*/

*/

Source

കുപ്രസിദ്ധരും, സിനിമാ പേരുകളും
**********************************
പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നതിനായി കുപ്രസിദ്ധരായ ക്രിമിനലുകളുടെ പേരുകൾ ധാരാളം സിനിമകൾക്കായി കടമെടുത്തിട്ടുണ്ട്. യഥാർത്ഥത്തിൽ ആ ക്രിമിനലുകളുടെ ജീവിതവുമായി സിനിമക്ക് കാര്യമായ ബന്ധം ഒന്നും കാണുകയില്ല. എന്നാൽ സിനിമയിലെ നായക കഥാപാത്രം സ്വൽപ്പം നെഗറ്റിവ് ടച്ചുള്ള ആളാണെങ്കിൽ ഇത്തരം കുപ്രസിദ്ധരുടെ പേരുകൾ നൽകി പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്ന രീതി പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരം ചില ചിത്രങ്ങൾ.

ബില്ല - രംഗ ************

1978 -ൽ ദില്ലിയിൽ നടന്ന, മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഗീത & സഞ്ജയ് ചോപ്ര കൊലക്കേസ്. ആകാശവാണിയിൽ പ്രോഗ്രാം അവതരിപ്പിക്കാൻ പോയ സഹോദരങ്ങളായ ഗീത - സഞ്ജയ് എന്നീ സ്കൂൾ വിദ്യാർത്ഥികളെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലചെയ്ത ബില്ല, രംഗ എന്നീ കൊടും കുറ്റവാളികൾ പിൽക്കാലത്ത് തൂക്കിലേറ്റപ്പെട്ടു.

ഏറെ ചർച്ചചെയ്യപ്പെട്ട ഈ അധമന്മാരുടെ പേരുകൾ രണ്ടു തമിഴ് സിനിമകൾക്ക് നൽകപ്പെട്ടു, രണ്ടിലും നായകനായത് രജനി കാന്ത് ആയിരുന്നു. ഡോൺ എന്ന ഹിന്ദി സിനിമയുടെ, 1980 ഇൽ ഇറങ്ങിയ തമിഴ് റീമേക് "ബില്ല" പിന്നെ 1982 ഇൽ ഇറങ്ങിയ "രംഗ" എന്ന ചിത്രം. രണ്ടു സിനിമകളും സൂപ്പർ ഹിറ്റുകളായി മാറി.

ശോഭരാജ് ***************

70 'കളിൽ വാർത്തകളിൽ നിറഞ്ഞുനിന്ന കുപ്രസിദ്ധ ക്രിമിനൽ ആയിരുന്നു ചാൾസ് ശോഭരാജ്. കൊള്ളയും, കൊലപാതകവും, ജയിൽ ചാട്ടവും നിത്യതൊഴിലാക്കിയിരുന്ന ഈ കൊടും കുറ്റവാളി ഇന്നും സുപരിചിതനാണ്. "മേം ഔർ ചാൾസ്" എന്ന പേരിൽ ഇയാളുടെ കഥ പിൽക്കാലത്ത് സിനിമയാക്കപ്പെട്ടു. പുള്ളിയുടെ ജീവിതം അടിസ്ഥനമാക്കി സർപ്പൻ്റ് എന്ന പേരിൽ ഒരു വെബ് സീരീസും ഈയടുത്ത് നെറ്റ്ഫ്‌ളിക്സിൽ വന്നു.

ഡസൻ കണക്കിന് കൊലപാതകങ്ങൾ ചെയ്തു കൂട്ടിയ ഈ കുറ്റവാളിയുടെ പേരും ഒരു മലയാളം സിനിമക്കായി കടംകൊണ്ടു. ഹിന്ദിയിലെ ഡോൺ സിനിമയുടെ മലയാളം റീമേക്ക് "ശോഭരാജ്". മോഹൻലാൽ ആയിരുന്നു നായകൻ. പിൽക്കാലത്ത് ധാരാളം അധോലോക നായകന്മാരെ അഭിനയിപ്പിച്ചു വിജയിപ്പിച്ച മോഹൻലാലിൻറെ ആദ്യ അധോലോക വേഷം. പക്ഷെ ശോഭരാജ് ബോക്സ് ഓഫിസിൽ പരാജയം ആയിരുന്നു.

