ് എന്ന സവിശേഷ സന്ദർഭം കേന്ദ്രസ്ഥാനമായി നിന്ന് സിനിമയുടെ ശില്പഘടനയെ ആകെ നിയന്ത്രിക്കുന്നു. അതുകൊണ്ടു തന്നെ , ഉപ തെരഞ്ഞെടുപ്പ് എന്ന സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി ഈ സിനിമയിലെ ഏതെങ്കിലും ഭാഗത്തെ കാണുകയോ വിലയിരുത്തുകയോ ചെയ്യുന്നത് ലാവണ്യാത്മക സമീപനമല്ല; അസംബന്ധമാണത്.

3. സിനിമയിലെ കേന്ദ്ര കഥാപാത്രം മണിയൻ എന്ന ദലിതനായ മദ്ധ്യവയസിലെത്തിയ പോലീസുകാരനാണ്. എത്ര മലയാളം സിനിമകളിൽ ദലിതർ നായകനും നായികയും ആയിട്ടുണ്ട് ? വളരെ കുറച്ചു മാത്രം. പോലീസ് വകുപ്പിന്റെ നിലനിൽപ്പു തന്നെ വർക്കുഹോളിക്കായ മണിയനെ പോലുള്ളവരാണ്. ( എന്റെ ബന്ധു മാധവൻ ചേട്ടനെ ഓർമ്മ വന്നു. ഹെഡ് കോൺസ്റ്റബിൾ ആയി വിരമിച്ച് അഞ്ചു വർഷമായപ്പോൾ അന്തരിച്ചു. പോലീസ് സ്റ്റേഷൻ സ്വന്തം വീടുപോലെ കണക്കാക്കുന്ന വിധത്തിൽ അദ്ദേഹം തന്റെ തൊഴിലിൽ വളരെ committed ആയിരുന്നു. ) മണിയനോട് പ്രേക്ഷകർക്ക് അപ്രിയം തോന്നുന്ന ഒരു രംഗം പോലും സിനിമയിൽ ഇല്ല. ആ സ്റ്റേഷൻ തന്നെ മണിയൻ പോലീസിനെ കേന്ദ്രീകരിച്ചാണ് കുഴപ്പമില്ലാതെ പോയിക്കൊണ്ടിരുന്നത്. സിനിമാന്ത്യത്തിൽ നിരപരാധികളായ തന്റെ രണ്ട് സഹപ്രവർത്തകരെ രക്ഷിക്കാൻ ഒരു മനുഷ്യന് സാധ്യമായ ഏറ്റവും വലിയ ത്യാഗമാണ് അയാൾ ചെയ്യുന്നത്. അതോടെ പ്രേക്ഷകരുടെ ഹൃദയം ആ കഥാപാത്രം കീഴടക്കുന്നു. അതെങ്ങനെ മോശമായ പ്രതിനിധാനമാണെന്ന് പറയാനാവും? ഇനി നിമിഷയുടെ സുനിതയെ എടുത്താലോ ? സിനിമയുടെ അന്ത്യരംഗത്തിൽ ഡിപ്പാർട്ട്മെന്റ് തനിക്ക് രക്ഷപ്പെടാനായി വെച്ചു നീട്ടിയ പാക്കേജാണ് മരിച്ച ഒരു സഹപ്രവർത്തകനു വേണ്ടി അവൾ ത്വജിക്കുന്നത്. നീതിയോടുള്ള ആ കഥാപാത്രത്തിന്റെ പ്രതിബദ്ധത ഉള്ളിൽ തട്ടും വിധം കാണിക്കുന്നത് എങ്ങനെ ദലിത് വിരുദ്ധമാവും?

4. വിഷ്ണു വിജയ് സംഗീതം നൽകിയ നല്ല ഒരു ഫോക് ടച്ചുള്ള പാട്ട് സിനിമയിലുണ്ട്. ഒരു ദലിത് നാടൻ പാട്ട് സംഘം പാടുന്ന രീതിയിൽ തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്. (ഫോട്ടോ കാണുക) ആ പാട്ടിൽ കല്യാണ വീട്ടിലെ പ്രേക്ഷകരാകെ താളം പിടിച്ചും പാടിയും ആടിയും ലയിക്കുകയാണ്. കേരളത്തിൽ ഇപ്പോൾ നാടൻ പാട്ട് രംഗത്ത് സജീവമായിരിക്കുന്ന ദലിത് ഗായകർക്ക് ദൃശൃതയും സ്വീകാര്യതയും നൽകുന്ന മനോഹരമായ രംഗമാണത്. ഈ രംഗത്ത് അർച്ചന പത്മിനിയോടൊപ്പം അഭിനയിച്ചത് അമ്പലപ്പുഴ പന്തിരുകുലം നാടൻ പാട്ടു സംഘത്തിലെ ദലിതരായ കലാകാരന്മാരാണ്. ഈ നാടിന്റെ സ്പന്ദനങ്ങൾക്ക് എന്നും സജീവത നൽകുന്ന ഒരു ദേശീയ ജനതയ്ക്ക് നിഷേധിക്കപ്പെട്ടിരുന്ന ദൃശ്യത വൈകിയാണെങ്കിലും നൽകാൻ ഉദ്യമിക്കുന്ന ഒരു സിനിമ എങ്ങനെ ദലിത് വിരുദ്ധമാവും?

ചുരുക്കത്തിൽ മലയാള ചലച്ചിത്ര രംഗത്ത് സമീപ കാലത്ത് ദലിത് സമൂഹത്തിന്റെ ദൃശ്യതയിൽ ഉണ്ടായിട്ടുള്ള ചെറിയ വർദ്ധനവിനെ ത്വരിതപ്പെടുത്തുന്ന മികച്ച ചലച്ചിത്രമാണ് " നായാട്ട് " . ഒട്ടും കൃത്രിമത്വമില്ലാതെയും അനാവശ്യ രംഗങ്ങളോ സംഭാഷണങ്ങളോ ഗാനരംഗങ്ങളോ ഇല്ലാതെയും ശില്പഭദ്രമായി മാർട്ടിൻ പ്രക്കാട്ട് സിനിമ എടുത്തിരിക്കുന്നു. മലയാള സിനിമ ദുർമേദസ് വെടിയുന്നതിന്റെ ശുഭസൂചനയായി മാർട്ടിൻ പ്രക്കാട്ടിന്റെ ഈ സിനിമയെ കാണുന്നു.

Report Page