*/

*/

Source

"Where should the birds fly after the last sky?" "അവസാന ആകാശത്തിനു ശേഷം പക്ഷികൾ എവിടെക്ക് പറക്കണം? "

പ്രശസ്ത കവി ഡാർവിഷിന്റെ ചില വരികൾ...

ഇസ്രായേൽ - പാലസ്തീൻ പ്രശ്നം വളരെയേറെ വർഷങ്ങൾ ആയി നീറിപ്പുകയുന്ന ഒന്നും ഒരു പാട് പേരിൽ ഡയഗണലി ഓപ്പസിറ്റ് ആയ വികാരങ്ങൾ ഉളവാക്കുന്ന ഒന്നുമാണ്. ചിലർ പൂർണമായും ഇസ്രായേലിന്റെ ഭാഗത്തു നിൽക്കുമ്പോൾ ചിലർ പൂർണമായും പലസ്തീന്റെ ഭാഗത്തു നിൽക്കുന്നു.

എന്താണ് ഇസ്രായേൽ പലസ്തീൻ പ്രശ്നം? എന്ത് കൊണ്ടാണ് ഇത് തുടങ്ങിയത്?എന്താണ് ഇപ്പോഴത്തെ അവസ്ഥ?

യഹൂദന്മാരുടെ വിശ്വാസ പ്രകാരം അവരുടെ ദൈവമായ യാഹ്‌വെ അവർക്കു നൽകിയ വാഗ്ദത്ത ഭൂമിയാണ് ഇസ്രായേൽ. അവരുടെ വിശ്വാസ പ്രകാരം ക്രിസ്തുവിനും പതിനൊന്നു നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഇസ്രായേൽ ഒരു രാജ്യമായി നിലവിൽ വന്നിരുന്നു. ക്രിസ്തുവിനും ഒൻപതു നൂറ്റാണ്ടു മുൻപ് ഇത് യൂദയായും നോർത്തേൺ ഇസ്രായേലും ആയി വിഭജിക്കപ്പെട്ടു. സെന്നാക്കേരീബ്‌, നെബുക്കദ്‌നേസർ തുടങ്ങിയ പല രാജാക്കന്മാരും ഇസ്രയേലിനെ ആക്രമിച്ചു കീഴ്പ്പെടുത്തുകയും ഭരിക്കുകയും ചെയ്തു. പിന്നീട് ഗ്രീക്കുകാരുടെ അധീനതയിലായിരുന്ന ഇവർ മക്കബായ വിപ്ലവത്തോടെ പിന്നെയും അധികാരം കയ്യടക്കുകയും ചെയ്തു. പിന്നീട് റോമാ സാമ്രാജ്യത്തിൻ്റെ ആധിപത്യമായിരുന്നു ഇസ്രയേലിന് മേൽ. അതിനു ശേഷം ക്രിസ്തു മതം ശക്തമാകുക കൂടി ചെയ്തതോടെ ഇവിടങ്ങളിൽ ജൂതന്മാരുടെ സ്വാധീനം വളരെ കുറഞ്ഞു. ആറാം നൂറ്റാണ്ടിൽ അറബ് മുസ്ലീങ്ങൾ ഇവിടം ആക്രമിച്ചു കീഴടക്കുകയും വിവിധ ഖലീഫമാർ ഭരിക്കുകയും ചെയ്തു. ആ സമയത്തോടെ ഇവിടങ്ങളിലുള്ള ജൂത സാന്നിധ്യം വീണ്ടും കുറയുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജൂതന്മാർ ചിന്നി ചിതറപ്പെടുകയും ചെയ്തു.

പൊതുവെ മുസ്‌ലിം ഭരണാധികാരികൾ ജൂതൻമാരുമായി സമരസപ്പെട്ടു പോവുകയാണ് ചെയ്തത്. യാതൊരു അടിച്ചമർത്തലുകളും അവർക്ക് മുസ്‌ലിം ഭരണത്തിൽ അനുഭവിക്കേണ്ടി വന്നില്ല.
പത്താം നൂറ്റാണ്ടോടെ വിശുദ്ധ ഭൂമികൾ തിരിച്ചു പിടിക്കുക എന്ന ആവശ്യത്തോടെ ക്രിസ്ത്യാനികൾ കുരിശു യുദ്ധങ്ങൾ തുടങ്ങി. അന്ന് യൂദന്മാർ മുസ്ലീങ്ങളോട് തോളോട് തോൾ ചേർന്ന് കുരിശു യുദ്ധക്കാരെ എതിരിട്ടെങ്കിലും അവർ പരാജയപ്പെട്ടു. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം സുൽത്താൻ സലാഡിൻ കുരിശു യുദ്ധക്കാരെ ആക്രമിച്ചു തോൽപ്പിക്കുകയും ഭരണം ഏറ്റെടുക്കുകയും ചെയ്തു. ജൂതന്മാർക്കു തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു വന്നു സമാധാനപരമായി ജീവിക്കാം എന്ന് അദ്ദേഹം വിളംബരം ചെയ്യുകയും അതനുസരിച്ചു ധാരാളം ജൂതന്മാർ തിരിച്ചു വരികയും ചെയ്തു. പിന്നീട് മാമലൂക്കുകളും അതിനുശേഷം ഓട്ടോമൻ രാജാക്കന്മാരും ഇവിടം ഭരിച്ചു. അപ്പോഴും ഇവിടെയുള്ള ജൂതന്മാരും മുസ്ലീങ്ങളും സഹവർത്തിത്വത്തോടെയാണ് ജീവിച്ചു പോന്നത്.
പ്രധാനപ്പെട്ട ഒരു കാര്യം , ജൂതന്മാർ ലോകത്തിന്റെ പല ഭാഗങ്ങളിലും പീഡനങ്ങൾ ഏറ്റിരുന്നെങ്കിലും മുസ്‌ലിം ഭരണാധികാരികളുടെ കീഴിൽ താരതമ്യേന കുറഞ്ഞ പ്രശ്‌നങ്ങളെ ഇവർക്ക് നേരിടേണ്ടി വന്നിരുന്നുള്ളൂ.