ആട്ടോ ശങ്കർ **************

ചെന്നൈയിൽ ഒരു ആട്ടോ ഡ്രൈവർ ആയിരുന്ന ഇയാൾ ചാരായ കടത്തുൾപ്പെടെ ധാരാളം നിയമ വിരുദ്ധമായ പ്രവൃത്തികളിലൂടെ തന്റേതായ ഒരു ഗാങ് തന്നെ സൃഷ്ടിച്ചെടുത്തു. 80 കളുടെ അവസാന കാലത്തു ചെന്നൈ നഗരത്തെ വിറപ്പിച്ച സീരിയൽ കില്ലിംഗ് പരമ്പരകളുടെ പിന്നിൽ പ്രവർത്തിച്ച കൊടും ക്രൂരനായ ഈ കുറ്റവാളി ഒരുതവണ ജയിൽ ചാട്ടവും നടത്തി. ശങ്കർ പിൽക്കാലത്ത് തൂക്കിലേറ്റപ്പെട്ടു. വിജയകാന്തിന്റെ പുലൻ വിചാരണ സിനിമയിലെ ആനന്ദ് രാജിന്റെ കഥാപാത്രം ഈ കുറ്റവാളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ആട്ടോ ശങ്കറിന്റെ കഥ ആസ്പദമാക്കി അപ്പാനി ശരത് അഭിനയിച്ച ഒരു വെബ് സീരീസും ഇറങ്ങിയിരുന്നു.

2005 ൽ ഉപേന്ദ്ര നായകനായി കന്നടയിൽ ഇറങ്ങിയ "ആട്ടോ ശങ്കർ" എന്ന സിനിമക്ക് ഈ കുറ്റവാളിയുടെ കഥയുമായി യാതൊരു ബന്ധവും ഇല്ല. അയാളുടെ പേര് കടം കൊണ്ടു എന്നേയുള്ളു. ഈ ചിത്രം സർപ്പ സുന്ദരി എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറക്കിയിരുന്നു.

രാമൻ രാഘവൻ
*****************
ദരിദ്രരായ സാധുക്കളുടെ വീടുകളിൽ പോലും കയറി കൊടും കൊലപാതകങ്ങൾ ചെയ്ത് കൂട്ടിയ സൈക്കോ സീരിയൽ കില്ലർ രാമൻ രാഘവൻ 1960 കളുടെ അവസാനകാലത്തു ബോംബെ നഗരത്തെ പ്രകമ്പനം കൊള്ളിച്ച കൊടും കുറ്റവാളിയായിരുന്നു. കൊലപാതകങ്ങൾ അയാൾക്ക് ഒരു ഹരമായിരുന്നു. പോലീസ് പിടിയിലായ ഇയാൾ പിൽക്കാലത്ത് ജയിലിൽ കിടന്നു രോഗബാധിതനായി മരണപ്പെട്ടു.

പ്രഗത്ഭ സംവിധായകൻ അനുരാഗ് കശ്യപ് രാമൻ രാഘവന്റെ കഥ സിനിമയാക്കാൻ ഉദ്ദേശിച്ചു പ്രാരംഭ നടപടികൾ തുടങ്ങി എങ്കിലും 60 കളുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിന്റെ പരാജയം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു. രാമൻ രാഘവൻ എന്ന പേര് മാത്രം കടം കൊണ്ട് അദ്ദേഹം രാമൻ രാഘവ് 2 .0 എന്ന പേരിൽ മറ്റൊരു സിനിമ ഒരുക്കി. രാമണ്ണ എന്ന സീരിയൽ കില്ലറുടെയും, രാഘവൻ എന്ന പോലീസ് ഓഫിസറുടെയും കഥ പറഞ്ഞ ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നു ആ ചിത്രം. വാണിജ്യ പരമായും, കലാപരമായും മികച്ച ഒരു ചിത്രമായിരുന്നു രാമൻ രാഘവ് 2 .0 .

ദാവൂദ് ഇബ്രാഹിം
******************
മുംബൈ സ്ഫോടനം ഉൾപ്പെടെ ധാരാളം കുറ്റകൃത്യങ്ങളിൽ പ്രതിയായ ദാവൂദ് ഇബ്രാഹിം ഏവർക്കും സുപരിചിതനാണല്ലോ? പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ഇയാളുടെ ജീവിതം പല ചിത്രങ്ങൾക്കും വിഷയം ആയിട്ടുണ്ട്.

തെലുങ്കിൽ പ്രശാന്ത്, രഘുവരൻ തുടങ്ങിയവർ അഭിനയിച്ച ലാത്തി എന്ന ചിത്രം തമിഴിൽ മൊഴിമാറ്റം നടത്തിയപ്പോൾ ഇട്ട പേര് "ദാവൂദ് ഇബ്രാഹിം" എന്നായിരുന്നു. രഘുവരൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ദാവൂദ് എന്നല്ലാതെ യഥാർത്ഥത്ത ദാവൂദ് ഇബ്രാഹിമുമായി കഥക്ക് ബന്ധമൊന്നുമില്ല.

കുപ്രസിദ്ധരുടെ പേര് മാത്രം കടം കൊണ്ട മറ്റു ചിത്രങ്ങൾ ഓർമ്മയിൽ വരുന്നുവെങ്കിൽ കമന്റായി ഇടുക.

Report Page