ഒന്നാം ലോക മഹാ യുദ്ധത്തിൽ ഓട്ടോമൻ രാജ്യം പരാജയപ്പെടുകയും അവരുടെ കീഴിലുണ്ടായിരുന്ന ഭൂപ്രദേശങ്ങൾ ബ്രിട്ടനും ഫ്രാൻസും പങ്കിട്ടെടുക്കുകയും ചെയ്തു. ഇന്നത്തെ ഇസ്രായേൽ അടക്കമുള്ള ഭൂപ്രദേശം പലസ്തീൻ എന്ന പേരിൽ ബ്രിട്ടന്റെ കീഴിൽ വരുകയും ചെയ്തു.

ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയിരുന്നെങ്കിലും വാഗ്ദത്ത ഭൂമിയിലേക്ക് തിരിച്ചു പോവുക എന്നത് ഒട്ടു മിക്ക ജൂതന്മാരുടെയും വികാരമായിരുന്നു. ആന്റി സെമിറ്റിസം ശക്തമായിരുന്ന ആ കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും ജൂതന്മാർ പീഡിപ്പിക്കപ്പെട്ടു. ആധുനിക കാലത്തു പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം തുടങ്ങുന്നത് 1881 ൽ ആണെന്ന് പറയാം. റഷ്യൻ സാമ്രാജ്യത്തിൽ നടന്ന അടിച്ചമർത്തലുകളെ തുടർന്ന് മുപ്പതിനായിരത്തോളം വരുന്ന ജൂതന്മാർ പലസ്തീനിലേക്കു കുടിയേറി. ഇതിനും ശേഷമാണ് ലോകത്താകമാനം അടിച്ചമർത്തലുകൾക്കു വിധേയരാവുന്ന ജൂതന്മാർക്കായി ഒരു രാജ്യം എന്ന ആശയത്തിനായി തിയഡോർ ഹെർസൽ സയണിസ്റ് പ്രസ്ഥാനം ആരംഭിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ കിഷിനെവിൽ നടന്ന വംശ ഹത്യയോടെ ഏകദേശം നാല്പത്തിനായിരത്തോളം ജൂതന്മാർ കൂടി കുടിയേറി. ഈ കൂട്ടത്തിൽ ഉണ്ടായിരുന്ന സോഷ്യലിസ്റ് ആശയക്കാരാണ് കിബുട്സുകൾ ആരംഭിച്ചത്.

ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ അല്ലൈഡ് പവേഴ്‌സിലും ഓട്ടോമൻ സാമ്രാജ്യം അവരെ എതിർക്കുന്ന സെൻട്രൽ പവേഴ്‌സിലും ആയിരുന്നു. ഓട്ടോമൻ രാജ്യം നിയന്ത്രിച്ചിരുന്ന മിഡിൽ ഈസ്റ് ടെറിട്ടറികളെ അസ്ഥിരപ്പെടുത്താൻ അറബ് ദേശീയത മുൻ നിർത്തി അറബ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു ബ്രിട്ടീഷ് നയം. അതിനായി അവർ യുദ്ധ ശേഷം അറബ് ഇൻഡിപെൻഡൻസ് മൂവ്‌മെന്റിന് മിഡിൽ ഈസ്റ് ടെറിട്ടറികളുടെ അവകാശം നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനങ്ങൾ അറിയപ്പെടുന്നത് മാക് മഹോൻ - ഹുസൈൻ കറസ്പോണ്ടൻസ് എന്നാണ്. അതിനോടൊപ്പം തന്നെ ബ്രിട്ടനിൽ സ്വാധീനമുണ്ടായിരുന്ന ജൂതന്മാരെ പ്രീതിപ്പെടുത്താനായി ലോകമെമ്പാടുമുള്ള സയണിസ്റ്റുകളുടെ ബ്രിട്ടീഷ് സപ്പോർട്ടിന് പകരമായി പലസ്തീനിൽ ഒരു ജൂത രാഷ്ട്രം എന്നതിനും ബ്രിട്ടൻ സമ്മതിച്ചു. ചെയ്‌ൻ വീസ്മാൻ , ഹെർബെർട് സാമുവൽ എന്നിവരുടെ ലോബിയിങ്ങിന്റെ ഫലമായി ബ്രിട്ടന്റെ ഫോറിൻ സെക്രട്ടറി ആയിരുന്ന ബാൽഫർ, സയണിസ്റ് സംഘടനകൾക്ക് സർക്കുലേറ്റ് ചെയ്യാനായി വാൾട്ടർ റോത്സ് ഷീൽഡിനയച്ച കത്തിലാണ് പലസ്തീനിൽ ഒരു ജൂത രാഷ്ട്രം എന്ന ആശയത്തെ അംഗീകരിക്കുന്നത്.
ബാൽഫർ ഡിക്ലറേഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ചുരുക്കത്തിൽ, ഇത് പുറത്തു വന്നതോടെ അറബ് നേതാക്കൾ ബാൽഫർ ഡിക്ലറേഷൻ മാക് മഹോൻ - ഹുസൈൻ കറസ്പോണ്ടൻസ്ന് വിരുദ്ധമാണ് എന്ന് വാദിക്കുകയും, ആ കറസ്പോണ്ടൻസിൽ പലസ്തീൻ ഉൾപ്പെട്ടിരുന്നില്ല എന്ന് ബ്രിട്ടൻ മറു വാദം ഉന്നയിക്കുകയും ചെയ്തു. പലസ്തീൻ - ഇസ്രായേൽ സംഘർഷത്തിന്റെ ഉദയം ഇവിടെയാണ് എന്ന് നമുക്ക് പറയാം

1918 ഇൽ ജർമ്മൻ - ഓട്ടോമൻ സേനയുമായി ബ്രിട്ടീഷ് നടത്തിയ യുദ്ധത്തിൽ ബ്രിട്ടൻ പലസ്തീൻ പിടിച്ചടക്കി. ഇതിൽ അവരെ സഹായിക്കാനായി സയണിസ്റ് വോളന്റിയർമാരുടെ ജ്യൂവിഷ് ലീജിയൻ എന്ന സേനയും സഹായിച്ചിരുന്നു. ഇതോടെ ജൂത കുടിയേറ്റം ഒന്നും കൂടി വേഗത്തിലായി.
പൊതുവെ സമാധാനത്തിലും സഹവർത്തിത്വത്തിലും പ്രവർത്തിച്ചിരുന്ന അറബുകളും ജൂതന്മാരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. തങ്ങളുടെ ഭരണാധികാരികൾ ആയിരുന്ന ബ്രിട്ടീഷുകാരോടുള്ള വിരോധവും കുടിയേറ്റങ്ങളും കാരണം 1920 ഇൽ ആദ്യ അറബ് - ജൂത കലാപം നടന്നു. നബി മൂസ കലാപം എന്നറിയപ്പെടുന്ന ഈ കലാപത്തോടെയാണ് ജൂതന്മാർ തങ്ങളുടെ സായുധ സംഘടനാ ആയ ഹഗാന രൂപീകരിക്കുന്നത്. ഈ സമയത്തു പോലും ആ പ്രദേശത്തു വെറും പത്ത് ശതമാനം ആയിരുന്നു ജൂതന്മാരുടെ ജന സംഖ്യാ ശതമാനം. ജർമനിയിൽ നാസികളുടെ സ്വാധീനം വർധിക്കാൻ തുടങ്ങിയതോടു കൂടി ജൂത കുടിയേറ്റവും വർധിച്ചു. 1930 കളിൽ ഏകദേശം രണ്ടര ലക്ഷം ജൂതന്മാർ പലസ്തീനിലെക്ക് കുടിയേറി.

ഇതോടെ സംഘർഷങ്ങൾ വർധിക്കുകയും ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായും , കുടിയേറ്റങ്ങൾ നിരോധിക്കാനുമായി തുടങ്ങിയ സമരം 1936 -1939 വരെ നീണ്ട അറബ് കലാപത്തിലേക്ക് പരിണമിക്കപ്പെടുകയും ചെയ്തു. അറബുകളും ബ്രിട്ടീഷ് സൈന്യവും തമ്മിലായിരുന്നു പ്രധാന യുദ്ധം എങ്കിലും ഹഗാന ബ്രിട്ടീഷ് സൈന്യത്തിന് അകമഴിഞ്ഞ പിന്തുണ നൽകി. അയ്യായിരത്തിലധികം അറബുകൾ മരിക്കുകയും ഇരുപത്തിനായിരത്തിനടുത്തു പേർ പരിക്കേൽക്കുകയും ചെയ്തു. അറബികളിലെ ഇരുപതിനും അറുപത്തിനും വയസിനിടക്ക് പ്രായമുള്ള പുരുഷന്മാരുടെ പത്തു ശതമാനം ഈ കലാപത്തിൽ കൊല്ലപ്പെട്ടു. ഈ കലാപം അടിച്ചമർത്തപ്പെട്ടു എങ്കിലും ഇതോടെ പലസ്തീനിലേക്കുള്ള ജൂതന്മാരുടെ കുടിയേറ്റം തടയുന്ന നിയമം കൊണ്ട് വരാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. എങ്കിലും നാസികളുടെ ക്രൂരതയിൽ പൊറുതി മുട്ടിയ ഒരു പാട് പേർ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പലസ്തീനിൽ എത്തി. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ അവസാനത്തോടെ ജൂതന്മാരുടെ ജന സംഖ്യ മുപ്പത്തി മൂന്നു ശതമാനത്തിലേക്ക് ഉയർന്നു.

രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാർക്ക് ജൂതന്മാരിൽ നിന്നും അറബുകളിൽ നിന്നും ഒരു പോലെ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്നു. അതോടെ ഏക പക്ഷീയമായി പാലസ്തീനിൽ നിന്നും പിൻ വാങ്ങാൻ ബ്രിട്ടൻ തീരുമാനിച്ചു. യുണൈറ്റഡ് നേഷന്റെ തീരുമാനം പലസ്തീനെ സ്വതന്ത്രമായ ഒരു അറബ് രാഷ്ട്രം , സ്വതന്ത്രമായ ഒരു ജൂത രാഷ്ട്രം , ഇന്റർനാഷണൽ ട്രസ്റ്റീ ഷിപ്പിൽ ജെറുസലേം നഗരം എന്നിങ്ങനെ വിഭജിക്കുക എന്നതായിരുന്നു. ജൂതന്മാർ ഇതിനെ അംഗീകരിച്ചെങ്കിലും പലസ്തീനിയൻ അറബുകളുടെ സംഘടനയായ അറബ് ഹയർ കമ്മിറ്റി, പലസ്തീൻ അറബുകളെ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയ ഈജിപ്ത് , ഇറാഖ് , ജോർദാൻ, സിറിയ , യെമൻ , സൗദി , ലെബനൻ എന്നിവരടങ്ങിയ അറബ് ലീഗ് എന്നിവർ ഈ നിർദേശത്തെ നിരാകരിച്ചു.
എങ്കിലും ബ്രിട്ടൻ പലസ്തീനെ അതിന്റെ വിധിക്കു വിട്ടു തങ്ങൾ പറഞ്ഞ തിയതിക്ക് തന്നെ പിൻ വാങ്ങും എന്ന് അറിയിച്ചു. ഇതോടെ ഒരു യുദ്ധം ഉറപ്പാവുകയും ഇരു കൂട്ടരും തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. അങ്ങനെ പലസ്തീനിൽ അറബുകളും ജൂതരും തമ്മിൽ ആഭ്യന്തര യുദ്ധം തുടങ്ങുകയും ചെയ്തു. ബ്രിട്ടന്റെ പിൻ വാങ്ങലോടെ ഡേവിഡ് ബെൻ ഗൂറിയൻ ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഈജിപ്ത് , സിറിയ , ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ പലസ്തീനിൽ പ്രവേശിക്കുകയും ഇസ്രായേലുമായി യുദ്ധം തുടങ്ങുകയും ചെയ്തു. ആദ്യം പ്രതിരോധത്തിലായിരുന്ന ഇസ്രായേൽ ആവശ്യമായ ആയുധങ്ങളുടെ വരവോടെ ശക്തമായി തിരിച്ചടിക്കുകയും ഒരു വർഷത്തെ യുദ്ധത്തിന് ശേഷം വെടി നിർത്തൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഗ്രീൻ ലൈൻ എന്നറിയപ്പെടുന്ന അതിർത്തികൾ ഇസ്രായേലിന്റേതായി അന്ന് രൂപപ്പെടുകയും സിക്സ് ഡേ വാർ വരെ തുടരുകയും ചെയ്തു. ഇതിൽ ജോർദാൻ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തുകയും , ഈജിപ്ത് ഗാസാ സ്ട്രിപ്പ് കൈവശപ്പെടുത്തുകയും ചെയ്തു. ഏഴു ലക്ഷം പലസ്തീൻ അറബുകൾക്കാണ് ഇസ്രായേലിന്റെ രൂപീകരണത്തോടെ സ്വന്തം വീടും നാടും വിട്ടു പോകേണ്ടി വന്നത്.

1947 നവംബറില്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരം രണ്ടു രാജ്യങ്ങളായി തിരിക്കുകയുണ്ടായി. 55% വരുന്ന ജൂതരാഷ്ട്രവും 45% പലസ്തീനും. എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ബ്രിട്ടന്‍ അതില്‍ നിന്നും പിന്‍വാങ്ങുന്നതാണ് നാടകത്തിന്റെ തുടക്കം.
പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് 1948 ൽ. നിയമങ്ങളെയും അവഗണിച്ചുകൊണ്ട് യഹൂദർ ഒരു രാഷ്ട്രം കേട്ടിപ്പടുക്കുന്നു, അധിനിവേശം ആരംഭിക്കുന്നു. ഇതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 85% പാലസ്തീനികളും കുടിയിറക്കപ്പെട്ടു. 78% സ്ഥലങ്ങളും ഇസ്രായേല്‍ കൈയ്യടക്കി. വെസ്റ്റ് ബാങ്ക് ജോര്‍ദാന്റെ കൈവശമായി ഗാസമുതല്‍ തെക്കോട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിന്റെയും.

1948 ശേഷം പ്രധാനമായും മൂന്നു യുദ്ധങ്ങള്‍ ഉണ്ടായി.
അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ 1967 ജൂൺ അഞ്ചിന് ആരംഭിച്ച ആറുദിന യുദ്ധമാണു മധ്യപൂർ‌വദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രം തിരുത്തിയെഴുതുകയും സമാധാനം അകലെയാക്കുകയും ചെയ്തത്. ആറുദിന യുദ്ധം ലോകത്തിനു മുൻപാകെ ഇസ്രയേലിന്റെ സൈനിക ശക്തി വെളിപ്പെടുത്തി. ഇസ്രയേലിന് അതുവരെയുണ്ടായിരുന്ന മൊത്തം വിസ്തൃതിയുടെ മൂന്നിരട്ടി പ്രദേശമാണു മൂന്നു രാജ്യങ്ങളിൽനിന്നായി ആറുദിവസം കൊണ്ടു പിടിച്ചെടുത്തത്. ഈജിപ്തിൽനിന്നു ഗാസാ മുനമ്പും സിനായ് ഉപദ്വീപും, ജോർദാനിൽനിന്നു കിഴക്കൻ ജറുസലം ഉൾപ്പെടുന്ന വെസ്റ്റ് ബാങ്ക്, സിറിയയിൽനിന്നു ഗോലാൻ കുന്നുകൾ എന്നിവയാണ് ഇസ്രയേൽ പിടിച്ചെടുത്തത്.

1967ലെ ആറുദിന യുദ്ധത്തിൽ വെസ്റ്റ് ബാങ്ക്, ഗോലാൻ കുന്നുകൾ, സിനായ്, ഗാസ എന്നിവ അടക്കം കിഴക്കൻ ജറുസലം മുഴുവനും ഇസ്രയേൽ പിടിച്ചെടുത്തു. 1980ൽ ഇസ്രയേൽ കിഴക്കൻ ജറുസലമിനെ കൂട്ടിച്ചേർത്തശേഷം ജറുസലം തലസ്ഥാനമായി പ്രഖ്യാപിച്ചു. ഈ നടപടിയെ രാജ്യാന്തര നിയമ ലംഘനമായി ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അപലപിച്ചിരുന്നു. ‘ദ്വിരാഷ്ട്ര പരിഹാരം’ എന്നതിനെ വാക്കുകളിൽ പിന്തുണയ്ക്കുമെങ്കിലും പരമാധികാര പലസ്തീൻ രാഷ്ട്രം ഉണ്ടാകുന്നതു തടയാനാണ് ഇസ്രയേൽ സ്ഥിരമായി പ്രവർത്തിച്ചുകൊണ്ടിരുന്നത്.
ഇതിന്റെ ഭാഗമായി അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചു കുടിയേറ്റത്തിനായി ഇസ്രയേൽ പുതിയ വീടുകൾ നിർമിക്കുന്നുണ്ട്. പലസ്തീൻകാർക്ക് ഒരു തദ്ദേശ സ്ഥാപനത്തിനുള്ളതിലധികം സ്വയംഭരണം ഒരിക്കലും സമ്മതിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്.

ജനീവ കരാര്‍ പറയുന്നത് അധിനിവേശശക്തികള്‍ അധിനിവേശഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ പാടില്ല എന്നാണ്. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തി കടകവിരുദ്ധമായി അധിനിവേശ വെസ്റ്റ്‌ ബാങ്കില്‍ ഇപ്പോള്‍ 400,000 ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്‌. അമ്പത് വര്‍ഷമായി തുടരുന്ന ഈ കുടിയേറ്റം ലോക രാഷ്ട്രങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ്.

ഈ കുടിയേറ്റക്കാര്‍ ഏറ്റവും നല്ല ഭൂമി കൈവശപ്പെടുത്തുകയും വിശാലമായ വീടുകള്‍ പണിയുകയും വെള്ളംകിട്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. കുടിയേറ്റക്കാര്‍ക്ക്‌ മാത്രമുള്ള റോഡുകളില്‍ ഗേറ്റുകളോ പരിശോധനാകേന്ദ്രങ്ങളോ ഇല്ല.


ഒരു പാലസ്തീനകാരന്‍ അവരുടെ അവകാശപ്പെട്ട ഭൂമിയില്‍ സഞ്ചരിക്കാന്‍ നൂറുകണക്കിന് പരിശോധനാ കേന്ദ്രങ്ങള്‍ താണ്ടണം എന്ന് പറയുമ്പോൾ, എത്ര ക്രൂരമാവും അവിടത്തെ അവസ്ഥ. അധിനിവേശത്തിനു കീഴില്‍ ദൈനംദിനം നടക്കുന്ന ഈ പരിശോധനകള്‍, ശരീരപരിശോധനകള്‍, കുറ്റപ്പെടുത്തലുകള്‍ എന്നിവയൊക്കെയാണ്‌ 1987 അവസാനം ഇന്‍തിഫാദയെന്ന പേരില്‍ പൊട്ടിത്തെറിച്ചത്‌.
അത്‌ ആദ്യത്തില്‍ പലസ്‌തീനിയന്‍ യുവത്വത്തിന്റെ സ്വാഭാവികമായ ചെറുത്തുനില്‍പ്പായിരുന്നു. ഇത്തരം ക്രൂരതകള്‍ കൊണ്ട് പൊറുതി മുട്ടിയ പലസ്തീന്‍ ജനത പ്രതിരോധത്തിലേക്ക് നീങ്ങി.

1987ഒരു കൂട്ടം ചെറുപ്പക്കാര്‍ ആദ്യമായി ചെറുത്തു നില്‍ക്കാന്‍ തീരുമാനിക്കുന്നു . ഹറകത്തുല്‍ മുഖാവത്തുല്‍ ഇസ്ലാമിയ (ഹമാസ് ) ആദ്യ ചെറുത്തു നില്‍പ്പ് എന്നര്‍ഥം വരുന്ന ഇൻതിഫാദ എന്ന സങ്കടന രൂപപ്പെടുന്നു. തുടര്‍ന്ന്‌ എല്ലാ രാഷ്‌ട്രീയ ശക്തികളും ജനവിഭാഗങ്ങളും പങ്കെടുക്കുന്ന ഒരു ജനകീയ ചെറുത്തുനില്‍പ്പായി അത്‌ വളര്‍ന്നു.
മൂന്നുവര്‍ഷത്തോളം ഇസ്രായേലി അധിനിവേശസേനയെ അത് വിഷമസ്ഥിതിയിലാക്കി. പ്രദേശങ്ങള്‍തോറും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അധിനിവേശസേനയുടെ തോക്കുകളെയും ടാങ്കുകളെയും വെറും കൈയുമായാണ് അവര്‍ നേരിട്ടത്. പലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ വാസ്തവസ്ഥിതി അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് നയിക്കുകയും ഒസ്ലോ ഒത്തുതീര്‍പ്പിലേക്ക് നയിക്കുകയും ചെയ്തു. ഇസ്രായേലി അധിനിവേശ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് പലസ്തീനി പ്രതിരോധത്തിന്റെ എതിരറ്റ നേതാവായ യാസര്‍ അറാഫത്ത് നടത്തിയ ശ്രമമമായിരുന്നു ഒസ്ലോ ഒത്തുതീര്‍പ്പ്.
1993 ഓസ്ലോ കരാര്‍പ്രകാരം ഒരു പൂര്‍ണ പലസ്തീന്‍ രാഷ്ട്രമായി പിന്നീട് മാറാവുന്നവിധത്തില്‍ പലസ്തീന്‍ അഥോറിറ്റി രൂപീകരിക്കുക. വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം കൈമാറുക. വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുക. ജറുസലേമിന്റെ പദവിയും അഭയാര്‍ഥികള്‍ക്ക് തിരിച്ചുവരാനുള്ള അവകാശവും തുടര്‍ചര്‍ച്ചകളുടെ ഭാഗമാക്കുക. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെ ഇന്നും ഈ നരഹത്യ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എല്ലാവരും മനപ്പൂര്‍വം ഇതെല്ലാം കണ്ടില്ല എന്നും നടിക്കുന്നു. വീണ്ടും സമാധാന പ്രക്രിയയുടെ പരാജയത്തില്‍ നിന്ന് രണ്ടാം ഇന്‍തിഫാദ ഉയര്‍ന്നുവന്നു.

2007ലാണ് പലസ്തീനിലെ ഭരണകക്ഷിയായ ഫത്തായുമായി തെറ്റി ഹമാസ് എന്ന സംഘടന ഗാസ നിയന്ത്രണത്തിലാക്കിയത്. അതിനുശേഷം പലസ്തീനിൽ ഫലത്തിൽ രണ്ടു ഭരണകൂടമായി. റമല്ല തലസ്ഥാനമാക്കി ഫത്താ നിയന്ത്രിച്ചിരുന്ന പ്രദേശവും, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയും. മറ്റു രാജ്യങ്ങളും ഇസ്രയേലും ഫത്തായുടെ നിയന്ത്രണത്തിലുള്ള പലസ്തീൻ നാഷനൽ അതോറിറ്റിയെ മാത്രമാണ് അംഗീകരിക്കുന്നത്. ഫത്തായുമായി കിടമത്സരവും ഇസ്രയേലുമായി പോരാട്ടവുമായിരുന്നു ഹമാസിന്റെ നയം.

പലസ്തീനിലെ ഫത്താ നേതൃത്വത്തെ ഇസ്രയേൽ അംഗീകരിച്ചതാണ്. ഫത്തായും ഇസ്രയേലിലെ ഭരണകൂടവും തമ്മിൽ സംഘർഷമല്ല, രാഷ്ട്രീയ വടംവലിയാണുള്ളത്. എന്നാൽ, ഗാസ ഭരിക്കുന്ന ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾ ഇസ്രയേലിന്റെ ഉറക്കംകെടുത്തി. ഫത്തായും ഹമാസും തമ്മിലുള്ള കിടമത്സരത്തെ ആവുംവിധം ഇസ്രയേൽ പ്രോത്സാഹിപ്പിക്കുന്നു. ഇതിനിടയിൽ ഹമാസ് പൊതു എതിരാളിയാണെന്നു വന്നതോടെ ഇസ്രയേലും ഫത്താ നേതൃത്വവും തമ്മിൽ രഹസ്യധാരണകളുണ്ടായി. ഹമാസ് പ്രവർത്തകരെക്കുറിച്ച് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിനു വിവരങ്ങൾ ഫത്താ നേതൃത്വം നൽകുന്നുണ്ട്.

ഒരുതരത്തിലുള്ള സമാധാനവും ദൃശ്യമാവാതിരിക്കുകയും പലസ്തീന്‍ രാഷ്ട്രത്തിനുള്ള സാധ്യതകള്‍ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പലസ്തീനികളുടെ എതിര്‍പ്പ് വളര്‍ന്നു വന്നു.
പലസ്തീന്‍ ചെറുത്തുനില്‍പ്പ് തുടരുകയും ശക്തിപ്പെടുകയും ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്തപ്പോള്‍, പലസ്തീന്‍ ജനങ്ങള്‍ക്ക് അന്തിമപരിഹാരമെന്ന് ഇസ്രായേല്‍ കരുതുന്നത് നടപ്പിലാക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കയാണ് അവര്‍. ഇതാണ് ബന്ധവിമോചനപദ്ധതിയെന്ന് വിളിക്കപ്പെടുന്നത്. അതനുസരിച്ച് ഗാസാചീന്തില്‍നിന്ന് പിന്മാറുകയും വെസ്റ്റ്ബാങ്കിലെ ചില ചെറിയ കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്ന് ഒഴിവാവുകയും ബാക്കിയുള്ളവയെ കൂട്ടിയോജിപ്പിച്ച് പലസ്തീനികളെ ലംഘിക്കാനാവാത്ത ബന്ധനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

600 കിലോമീറ്റര്‍ നീളംവരുന്ന ഒരു വന്‍മതിലുണ്ടാക്കി മൂന്ന്‌ പലസ്‌തീന്‍ പ്രദേശങ്ങളെ അടച്ചുകെട്ടലാണ്‌ ഈ ബന്ധം വേര്‍പെടുത്തല്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്‌ട്ര നീതിന്യായകോടതി ഈ മതില്‍ നിര്‍മാണം നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ബന്ധനസ്ഥ പ്രദേശങ്ങള്‍ പോലെ ഒരു പലസ്‌തീന്‍ രൂപപ്പെടുത്തുക, വെസ്റ്റ്‌ബാങ്കിന്റെ 54 ശതമാനവും ബാക്കിവരുന്ന 46 ശതമാനം ഇസ്രായേലിന്റെ നിയമവിരുദ്ധ കൈവശത്തിനു കീഴില്‍ നിര്‍ത്തുക. യഥാര്‍ത്ഥ പലസ്‌തീന്റെ 12.5 ശതമാനം മാത്രം ഭൂവിസ്‌തൃതി വരുന്ന ഒരു ചെറിയ സ്ഥലം മാത്രം പലസ്‌തീനികള്‍ക്ക്‌ ലഭ്യമാക്കുക. ഈ ബന്ധനസ്ഥ സ്ഥലത്തേക്കുള്ള പോക്കുവരവു മുഴുവന്‍ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക.

ക്രിസ്ത്യൻ, മുസ്‌ലിം, ജൂത വിശ്വാസികൾക്ക് ഒരുപോലെ വിശുദ്ധമായ പുണ്യഭൂമിയാണു ജറുസലം. 1967ൽ ഇസ്രയേൽ പിടിച്ചെടുത്ത കിഴക്കൻ ജറുസലം ഇപ്പോഴും തർക്കപ്രദേശമായാണു ലോകം കാണുന്നത്. ഈ നഗരം ഇസ്രയേലിന്റെ സ്വന്തമാണെന്നു ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ, തലസ്ഥാനം ടെൽ അവീവിൽനിന്നു ജറുസലമിലേക്കു മാറ്റാൻ ഇസ്രയേൽ നേരത്തേ തീരുമാനമെടുത്തതിനും ലോകത്തിന്റെ പൊതു അംഗീകാരമില്ല. തലസ്ഥാനമാറ്റത്തിനായി 1980 ജൂലൈയിൽ ഇസ്രയേൽ പാർലമെന്റ് പാസാക്കിയ ജറുസലം നിയമത്തെ തൊട്ടടുത്ത മാസം തന്നെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) തള്ളിക്കളഞ്ഞിരുന്നു. 1947ലെ യുഎൻ വിഭജനപദ്ധതി ശുപാർശ ചെയ്യുന്നതു ജറുസലമിനു രാജ്യാന്തര പദവിയാണ്. 1949ലെ യുദ്ധത്തെത്തുടർന്നു ജറുസലം നഗരം രണ്ടായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറ് ഇസ്രയേലിനും പഴയ നഗരം അടങ്ങുന്ന കിഴക്ക് ജോർദാൻ ഭരണത്തിനു കീഴിൽ പലസ്തീനികൾക്കും എന്നായിരുന്നു തീരുമാനം.
ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനമാണു ജറുസലം എന്നാണ് ഇസ്രയേലിന്റെ വാദം. അവർക്കു വെസ്റ്റ് ബാങ്ക് ജൂത രാജാക്കന്മാർ ഭരിച്ചതും പ്രവാചകന്മാർ ജീവിച്ചതുമായ സ്ഥലമാണ്. ഗാസ മുനമ്പിന് ആ പശ്ചാത്തലമല്ല, ശാക്തിക– സുരക്ഷാപരമായ പ്രാധാന്യമാണു പറയുന്നത്. പലസ്തീനെ പൂർണമായും കൈപ്പിടിയിലാക്കണമെന്ന് അവർ താൽപര്യപ്പെടുന്നു. ഇസ്രയേൽ ജൂതരാഷ്ട്രം സങ്കൽപിക്കുമ്പോൾ, മറ്റു മതങ്ങളിൽപെട്ടവർ അതിൽ ഉൾപ്പെടില്ലെന്നുകൂടിയുണ്ട്. അറബികളുൾപ്പെടെയുള്ളവരെ പുറത്താക്കേണ്ടതായി വരും.

ജൂതരല്ലാത്തവരുടെ ജീവിതം പരമാവധി ദുഷ്കരമാക്കുകയാണ് അതിനുള്ള ഒരു വഴി. ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലാകുന്നവർ പലായനം ചെയ്യുമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടൽ. ഇങ്ങനെയൊരു സമീപനത്തിന് ഇസ്രയേലിനു യുഎസിന്റെയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയുമുണ്ട്. ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് സൗദി അറേബ്യയുടെ സഹായവുമുണ്ട്.

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും കിരാതമായ ഒരു അധിനിവേശ ഭരണം സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയുമാണ്‌ അവര്‍ ഇതുവരെ ചെയ്‌തത്‌.
ഇതെല്ലാം സയണിസ്റ്റ് ഭരണം അടിചെല്പ്പിക്കാനും ഒരു നിര്‍ധനരായജനതയെ കൊന്നൊടുക്കാനും അവര്‍ കണ്ടു പിടിച്ച കുറുക്കു വഴികള്‍ ആയിരുന്നു .
പലസ്‌തീന്‍ ജനത നിരവധി കൊച്ചുകഷ്‌ണങ്ങളായി ഛിന്നഭിന്നമാക്കപ്പെടുകയും കമ്പിവേലികളാലും വലിയ മതിലുകളാലും വളഞ്ഞുവെക്കപ്പെടുകയും അധിനിവേശക്കാരന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ അനുവദിക്കുന്നു.
സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികള്‍ ആയി കഴിയേണ്ടി വരുന്ന ഒരു ജനതയുടെ വേദനിപ്പിക്കുന്ന യഥാര്‍ത്ഥ സത്യങ്ങള്‍ .

ഓരോ യുദ്ധങ്ങൾക്ക് ശേഷവും ഇസ്രായേലിന്റെ അതിർത്തികൾ വികസിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമായി പലസ്തീൻ ജനത നമ്മുക്ക് മുന്നിൽ നിൽക്കുന്നു.

Source : O Jerusalem by Collins and Lapier. Six Days of War by Michael B Oren.

Palestine Peace Not Apartheid by Jimmy Carter.

Report Page